ജൂണിലെ നിലാമഴയിൽ...
text_fieldsസ്വപ്നത്തിന്റെ നനുത്ത തൂവലുകൾ നമ്മളോരോരുത്തരെയും മൃദുവായി തലോടാറുണ്ട്. ചിലപ്പോൾ പകൽക്കിനാത്തേരിൽ യാത്ര പോവാറുമുണ്ട്. വെറുതെ, അനന്തതയിലേക്ക് മിഴിനട്ട് കിനാക്കൂടൊരുക്കുന്നവരാണ് നമ്മളിൽ പലരും. ആ ഇരുപ്പിൽ പ്രപഞ്ചം മുഴുവൻ സഞ്ചരിച്ചുവരും. അപ്പോൾ ഒരു മഴകൂടി പെയ്താലോ... ആനന്ദത്താൽ നിറയും മനസ്സ്. മഴപ്പാട്ടുകൾ ഗൃഹാതുരമാണ്.
തുള്ളിത്തുള്ളിയായി പെയ്യുന്ന മഴയെ നോക്കിയിരുന്ന് കിന്നാരം പറയാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. മഴ നനയാൻ കൊതിക്കാത്ത ആരുണ്ട്. അങ്ങനെയുള്ളപ്പോൾ മഴയുടെ സൗന്ദര്യം ഗാനങ്ങളിൽ പകർത്തിയാലോ? ചില ഗാനങ്ങൾ നമുക്ക് മറക്കാനാവില്ല. മഴയുടെ ഭംഗി പ്രണയമണിത്തൂവലിൽ ഇഴചേർത്ത് ഒരുക്കിയ വരികളാണ് കൈതപ്രം 'അഴകിയ രാവണനി'ലൂടെ മലയാളികൾക്ക് പകർന്നുതരുന്നത്. ഇതിന് സംഗീതം നൽകിയത് വിദ്യാസാഗറും. മഴയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ച വരികളിലൂടെ അത് മലയാളികളുടെ മനസ്സിലേക്ക് ഒരു കുളിർമഴയായി പെയ്യുന്നുണ്ട്.
''അരികില് വരുമ്പോള് പനിനീര് മഴ
അകലത്തുനിന്നാല് കണ്ണീര് മഴ''
ഈ വരികളിൽതന്നെയുണ്ട് മഴയുടെ അഴക്. നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മുടെ അരികിലെത്തുമ്പോൾ അതൊരു പനിനീർ മഴയായി മനസ്സിൽ പെയ്യും. അവർ അകലെയാണെങ്കിലോ, അതൊരു കണ്ണീർ മഴയുമാകും. ഇങ്ങനെ പ്രണയത്തിൽ ചാലിച്ച വരികൾ ഇത്രമേൽ മലയാളി മനസ്സിലേക്ക് ഒരു കുളിർമഴയായി പെയ്യാൻ കൈതപ്രത്തിന്റെ വരികൾക്കേ കഴിയൂ.
''മഴയോ മഴ, തൂമഴ, പുതുമഴ
മാനം നിറയെ തേന്മഴ
മനസ്സ് നിറയെ പൂമഴ''
വരണ്ട ഭൂമിയിൽ ചൂടുപകർന്ന മനസ്സിന് ഒരു കുളിരായി പെയ്ത ഗാനമാണ് 'കണ്ണാരം പൊത്തിപ്പൊത്തി' എന്ന ചിത്രത്തിൽ പി. ഭാസ്കരൻ മാഷ് എഴുതിച്ചേർത്തത്. ഭാസ്കരൻ മാഷും എ.ടി. ഉമ്മറും കൈകോർത്ത മഴഗാനമാണിത്.
''മേഘം പൂത്തുതുടങ്ങീ
മോഹം പെയ്തുതുടങ്ങീ
മേദിനി കേട്ടൂ നെഞ്ചിൽ
പുതിയൊരു താളം''
'തൂവാനത്തുമ്പികൾ' എന്ന എക്കാലത്തെയും ഹിറ്റിൽ നാം ശ്രദ്ധിച്ചൊരു പാട്ടാണിത്. ശ്രീകുമാരൻ തമ്പി എഴുതി പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ഒരുക്കിയ ഈ മഴവിരുന്ന് മലയാളി ആവോളം നുകർന്നു. മനസ്സിന്റെ മടിത്തട്ടിൽ നിറഞ്ഞുനിന്ന മഴമേഘങ്ങൾ മുഴുവനും സന്തോഷാതിരേകത്താൽ പെയ്തുതുടങ്ങുകയാണ്. അതൊരു പുതിയ തുടക്കവുമാകുന്നു. മനസ്സിന്റെ സ്വപ്നസാഫല്യമായിട്ടാണ് ഈ വരികൾ ഇവിടെ പെയ്തൊഴിയുന്നതെന്ന് ഗാനാസ്വാദകർക്ക് എളുപ്പം മനസ്സിലാകുന്നു.
''പൂമഴ... തേൻമഴ'' എന്നുതുടങ്ങുന്ന 'ഭൂമിദേവി പുഷ്പിണിയായി' എന്ന ചിത്രത്തിലെ ഗാനം മഴയുടെ മനോഹാരിതയോടൊപ്പം സ്ത്രീയുടെ സൗന്ദര്യവും വിവരിക്കുന്നുണ്ട്. പാർവതീദേവിയുടെ കൺപീലികളെ തലോടിത്തുടങ്ങുന്ന മഴത്തുള്ളികൾ പൊക്കിൾക്കുഴി തടാകമാക്കുന്ന പവിഴമഴത്തുള്ളിയായും മാറുന്നു. വയലാറിന്റെ അസാമാന്യ വൈഭവത്തിൽ പിറന്ന പവിഴ മഴത്തുള്ളികളിൽ ദേവരാജന്റെ ഈണമലിഞ്ഞ് ഗന്ധർവഗായകൻ പെയ്തൊഴിയുകയാണ് മലയാളിയുടെ മനസ്സിൽ...
'എന്നും മാറോടണയ്ക്കാൻ' എന്ന ചിത്രത്തിൽ ജെറി അമൽദേവ് ഈണമേകിയ ഗാനവും മഴയെക്കുറിച്ചുള്ളതായിരുന്നു.
ആ ഗാനം ഇങ്ങനെയായിരുന്നു,
''രാത്രി മുഴുവൻ മഴയായിരുന്നു
മനസ്സു നിറയെ കുളിരായിരുന്നു''
ബിച്ചു തിരുമലയുടെ കൈയിൽനിന്നുതിർന്നുവീണ മഴത്തുള്ളികൾ രതിസങ്കൽപത്തിന്റെ പുതിയ വാതായനങ്ങൾ മഴയിലൂടെ നമുക്കു മുന്നിൽ തുറന്നുവെക്കുന്നുണ്ട്.
''ഇന്ദ്രധനുസ്സേന്തിവരുന്ന
ഘനാഘന സേനകളേ...
വന്നാലും ഇതിലേ... ഇതിലേ...''
ഈ വരികളിൽ മഴക്കായി സ്വാഗതമോതുകയാണ്.
ഭരതന്റെ 'വൈശാലി'യിൽ കൊടും വരൾച്ചയിൽ ദുരിതത്തിലായ പ്രജകൾക്കായി അംഗരാജ്യത്തിന്റെ ദാഹമകറ്റാൻ വൈശാലി വശീകരിച്ചുകൊണ്ടുവരുകയാണ് ഋഷ്യശൃംഗനെ. ഈ സിനിമയുടെ പ്രമേയംതന്നെ മഴയാണ്. ഒ.എൻ.വിയുടെ വരികൾക്ക് രവി ബോംബെയാണ് ഈണം പകർന്നത്. വരണ്ടുണങ്ങിയ ഭൂമിയിൽ മാനം കറുത്ത് മഴമേഘങ്ങൾ പെയ്തിറങ്ങുമ്പോൾ സിനിമ കാണുന്ന മലയാളിയുടെ മനസ്സിലും ഒരു നീർച്ചാലായി ഒഴകുന്നുണ്ട്. മഴ അന്നാട്ടിലെ പ്രജകൾക്ക് ആനന്ദമേകുമെങ്കിലും നായികയുടെ കണ്ണീരാണ് അവസാനം കാണാനാവുന്നത്.
''ജൂണിലെ നിലാമഴയിൽ
നാണമായ് നനഞ്ഞവളേ...''
ഈ വരികൾ മൂളാത്ത മലയാളികൾ ആരാണുള്ളത്. എം. ജയചന്ദ്രൻ ഈണമിട്ട 'നമ്മൾ തമ്മിൽ' ചിത്രത്തിലെ ഈ ഗാനം നമുക്ക് മറക്കാനാവുന്നതല്ല.
അങ്ങനെ എത്രയെത്ര ഗാനങ്ങളാണ് നാം മലയാളികൾ കേട്ടാസ്വദിച്ചത്. ഇനി കേൾക്കാനുള്ളതോ, അതിലേറെ ഭംഗിയുള്ളതുമാവാം. ആ മഴനീർത്തുള്ളികൾക്കായ് ഒരു കൈക്കുമ്പിൾ നീട്ടാം നമുക്ക്.
മലയാളിമനസ്സിന്റെ ആന്തോളനങ്ങൾ, വിരഹങ്ങൾ, നിരാശകൾ... അങ്ങനെയെല്ലാ വികാരങ്ങളും വരച്ചുകാണിക്കാൻ ഒരുപക്ഷേ, മഴയോളം മറ്റൊന്നിനാവില്ല. അതുകൊണ്ടുതന്നെ മഴയിൽ പിറന്ന ഗാനങ്ങളും നമുക്കേറെ പ്രിയപ്പെട്ടതാണ്. ഈ മഴക്കാലത്ത് നമ്മുടെ മനസ്സിലും ഈ ഗാനങ്ങൾ പെയ്തിറങ്ങട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.