Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഎസ്.പി എന്ന...

എസ്.പി എന്ന ഹൃദയഗീതത്തിന് അരനൂറ്റാണ്ട്

text_fields
bookmark_border
എസ്.പി എന്ന ഹൃദയഗീതത്തിന് അരനൂറ്റാണ്ട്
cancel

വാക്കുകളിലൊതുങ്ങില്ല എസ്.പി എന്ന രണ്ടക്ഷരത്തിലൂടെ നമ്മുടെ മനസ്സില്‍ പതിക്കുന്ന ആ ഗംഭീരനാദത്തെയും അതിലൂടെ ഒഴുകിനിറയുന്ന അരലക്ഷത്തോളം ഗാനങ്ങളെയും. പറഞ്ഞറിയിക്കാനാവാത്തതെന്ന് ആരും പറഞ്ഞുപോകില്ളേ.. ഈ മഹാനായ ഗായകനെക്കുറിച്ച് പറയുമ്പോഴും അങ്ങനെയാണ്.. അങ്ങനെയൊരു വാക്കില്‍ രക്ഷപ്പെടാനേ നമുക്കാകൂ. കാരണം ആര്‍ക്കും ദര്‍ശിക്കാന്‍ കഴിയാത്ത ഹൃദയാന്തര്‍ഭാഗത്തുനിന്ന് പുറപ്പെടുന്ന സംഗീതം അതിന്‍െറ അവിശ്വസനീയതകൊണ്ടാണ് നമ്മെ എന്നും വിസ്മയിപ്പിക്കുന്നത്. പാട്ടിന്‍െറ എണ്ണംകൊണ്ടു മാത്രമല്ല ആലാപനചരിത്രത്തിന്‍െറ ഓരോ നേട്ടങ്ങളിലും അദ്ദേഹം അദ്വിതീയനാണ്. വിനയത്തിലും അങ്ങനെയാണ് എസ്.പി; ആരും പുകഴ്ത്തുന്നത് കേട്ടിരിക്കാനാവില്ല അദ്ദേഹത്തിന്, അത് വിലക്കും. ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള ഗ്രാമത്തില്‍ നിന്ന് ലോകത്തെവിടെയുമുള്ള തെക്കേയിന്ത്യക്കാരന്‍െറ മനസ്സിലേക്ക്, ഒരു വലിയഅളവില്‍ ഏതൊരിന്ത്യക്കാരിലും ഒരു പാട്ടിന്‍െറ പല്ലവിയായി നിറയുന്ന എസ്.പി തന്‍റെ സംഗീതയാത്ര തുടങ്ങിയിട്ട് 50 വര്‍ഷമാകുന്നു. 
1966ലാണ് എഞ്ചിനീയറിംഗ് പഠനം പാതിവഴിക്ക് നിര്‍ത്തി സംഗീതലോകത്തേക്കിറങ്ങിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം സിനിമയില്‍ പാടുന്നത്; ‘എമി ഈ വിന്ദമോഹമു എന്ന’ തെലുങ്ക് ഗാനം. ഈ വര്‍ഷം ജൂണില്‍ എസ്.പിക്ക് 70 തികയും. എട്ട് ദേശീയ അവാര്‍ഡുകളും തെലുങ്ക് സിനിമയില്‍ 17 സംസ്ഥാന അവാര്‍ഡുകളും മറ്റ് നിരവധി അവാര്‍ഡുകളും കൂടാതെ തെലുങ്ക്, കന്നഡ, തമിഴ് സിനിമാ സംഗീതലോകം 30 വര്‍ഷം അടക്കിവാണ എസ്.പിക്ക് പറയാന്‍ നേട്ടങ്ങളുടെ നീണ്ട പട്ടികയാണുള്ളത്.

എസ്.പി ഒരു ഗാനമേള സംഘത്തില്‍ ഗായകനാകുന്ന കാലത്ത് ഇളയരാജ അതിലെ വയലിനിസ്റ്റായിരുന്നു. 75ല്‍ ‘അന്നക്കിളി’യിലൂടെ സംഗീതസംവിധാന രംഗത്തത്തെി ഇന്ത്യന്‍ സംഗീത വിസ്മയമായി വളര്‍ന്ന ഇളയരാജയും എസ്.പിയോട് സിനിമയില്‍ പാടണമെന്ന് ആദ്യമായി പറഞ്ഞ സംഗീതവിസ്മയം എസ്. ജാനകിയും ചേര്‍ന്ന് പിന്നീട് തമിഴ് സിനിമയില്‍ സൃഷ്ടിച്ചത് സമാനതകളില്ലാത്ത ഗാനവൈവിധ്യങ്ങളുടെ ചരിത്രം. തമിഴ് സംഗീതത്തിന്‍െറ ആത്മധാരയായി, ആ ഗാനങ്ങള്‍ എന്നെന്നും നിറഞ്ഞു നില്‍ക്കുന്നു.
തമിഴര്‍ ഏറ്റവും കടുംഭക്തിയോടെ ആരാധിക്കുന്ന ശബരിമലയില്‍ എസ്.പി എത്തുന്നത് ആദ്യം. ശുഭ്രവസ്ത്രധാരിയായത്തെിയ ഈ ഗാനേതിഹാസം രാവിലത്തെ പ്രാര്‍ഥനക്കുശേഷം ദേവസ്വം ബോര്‍ഡിന്‍െറ ഗസ്സ്റ്റ് ഹൗസില്‍ വിശ്രമിച്ചു. പോകാനുള്ള തിരക്കിനിടയിലും പാട്ടിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ സൗമ്യനായി സംസാരിച്ചു. അതില്‍ ഉടനീളം നിഴലിച്ചു നിന്നത് ഞാനല്ല ഇതിനൊന്നും ഉത്തരവാദി എന്ന വേദാന്തിയുടെ വാക്കാണ്.  എല്ലാം കടവുള്‍, എല്ലാം ഒരു അവിശ്വസനീയമായ സ്വപ്നം പോലെ. 

ആദ്യം ചോദിക്കാന്‍ തോന്നിയത് ഇതാണ്; സര്‍, താങ്കളുടെ ശബ്ദത്തിന് ഇത്രയും ആഴം എങ്ങനെയുണ്ടായി?
അത് ദൈവം തരുന്നതല്ളെ, അതിനെക്കുറിച്ച് എന്തു പറയാനാണ്. ജീനില്‍ നിന്ന് വരുന്നതാണ്. എന്‍െറ പിതാവ് ശ്രീപതി പണ്ഡിതാരാധ്യുല സാംബമൂര്‍ത്തിക്കും നല്ല ആഴമുള്ള ശബ്ദമായിരുന്നു. അദ്ദേഹം ഒരു ഹരികഥക്കാരനായിരുന്നു. നല്ല ശബ്ദവും സംഗീതബോധവുമുള്ളയാളുകള്‍ക്കേ അതില്‍ വിജയിക്കാനാകൂ. യേശുദാസിന്‍െറ പിതാവിനും നല്ല മനോഹരമായ ശബ്ദമായിരുന്നു. അതാണ് അദ്ദേഹത്തിന് കിട്ടിയത്. അതുപോലെയാണ് എനിക്കും. അല്ലാതെ മറ്റൊരു ഘടകവുമില്ല. എനിക്ക് മാത്രമായി മറ്റൊരു പ്രത്യേകതയുമില്ല. ചിലര്‍ നല്ല ആഴമുള്ള ശബ്ദത്താല്‍ അനുഗ്രഹീതരാണ്. ജന്മനാ തന്നെ ചിലര്‍ക്ക് ചിലപ്പോള്‍ വളരെ ഘനംകുറഞ്ഞ ശബ്ദമായിരിക്കും. എന്നാല്‍ ഏതുതരം ശബ്ദം കൊണ്ട് നിങ്ങള്‍ പാടുന്നു എന്നതിലല്ല കാര്യം, മറിച്ച് എത്ര മനോഹരമായി പാടുന്നു എന്നതിലാണ് കാര്യം. 

താങ്കള്‍ പാടി പ്രാക്ടീസ് ചെയ്യാറില്ല എന്ന് കേട്ടിട്ടുണ്ട്. എങ്കിലും താങ്കള്‍ക്ക് ഏതുതരം പാട്ടും അനായാസമായി പാടാന്‍ കഴിയുന്നു. എങ്ങനെയാണ് ഇത് സാധിക്കുന്നത്?
എല്ലാ ദിവസവും ഞാന്‍ പാട്ടുകള്‍ പാടുന്നു. അതാണ് എന്‍െറ സാധകം. അതില്‍ കൂടുതലായ ഒരു സാധകം എനിക്ക് ആവശ്യമെന്ന് തോന്നുന്നില്ല. ഏതെല്ലാം ഭാഷകളില്‍ എത്രയോ പാട്ടുകള്‍ പാടി. ഇപ്പോള്‍ സിനിമയില്‍ അധികമില്ളെങ്കിലും ഇപ്പോഴും ഞാന്‍ ദിവസവും ഒന്നുരണ്ട് പാട്ടുകള്‍വെച്ച് പാടുന്നു. ടി.വിയില്‍ രണ്ട് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു; ഈ പരിപാടികള്‍ തെക്കേയിന്ത്യയിലെതന്നെ ശ്രദ്ധേയമായ ഷോ ആണ്. ഇന്നും എനിക്ക് തിരക്കൊഴിഞ്ഞ ദിവസമില്ല. എല്ലാ ദിവസവും രണ്ട് മണിക്കൂറെങ്കിലും സ്റ്റുഡിയോയില്‍ പാടേണ്ടി വരുന്നു. ഗാനമേളകള്‍, വിദേശ ടൂര്‍ അങ്ങനെ.. തന്നെയുമല്ല, എന്‍െറ ജീവിതം തന്നെ സംഗീതത്തില്‍ മുഴുകിയുള്ളതാണ്. അതല്ലാതെ ഒരു ജീവിതമില്ല.

താങ്കള്‍ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല എന്ന് കേട്ടിട്ടുണ്ട്...
ഞാന്‍ ആരുടെയും അടുത്തുനിന്ന് സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. പിന്നീട് അതിന് ശ്രമിച്ചതുമില്ല. ദാസേട്ടന്‍ പോലും പലപ്പോഴും പറയുമായിരുന്നു ഞാന്‍ പഠിപ്പിക്കാം എന്നൊക്കെ. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ അതൊന്നും നടന്നില്ല.

പക്ഷേ, അത് വിശ്വസിക്കാന്‍ കഴിയുന്നില്ല, സര്‍...
അതെ, എനിക്കും അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. അതാണ് എന്നെ സംഗീതത്തിന്‍െറ കാര്യത്തില്‍ വളരെ എളിമയുള്ളവനാക്കുന്നത്. ഒരുപക്ഷേ എന്‍െറ ജന്‍മ ദൗത്യംതന്നെ അതായിരിക്കണം. ദൈവം എന്നെ അയച്ചത് ഇങ്ങനെയൊരു കര്‍ത്തവ്യം ചെയ്യാന്‍ പ്രേരിപ്പിച്ചാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനുള്ള ശക്തിയും കഴിവും അദ്ദേഹം തന്നെ തന്നു. ഒന്നും അറിയാതെ ദൈവം പറഞ്ഞുതരുന്നത് പാടുക എന്നതാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനുള്ള കഴിവും ശക്തിയും പകരുന്നത് ദൈവമാണ്. എനിക്കും അറിയില്ല എങ്ങനെയാണ് ഞാനിതൊക്കെ പാടുന്നതെന്ന്. എന്നെ സംബന്ധിച്ചും നിങ്ങള്‍ പറഞ്ഞതുപോലെ അതൊരു അവിശ്വസനീയമായ, അത്ഭുതകരമായ കാര്യമാണ്.


എസ്.ജാനകിയായിരുന്നല്ളൊ താങ്കളെ സിനിമയില്‍ പാടാനായി ക്ഷണിച്ചത്?
അതെ, ഞാന്‍ കോളജില്‍ പാടുന്നത് കേട്ടിട്ട് ജാനകിയമ്മ പറഞ്ഞു, എന്തേ സിനിമയില്‍ ട്രൈ ചെയ്തുകൂടേ എന്ന്. അതായിരുന്നു എന്‍്റെ ജീവിതത്തില്‍ ആദ്യമായി ഉണ്ടായ പ്രചോദനം. അതുവരെ അങ്ങനെ എന്നോടാരും പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അതിനായി ശ്രമിച്ചത്. അത് എനിക്ക്നേടാനും കഴിഞ്ഞു.

എസ്. പി , ജാനകി, പി.ബി.ശ്രീനിവാസ് ഈ മൂന്ന് ഗായകരും ആന്ധ്രാപ്രദേശില്‍ ജനിച്ചവരും സംഗീതം ആധികാരികമായി പഠിക്കാതെ പാട്ടുകാരായവരുമാണ്. ഇത് ആന്ധ്രാ എന്ന പ്രദേശത്തിന്‍െറ പ്രത്യേകത കൊണ്ടാണോ?
എന്‍്റെ സമകാലികരായ പാട്ടുകാരില്‍ സുശീലാമ്മ സംഗീതം പഠിച്ചയാളാണ്. മഹാരാജാ കോളജ് ഓഫ് മ്യൂസിക്കിലും പിന്നീട് ദ്വാരം വെങ്കടസ്വാമി നായിഡുവിനടുത്തും പഠിച്ചു. വാണി ജയറാമും കര്‍ണാടകസംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചയാളാണ്.  എന്നാല്‍ എസ്.ജാനകി ആരുടെയും അടുത്തുനിന്ന് അധികം പഠിച്ചിട്ടില്ല. എന്നാല്‍ അവരുടെ സംഗീതത്തില്‍ സംഗീതത്തിനുള്ളതെല്ലാം അടങ്ങിയിട്ടുണ്ട്. ആരുടെയും അടുത്തു നിന്ന് പഠിക്കേണ്ടതില്ല. എല്ലാം കൊടുത്താണ് ദൈവം വിട്ടത്. അവരുടെ പാട്ട് കേട്ടാലറിയാം. അത് തലമുറകളുടെ, പരമ്പരകളുടെ സംഗീതമാണെന്ന്. അതിന് കാലമോ ദേശമോ ഇല്ല. എന്നാണ് ആന്ധ്രയും കര്‍ണാടകയും തമിഴ്നാടുമൊക്കെയായത്.  നൂറ് വര്‍ഷം മുമ്പ് ഇതെല്ലാം ഒന്നായിരുന്നില്ളേ. ഇവിടെ രാഷ്ട്രീയ വേര്‍തിരിവ് വന്നതിനു ശേഷമല്ളെ ഇതൊക്കെ പ്രത്യക സ്റ്റേറ്റുകളായത്. അല്ലാതെ നമ്മളെല്ലാം ഇന്ത്യക്കാരല്ളെ. അങ്ങനെയൊരു മണ്ണിന്‍െറ പ്രത്യേകത എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാം ദൈവീകം.

താങ്കള്‍ ഇപ്പോള്‍ ഒരു തമിഴ്നാട്ടുകാരനായി ചെന്നെയില്‍ കഴിയുന്നു...
അല്ല, ഞാന്‍ ഒരു ഇന്ത്യക്കാരനായി ചെന്നൈയില്‍ ജീവിക്കുന്നു.

സര്‍, താങ്കള്‍ക്ക് എത്ര വേഗത്തില്‍ പാട്ട് പഠിച്ച് പാടാന്‍ കഴിയും. 17 പാട്ടുകള്‍ വരെ ഒരു ദിവസം പാടിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്...
അത് ഓരോ പാട്ടിന്‍െറ സ്വഭാവമനുസരിച്ചിരിക്കും. ലൈവ് റെക്കോഡിംഗ് ഉണ്ടായിരുന്ന കാലത്ത് 15 ഉം പതിനേഴും പാട്ടുകള്‍ പാടിയിട്ടുണ്ട്. ബോംബെയില്‍ വച്ച് ആനന്ദ് എന്ന സംഗീതസംവിധായകനുവേണ്ടി ഒരു ദിവസം 15 പാട്ടുകള്‍ പാടി. രാവിലെ 9 മണിക്ക് തുടങ്ങിയത് തീര്‍ന്നപ്പോള്‍ വെളുപ്പിന് രണ്ടു മണിയായി. ഉപേന്ദ്രകുമാര്‍ എന്ന കന്നഡ സംഗീതസംവിധായകനുവേണ്ടി 17 പാട്ടുകളാണ് ഒരു ദിവസം റെക്കോഡ് ചെയ്തത്. തമിഴിലും 16 പാട്ടുകള്‍ ഒരു ദിവസം പാടി. അതൊക്കെ അങ്ങ് സംഭവിച്ചു എന്നേ പറയാന്‍ കഴിയൂ. എന്നും അങ്ങനെ സംഭവിക്കുന്നില്ലല്ളൊ. എത്രത്തോളം പാട്ടില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്നു, എത്രത്തോളം എനര്‍ജി അതിനായി ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. അത് പാട്ടിന്‍െറ സ്വഭാവം പോലെയുമിരിക്കും. ഒരു രാത്രി റെക്കോഡിംഗ് തീര്‍ത്ത് ഇനി വയ്യെന്ന് പറഞ്ഞ് പോകാന്‍ ഒരുങ്ങുമ്പോഴാണ് ചെറുപ്പക്കാരനായ വിദ്യാസാഗര്‍ ‘മലരേ മൗനമാ..’ എന്ന പാട്ടുമായി വന്നത്. വളരെ വണ്ടര്‍ഫുള്‍ ആയ ആ പാട്ടുകേട്ട് ഞാന്‍ പാടാന്‍ തീരുമാനിക്കുകയായിരുന്നു.

ഓപ്പണ്‍ ത്രോട്ട് ആലാപനും ഇപ്പോഴത്തെ തലമുറയുടെ ഹസ്കി ആലാപന ശൈലിയും എങ്ങനെ വിലയിരുത്തുന്നു?
ഒരു സത്യം പറഞ്ഞാല്‍ പുതിയതലമുറ സംഗീതം ഞാനധികം കേള്‍ക്കാറില്ല. അതുകൊണ്ട് അതെപ്പറ്റി പറയാന്‍ കഴിയുന്നില്ല.
എന്നാല്‍ പുതുതലതമുറയിലെ സംഗീതസംവിധായകരുടെ പാട്ടുകള്‍ താങ്കള്‍ പാടുന്നുണ്ടല്ളൊ. അതെ കുറച്ചൊക്കെ. എന്നാല്‍ എന്നെ അവര്‍ വിളിക്കുമ്പോള്‍ അവര്‍ എന്‍്റെ സംഗീതമാണ് പ്രതീക്ഷിക്കുന്നത്. അത്തരം പാട്ടുകള്‍ പാടാനാണ് എന്നെ ക്ഷണിക്കുന്നത്. അവര്‍ക്ക്  അതാണ് വേണ്ടതും. എന്നാല്‍ ഒരുകാര്യം പറയാം, വളരെയധികം ടാലന്‍റുള്ള കുട്ടികള്‍ പുതുതലമുറയിലുണ്ട്. അവരുടെയൊരു ദൗര്‍ഭാഗ്യം അവര്‍ക്ക് നല്ല പാട്ടുകള്‍ കിട്ടുന്നില്ല എന്നാണ്. പണ്ടത്തേതുപോലെ ആഴമുള്ള സംഗീതത്തിലുള്ള മനോഹരങ്ങളായ ഗാനങ്ങള്‍ ഇന്നുണ്ടാകുന്നില്ല. എനിക്കോ ദാസേട്ടനോ, പി.ബി ശ്രീനിവാസിനോ ഒക്കെ കിട്ടിയതുപോലുള്ള പാട്ടുകള്‍ ഇവര്‍ക്ക് കിട്ടുന്നില്ല. വിലമതിക്കാനാവാത്ത തരത്തിലുള്ള സംഗീതമാണ് ഞങ്ങളുടെ തലമുറക്ക് കിട്ടിയത്. ഇന്നത്തെ കാര്യം അങ്ങനെയല്ല. നല്ല പാട്ടുകള്‍ പാടാതെ ഒരു ഗായകന് അവന്‍െറ കഴിവുകള്‍ എങ്ങനെ തെളിയിക്കാന്‍ കഴിയും. ഏത് പാട്ട് ആര് പാടുന്നു എന്ന് ഇന്നാരും ശ്രദ്ധിക്കാറില്ല. ആരാണ് പോപ്പുലര്‍ പാട്ടുകാരന്‍ എന്നുപോലും അറിയാന്‍ കഴിയുന്നില്ല. അതാണ് പുതുതലമുറയുടെ ദുര്യോഗം. പാട്ടുകള്‍ക്കൊന്നും അധികം ആയുസ്സുമില്ല. എന്നാല്‍ വളരെയധികം കഴിവുള്ള പാട്ടുകാരുണ്ട്. 

പുതിയ സംഗീത സംവിധായകരോ..?
സംഗീതസംവിധായകരിലും വളരെയധികം കഴിവുള്ളവര്‍ തന്നെയാണ് അധികവും. കഴിവില്ളെങ്കില്‍ ആര്‍ക്കും നിലനില്‍ക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്നത്തെ സിനിമകള്‍ അവരുടെ കഴിവുകള്‍ അംഗീകരിക്കുന്ന പാട്ടുകള്‍ ഡിമാന്‍റ് ചെയ്യുന്നില്ല. സിനിമയില്‍ പ്രേമവും ഫൈറ്റും മാത്രമേയുള്ളൂ. പിന്നെയെങ്ങനെ നല്ല പാട്ടുകളുണ്ടാകും. ഒരു ക്ളാസിക്കല്‍ ബെയ്സുള്ള പാട്ട് ചെയ്താലും അത് പ്രൊഡ്യൂസര്‍മാര്‍ അംഗീകരിക്കില്ല. എല്ലാവര്‍ക്കും നിലനില്‍പ്പല്ളേ വലുത്. അതിനുവേണ്ടി അവര്‍ക്ക് ഫാസ്റ്റ് ഗാനങ്ങള്‍ ചെയ്യേണ്ടിവരുന്നു. അല്ളെങ്കില്‍ അവര്‍ ഒരു മൂലയിലിരിക്കേണ്ടിവരും. 

ഇളയരാജക്കുവേണ്ടിയാണല്ളൊ താങ്കള്‍ കൂടുതല്‍ പാട്ടുകള്‍ പാടിയത്. അദ്ദേഹത്തിന്‍െറ സംഗീതത്തെക്കുറിച്ച് എന്തു പറയുന്നു..?

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജന്മം. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിശാലിയും പ്രതിഭാശാലിയുമായ സംഗീത വ്യക്തിത്വം. ആയിരം കൊല്ലത്തിലൊരിക്കല്‍ സംഭവിക്കുന്ന അല്‍ഭുതമാണ് ഇളയരാജ. ഇത്രയും അര്‍പ്പണബോധമുള്ള, അധ്വാനിയായ ജീനിയസിനെ കാണാന്‍ പ്രയാസമാണ്. 

ആരാധകര്‍ക്കുവേണ്ടി ഓര്‍ക്കെസ്ട്ര പോലുമില്ലാതെ അപ്പോള്‍ വന്ന ഒരു കീബോര്‍ഡ് ആര്‍ട്ടിസ്റ്റിന്‍െറ സഹായത്തോടെ എസ്.പി രണ്ട് പാട്ടുകള്‍ പാടി. ശബരീശസന്നിധിയെ ചലിപ്പിക്കുംവിധം പ്രകമ്പനം ആ തൊണ്ടയില്‍ നിന്നുതിര്‍ന്നതു കേട്ട് അന്ന് അവിടെ കൂടിയവരെല്ലാം നിര്‍വൃതിക്കൊണ്ടു. പരിചയമില്ലാത്ത കീബോര്‍ഡ് ആര്‍ടിസ്റ്റിനെ പുകഴ്ത്തിയാണ് അദ്ദേഹം സ്റ്റേജില്‍ നിന്നിറങ്ങിയത്. ഒരു കലാകാരനെയും അംഗീകരിക്കുന്നതില്‍ മടികാണിക്കാത്ത മഹാ വ്യക്തിത്വംകൂടിയാണ് എസ്.പി ബാലസുബ്രഹ്മണ്യം.

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spb
Next Story