ആലപ്പി രംഗനാഥ് - നുകരാത്ത തേനിന്റെ മധുരിമയുള്ള ഗാനങ്ങളുടെ ശിൽപി
text_fieldsആലപ്പി രംഗനാഥിന്റെ പാട്ടുകൾ കേൾക്കുമ്പോൾ ആരുടെ മനസ്സിലും ആദ്യമുദിക്കുന്നൊരു ചോദ്യം അദ്ദേഹത്തിന്റെ തന്നെയൊരു പാട്ടാണ്-'പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നു?'. ഒ.എൻ.വിയുടെ മാസ്മരിക രചനയിൽ പിറന്ന ആ ഗാനമടക്കം കാവ്യാത്മകതയും സംഗീതാത്മകതയും ആലാപന വൈഭവും സംഗമിക്കുന്ന ഒരുപിടി ഗാനപുഷ്പങ്ങളാണ് ആലപ്പി രംഗനാഥ് ഗാനകൈരളിക്ക് സമ്മാനിച്ചിരിക്കുന്നത്. അഞ്ച് പതിറ്റാണ്ടിനോടടുക്കുന്ന സംഗീത ജീവിതത്തിൽ പാട്ടെഴുതുകയും ചിട്ടപ്പെടുത്തുകയും മാത്രമല്ല, സംഗീത ശാസ്‌ത്രത്തെക്കുറിച്ചു ആഴത്തിൽ പഠിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി.
ബൈബിളിലെ ഇതിവൃത്തങ്ങൾ അടിസ്ഥാനപ്പെടുത്തി കർണാടക സംഗീതത്തിൽ 10 കീർത്തനങ്ങൾ രചിച്ചതിന്റെ അപൂർവതയും ആലപ്പി രംഗനാഥിന് സ്വന്തം. കൂടാതെ ബിലഹരി രാഗത്തിലും ആദി താളത്തിലും അധിഷ്ഠിതമാക്കി 'കരുണാ സാഗര' എന്ന വർണവും അദ്ദേഹം ഒരുക്കി. അമൃതവർഷിണി രാഗത്തിൽ 'ജഗന്നായക സ്മരണം' എന്നതായിരുന്നു ബൈബിളിനെ ആസ്പദമാക്കിയുള്ള ആദ്യ കീർത്തനം. 'സദാപി തിരുശരണം' (രാഗം–ഖരഹര പ്രിയ), 'തൃപ്പാദാംബുജം' (രാഗം–ശങ്കരാഭരണം), 'ശ്രീയേശുപാദുമാം' (രാഗം–തോടി), 'കാൽവരീശ്വരം' (രാഗം–സരസ്വതി രാഗം), 'ഭജേ യേശുദേവം' (രാഗം–കാപ്പി), 'പാലയമാം' (രാഗം–പന്തുവരാളി), 'ഭജ ഭജ തി' (രാഗം–ഹംസാനന്ദി), 'ശ്രീയേശുനാഥം' (രാഗം–മായാ മാധവ ഗൗള) എന്നിവയാണ് മറ്റു കീർത്തനങ്ങൾ.
ഇതുകൂടാതെ അമൃതവർഷിണി രാഗത്തിൽ 'ലോകാധിനാഥം' എന്ന ധ്യാന ശ്ലോകവും രചിച്ചു. ശ്രീയേശു സുപ്രഭാതം എഴുതി ഈണമിട്ടതും പരുമല തിരുമേനിയുടെ ജീവിതവും ദർശനവും ആസ്പദമാക്കി പരുമല സ്മൃതി കീർത്തനാഷ്ടകം രചിച്ചതും മറ്റുനേട്ടങ്ങൾ. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, ശങ്കരാചാര്യർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരെക്കുറിച്ചു കർണാടക സംഗീത കൃതികൾ രചിക്കുന്നതിനുള്ള ഗവേഷണവും അദ്ദേഹം നടത്തിയിരുന്നു. ശ്രീനാരായണഗുരുദേവന്റെ കവിതകൾക്ക് ഈണം പകരാനും രംഗനാഥിന് അവസരം ലഭിച്ചു. ദൈവദശകം (ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ) ശിവപ്രസാദപഞ്ചകം (ശിവ ശങ്കര ശർവ്വ ശരണ്യവിഭോ) തുടങ്ങിയ വിശിഷ്ട കവിതകൾ ഇദ്ദേഹത്തിന്റെ ഈണത്തിൽ കേരളം കേട്ടു. എനിയ്ക്കു മരണമില്ല (വയലാർ), സ്വീറ്റ് മെലഡീസ്, എന്റെ വാനമ്പാടി, കുട്ടികൾക്കു വേണ്ടിയുള്ള ഗാനങ്ങൾ, ആൽബങ്ങൾ, ഓണപ്പാട്ടുകൾ, നാടകങ്ങൾ എന്നിങ്ങനെ രംഗനാഥിന്റെ സംഭാവനകൾ ഏറെയാണ്.
ചെറുപ്പത്തിൽ തന്നെ വായ്പാട്ടിലും ഉപകരണ സംഗീതത്തിലും അവഗാഹം നേടിയതിനാൽ അടിമുടി സംഗീതമയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഗാനരചന, സംഗീത സംവിധാനം, നൃത്താദ്ധ്യാപനം, നാടക രചന തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. 42 നാടകങ്ങൾ (അതിൽ 25 നൃത്തനാടകങ്ങൾ) എഴുതി സംവിധാനം ചെയ്‌തു. ഈണമിട്ട ഗാനങ്ങളിൽ ഏറെയും രചിച്ചത് അദ്ദേഹം തന്നെയാണ്.
സംഗീതവും നൃത്തവും അഭ്യസിച്ച ബാല്യകാലത്തിനും നാടകങ്ങൾക്കും മറ്റും സംഗീതമൊരുക്കിയ ആദ്യകാലത്തിനും ശേഷം സിനിമയുടെ രജതദീപ്തിയിൽ ആകർഷിക്കപ്പെട്ട് മദ്രാസിലേക്കു പോയത് അച്‌ഛന്റെ ഒരു ശിഷ്യയുടെ ശുപാർശക്കത്തുമായിട്ടാണ്. നടൻ സത്യനുള്ളതായിരുന്നു ആ കത്ത്. സത്യൻവഴി ബാബുരാജിന്റെ മുന്നിലെത്തിയത് സിനിമാസംഗീത രംഗത്തേക്കുള്ള പ്രവേശനമാർഗമായി.
എം.എസ്. വിശ്വനാഥന്റെ സഹായിയും മികച്ച സംഗീതകാരനുമായ ജോസഫ് കൃഷ്ണയുടെ ശിഷ്യനായി മദ്രാസിൽ ജീവിതം തുടർന്നു വരവേയാണ് 1973ൽ പി.എ. തോമസ് സംവിധാനം ചെയ്ത 'ജീസസ്' എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീത സംവിധായകനായത്. അഗസ്റ്റിൻ വഞ്ചിമല എഴുതിയ 'ഓശാന, ഓശാന' എന്ന ആദ്യഗാനം ജയചന്ദ്രനും പി.ലീലയും ചേർന്നാണ് പാടിയത്. വാഗ്ദാനം ചെയ്യപ്പെട്ട അവസരങ്ങൾ മറ്റുപല സംഗീതസംവിധായകരിലേക്കും പോകുന്ന കാഴചയിൽ നിരാശനായി കേരളത്തിലേക്ക് മടങ്ങിയത് രംഗനാഥിന്റെ ജീവിതത്തിലെ വഴിത്തിരിവായി. യേശുദാസും തരംഗിണി സ്റ്റുഡിയോയുമായുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.
യേശുദാസ് പാടിയ 252 ഗാനങ്ങൾ
സംഗീത ചക്രവർത്തിമാരായ ഇളയരാജയെയും എം.എസ്. വിശ്വനാഥനെയും കൊണ്ടു വരെ സ്വയമെഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പാടിക്കാൻ കഴിഞ്ഞ രംഗനാഥിന്റെ സംഗീതം ഏറ്റവുമധികം ആലപിച്ചിട്ടുള്ള താപസ ഗായകൻ മറ്റാരുമല്ല- ഗാനഗന്ധർവൻ യേശുദാസ് ആണ്. 252 ഗാനങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയത്. 'ഹിമശീതപമ്പയിൽ', 'ഗുരുസ്വാമീ', 'ഒരു ദിവ്യദർശനം', 'ഇക്കാട്ടിൽ പുലിയുണ്ട്', 'സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ', 'വൃശ്ചികപ്പൂമ്പുലരി', 'ശബരിഗിരിനാഥാ ദേവാ ശരണം നീ അയ്യപ്പാ', 'എല്ലാ ദു:ഖവും തീർത്തുതരൂ എന്നയ്യാ', 'ശബരി ശൈലനിവാസാ ദേവാ ശരണാഗത', 'എൻമനം പൊന്നമ്പലം അതിൽ നിന്റെ ശ്രീരൂപം', 'മകരസംക്രമദീപം കാണാൻ മനസ്സുകളേ ഉണരൂ', 'അയ്യനെക്കാണാൻ സ്വാമി അയ്യനെക്കാണാൻ' തുടങ്ങി കേരളം നെഞ്ചേറ്റിയ അയ്യപ്പഭക്തിഗാനങ്ങൾ നിരവധിയാണ്. ഈ ഗാനങ്ങളെല്ലാം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹിറ്റായി.
'പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ'? 'വാസന്തബന്ധുര വനഹൃദയം', 'ചെമ്പരത്തിപ്പൂവു പോലാം', 'നാലുമണിപ്പൂവേ', 'കണ്ണനെക്കണികാണാൻ', 'അജപാലബാലികേ' തുടങ്ങി വരികളുടേയും സംഗീതത്തിന്റേയും ആലാപനത്തിന്റേയും മികവിനാൽ ആസ്വാദകർ ഏറ്റെടുത്ത ഗാനങ്ങളും നിരവധി. ആലപ്പി രംഗനാഥ് സംവിധാനം ചെയ്ത 'അമ്പാടി തന്നിലൊരുണ്ണി' എന്ന സിനിമയുടെ റീ റെക്കോർഡിങ്ങിന് കീ ബോർഡ് വായിച്ചത് മറ്റൊരു സംഗീത വിസ്മയമാണ്- സാക്ഷാൽ എ.ആർ. റഹ്‌മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.