വാണി ജയറാമിന് യാത്രാമൊഴി
text_fieldsചെന്നൈ: അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന് യാത്രാമൊഴി. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം ചെന്നൈ ബെസന്‍റ് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചത്. ശനിയാഴ്ച രാവിലെ ചെന്നൈ നുങ്കംപാക്കത്തെ ഫ്ലാറ്റിലാണ് വാണി ജയറാമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച രാത്രി എട്ടോടെ മൃതദേഹം വസതിയിൽ പൊതുദർശനത്തിനുവെച്ചു.
ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യം, ഗായികമാരായ കെ.എസ്. ചിത്ര, സുജാത, ശ്വേത മോഹൻ, നടന്മാരായ ശിവകുമാർ, മനോബാല തുടങ്ങിയ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. കേരള സർക്കാറിനുവേണ്ടി ചെന്നൈ നോഡൽ ഓഫിസർ അനു പി. ചാക്കോ പുഷ്പചക്രം അർപ്പിച്ചു.
ഞായറാഴ്ച രണ്ടോടെയാണ് വിലാപയാത്ര ബെസന്‍റ് നഗറിലെ വൈദ്യുതി ശ്മശാനത്തിലെത്തിയത്. വാണി ജയറാമിന്‍റെ സഹോദരി ഉമ ഉൾപ്പെടെയുള്ളവർ അനുഗമിച്ചു. തലക്ക് പരിക്കേറ്റിരുന്നതിനാൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ, മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. രാവിലെ കിടക്കയിൽനിന്ന് എഴുന്നേൽക്കുമ്പോൾ താഴെവീണ് ടീപ്പോയിൽ തട്ടി തലയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാവുകയും രക്തം വാർന്നൊഴുകി മരിച്ചതായുമാണ് പൊലീസിന്റെ നിഗമനം.
എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാവുകയുള്ളൂ. 2018ൽ ഭർത്താവിന്‍റെ മരണശേഷം വാണി ജയറാം തനിച്ചാണ് താമസിച്ചിരുന്നത്. ഇവർക്ക് മക്കളില്ല. ഇത്തവണ പത്മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ചെങ്കിലും അതേറ്റുവാങ്ങാൻ കാത്തുനിൽക്കാതെയാണ് അവർ വിടവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.