Videos
പ്രകാശന്റെ അതിഥികൾ... ഇത് കോഴിക്കോട്ടെ തത്ത വീട് |
മാളിക്കടവ് ചനാരീതാഴത്ത് പ്രകാശന്റെ വീട്ടിൽ ഈ അതിഥികൾ വരാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. ആദ്യം ഒരാൾ വരും പിന്നെ അത്, പത്താവും നൂറാവും അങ്ങനെ മുന്നൂറിലധികം തത്തകളാണ് രാവിലെലെയും വൈകുന്നേരങ്ങയിലും അന്നം തേടി പ്രകാശന്റെ വീട്ടിലെത്തുന്നത്. കഴിഞ്ഞ പതിനൊന്ന് വർഷമായി ഈ പതിവ് തെറ്റിയിട്ടില്ല. വർഷം തോറും അതിഥികളുടെ എണ്ണവും കൂടി കൂടി വരികയാണ്.
രാവിലെ ആറര മണിയോടെ തത്തകളെത്തും. കഴുകി വൃത്തിയാക്കിയ നെല്ല് പ്രകാശൻ ഇവർക്ക് വിളമ്പിത്തുടങ്ങും. നെല്ലിനൊപ്പം പയറും പഴവും കൂടെ നൽകും. ഭാര്യ പ്രമീളയും മക്കളും കൊച്ചുമക്കളുമെല്ലാം തത്തക്ക് ഭക്ഷണവുമായി പ്രകാശനൊപ്പമുണ്ട്. ഓണം, വിഷു, പെരുന്നാൾ അങ്ങനെ ആഘോഷങ്ങളേതുമാകട്ടെ, തത്തയോടൊപ്പമാണ് പ്രകാശനും കുടുംബവും കൊണ്ടാടുന്നത്.
ഈ തത്തകൾ ഇവിടെ അതിഥികളായതിനു പിന്നിലൊരു കഥയുണ്ട്. മണികുട്ടിയെന്ന് പേരിട്ടു വിളിച്ച, കൂട്ടിലിട്ടു വളർത്തിയ ഓരോമന തത്തയുണ്ടായിരുന്നു പ്രകാശന്. മണികുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ട് പിന്നെ ഓരോ തത്തകളായി വന്നു തുടങ്ങി. അവർക്ക് കൂടി പ്രകാശൻ അന്നംകൊടുത്തു. പെട്ടന്ന് മണികുട്ടിയെ കാണാതായി. അപ്പോഴും ബാക്കിയുള്ളവർക്ക് ഭക്ഷണം നൽകാൻ അയാൾ മറന്നില്ല. അങ്ങനെ പിന്നെ അതൊരു ശീലമായി. സന്തോഷമായി. പതിവുതെറ്റാതെ എന്നും എത്തുന്ന ഈ പനം തത്തകൾക്ക് കൂട്ടത്തിൽ മണികുട്ടിയുമുണ്ടെന്നാണ് പ്രകാശന്റെ വിശ്വാസം.പ്രകാശന്റെ അതിഥികൾ... ഇത് കോഴിക്കോട്ടെ തത്ത വീട് |