അനശ്വരമായ മധുരശാരീരം
text_fieldsഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഫോൺ. അങ്ങേത്തലക്കൽ മെഗാ സ്റ്റാർ മമ്മൂട്ടിയാണ്. ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി വാങ്ങിടുവാനായ് നാലണ കൈയിൽ ’ എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ടിൻെറ ഒറിജിനൽ വേർഷൻ കിട്ടുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. ‘‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ടാണ് അത്. ഉമറുബ്നു അബ്ദുൽ അസീസിൻെറ ചരിത്രം എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്. നെറ്റിൽ തിരഞ്ഞപ്പോൾ മാർക്കോസും വേറെ ചില ഗായകരും പാടിയ പാട്ടാണ് കിട്ടിയത്. ആ ഗാനം പാടിയ ഗായകൻെറ യഥാർഥ ശബ്ദത്തിൽ ഒന്ന് കേൾക്കണമെന്നുണ്ട്.’’ ഞാൻ അദ്ദേഹത്തിന് ആ ഗാനം അയച്ചുകൊടുക്കുകയും ചെയ്തു.
ചില ആളുകൾ ഒരൊറ്റ പാട്ടുകൊണ്ട് ആസ്വാദക ഹൃദയങ്ങളിൽ ഇടംപിടിക്കും. കാലങ്ങൾ കഴിഞ്ഞാലും ആ ഗാനം തലമുറകൾ ഏറ്റുപാടും. അങ്ങനെ ഭാഗ്യം സിദ്ധിച്ച ഗായകനായിരുന്നു ഹമീദ് ഷർവാനി. ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും ‘ഉണ്ടോ സഖീ’ മാത്രം മതി ഈ അനുഗൃഹീത ഗായകനെ അനശ്വരനാക്കാൻ. ഏറ്റവും മികച്ച പത്ത് മാപ്പിളപ്പാട്ടുകൾ തെരഞ്ഞെടുത്താൽ അതിലൊന്നായിരിക്കും ‘ഉണ്ടോ സഖീ.’ 1976ലോ 77ലോ ആണ് എം. ഷൈലജക്കൊപ്പം ഈ ഗാനം അദ്ദേഹം പാടിയത്. നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇത് ആസ്വാദകർ ഏറ്റുപാടുന്നു. ഇസ്ലാമിക ചരിത്രത്തിൽനിന്ന് എടുത്ത മഹത്തായ സംഭവം കവിതയാക്കിയത് ഷർവാനിയുടെ ജ്യേഷ്ഠൻ റഹീം മൗലവിയാണ്. സംഗീതം നിറഞ്ഞ അന്തരീക്ഷമായിരുന്നു കുറ്റ്യാടിയിലെ തറവാട്ടിൽ. എല്ലാവരും കലയെ സ്നേഹിക്കുന്നവർ.
റഹീം മൗലവി എഴുതുന്ന ഗാനങ്ങൾ കുട്ടിയായിരിക്കുമ്പോഴേ അനുജനായ ഹമീദിനെക്കൊണ്ട് പാടിക്കുമായിരുന്നു. കുറ്റ്യാടി ആസാദ് കലാമന്ദിറിലൂടെയാണ് ഈ ഗായകനെ പുറംലോകം അറിഞ്ഞത്. പിന്നീട് ആസ്വാദകർ ഏറ്റെടുക്കുകയായിരുന്നു. അക്കാലത്തെ ഗാനമേളകളിൽ സജീവ സാന്നിധ്യമായിരുന്നു ഹമീദ് ഷർവാനി. നാട്ടിലും വിദേശത്തും നിരവധി വേദികളിൽ അദ്ദേഹം പാടി. വി.എം. കുട്ടി, പീർ മുഹമ്മദ്, കെ.എസ്. മുഹമ്മദ് കുട്ടി, എരഞ്ഞോളി മൂസ തുടങ്ങിയ പാട്ടുകാർ അരങ്ങുവാഴുമ്പോൾ ഷർവാനിയും അവർക്കൊപ്പം തിളങ്ങിനിന്നു. ‘ആരംഭം തുളുമ്പും ചെങ്കതിർ മുഖം...’ എന്ന ഗാനമായിരുന്നു മാസ്റ്റർ പീസ്. തലശ്ശേരി ഫ്രൻഡ്സ് ഓർക്കസ്ട്രയായിരുന്നു ഷർവാനിയുടെ ട്രൂപ്. ആ പാട്ടുകേൾക്കാൻ ആയിരങ്ങൾ ഒത്തുകൂടി. ജയശ്രീ, ലിയാഖത്ത്, വിളയിൽ ഫസീല, പാലയാട്ട് യശോദ എന്നിവരും ഷർവാനിയോടൊപ്പം പാടിയിട്ടുണ്ട്. റഹീം മൗലവി രചിച്ച ഗാനങ്ങളാണ് ഹമീദ് ഷർവാനി കൂടുതലും പാടിയത്. സൗറെന്ന ഗുഹയിൽ പണ്ട്..., വട്ടം കറങ്ങുന്ന ഗോളങ്ങൾ വെട്ടിത്തിളങ്ങുന്ന താരങ്ങൾ... ഈ ഗാനങ്ങളെല്ലാം പാടിയതും അദ്ദേഹമാണ്.
വളരെ തുറന്ന പ്രകൃതമായിരുന്നു ഹമീദിക്കാക്ക്. ഒരാളെയും സുഖിപ്പിക്കുന്ന പരിപാടിയൊന്നും ഇല്ല. എന്തു കാര്യമാണെങ്കിലും വെട്ടിത്തുറന്ന് പറയും. സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന പ്രകൃതം. ഒരാളോടും പെട്ടെന്ന് അടുക്കുന്ന രീതിയല്ല. എന്നിട്ടും, മാപ്പിളപ്പാട്ടിനെക്കുറിച്ചും മറ്റും സംസാരിക്കാൻ അദ്ദേഹം എപ്പോഴും വിളിക്കുമായിരുന്നു. സ്വന്തം നിലപാടിൽ ഉറച്ചുനിന്നത് ചിലപ്പോൾ ഗുണവും അല്ലാത്തപ്പോൾ ദോഷവുമായി ഭവിച്ചിട്ടുണ്ട്. വലിയ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്താതിരിക്കാനുള്ള കാരണങ്ങളിലൊന്ന് അതായിരിക്കണം.
പതിനഞ്ചു വർഷമായി കലാരംഗത്ത് സജീവമായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളായിരുന്നു കാരണം. എങ്കിലും, പ്രത്യേക സദസ്സുകളിൽ അദ്ദേഹം പാടുമായിരുന്നു. മൂന്നു വർഷം മുമ്പ് കുറ്റ്യാടി ഇസ്ലാമിയ കോളജിൻെറ അറുപതാം വാർഷിക സദസ്സിലാണ് അദ്ദേഹം അവസാനമായി പാടിയത്. ഷർവാനിയുടെ വിയോഗത്തോടെ പഴയ കാലത്തിൻെറ ഒരു മധുരസ്വരമാണ് ചരിത്രമാകുന്നത്. അദ്ദേഹത്തിൻെറ ഭൗതികശരീര സാന്നിധ്യം ഇല്ലെങ്കിലും അനശ്വരമായ മധുരശാരീരം തലമുറകളിലൂടെ ഇനിയും സഞ്ചരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.