കിഷോർ ദാ ഇസ്തം
text_fieldsമുഹമ്മദ് റഫിയോ കിഷോർ കുമാറോ ഗ്രേറ്റ് എന്ന, ഒരിക്കലും വാദിച്ചു തീരാത്ത തർക്കത്തിനിടെ വീണ്ടും ഒരു ജൂലൈ 31ഉം (റഫിയുടെ ചരമദിനം) ആഗസ്ത് നാലും (കിഷോറിെൻറ ജന്മദിനം) കടന്നുപോകുേമ്പാൾ കിഷോർ കുമാർ എന്ന ഷോമാനുവേണ്ടി ഒരു ഓർമക്കുറിപ്പ്...
ആദ്യ വിമാനയാത്രയുടെ പകപ്പിൽ ദേഹപരിശോധനക്കായി മഞ്ഞവരയിൽ കൈ രണ്ടും വിടർത്തി ഫ്ലൈറ്റ് മോഡിൽ നിൽക്കുേമ്പാൾ, യാദവ് എന്ന് പേരു തീരുന്ന സുരക്ഷാഭടൻ ദേഹമുഴിയവെ ബോഡിങ് പാസ് നോക്കി, 'അരേ.. മുഹമ്മദ് റഫി.... അപ്പോ ഒരു പാട്ടുപാടിക്കൂടെ ?' പിന്നാലെ ഏതോ ഒരു റഫി വരിയും മൂപ്പര് മൂളി.
അറുപതുകളിൽ കോഴിക്കോട്ട് എം.ഇ.എസിെൻറ പരിപാടിയിൽ പാടാൻ വന്ന റഫിയെ കാണാൻ പോയി തിരിച്ച് നാട്ടിലേക്ക് മുപ്പത് കിലോമീറ്റർ നടന്ന പിതാവിെൻറ റഫി ആരാധനയാണ് ഈ പേര് എന്ന് ഞാനാ യാദവനോട് പറഞ്ഞില്ല. 'പേരു മാത്രമേ ഉള്ളൂ...' എന്ന് ജാള്യത്തിൽ പറഞ്ഞപ്പോൾ പാട്ടു പോസിലിട്ട് യദുകുലെൻറ അടുത്ത പോസ്: റഫിയല്ലേ ഫേവറേറ്റ് ?. അന്നേരമയാളിൽ കണ്ട ഭാവം, പിൽക്കാലത്ത് 'ഗാങ്സ് ഒാഫ് വാസ്സിപൂരി'ൽ ഷാഹിദ് ഖാെൻറ നെഞ്ചിൽ നിറയൊഴിച്ച, കണ്ണുകളിൽ മാത്രം ക്രൗര്യമുള്ള യാദവ്ജിയിൽ മാത്രമേ ഞാൻ കണ്ടുള്ളൂ.
''മേരെ മെഹബൂബ് ഖയാമത്ത് ഹോ ഗി... എെൻറ പ്രിയേ അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു (കിഷോർ കുമാർ/ -മി. എക്സ് ഇൻ ബോംബെ/1964). പിന്നെയൊന്നും ഒാർത്തില്ല, 'അതെ' എന്നു മറുപടി നൽകി മഞ്ഞ വര വിട്ടു.
ആ പരിശോധകെൻറ മുഷിപ്പ് ഭയന്നോ അതോ സ്വന്തം പേര് തന്ന ബാധ്യത കൊേണ്ടാ... ഞാനെന്തുകൊണ്ട് അങ്ങനെ പറഞ്ഞു? കിഷോറിനെ മുഹമ്മദ് റഫിയെന്ന സൗമ്യമഹാസാഗരവുമായി താരതമ്യം ചെയ്യുേമ്പാൾ എല്ലാ കിഷോർ ദാ ഫാൻസും ഇങ്ങനെ തന്നെയാണോ?
കിഷോറല്ല റഫി... ഒാഹോ, എങ്കിൽ റഫിയല്ല കിഷോർ... ആരാണ് ഗ്രേറ്റ് ?
1969ൽ ആർ.ഡി ബർമൻ, 'പ്യാർ കാ മൗസ'ത്തിലെ 'തും ബിൻ ജാവും കഹാം' റഫിയേയും കിഷോർ കുമാറിനെയും വെവ്വേറെ പാടിച്ചപ്പോൾ, സങ്കടം കിനിയുന്ന കിഷോർ വേർഷൻ മുന്നിലെത്തിയതാണ് ഞങ്ങൾ കിഷോർ ദാ ഫാൻസിന് എക്കാലത്തും എടുത്തുകാണിക്കാനുള്ള ഒരു ഉദാഹരണം. ''റഫി സാഹബിേൻറത് ആത്മാവിെൻറ ശബ്ദമാെണങ്കിൽ കിഷോർ ദായുടേത് ഹൃദയത്തിേൻറതാണ്''. ''ആ ഗാനം കിഷോർ ദാ ആരംഭിക്കുന്ന യോഡ്ലിങ്ങിൽ തന്നെ ഹൃദയം നിലച്ചുപോകും'', ''റഫി സാബ് ഈ ഗാനമാലപിച്ചത് കണ്ഠം കൊണ്ടാണ്, കിഷോർ ദാ ഹൃദയം കൊണ്ടും'', ''കിഷോർ ദായെപ്പോലെ ദുഃഖത്തിെൻറ ആഴത്തിലല്ല റഫി സാഹബിെൻറ ശബ്ദം...അതുകൊണ്ട് ഇവിടെ ജയിച്ചത് കിഷോർ ദാ തന്നെ'', ''ഈ ഗാനത്തിന് കിഷോർ ദാ നൽകുന്ന ജീവൻ ആർക്കും നൽകാൻ കഴിയില്ല' ''ഈ പാട്ട് വല്ലാത്തൊരു സ്പിരിറ്റിലാണ് കിഷോർ ദാ ആലപിച്ചത്, റഫി സാഹബാകട്ടെ തെൻറ മധുരശബ്ദം കൊണ്ട് ഇൗ പാട്ടു പോകേണ്ട വഴിയിലൂടെയും''.
കിഷോർ റഫിയെ മറി കടന്നുവെന്ന് സ്ഥാപിക്കാൻ ഇതു പോലെ പല സന്ദർഭങ്ങൾ കിഷോർ ദാ ഫാൻസ് പറഞ്ഞുവരുേമ്പാഴേക്കും നൂറുനൂറു റഫി നാമഃ യുമായി റഫി ഫാൻസും വന്നു കഴിയും.
1966ൽ തൂഫാൻ മേം പ്യാർ കഹാൻ എന്ന, കിഷോറിെൻറ ജ്യേഷ്ഠൻ അശോക് കുമാർ നായകനായ ചിത്രത്തിനു വേണ്ടി ''ഇത്നി ബഡി ദുനിയാ ജഹാൻ ഇത്നാ ബഡാ മേള'' പ്രേം ധവാൻ എഴുതിയത് റഫിയെ മുന്നിൽ കണ്ടായിരുന്നു. എന്നാൽ റെക്കോർഡ് ചെയ്യേണ്ട സമയത്താണ് റഫി ഹജ്ജ് കർമത്തിന് പോയത്. ഒടുവിൽ കിഷോറിനെ കൊണ്ട് അത് റെക്കോഡ് ചെയ്തു. എന്നാൽ, അനിയെൻറ പാട്ടു കേട്ട അശോക് കുമാർ പ്രഖ്യാപിച്ചു ''റഫി സാബ് ഹജ്ജ് കഴിഞ്ഞു വരട്ടെ''. റഫി വന്നു, അങ്ങനെ അദ്ദേഹത്തിെൻറ ശബ്ദത്തിൽ അത് വീണ്ടും റെക്കോഡ് ചെയ്തു. ഇതു വെറും കഥയെല്ലന്നും പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആർക്കൈവ്സിൽ ഇപ്പോഴുമുള്ള രണ്ടു ട്രാക്കും കേട്ടാൽ മനസ്സിലാകും അശോക് കുമാറിന് തെറ്റിയില്ല എന്നും, റഫിയെ കുറിച്ചുള്ള ഗവേഷണത്തിന് ലാഹോർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ സുമിത് പോൾ എഴുതുകയുണ്ടായി.
എന്നാൽ, റഫി സാഹബും തെൻറ പിതാവും തമ്മിലുണ്ടായിരുന്ന പരസ്പര ബഹുമാനം അറിഞ്ഞാൽ ആരാധകർ തമ്മിലെ തർക്കം അലിഞ്ഞില്ലാതാവുമെന്ന് പറഞ്ഞത് കിഷോർ കുമാറിെൻറ മകനും ഗായകനുമായ അമിത് കുമാർ ഗാംഗുലിയാണ്.
പ്രതാപിയായ സഞ്ജയ് ഗാന്ധിയുമായി പിണങ്ങിയതിെൻറ പേരിൽ ആകാശവാണിയിൽ ഏറെക്കാലം കിഷോർ ഗാനങ്ങൾ വിലക്കിയ ഒരു സമയമുണ്ടായിരുന്നു. ഒടുവിൽ ആ പിണക്കം പറഞ്ഞു തീർത്ത് ആകാശവാണിയിൽ കിഷോർ ഗാനങ്ങൾ തിരിച്ചു കൊണ്ടുവന്നത് റഫി ആയിരുന്നു.
മറിച്ചൊരു സംഭവം പറയാം. റിപ്പോർട്ടർ രാജു എന്ന ചിത്രത്തിൽ റഫിയായിരുന്നു ഗായകൻ. അതിലെ ഒരു പാട്ടിൽ ഒരു കൗബോയ് സ്റ്റൈൽ യോഡ്ലിങ് വേണം. റഫി പറഞ്ഞു അതെനിക്ക് പറ്റില്ല. നിങ്ങൾ പാട്ട് കിഷോറിനെ കൊണ്ട് പാടിക്കൂ. സംഗീതസംവിധായകൻ പറഞ്ഞു, 'കിഷോറിെൻറ ശബ്ദം ഈ പാട്ടിനു ചേർന്നതല്ല. എന്തെങ്കിലും ചെയ്യണം'. അങ്ങനെ റഫി കിഷോറിെൻറ വീട്ടിേലക്കു വിട്ടു. ഈ പാട്ടിലെ യോഡ്ലിങ് തനിക്കു പറ്റില്ല, പാട്ടു തന്നെ താങ്കൾ ചെയ്യണമെന്ന് റഫി ആവശ്യപ്പെട്ടു. 'വേണ്ട, റഫി സാഹബ് തന്നെ പാടണം. ആ പാട്ടൊന്നു കേൾക്കട്ടെ'- കിഷോർ ആവശ്യപ്പെട്ടു. 'ചലേ ഹോ കഹാ കഹോ... '' രണ്ടുവരി കഴിഞ്ഞപ്പോൾ കിഷോർ പറഞ്ഞു, നിർത്ത്... അതിനു ചേർന്ന യോഡ്ലിങ് കിഷോർ നിന്ന നിൽപിൽ പാടുന്നു. ഇത് കുറിച്ചെടുത്ത്, നന്ദി പറഞ്ഞ് റഫി തിരിച്ചുപോയി. അങ്ങനെ കിഷോർ പറഞ്ഞുകൊടുത്ത പ്രകാരം പാടി റഫി ആ ഗാനം മനോഹരമായി റെേക്കാഡ് ചെയ്തു.
1980 ജൂലൈ 31ന്, നിർത്താതെ മഴ പെയ്ത ഒരു ദിവസം റഫി സാഹബ് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ ആ മയ്യിത്തിന് അരികിൽ നിന്ന് കിഷോർ ദാ കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞിരുന്നുവെന്ന് കേമ്പാസർ ഉദയൻ മുഖർജി പറയുകയുണ്ടായി.
അവർ പരസ്പരം അങ്ങനെയെല്ലാമായിരുന്നുവെങ്കിലും ഇന്ത്യയിൽ എക്കാലവും ഒരു റഫി ഫാൻ കൂട്ടവും ഒരു കിഷോർ ഫാൻ കൂട്ടവും ഉണ്ടായിരുന്നു, അത് ഇനിയുമുണ്ടാകും. റഫി സാഹബിെൻറ 5000 സ്ക്വയർഫീറ്റ് അടുത്തുവരാൻ കൂടി ഒരു ഗായകൻ ഇല്ലെന്ന്, കിഷോറിനെ കൊണ്ട് ഏറെ പാട്ടുകൾ പാടിച്ച ബാപ്പി ലാഹിരി തന്നെ പറയുന്നു. ആരെതിർത്താലും താൻ കിഷോറിെൻറ ഹാർഡ്കോർ ഫാൻ ആണെന്ന് പ്രഖ്യാപിക്കുന്നു, ജാേവദ് അക്തർ.
ബഡേ ഗുലാം അലിഖാനും ഫിറോസ് നിസാമിയും ജവഹർലാൽ മാട്ടൂവും വാഹിദ് ഖാനുമെല്ലാം ക്ലാസിക്കൽ സംഗീതം പരിശീലിപ്പിച്ച, നൂറ്റാണ്ടിെൻറ മധുരമുള്ള സ്വരത്തിനുടമായ, അതിനേക്കാെളല്ലാമേറെ മാധുര്യമുള്ള ശുദ്ധ മനുഷ്യൻ മുഹമ്മദ് റഫിയെക്കുറിച്ച് നല്ലതല്ലാതെ പറയാൻ അദ്ദേഹമൊന്നും ബാക്കിവെച്ചിരുന്നില്ല. എന്നാൽ ക്ലാസിക്കൽ സംഗീതമൊന്നും പഠിച്ചിട്ടില്ലാത്ത, സഹോദരൻമാരുടെ നിർബന്ധത്തിനു വഴങ്ങി ഇഷ്ടമില്ലാതെ അഭിനയരംഗത്തു വന്ന് ടൈപ്പ് കഥാപാത്രങ്ങൾ ചെയ്ത, ഇന്ത്യയുടെ അനാർക്കലിയായ മധുബാലയെന്ന സൗന്ദര്യധാമത്തെ വിവാഹം ചെയ്ത് അവർ മരണാസന്നയായപ്പോൾ ഉപേക്ഷിച്ചു എന്ന പഴി കേട്ട കിഷോർ കുമാർ എന്ന എക്സൻട്രിക് ജീനിയസിെൻറ എനിഗ്മാറ്റിക് ശബ്ദം ഇഷ്ടപ്പെട്ടു പോയവർക്ക് അദ്ദേഹത്തിനായി ജയ് വിളിക്കാതിരിക്കാൻ കഴിയില്ല.
ഇന്ത്യയുടെ ഡാനി കേ
അമേരിക്കൻ വിനോദവ്യവസായത്തിെൻറ ഏതാണ്ടെല്ലാ നിറങ്ങളിലും നിറഞ്ഞാടിയ, നടനും ഗായകനും കൊമേഡിയനും നർത്തകനുമെല്ലാമായിരുന്ന ഡാനി കേയുടെ ചിത്രമാണ് കിഷോർ കുമാറിെൻറ വീടിെൻറ ചുമരിലുള്ള മൂന്നു ചിത്രങ്ങളിലൊന്ന്. എല്ലാ ബംഗാളി കലാകാരൻമാരുടെയും ചുമർ അലങ്കരിക്കുന്ന ടാഗോറും തെൻറ മാനസ ഗുരുവായി കിഷോർ കരുതുന്ന സൈഗാളുമായിരുന്നു മറ്റു രണ്ടു ചിത്രങ്ങൾ. ഡാനി കേ എന്നു വിളിക്കുന്നത് ഇഷ്ടെപട്ടിരുന്ന കിഷോറും ഒരു കംപ്ലീറ്റ് ഷോമാനായിരുന്നു. കിഷോറിെൻറ ലഭ്യമായ ഏക വിഡിയോ അഭിമുഖത്തിൽ അഭിമുഖകാരിയായി വന്ന സാക്ഷാൽ ലത മങ്കേഷ്കർ, ഇന്ത്യയുടെ ഡാനി കേ എന്ന് വിശേഷിപ്പിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് കിഷോർ അതു കേട്ടത്. മികച്ച കൊമേഡിയനായ നായകനടൻ എന്ന പദവിയിൽ നിന്ന് പ്ലേ ബാക്ക് ഗായകനായും സംവിധായകനായും നിമാതാവും തിരക്കഥാകൃത്തായും ഗാനരചയിതാവായുമെല്ലാം അദ്ദേഹം തിളങ്ങി.
അന്നത്തെ ബംഗാളിെൻറ ഭാഗമായ കണ്ട്വയിൽ (ഇപ്പോൾ മധ്യപ്രദേശിൽ) 1929 ആഗസ്റ്റ് നാലിനായിരുന്നു അബ്ഹാസ് കുമാർ ഗാംഗുലിയുടെ ജനനം. പിന്നീട് മൂത്ത സഹോദരൻ അശോക് കുമാറാണ്, നടനാക്കാനായി അബ്ഹാസ് കുമാറിനെ കിഷോർ കുമാറാക്കിയത്. 1946ൽ താൻ നായകനായ 'ശിക്കാരി'യിലേക്ക് അശോക് കുമാർ കിഷോറിനെ നിർബന്ധിച്ച് കൊണ്ടുവന്ന് അഭിനയിപ്പിക്കുകയായിരുന്നു. 1948ൽ സിദ്ധി എന്ന ചിത്രത്തിലാണ് ആദ്യമായി പാടുന്നത്. 'മർനേ കി ദുവായേം ക്യോം മാംഗൂ എന്ന ഗാനം പാടി അദ്ദേഹം അഭിനയിച്ചു. പിന്നീട് കുമാർ ബാനറിലും അല്ലാതെയും പല ചിത്രങ്ങളിലും നായകനായും അല്ലാതെയും നടിച്ചു. നൗക്കരി, നയാ അന്ദാസ്, മുസാഫിർ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട കിഷോറിെൻറ 'ചൽതി കാ നാം ഗാഡി' വൻ ഹിറ്റായി. പലതിലും അദ്ദേഹം പാടി അഭിനയിച്ചു. 1959ൽ 'ശരാരത്തി'ൽ മുഹമ്മദ് റഫി തന്നെ കിഷോറിനു വേണ്ടി പിന്നണി പാടി. എന്നാൽ തലത് മെഹ്മൂദ്, മുകേഷ്, റഫി കാലഘട്ടത്തിൽ പല മുൻ നിര സംഗീത സംവിധായകരും കിഷോറിനെ, പാടി അഭിനയിക്കുന്ന ഒരു ഡ്രമാറ്റിക് ഗായകനായി മാത്രമേ കണ്ടിരുന്നുള്ളൂ. 1965ൽ ഗൈഡ് എന്ന ചിത്രത്തിൽ 'ഗാത്താരഹെ മേരെ ദിൽ' പാടിച്ച് എസ്.ഡി ബർമനാണ് കിഷോറിനെ ജനമനസ്സിൽ കുടിയിരുത്തിയത്.
അതിനുശേഷം, ഇനി അഭിനയിക്കാനില്ല, പാട്ടാണ് തെൻറ തട്ടകമെന്ന് പറഞ്ഞ് അഭിനയത്തിൽ നിന്ന് പതിയെ കിഷോർ പിൻവാങ്ങിത്തുടങ്ങി. 1969ൽ പുറത്തിറങ്ങിയ 'ആരാധന', നായകൻ രാജേഷ് ഖന്നയെ സൂപ്പർ സ്റ്റാറാക്കിയപ്പോൾ എസ്.ഡി ബർമെൻറ സംഗീത നിർവഹണത്തിൽ പിറന്ന 'രൂപ് തെരാ മസ്താന'യും 'മേരെ സപ്നോംകി റാണി'യും 'കോറാ കാഗസു'മെല്ലാം കിഷോറിനെ സ്റ്റാർ സിംഗറാക്കി. ആർ.ഡി ബർമൻ, ലക്ഷ്മികാന്ത് പ്യാരേലാൽ, ബാപ്പി ലാഹിരി, കല്യാൺജി ആനന്ദ്ജി എന്നിവരുടെയെല്ലാം പ്രിയ ഗായകനായി കിഷോർ ദാ മാറി. ദേവാനന്ദ്, ബച്ചൻ, ഋഷി കപൂർ തുടങ്ങിയവരുടെയെല്ലാം ഗായകനായി. പിന്നീട് എഴുപതുകളും എൺപതുകളുമെല്ലാം കിഷോറിേൻറതായി മാറി. 'ചിങ്കാരി കൊയീ ബഡ്കെ', 'ഓ സാഥിരേ', 'യേ ശാം മസ്താനി', 'തേരാ സാഥ് ഹെ കിത്ത്നാ പ്യാരാ', 'ദിയെ ജൽത്തേ ഹേ'.... തുടങ്ങി എളുപ്പം എണ്ണിത്തീരാത്ത അനേകം ഹിറ്റുകളുടെ വരവായിരുന്നു ആ രണ്ടു പതിറ്റാണ്ടുകൾ. ലത മങ്കേഷ്കർക്കും ആശാ ഭോസ്ലെക്കുമൊപ്പമുള്ള ഡ്യൂയറ്റുകൾ ഹിന്ദി ഹൃദയഭൂമികളെ ഇളക്കി മറിച്ചു. ഫാസ്റ്റും സ്ലോ നമ്പറുകളുമെല്ലാം ഒരുപോലെ തകർത്താടി.
പ്രണയത്തിലും വേഴ്സറ്റൈൽ
കിഷോർ ചെറു പ്രായത്തിൽ തന്നെ റൂമ ഗുഹ താകൂർത്തയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിലുള്ള മകനാണ് പിന്നണി ഗായകനായി തിളങ്ങിയ അമിത് കുമാർ. ഈ ബന്ധം ഒൻപതു വർഷം നീണ്ടു. അതിനുശേഷമാണ്, ഇന്ത്യൻ മർലിൻ മൺറോ എന്ന് ന്യൂയോർക് ടൈംസ് വിശേഷിപ്പിച്ച മധുബാലയുമായുള്ള ബന്ധം. ദിലീപ്കുമാറുമായുള്ള നഷ്ടപ്രണയത്തിെൻറ സങ്കടം ഇറക്കിവെക്കാനൊരു ചുമൽ തേടിയ മധുബാലയുടെ മുന്നിലേക്കായിരുന്നു വിവാഹമോചനത്തിെൻറ സങ്കടവുമായി കിഷോർ കടന്നുവന്നത്. എന്നാൽ വേഴ്സറ്റൈൽ ജീനിയസിെൻറ പാട്ടിലും തമാശയിലുമാണ് ഇന്ത്യൻ മൺറോ വീണതെന്ന് ഫിൽമിസ്താൻ സ്റ്റുഡിയോയുടെയും മെഹബൂബ് സ്റ്റുഡിയോയുടെയും ഫ്ലോറുകളിൽ ഗോസിപ്പു പരന്നിരുന്നു. മധുബാലക്ക് ഹൃദയസംബന്ധിയായ രോഗമുണ്ടെന്ന വിവരമറിഞ്ഞിട്ടും അതു വകവെക്കാതെയായിരുന്നു കിഷോർ അവരെ വിവാഹം ചെയ്തതെന്നും പറയപ്പെടുന്നു. വിവാഹശേഷം വിദേശത്തുകൊണ്ടുപോയി ചികിൽസിക്കാം എന്നായിരുന്നുവത്രെ കിഷോർ മറുപടി പറഞ്ഞിരുന്നത്. എന്നാലതിനു കാത്തു നിൽക്കാതെ തെൻറ 36ാം വയസ്സിൽ മധുബാല മരിച്ചു. ഇതിനുശേഷം യോഗിത ബാലിയെ കിഷോർ വിവാഹം ചെയ്തു. രണ്ടു വർഷത്തിനുശേഷം ലീന ചന്ദർവർക്കറുമായുള്ള കല്യാണം. കിഷോറുമായി സൗഹൃദമുണ്ടായാൽ പെട്ടെന്നുതന്നെ അദ്ദേഹത്തെ സഹോദരനാക്കി കളയണം, അല്ലെങ്കിൽ അയാൾ വിവാഹം ചെയ്തുകളയുമെന്ന് ലീനക്ക് നടൻ സഞ്ജീവ്കുമാർ മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും അതു തന്നെ സംഭവിച്ചു. നാലാം വിവാഹത്തിൽ സുമിത് കുമാർ എന്ന ഒരു മകനുണ്ട്.
സഹോദരെൻറ ജന്മദിനത്തിൽ വിടവാങ്ങൽ
പ്രശസ്തി ഒട്ടും മങ്ങാതെ നിൽക്കുന്ന കാലത്തുതന്നെയായിരുന്നു, 58ാം വയസ്സിൽ കിഷോർ ദായുടെ വിടപറയലും. തന്നെ കലാരംഗത്തേക്ക് കൈപിടിച്ചുയർത്തിയ മൂത്ത സഹോദരൻ അശോക് കുമാറിെൻറ ജന്മദിനമായ 1987 ഒക്ടോബർ 13ന് കിഷോർ ഒരു വലിയ പാർട്ടി സംഘടിപ്പിച്ചിരുന്നു. എന്നാൽ അതേ ദിവസം തന്നെ ആഞ്ഞടിച്ചൊരു ഹൃദയാഘാതം കിേഷാർ കുമാർ എന്ന ഷോമാെൻറ ജീവിതത്തിന് മറയിട്ടു. അതിനുശേഷം 2001ൽ മരിക്കുന്നതുവരെ അശോക് കുമാർ തെൻറ ജന്മദിനം ആഘോഷിച്ചിരുന്നില്ല.
റഫി സാഹബിേൻറത് ആത്മീയ ശബ്ദമാണെന്ന് പറയുന്നവർ തന്നെ കിഷോർ ദായുടേത് ഹൃദയത്തിെൻറ ശബ്ദമാണെന്നും പറയുന്നത് സത്യം തന്നെയാണ്. കാരണം ഹൃദയത്തിന് ഒരു ചെറു മുറിവെങ്കിലും ഏറ്റവർക്കുള്ള സാന്ത്വനമായിരുന്നു കിഷോർ ദായുടെ ഓേരാ ഗാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.