പുഷ്കർ മേളയിലെ ആ വെല്ലുവിളി
ഡൽഹിയിൽ ജാമിഅയിൽ പഠിക്കുന്നകാലത്ത് വില്ല്യം ചാങ് (ചൈനക്കാരനാണ്) ഫോട്ടോഗ്രാഫി ക്ലാസ്സിൽ വെച്ചാണ് പുഷ്കർ മേളയെ കുറിച്ച് പറഞ്ഞു തരുന്നത്. അന്നദ്ദേഹം തമാശക്ക് ഒരു കാര്യം പറഞ്ഞു "പുഷ്കറിൽ നിങ്ങൾക്കു ഒട്ടകത്തെക്കാൾ ഫോട്ടോഗ്രാഫർമാരെ കാണാനാവും. ഫോട്ടോഗ്രാഫർമാറില്ലാതെ ഒരു ഫ്രെയിം സെറ്റ് ചെയ്യുക എന്നതാണ് അവിടുത്തെ വെല്ലുവിളി". അന്ന് അത് അത്ര കാര്യമാക്കിയില്ല. എന്നാൽ 2016 ആദ്യമായി പുഷ്കറിൽ എത്തിയപ്പോഴാണ് ആ വെല്ലുവിളി എന്താണെന്ന് മനസിലായത്. ഓരോ മൂലയിലും ലോകത്തിന്റെ പല കോണിൽ നിന്നുമുള്ള ഒരു ഫോട്ടോഗ്രാഫറുണ്ടാകും. അത് കൊണ്ട് തന്നെയാണ് ഫോട്ടോഗ്രാഫർമാരുടെ പറുദീസ എന്ന് പുഷ്കർ അറിയപ്പെടുന്നത്. 'പുഷ്കരിണി' എന്നാൽ സംസ്‌കൃതത്തിൽ 'ജലാശയം' എന്നാണ് അർഥം. മരുഭൂമിയിൽ അപൂർവമായി കാണുന്ന നീരുറവയിൽ പൂർവികർ ഒരു നഗരം പണിതുയർത്തി. ആ തടാകത്തിനടുത്തു ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മാവിനെ അവർ ക്ഷേത്രം പണിതു ആരാധിച്ചു. ഹിന്ദു സംസ്കാരത്തിന്റെ ഒട്ടനവധി പുരാണകഥകൾ പുഷ്കർ തടാകത്തെ പറ്റിയുണ്ട്.
വിഖ്യാതമായ 2016 നവംബർ മാസമാണ് രാജസ്ഥാനിലെത്തുന്നത്. നോട്ട് നിരോധിച്ച രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആ സമയത്തുപോലും ലോകത്തിലെ ഏറ്റവും വലിയ കാലി ചന്ത ഒരു മുടക്കവുമില്ലാതെ നടത്താൻ ആ നാട്ടുകാർ ധൈര്യം കാണിച്ചു. അവരുടെ സ്നേഹവും എടുത്ത് പറയേണ്ടതാണ്. നിങ്ങളുടെ കൈവശം ഉള്ള നിരോധിച്ച നോട്ടുകൾ ഞങ്ങൾ സ്വീകരിക്കുമെന്നാണ് അന്ന് താമസിച്ച ഗസ്റ്റ് ഹൗസ് അധികൃതർ പറഞ്ഞത്. പിന്നീട് ആറു ദിവസം പുഷ്കറിൽ ഫോട്ടോകൾ മാത്രമെടുത്ത് നടന്നു. ആ കാഴ്ചകളിലേക്ക്...