ഓർമകളിലേക്ക് മടങ്ങി ഷാറൂഖും റാണി മുഖർജിയും; യാസ് ദ്വീപിൽ കുഛ് കുഛ് ഹോതാ ഹൈ
text_fieldsബോളിവുഡിലെ താരങ്ങൾ മണ്ണിലിറങ്ങിയപ്പോൾ അബൂദബിയിലെ യാസ് ദ്വീപിന് നക്ഷത്ര ശോഭയേറി. ഹിന്ദി സിനിമയിലെ കളർഫുൾ അവാർഡായ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐ.ഐ.എഫ്.എ) അവാർഡ്ദാന ചടങ്ങ് താരസംഗമവേദിയായി. ബോളിവുഡ് ‘ബാദ്ഷാ’ ഷാറൂഖ് ഖാൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ആറ്റ്ലി സംവിധാനം ചെയ്ത ജവാനിലെ അഭിനയത്തിനാണ് ഷാറൂഖിന് പുരസ്കാരം.
ഒരു കാലത്ത് ഷാറൂഖിന്റെ നായികയായിരുന്ന റാണി മുഖർജിയാണ് മികച്ച നടി. മിസിസ് ചാറ്റർജി Vs നോർവെ എന്ന ചിത്രത്തിലെ തകർപ്പൻ അഭിനയമാണ് റാണിക്ക് അവാർഡ് നേടിക്കൊടുത്തത്. കുഛ് കുഛ് ഹോതാ ഹൈ, ചൽതേ ചൽതേ, കഭി അൽവിദ നാ കെഹന, പഹേലി തുടങ്ങിയ സിനിമകളിലെ താരജോടിയായിരുന്ന ഷാറൂഖിനും റാണി മുഖർജിക്കും ലഭിച്ച പുരസ്കാരങ്ങൾ ഓർമകളിലേക്കുള്ള മടക്കവുമായി. സമൂഹമാധ്യമങ്ങളിലടക്കം ആരാധകർ പുരസ്കാരദാന ചടങ്ങിലെ ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെച്ചു.
നെഗറ്റീവ് റോളിലെ മികച്ച നടനുള്ള പുരസ്കാരം ബോബി ഡിയോളിനാണ് (അനിമൽ). ഇതേ ചിത്രത്തിലെ അഭിനയത്തിന് സഹനടനുള്ള അവാർഡ് അനിൽ കപൂറും നേടി. ശബാന ആസ്മിയാണ് മികച്ച സഹനടി. സന്ദീപ് റെഡ്ഡി വാംഗയുടെ അനിമൽ ആണ് മികച്ച സിനിമ. ഷാഹിദ് കപൂർ, വിക്കി കൗശൽ, കൃതി സനോൻ, പ്രഭുദേവ എന്നിവർ തകർപ്പൻ നൃത്തച്ചുവടുകളുമായി ചടങ്ങിനെ കോരിത്തരിപ്പിച്ചു. എഴുപത് കടന്ന ബോളിവുഡ് റാണി രേഖയുടെ നൃത്തവും ചടങ്ങിനെ ധന്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.