ലിഡിയന് നാദസ്വരം; സംഗീതം ഒഴുകുന്ന വിരൽതുമ്പുകൾ
text_fieldsമൂന്ന് വർഷം മുമ്പാണ്. അമേരിക്കയിലെ പ്രശസ്തമായ സംഗീത റിയാലിറ്റി ഷോ 'ദ വേള്‍ഡ് ബെസ്റ്റ്'മൽസരത്തിെൻറ ഫൈനൽ നടക്കുന്നു. ദക്ഷിണകൊറിയയില്‍ നിന്നുള്ള കുക്കിവോണ്‍ ത്വയ്ക്കോണ്ടോയും തമിഴ്നാട്ടിൽ നിന്നുള്ള 13വയസുകാരനായ ലിഡിയന് നാദസ്വരം എന്ന കുട്ടിയുമാണ് മൽസരിക്കുന്നത്. 7 കോടി രൂപ സമ്മാന തുകയുള്ള ലോകോത്തര മൽസരത്തിൽ ഇന്ത്യക്കാരനായ കുട്ടിയുടെ സാന്നിധ്യം തന്നെ അൽഭുതമായിരുന്നു.
ലിഡിയന് പിയാനോയിൽ വിരലുകൾ വെച്ചു തുടങ്ങിയതോടെ അക്ഷരാർഥത്തിൽ കാഴ്ചക്കാരുടെയും കേൾവിക്കാരുടെയും ശ്വാസം നിലച്ചതുപോലെയായി. ആ വിരലുകളിൽ നിന്നൊഴുകിയ സംഗീതത്തിന് മുന്നിൽ 'ദ വേള്‍ഡ് ബെസ്റ്റ്' പുരസ്കാരം കുറഞ്ഞുപോയെന്നായിരുന്നു പലരുടെയും അഭിപ്രായം. 'ഞാൻ നേരിട്ട് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്ന്'എന്ന് വിഖ്യാത ഹോളിവുഡ് നടൻ ജെയിംസ് കോർഡൻ ട്വിറ്ററിൽ പ്രകടനത്തെ കുറിച്ച് കുറിച്ചു. ലോകത്തെ ഏറ്റവും മികച്ച പിയാനിസ്റ്റിന് പോലും വെല്ലുവിളി ഉയർത്തുന്ന വരികളാണ് ലിഡിയൻ അന്ന് വായിച്ചത്. പിന്നീട് ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമായ കുഞ്ഞുമുഖമുള്ള ലിഡിയൻ കണ്ണുകെട്ടി പിയാനോ വായിച്ചും അൽഭുതപ്പെടുത്തി.
പിന്നീട് രണ്ടുകൈകൾ കൊണ്ടും പിയാനോ വായിച്ചും ലിഡിയന് അവിശ്വസീയ പ്രകടനം കാഴ്ചവെച്ചു. കോവിഡ് മൂലം അടച്ചുമൂടപ്പെട്ട ഘട്ടത്തിൽ മറ്റുള്ളവരെ പോലെ ലിഡിയനും വേദികളിൽ നിന്ന് അപ്രത്യക്ഷനായി. പിന്നീട് ലോകം ലിഡിയനെ കാണുന്നത് ദുബൈയിൽ എക്സ്പോ 2020 വേദിയിലാണ്. കഴിഞ്ഞ ആഴ്ച നടന്ന, എ.ആർ റഹ്മാൻ നേതൃത്വം നൽകുന്ന ഫിർദൗസ് ഓർകസ്ട്രയുടെ രണ്ടാം പ്രകടനത്തിൽ. ലോക ശിശുദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ എ.ആർ റഹ്മാെൻറ മകളും സംഗീതജ്ഞയുമായ ഖദീജ റഹ്മാനൊപ്പമാണ് ലിഡിയൻ വേദിയിലെത്തിയത്.
കുട്ടിത്തം മാറി, കൗമാരത്തിെൻറ വളർച്ച നേടിയ ലിഡിയനെ പെട്ടെന്ന് ആരും തിരിച്ചറിയില്ല. എന്നാൽ വേദിയിൽ പിയാനോയിൽ വിരൾ സ്പർശിച്ചപ്പോൾ, മൂന്നുവർഷം മുമ്പ് ലോകം അൽഭുതപ്പെട്ട മാന്ത്രിക സംഗീതത്തിെൻറ തനിയാവർത്തനമായിരുന്നു എക്സ്പോ നഗരിയിലെ ജൂബിലി പാർക് അനുഭവിച്ചത്. എക്സ്പോ പ്രതിഭകളെ തിരിച്ചറിയുകയും താനുൾപ്പെടെയുള്ള യുവാക്കൾക്ക് ധാരാളം അവസരങ്ങൾ നൽകുകയും ചെയ്യുന്നതിൽ ലിഡിയൻ ആഹ്ലാദം പങ്കുവെക്കുകയും ചെയ്തു.
സംഗീത സംവിധായകനായ പിതാവിൽ നിന്നും മാതാവിൽ നിന്നുമാണ് ലിഡിയൻ മ്യൂസികിനെ അറിഞ്ഞുതുടങ്ങിയത്. ആറും ഏഴും മണിക്കൂർ ദിവസവും പരിശീലിച്ചാണ് വിസ്മയകരമായ പ്രതിഭയായി ഉയർന്നുവന്നത്. എ.ആര് റഹ്മാന് ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ വിദ്യാർഥിയുമാണ്. ലിഡിയെൻറ സംഗീതം പിയാനോയില്‍ മാത്രം ഒതുങ്ങുന്നില്ല. ഗിറ്റാറും മൃദംഗവും തബലയും ഗഞ്ചിറയും അടക്കം പതിനാല് സംഗീതോപകരണങ്ങള്‍ കൗമാരക്കാരൻ വായിക്കും. തെൻറ പ്രകടനങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ സ്വന്തമായൊരു യൂ ട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ലിഡിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.