തിരിതാഴാത്ത ശരറാന്തൽ VIDEO
text_fieldsകറുപ്പിന്റെയും വെളുപ്പിന്റെയും കാലത്തും സിനിമ വിവിധവർണങ്ങളുടെ ലോകത്തേക്ക് ഇറങ്ങിവന്ന കാലത്തും തേനൂറുന്ന വരികൾ കൊണ്ട് മലയാള സിനിമാഗാന ശാഖയെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് പൂവച്ചൽ ഖാദർ. മലയാള സിനിമയുടെ ഇൗ രണ്ട് കാലത്തിനും ഇണങ്ങിയ വരികൾ കൊണ്ട് അദ്ദേഹം ഗാനങ്ങൾ നെയ്തു. ഗാന രചനയിൽ അമ്പതാണ്ടിനോടടുക്കുന്ന പൂവ്വച്ചൽ ഖാദർ മലായാളിക്ക് പകർന്നുതന്നത് ഒാർത്തുവെക്കാനാവുന്ന ഒരുപിടി പാട്ടുകളാണ്. ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍..., ചിത്തിരതോണിയില്‍ അക്കരെ പോകാന്‍..., പൂ മാനമേ..., അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍... വരികളിൽ മാരിവില്ല് നിറച്ച ഗാനങ്ങൾ. മലയാള ചലച്ചിത്ര ലോകം പാട്ടിന്റെ പാലാഴി തീർത്ത ഇൗ പാെട്ടഴുത്തുകാരനെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇന്നും സംശയം ആണ്.
തിരുവനന്തപുരം കോട്ടൂർ വനപ്രദേശത്തിന് സമീപമുള്ള ഒരു കൊച്ചുഗ്രാമമാണ്പൂവ്വച്ചൽ. അവിടെ പണ്ട് ഒരു അഞ്ചുവയസുകാരനുണ്ടായിരുന്നു. ഇത്താത്തമാർക്കൊപ്പം തമാശ പങ്കിട്ട് കളിച്ചുരസിച്ച് വളർന്ന ഒരു അഞ്ചുവയസുകാരൻ. അവൻ പിന്നീട് ആ ഗ്രാമത്തിൽനിന്നുതന്നെ വളർന്നുവലുതായി മറുഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുേമ്പാഴും സ്വന്തം ഗ്രാമത്തിന്റെ പേര് ഒപ്പം കൊണ്ടുനടന്നു. പൂവ്വച്ചൽ ഗ്രാമത്തിൽ അന്ന് ഉണ്ടെന്ന് പറയാൻ ആകെ ഒരു ഗവ. എൽ.പി സ്കൂൾ മാത്രം. മുസ്ലിംകളും ഹിന്ദുക്കളും കൃസ്ത്യാനികളും ഒരുപോലെ താമസിക്കുന്ന ഗ്രാമം. അധികവും കൂലിെത്താഴിലാളികളും കൃഷിക്കാരും. യാതൊരു പരിഷ്കാരവും എത്തിനോക്കാത്ത പച്ചമനുഷ്യരുടെ ഇടം. എൽ.പി ക്ലാസ് പഠനേശഷം 13 കിലോമീറ്റർ അപ്പുറത്തുള്ള ആര്യനാട് പോയാണ് ഹൈസ്കൂൾ പഠനം നിർവഹിക്കേണ്ടത്. അഗസ്ത്യാർകൂടത്തിൽ നിന്ന് നഗരത്തിലേക്ക് ഒഴുകിയെത്തുന്ന കരമനയാർ കടന്നുപോകുന്നത് ആര്യനാട് വഴിയാണ്. അതിന്റെ കരപിടിച്ച് കുട്ടികൾ കൂട്ടംകൂടി രാവിലെയും വൈകിട്ടും സ്കൂളിലേക്ക് നടക്കും. ഒരു ദിവസം നീണ്ട 26 കിലോമീറ്റർ നടത്തം. പട്ടിണിക്കിടയിലും എല്ലാവരും ചേർന്ന് ഉത്സവംപോലെ കഴിഞ്ഞ ദിനങ്ങളായിരുന്നു നാട്ടിൽ.
ഹൈസ്കൂളിൽ പഠിക്കുേമ്പാഴാണ് ആദ്യമായിട്ട് നാട്ടിലെ കൈയെഴുത്ത് മാസികയിൽ കവിത എഴുതുന്നത്. ‘ഉണരൂ’ എന്ന പേരിൽ എഴുതിയ കവിത വായിച്ച് സ്വന്തം േജ്യഷ്ഠനൊക്കെ പ്രോത്സാഹിപ്പിച്ചു. അന്നും പൂവ്വച്ചൽ ഖാദർ എന്ന പേരിൽ തന്നെയാണ് കവിത എഴുതിയത്. ൈഹസ്കൂൾ പഠനം കഴിഞ്ഞ് തൃശൂർ വലപ്പാടുള്ള ഗവ. പോളിടെക്നിക് കോളജിൽ ചേർന്നു. കണക്കും സയൻസും പഠിക്കുന്നതിനിടയിലും സർഗസമ്പന്നരായ അധ്യാപകർ എല്ലാത്തരം കഴിവുകളെയും പ്രോത്സാഹിപ്പിച്ചു. കോളജിലെ നാടകത്തിൽ പാട്ടുകൾ എഴുതി. പ്രിയകൂട്ടുകാരൻ പി.എം മൂസ സംഗീതം നൽകി അവ അരങ്ങിലെത്തിച്ചു. നാടകത്തിൽ അഭിനയിക്കുകയും ചെയ്തു. ‘അഴകിലുറങ്ങും കാവുകളിൽ വസന്തഗായകർ പാടുേമ്പാൾ’ എന്ന വരികളൊക്കെ അന്നേ അധ്യാപകർ ശ്രദ്ധിച്ചിരുന്നു.
ടി.ആർ ചന്ദ്രദത്ത്, സി.എം.ഡി നമ്പൂതിരി, കൃഷ്ണൻകുട്ടി എന്നീ അധ്യാപകർ എല്ലാ പ്രോത്സാഹനവും നൽകി. കൃഷ്ണൻകുട്ടി സാർ മരിച്ചു. മറ്റ് രണ്ടുപേരും ഇപ്പോഴും വിളിച്ച് സംസാരിക്കും. പോളിടെക്നിക് പഠനം കഴിഞ്ഞ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ വന്ന് തുടർപഠനം നടത്തി. പി.ഡബ്ല്യൂ.ഡിയിൽ ഒാവർസിയർ ആയി കോഴിക്കോട് ജോലിയും ലഭിച്ചു. കോഴിക്കോെട്ട താമസമാണ് ജീവിതത്തിലെ ഏറ്റവും സുപ്രധാന നേട്ടങ്ങൾക്ക് ഉടമയാക്കിയത്. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ നിരന്തരം കവിതകൾ എഴുതുമായിരുന്നു. അതേസമയം തന്നെ ആകാശവാണിയിൽ ലളിത സംഗീതപാഠം പരിപാടിയിലേക്കും വരികൾ നൽകിയിരുന്നു. കെ. രവീന്ദ്രൻ മാഷായിരുന്നു അന്ന് ആകാശവാണിയിൽ പരിപാടി അവതരിപ്പിച്ചിരുന്നത്.
ചന്ദ്രിക ആഴ്പ്പതിപ്പ് എഡിറ്റർ നവാസ് പൂനൂർ എല്ലാ പിന്തുണയും നൽകി. ആ ബന്ധമാണ് െഎ.വി ശശി വഴി ‘കവിത’ എന്ന സിനിമയിലേക്ക് എത്തിച്ചത്. വിജയനിർമല സംവിധാനം ചെയ്ത് അഭിനയിച്ച ഒരു കവയിത്രിയുടെ ജീവിതം പറയുന്ന സിനിമയായിരുന്നു കവിത. തുടക്കം മുതൽ ഒടുക്കം വരെ കവിതകളുള്ള സിനിമ. കവിതകൾ തന്നെയാണ് ഇതിലേക്കെഴുതിയത്. യേശുദാസും പി. സുശീലയും ചേർന്നാണ് കവിതകൾ ആലപിച്ചത്. ആദ്യമായി മദ്രാസിലേക്ക് യാത്ര തിരിച്ചതും ഇതിന്റെ ആവശ്യത്തിനായിരുന്നു. ശരിക്കും സിനിമാഗാനം എന്ന നിലക്ക് ആദ്യം എഴുതുന്നത് ‘കാറ്റ്വിതച്ചവൻ’ എന്ന സിനമക്ക് വേണ്ടിയാണ്. ‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു... മണിമുകിൽ തേരിലിറങ്ങി...’ എന്ന വരികൾ ആദ്യമെഴുതി. ആ സിനിമയിൽ തന്നെ നാല് ഗാനങ്ങൾ ചെയ്തു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. തുടർച്ചയായി സിനിമകൾ. താമസവും അതിനുവേണ്ടി ചെന്നൈക്ക് പറിച്ചുനട്ടു.
വലിയ ഒരു കൂട്ടായ്മയായിരുന്നു അന്ന് സിനിമ. പാെട്ടഴുതാൻ വരുന്നവർ പാെട്ടഴുതി പോകുക എന്നതല്ല. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒപ്പം നിൽക്കും. മുഴുവൻ സ്ക്രിപ്റ്റും വായിച്ചിട്ടാവും ഗാനം രചിക്കുക. സംഗീത സംവിധായകനും ഗായകനും ഒക്കെ കൂടെ ഉണ്ടാകും. ഒരു കൂട്ടായ്മയിൽനിന്നാണ് അന്ന് എല്ലാം ഉണ്ടായിരുന്നത്. മിക്ക ഗാനങ്ങളും പിറവിയെടുത്തത് തന്നെ ഇൗ കൂട്ടായ്മയിൽ നിന്നാണ്. ഇന്ന് കാലം മാറി. സമൂഹത്തിന് മൊത്തമുണ്ടായ മാറ്റം സിനിമക്കും സംഭവിച്ചു. സിനിമക്കും ജീവിതത്തിനും വന്ന മാറ്റം സിനിമാഗാനത്തിനും വന്നു. ഇന്ന് സംഗീത സംവിധായകൻ മ്യൂസിക് വാട്സാപ്പ് ചെയ്യുന്നു. രചയിതാവ് വരികൾ ൈടപ്പ് ചെയ്ത് തിരിച്ച് വാട്സാപ്പിൽ അയച്ചുെകാടുക്കുന്നു. യുഗ്മഗാനങ്ങൾ പോലും ആണും െപണ്ണും വ്യത്യസ്ത സ്റ്റുഡിയോയിൽ ഇരുന്ന് പാടുന്നു.
പാട്ടുകളെ സമൂഹത്തിൽ നിലനിർത്തുന്നത് ആർദ്ര ഭാവമാണ്. അത് ഇന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമകളിൽപോലും നെഗറ്റീവ് എനർജിക്കാണ് ഇന്ന് പ്രാധാന്യം. പാട്ടുകളിലും ഇത് കാണാം. അദ്ദേഹം പറയുന്നു. 400ലധികം സിനിമകൾക്കായി 1200 ഗാനങ്ങൾ എഴുതി. ലളിത ഗാനങ്ങളും നാടകഗാനങ്ങളും വേറെ. പലതും ഇന്നും മലായളിയുടെ നാവിൻതുമ്പിൽ പൊഴിയുന്നു. ‘നാഥാ നീവരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു, ശരറാന്തൽ തിരിതാഴും മുകിലിൻ കുടിലിൽ മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു, എന്റെ ജൻമം നീയെടുത്തു, ഇത്തിരി നാണം പെണ്ണിൻ കവിളിൽ കുങ്കുമമേകുന്നു തുടങ്ങിയ പാട്ടുകളൊക്കെ ലോകത്ത് സംഗീതം ഉള്ളിടത്തോളം കാലം നിലനിൽക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ബാലചന്ദ്രമേനോന്റെ ‘ഞാൻ സംവിധാനം െചയ്യും’ എന്ന സിനിമക്ക് വേണ്ടിയാണ് അവസാനം ഗാനങ്ങൾ എഴുതിയത്. ‘പൂട്ട് ’എന്ന സിനിമക്ക് വേണ്ടി ഗാനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു.
ചിത്തിരത്തോണി, കളിവീണ, പാടുവാൻ പഠിക്കുവാൻ എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് തിരിഞ്ഞ്നോക്കുേമ്പാൾ നേട്ടങ്ങൾ മാത്രമേ ഉള്ളെന്ന് പൂവ്വച്ചൽ പറയുന്നു. തിരുമല,അരയല്ലൂരിലെ ഗീതകം എന്ന വീട്ടിൽ ഭാര്യ അമീനക്കും ഇളയ മകൾ പ്രസൂനക്കും ഒപ്പമാണ് താമസം. മൂത്ത മകൾ തുഷാര അധ്യാപികയാണ്. മലയാള ഗാനങ്ങളുടെ ദ്യശ്യവല്‍ക്കരിക്കപ്പെട്ടതും അല്ലാത്തതുമായ ചരിത്ര ഘട്ടങ്ങളെ തന്റെ സ്വതസിദ്ധമായ വരികൾകൊണ്ട് സമ്പന്നമാക്കിയ പാട്ടെഴുത്തുകാരനാണ് പൂവച്ചല്‍ ഖാദര്‍. അദ്ദേഹത്തിൽനിന്ന് ഇനിയും മലയാളത്തിന് ഇമ്പമുള്ള ഒത്തിരി വരികൾ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.