അകാലത്തില്‍ പൊലിഞ്ഞ നാദവിസ്മയം
text_fieldsമദിരാശിയില്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കോദണ്ഡപാണി തിയേറ്ററിന്‍്റെ രണ്ടാംനിലയിലുള്ള മിനി തിയേറ്ററില്‍ ഒരു മലയാള ചിത്രത്തിന്‍്റെ റെക്കോഡിംഗിനായുള്ള ഒരുക്കം. സംഗീതസംവിധായകന്‍ എസ്.പി വെങ്കിടേഷ് കണ്‍സോള്‍ റൂമില്‍ സൗണ്ട്എഞ്ചനീയരോടൊപ്പമിരുന്ന് വാദ്യോപകരണക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. മറ്റൊരുകോണില്‍ വെളുത്തു സുന്ദരനായ ഒരുചെറുപ്പക്കാരന്‍ ചുറ്റുമിരിക്കുന്ന സംഘഗായകരെ പുതിയ പാട്ട് പരിശീലിപ്പിക്കുന്നു. വൈകിയത്തെിയ ഞാന്‍ പാട്ടും പാട്ടിന്‍്റെ നോട്ട്സും എഴുതിയെടുക്കവേ തൊട്ടടുത്തിരുന്ന ആന്‍്റോ ചേട്ടനോട് (ഗായകന്‍ സി.ഒ ആന്‍്റോ) ശബ്ദംതാഴ്ത്തി ചോദിച്ചു-
‘ആരാ ഈ പുതിയ പയ്യന്‍?’
‘വെങ്കിടേഷിന്‍്റെ പുതിയ അസിസ്റ്റന്‍്റ് മനോജ് കൃഷ്ണന്‍. പാലക്കാട്ടുകാരനാണ്, നന്നായി പാടും.’
മനോജ് പാടിയപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. പക്വതയും ഉറപ്പും മധുരവുമുള്ള ശബ്ദം. മുഖത്തു തെളിയുന്ന മന്ദഹാസം, പാട്ടിന് നല്‍കുന്നതോ ഇരട്ടി മധുരം. സംഘഗായകര്‍ മനോജില്‍ നിന്ന് നന്നായി പാട്ട് ഹൃദിസ്ഥമാക്കി. റെക്കോഡിംഗിനു മുമ്പുള്ള ബ്രേക്ക് സമയത്ത് മനോജിനെ അടുത്ത് പരിചയപ്പെട്ടു. പാലക്കാട്ചിറ്റൂര്‍ ഗവമെന്‍്റ് കോളജില്‍ നിന്ന് സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കലാകാരന്‍. ശബ്ദസൗന്ദര്യംകൊണ്ട് ഗായകനാകാനും സംഗീതത്തിലുള്ള പ്രാവീണ്യംകൊണ്ട് സംഗീതസംവിധായകനാകാനും അനുയോജ്യനായ മനോജ് പ്രതിഭാശാലിയാണെന്ന് അടുത്തറിഞ്ഞവരെല്ലാം ഒരുപോലെ സമ്മതിക്കുന്നു. ഭാഗ്യം പരീക്ഷിക്കാന്‍ മദിരാശിയില്‍ എത്തുന്നതിനു മുമ്പ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കൂടെ സഹായിയായി കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് മലയാളത്തില്‍ വളരെ തിരക്കുള്ള സംഗീതസംവിധായകന്‍ എസ്.പി വെങ്കിടേഷിന്‍്റെ സഹായിയാകാന്‍ അവസരം ലഭിച്ചപ്പോള്‍ മനോജ് മദിരാശിയിലേക്കു ചേക്കേറി.
തൊണ്ണൂറുകളുടെ മധ്യത്തോടെ ആരംഭിച്ച് വര്‍ഷങ്ങളായി തുടര്‍ന്നു വന്ന ഞങ്ങളുടെ സൗഹൃദത്തിനിടയില്‍ സ്വപ്നങ്ങളും നിരാശകളും പ്രതീക്ഷകളും സങ്കല്‍പങ്ങളുമൊക്കെ പലപ്പോഴായി മനോജ് പങ്കുവച്ചിരുന്നത് വേദനയോടെ ഞാന്‍ ഓര്‍ക്കുന്നു. മദിരാശിയിലെ സാലിഗ്രാമത്തിലുള്ള തിലകര്‍ സ്ട്രീറ്റിലെ 14 -ാം നമ്പര്‍ വാടകക്കെട്ടിടം മനോജ് തന്‍്റെ സംഗീത സങ്കല്‍പങ്ങളുടെ സ്വപ്നവേദിയാക്കി. ഇന്‍്റീരിയര്‍ ഡെക്കറേറ്ററും സുഹൃത്തുമായ ജൂഡ് വേണ്ട പിന്‍ബലം നല്‍കി. മനോജിന്‍്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ഹരീഷ് കടയപ്രത്തിന്‍്റെ വരവോടെ ആ സ്വപ്നസൗധം ഭാഗ്യാന്വേഷികളുടെ അഭയകേന്ദ്രമായി. തുടര്‍ന്ന് പത്രപ്രവര്‍ത്തകരും സംഗീത കലാകാരന്മാരും ഉള്‍പ്പെടുന്ന വലിയൊരു സൗഹൃദവലയത്തിന്‍്റെ സമ്മേളനകേന്ദ്രമായി ആ വീട് മാറി. കമല്‍റാം സജീവ് (മാതൃഭൂമി), സുനില്‍ബേബി (മീഡിയ വണ്‍), ജോജിജോസഫ് (ജീവന്‍ ടിവി), പ്രശാന്ത് കാനത്തൂര്‍ (മാതൃഭൂമി), ഹരശങ്കരന്‍ (ഇന്ത്യാടുഡേ), ഹരി നീണ്ടകര (ഫിലിംജേര്‍ണലിസ്റ്റ്), നടേഷ്ശങ്കര്‍ (ഗായകന്‍-സംഗീതസംവിധായകന്‍), ബിജു പൗലോസ്് (കീ ബോഡ്് പ്ളെയര്‍-സംഗീത സംവിധായകന്‍), രാജേഷ് പണിക്കര്‍ (പൈലറ്റ് ജെറ്റ്എയര്‍വെയ്സ്) തുടങ്ങി ഞാനുള്‍പ്പെടന്ന നിരവധി സുഹൃത്തുക്കള്‍ നിത്യസന്ദര്‍ശകരായപ്പോള്‍ അടിക്കടി നാട്ടില്‍ പോകുന്ന മനോജ് വല്ലപ്പോഴുമുള്ള തന്‍്റെ സന്ദര്‍ശനം കൊണ്ട് അവിടം അവിസ്മരണീയമാക്കി.
സംഗീതത്തോട് അവലംബിച്ചിരുന്ന ആത്മാര്‍ത്ഥത മറ്റുള്ളവര്‍ സ്വന്തം നേട്ടങ്ങള്‍ക്കായി വിനിയോഗിച്ചപ്പോള്‍ മനോജ് പിന്തള്ളപ്പെട്ടുകൊണ്ടിരുന്നു. നന്നായി പാടാനറിയാത്ത എസ്.പി വെങ്കിടേഷിനു വേണ്ടി നൂറുകണക്കിനു പാട്ടുകള്‍ മറ്റു ഗായകരെ മനോജ് പരിശീലിപ്പിച്ച് റെക്കോഡ് ചെയ്യുമ്പോള്‍ ഒരവസരം തനിക്കും ലഭിക്കും എന്ന് പ്രതീക്ഷയോടെ കാത്തിരുന്നു. മനോജിനെ ഉപയോഗിച്ചവരാരും തങ്ങളുടെ ചിറകിനടിയില്‍ നിന്ന് ആ പ്രതിഭാധനന്‍ പറന്നുയരാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എതാണു സത്യം. വര്‍ഷങ്ങള്‍ കൊഴിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു.
ബോംബെ രവിയുടെ സഹായിയാകാനുള്ള പുതിയ അവസരം വന്നുചേര്‍പ്പോള്‍ പ്രതീക്ഷകള്‍ക്കു വീണ്ടും തിളക്കമായി. ‘പരിണയം’എന്ന ചിത്രത്തിനു വേണ്ടി സംവിധായകന്‍്റെ നിര്‍ദ്ദേശപ്രകാരം രാഗാധിഷ്ഠിതങ്ങളായ ചില ഗാനങ്ങള്‍ മനോജ് ചിട്ടപ്പെടുത്തി. കാംബോജി രാഗത്തില്‍ യേശുദാസും ചിത്രയും വെവ്വേറെ പാടിയ ‘സാമജ സഞ്ചാരിണീ...’ എന്ന ഗാനം അങ്ങനെ ഇരുവരുടേയും മികച്ച ഗാനങ്ങളില്‍ ഒന്നായി മാറി. തീര്‍ന്നില്ല, യേശുദാസിന് 1994-ലെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും ഈ ഗാനം നേടിക്കൊടുത്തു. ചിത്ര പാടിയ ‘പാര്‍വണേന്ദുമുഖീ പാര്‍വതീ..’ എന്ന ഗാനവും മനോജിന്‍്റെ ഭാവനയില്‍ വിടര്‍ന്ന സംഗീത ശില്‍പമാണ്. ആ ഗാനത്തിലൂടെ ചിത്രയും ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്‍്റെ മികച്ച ഗായികയായി. ഗാനരംഗത്ത് വിടര്‍ന്നു വികസിക്കാന്‍ വെമ്പി നിന്ന മനോജിനെ അപ്പോഴും ആരും അംഗീകരിച്ചില്ല, തിരിച്ചറിഞ്ഞില്ല.
പരിഭവമോ പരാതിയോ ആരോടും പങ്കുവെക്കാതെ ജീവിത പങ്കാളിയായ സുജിതയും മകള്‍ ഗൗരിയുമൊത്ത് മനോജ് തന്‍്റെ സംഗീതയാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ഭക്തിഗാന ആല്‍ബങ്ങളിലും ചാനല്‍ പരിപാടികളിലുംവേദികളിലുമായി ആ യാത്ര തുടരുമ്പോഴും കേരളത്തിലെ സംഗീത മനസ്സുകളില്‍ തന്‍്റെ സാന്നിധ്യം ഉറപ്പിക്കാനാവുന്ന കാലം അകലെയല്ളെന്നു വിശ്വസിച്ചുകൊണ്ട് മനോജ് കാത്തിരുന്നു. മാരകമായ കരള്‍രോഗം നിഴല്‍പോലെ പിന്തുടരുമ്പോഴും തനിക്കു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സംഗീതമല്ലാതെ മറ്റൊന്നുമില്ളെന്ന ദൃഢവിശ്വാസത്തോടെ തന്‍്റെ യാത്ര തുടര്‍ന്നു. തമിഴിലും മലയാളത്തിലും ചലച്ചിത്ര സംഗീതസംവിധാന രംഗത്ത് തുടക്കങ്ങള്‍ പലതു കുറിച്ചെങ്കിലും അവയെല്ലാം ഇന്ന് അപൂര്‍ണ സംരംഭങ്ങളായി സ്തംഭിച്ചു നില്‍ക്കുന്നു. സുഹൃത്തുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും എന്നെന്നും ഓര്‍മ്മിക്കാന്‍ കുറച്ചു ഗാനങ്ങളും ഒരുപിടി സ്നേഹാനുഭവങ്ങളും സമ്മാനിച്ച് മേയ് നാലാം തീയതി ബുധനാഴ്ച അകാലത്തില്‍ പൊലിഞ്ഞ ആ സുവര്‍ണതാരകത്തിന് വേദനയോടെ വിടപറയാനേ സുമനസ്സുകള്‍ക്കു കഴിയൂ; നിത്യശാന്തിനേരാനും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.