വിട പ്രിയപ്പെട്ട ശ്രാവൺ... ആ പാട്ടുകൾ മരിക്കുന്നില്ല, താങ്കളും...
text_fields90 ആഗസ്റ്റിൽ മഹേഷ് ഭട്ടിന്‍റെ 'ആഷിഖി' റിലീസ് ചെയ്തപ്പോൾ രാജ്യം ആ സിനിമ കാണാൻ തിക്കിത്തിരക്കിയത് ആ പ്രണയ കഥയുടെ വ്യത്യസ്തത കൊണ്ട് മാത്രമായിരുന്നില്ല. അതുവരെ കേട്ടിട്ടില്ലാത്ത ഓർക്കസ്ട്രേഷനും മനസ്സ് നിറയുന്ന മെലഡിയുമുള്ള പാട്ടുകൾ കേൾക്കാനായിരുന്നു. വടകര എടോടിയിലുള്ള കാസറ്റ് കടയ്ക്ക് മുമ്പിലൂടെ കടന്ന് പോകുമ്പോഴാണ് ആദ്യം ആ പാട്ട് കേട്ടത്. പിന്നാലെ വിസിആറിൽ രാഹുൽ റോയിയെയും അനു അഗർവാളിനെയും നിഷ്കളങ്ക മുഖമുള്ള പ്രണയജോഡികളായി, പതിവ് സിനിമകളിൽ നിന്നുള്ള ക്ലീഷേകളില്ലാതെ കണ്ടു.
പക്ഷെ ആ പാട്ടുകൾ, 'മേ ദുനിയാ ഭുലാ ദൂംഗാ' അടക്കം കഴിഞ്ഞ 30 വർഷമായി പല തവണ കേട്ടു. ആ സംഗീത സംവിധായകർ നദീം-ശ്രാവണുമാരുടെ പാട്ടുകൾ പിന്നെയും വന്നു. 'സാജൻ', 'ദിൽ ഹേ കി മാൻതാ നഹീ', 'ഫൂൽ ഓർ കാൺടേ', 'ദിൽ കാ ക്യാ കസൂർ', 'ദീവാനാ', 'സഡക്'... എല്ലാ സിനിമകളിലും മെലഡിയുടെ വസന്തം. അന്നത്തെ ഹിറ്റ് ജോഡികളായിരുന്ന ലക്ഷ്മികാന്ത്-പ്യാരേലാലുമാരെ നിഷ്പ്രഭരാക്കി മിക്കപ്പോഴും ഹിറ്റ് ചാർട്ടിൽ നദീം-ശ്രാവണുമാരുടെ പാട്ടുകൾ മാത്രം ഇടം പിടിച്ചിരുന്ന കാലം.
ടി സീരിസെന്ന കാസറ്റ് കമ്പനിയും അതിന്‍റെ ഉടമ ഗുൽഷൻകുമാറുമായിരുന്നു ഈ നേട്ടത്തിന്‍റെ പ്രധാന ഗുണഭോക്താക്കൾ. നദീം-ശ്രാവണിലെ നദീം സാമ്പത്തിക തർക്കത്തിൽ ഗുൽഷനുമായി ഇടഞ്ഞു. ഗുൽഷനെ അധോലോകം വെടിവെച്ചു കൊന്നു. നദീം ലണ്ടനിലേക്ക് മുങ്ങി. അതോടെ നദീം-ശ്രാവണുമാരുടെ വസന്തകാലം കഴിഞ്ഞു. നദീം പിന്നീട് കേസിൽ നിന്ന് മുക്തനായെങ്കിലും അവരുടെ സുവർണ്ണകാലം മറഞ്ഞ് പോയി.
ബുദ്ധിജീവി ജാഡകൾ കൊണ്ട് നടന്നിരുന്ന അക്കാലത്ത്, ആ നാട്യങ്ങൾ മറന്ന് നദീം-ശ്രാവണുമാരുടെ അടുത്ത കാസറ്റിനായി കാത്തിരിക്കാറുണ്ടായിരുന്നു. ഗസലുകളോട് അടുത്ത് നിന്നിരുന്നു അവരുടെ പാട്ടുകളിൽ പലതും. 'സാജനി'ലെ 'ജിയേ തോ ജിയേ കൈസേ' പോലെ ഗസലുകൾ തന്നെ സിനിമകളിലിടം പിടിച്ചു. ഒറ്റപ്പെട്ടു പോയ നായകനും നായികയും എന്ന തൊണ്ണൂറുകളിലെ സിനിമാ പ്രമേയങ്ങളെല്ലാം നദീം- ശ്രാവണിന്‍റെ വേദനപുരണ്ട മെലഡികളാൽ ഹിറ്റായി. ബാംസുരിയും സിതാറും ഷഹനായിയുമടക്കം ക്ലാസിക്കൽ സംഗീതത്തിന്‍റെ മുദ്രകളായ സംഗീതോപകരണങ്ങളെല്ലാം നിരന്തരം നദീം-ശ്രാവണുമാർ ഉപയോഗിച്ചു. 'പർദേശ്' പോലുള്ള സിനിമകളിൽ 'യേ ദിൽ ദീവാന' പോലുള്ള ഫാസ്റ്റ് നമ്പറുകൾ ഉൾപ്പെടുത്തി എന്തും വഴങ്ങുമെന്ന് അവർ തെളിയിച്ചു.
അങ്ങനെ തൊണ്ണൂറുകളിലെ രാത്രിമഴകൾക്കൊപ്പം ഉറക്കുപാട്ടായി മാറിയ മറക്കാനാവാത്ത പാട്ടുകൾ സമ്മാനിച്ച ശ്രാവണിനെ ഇന്നലെ രാത്രി കോവിഡ് കൊണ്ടുപോയി. യാന്ത്രികമായ പാട്ടുകളല്ലായിരുന്നു ശ്രാവണും നദീമും ചേർന്ന് സൃഷ്ടിച്ചത്. അമ്പതുകൾക്കും അറുപതുകൾക്കും ശേഷം ബർമ്മൻമാരുടെയും ലാഹിരിമാരുടെയും ഡിസ്കോ ഗാനങ്ങളിൽ പെട്ടുപോയ ഹിന്ദി സിനിമക്ക് വീണ്ടുമൊരു കേൾവി സുഖം സമ്മാനിച്ചത് നദീമും ശ്രാവണുമുണ്ടാക്കിയ ഗാനങ്ങളായിരുന്നു. ആ പാട്ടുകൾ മരിക്കുന്നില്ല, താങ്കളും... പ്രിയപ്പെട്ട ശ്രാവൺ, വിട...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.