പാട്ടിനോട് നീതി പുലർത്തിയ വാണി ജയറാം; ഓർമകൾ പങ്കുവെച്ച് ഡോ. എസ്. ഷാജഹാൻ
text_fieldsകൊച്ചി: നല്ലപാട്ടുകൾ പാടാൻ ആഗ്രഹിച്ച വാണി ജയറാമിനെക്കുറിച്ചുള്ള ഓർമകളിൽ ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ഡോ.എസ്. ഷാജഹാൻ. തന്‍റെ ചിത്രങ്ങളായ ‘ഇവളൊരു നാടോടി’, ‘സ്നേഹം ഒരു പ്രവാഹം’ എന്നീ സിനിമകളുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവെച്ചാണ് അദ്ദേഹം വാണി ജയറാമിനെ അനുസ്മരിക്കുന്നത്. ഈ ചിത്രങ്ങളിലെ അക്കാലത്ത് ഹിറ്റുകളായ രണ്ട് ഗാനം ആലപിച്ചത് വാണി ജയറാമാണ്.
പാട്ടിന്‍റെ ഭാവം ഉൾക്കൊണ്ടായിരുന്നു വാണി ജയറാമിന്‍റെ ഗാനാലാപനമെന്ന് അദ്ദേഹം പറഞ്ഞു. നല്ല വരികളും ഈണവുമുള്ള പാട്ടുകൾ പാടാൻ അവർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സിനിമ സെറ്റുകളിൽ എത്തുമ്പോൾ സംഗീത സംവിധായകരോടും അണിയറപ്രവർത്തകരോടും ഇക്കാര്യം എപ്പോഴും പറയുമായിരുന്നു. വരികൾ പറഞ്ഞുകൊടുക്കുമ്പോൾ ഹിന്ദിയിൽ എഴുതിയെടുത്താണ് ആലപിച്ചിരുന്നത്.
‘സ്നേഹം ഒരു പ്രവാഹം’ സിനിമയിലെ ‘മണിക്കിനാക്കൾ യാത്രയായി’ എന്ന ഗാനം പാടുന്നതിനിടെ ഉണ്ടായ സംഭവം മറക്കാനാകാത്തതാണ്.ഇതിലെ ‘വിരഹ രാഗം പാടി’ എന്ന വരി ‘വിരഹ ഗാനം പാടി’ എന്ന് തെറ്റിപ്പോയി. എന്നാൽ, അണിയറപ്രവർത്തകരാരും ഇതൊരു തെറ്റായി ചൂണ്ടിക്കാട്ടിയില്ല. പക്ഷേ, തെറ്റ് സംഭവിച്ചെന്ന് സ്വയം മനസ്സിലാക്കിയ വാണി ജയറാം ആരും ആവശ്യപ്പെടാതെ തന്നെ അത് തിരുത്തി പാടാൻ തയാറായി.
വരികളോടും ഈണത്തോടും നീതി പുലർത്തിയ വ്യക്തിത്വമായിരുന്നു അവർ. അക്കാലത്ത് മികച്ച ഗാനത്തിനുള്ള പുരസ്കാര നിർണയത്തിന് ഈ പാട്ട് പട്ടികയിൽ ഉൾപ്പെട്ടിരുന്നു. കെ.ജെ. ജോയ് ആണ് മണിക്കിനാക്കൾ എന്ന് തുടങ്ങുന്ന പാട്ടിന് ഈണം നൽകിയത്. ഇവളൊരു നാടോടി സിനിമയിൽ ‘ഹൊയ് ഹൊയ്’ എന്ന് തുടങ്ങുന്ന വാണി ജയറാം പാടിയ ഗാനത്തിന് ഈണമിട്ടത് എസ്.ഡി. ശേഖറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.