Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightന​ഷ്ട​വ​സ​ന്ത​ത്തി​ൻ ...

ന​ഷ്ട​വ​സ​ന്ത​ത്തി​ൻ ത​പ്ത​നി​ശ്വാ​സ​ങ്ങ​ൾ

text_fields
bookmark_border
ന​ഷ്ട​വ​സ​ന്ത​ത്തി​ൻ   ത​പ്ത​നി​ശ്വാ​സ​ങ്ങ​ൾ
cancel
camera_alt

എം.ബി. ശ്രീനിവാസൻ

ഭാവാർദ്രമായ ഒരു സംഗീതകാലവും വിപുലമായ ഒരു മാനവികകാലവും മലയാളികൾക്ക് സമ്മാനിച്ച സംഗീതജ്ഞനായിരുന്നു എം.ബി. ശ്രീനിവാസൻ. സംഗീതത്തിന് ഇത്രയധികം അർഥതലങ്ങൾ ഉണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തിയത് എം.ബി.എസിന്റെ പാട്ടുകളായിരുന്നു. മലയാളത്തിൽ എം.ബി. ശ്രീനിവാസൻ സൃഷ്ടിച്ച പാട്ടുകളെല്ലാം അടിസ്ഥാനപരമായി ഭാവഗീതാത്മകതയുടെ സന്ദേശം പകർന്നിരുന്നു. അവയെല്ലാം ഏകാന്തതയുടെ ഗീതങ്ങളായി മാറി. മനുഷ്യന്റെ ഏകാന്തതകളെ ഇത്രയധികം ദീപ്തമാക്കിയ മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്.

ആന്ധ്രയിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മാനാമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ മലയാളത്തിൽ സംഗീതം ചെയ്ത മിക്ക പാട്ടുകളിലും ഭാവാത്മകതയുടെ ഭംഗിയുണ്ടായിരുന്നു. നേർത്ത കിളിയൊച്ച കേട്ടുണർന്നും നിശ്വാസാർദ്രദളങ്ങൾ വിടർന്നു ഞെട്ടടർന്നതറിഞ്ഞും ഇരുന്നിളവേറ്റും തളർന്നു തെല്ലിരുന്നും നടന്നേറെ തളർന്നും നാം കേൾക്കുന്ന പാട്ടുകളാണവയെല്ലാം. മൗനമുടഞ്ഞൊരു മന്ത്രമുണരുന്നതുപോലെയായിരുന്നു ആ ഗാനങ്ങൾ. അവയിൽ നഷ്ടവസന്തത്തിന്റെ തപ്തനിശ്വാസങ്ങളും വിരഹവേദനകളും ഉണ്ടായിരുന്നു. പ്രേമലജ്ജാ പരിഭവ ഭംഗികളും നഖക്ഷതങ്ങൾ പകരുന്ന സുഖകരമായ വേദനകളും ഉണ്ടായിരുന്നു. ആരോ മധുരമായ് പാടുന്നുണ്ടായിരുന്നു. മൊഴികളിൽ സംഗീതമുതിരുന്നുണ്ടായിരുന്നു. വർഷവും വേനലും പൂക്കാലവും ഹേമന്തവുമൊക്കെ വന്നു തൊഴുതുമടങ്ങുന്നുണ്ടായിരുന്നു.

ഏകാന്ത പ്രണയത്തിന്റെ വിഷാദം പാട്ടുകളിൽ പകർത്തിയവരിൽ പ്രധാനിയായിരുന്നു എം.ബി. ശ്രീനിവാസൻ. സംഗീതം കൊണ്ട് ഏകാകികളോട് സംസാരിക്കുന്ന ഒരു രീതിയായിരുന്നു അത്. കാൽപനികതയും വിപ്ലവവും സംഗമിക്കുന്ന മനസ്സുള്ള ഒരാളിൽനിന്ന് ഭാവഭംഗിയുള്ള എത്രയെത്ര ഗാനങ്ങളാണ് നമുക്ക് കിട്ടിയത്. ഏതോ ആഴങ്ങളിൽനിന്ന് ഒഴുകിവരുന്നൊരു സംഗീതസ്ഥായിയായിരുന്നു അത്. പ്രണയത്തിന്റെയും അനാഥത്വത്തിന്റെയും വേദനയുടെയും വിരഹത്തിന്റെയുമൊക്കെ അലയാഴികൾ ആ ഗാനങ്ങളിൽ അലയടിച്ചു. ജീവിതത്തെ പ്രത്യാശാഭരിതവും കാൽപനികവും ഭാവാത്മകവുമാക്കുന്ന രാഗാനുരാഗ വ്യവസ്ഥകൾ ആ ഗാനങ്ങളിലുണ്ടായിരുന്നു. അസാധാരണമായ ഒരു ഗാനഗംഭീരതയെയും ഓർമകളുടെ സ്വരസഞ്ചാരത്തെയും എം.ബി.എസ് തന്റെ ഗാനങ്ങളിൽ അനുഭവവേദ്യമാക്കിത്തീർത്തു.

പോയറ്റിക് കമ്പോസറായിരുന്നു എം.ബി. ശ്രീനിവാസൻ. ഒ.എൻ.വിയുമായി സഹകരിച്ച് അദ്ദേഹം സൃഷ്ടിച്ചെടുത്ത സംഗീതത്തിന്റെ ഇന്ദ്രജാലം അനുഭവിച്ചറിഞ്ഞവരാണ് നമ്മൾ. ഇവരുടെ മറക്കാനാവാത്ത ഈണങ്ങൾ ഇന്നും മലയാളികൾ ഉള്ളിൽ ഏറ്റുപാടുന്നു. ഒരുവട്ടംകൂടി കേൾക്കണമെന്ന് തോന്നിപ്പിക്കുന്ന ഗൃഹാതുരതയുടെ മധുരനൊമ്പരങ്ങൾ എം.ബി.എസിന്റെ ഗാനങ്ങളെ ഭാവാർദ്രമാക്കി. ഒ.എൻ.വിയുടെ വരികളെ അദ്ദേഹം വെറുതെ തൊട്ടുതലോടുക മാത്രമേ ചെയ്തിട്ടുള്ളൂ. മനസ്സെന്ന ഉൾക്കടലിനെ പാട്ടിൽ ആവിഷ്കരിച്ച സംഗീതജ്ഞനായിരുന്നു എം.ബി.എസ്.

പാശ്ചാത്യ സംഗീതത്തിലെ മെലഡിയുടെ അംശം ഇന്ത്യൻ ക്ലാസിക്കൽ സംഗീതവുമായി സമന്വയിപ്പിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ’ എന്ന പാട്ടിൽ ഏകാകിയായ പ്രണയിയെ കണ്ടെത്താൻ എളുപ്പമാണ്. ‘‘പാടും കുയിലേ നിനക്ക് ഞാനൊരു വേദനതൻ കനി തന്നു’’ എന്ന വരിയിൽ എത്തുമ്പോഴേക്കും പ്രണയവേദനയുടെ (ശുഭപന്തുവരാളി) ഭംഗികൾ ഭാവസാന്ദ്രമാവുകയാണ്. ഒരു കിളിയൊച്ചപോലെ, ശാന്തമായൊഴുകുന്ന പുഴപോലെ, സാന്ത്വനഗീതംപോലെ വിനിമയ നിർഭരമാവുകയാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ. മൗനത്തിന്റെ ശ്രുതികൾ അവയുടെ ഭാവപക്ഷത്തെ കോമളമാക്കുന്നു. ഏകാകിയുടെ ഭാവാത്മക നിമിഷങ്ങളെ അഭിസംബോധന ​ചെയ്യുന്ന ഗാനങ്ങൾ. നഷ്ടവസന്തത്തിൽ നടന്നും, നടന്നേറെ തളർന്നും, ചെമ്പകപുഷ്പ സുഹാസിതയാമം (ഇവിടെ, ഇവിടെ വെറുതെയിരുന്നെൻ ഓർമകൾ), നിറങ്ങൾ തൻ നൃത്തം, പോക്കുവെയിൽ, നെറ്റിയിൽ പൂവുള്ള, ബോധിവൃക്ഷദളങ്ങൾ, നീയേതോ മൗനസംഗീതം, ശുഭരാത്രി (എം.ടി വരികൾ എഴുതിയ പാട്ട്, ഊരുതെണ്ടിയാമേകാന്തപഥികന് കാവൽ നിൽക്കും താരസഖികളേ), എന്നു നിന്നെ കണ്ടു, എങ്ങനെ എങ്ങനെ എന്നാത്മദുഃഖമേ (എം.ഡി. രാജേന്ദ്രൻ), ആവണിരാത്തിങ്കൾ (കാവാലം), മനസ്സൊരു മാന്ത്രിക കുതിരയായ് (മുല്ലനേഴി), പൊട്ടിക്കാൻ ​ചെന്നപ്പോൾ (പി. ഭാസ്കരൻ), പൊന്നരളിപ്പൂവൊന്ന് (വി.ടി. മുരളി പാടിയത്) എന്നിവയെല്ലാം നഷ്ടപ്രണയ സ്മൃതികളുടെ ഈണങ്ങളായി മാറി.

വിഷാദം ഘനീഭവിച്ചുനിൽക്കുന്ന മൗനങ്ങൾകൊണ്ട് നിറഞ്ഞതാണ് എം.ബി.എസിന്റെ ഗാനങ്ങൾ. ‘കണ്ണീരാറ്റിൽ മുങ്ങി’, ‘മൗനങ്ങൾ പാടുകയായിരുന്നു’, ‘ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ’ (ശ്രീകുമാരൻ തമ്പി), ‘ചിറകറ്റ പക്ഷിക്ക്’ (അയ്യപ്പപ്പണിക്കരുടെ കവി), ‘കാന്തമൃദുല (കാവാലം), ‘പോക്കുവെയിൽ പൊന്നുരുകി’, ‘യവനപുരാണനായകൻ’ (ബിച്ചു തിരുമല), ‘ചൈത്രം ചായം ചാലിച്ചു’ (ച​ക്രവാകം രാഗത്തിൽ), ‘നാമൊരു രാത്രിയിൽ’, താഴികക്കുടവുമായ് (പൂവച്ചൽ ഖാദർ)... ഇങ്ങനെ ഗാനങ്ങളിൽ എം.ബി.എസ് ലയിപ്പിച്ചു ചേർത്തിട്ടുള്ള വിഷാദത്തിന്റെ സാന്ദ്രഭാവമൊന്നു വേറെത്തന്നെയാണ്.

‘ആലോലം ആലോലം’ എന്ന താരാട്ടുപാട്ടിൽ പോലും വിഷാദം ഒരു വികാരമാവുന്നുണ്ട്. നഷ്ടസ്മൃതികളുടെ നിർമലതകൾ മുഴുവനും നിതാന്ത സംഗീതമെന്നവണ്ണം നിറഞ്ഞിട്ടുള്ള പാട്ടാണ് ‘നിറങ്ങൾ ത​ൻ നൃത്തം’. ഇനിയും വരാത്ത സന്ധ്യകളും പക്ഷികളുമൊക്കെ പാട്ടിൽ കൊണ്ടുവരുകയാണ് എം.ബി.എസ്. മൗനത്തിന്റെ ഈണമുണ്ട് ഈ പാട്ടിന്. പാട്ടിൽ മൗനത്തിന്റെ ആന്തരികലോകത്തിൽ കേന്ദ്രീകരിച്ചു മുന്നേറുന്ന വിസ്തൃതശൈലിയാണ് എം.ബി.എസ് അനുവർത്തിച്ചത്. ഓർമകളുടെ വിസ്തൃതിയിൽ ഭാവനിർഭരമാകുന്ന ഗാനങ്ങളായിരുന്നു അത്. ‘ഒരുവട്ടം കൂടിയെന്നോർമകൾ’, ‘ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമകളിനിയും പാടുന്നു’, ‘പാട്ടിൽ, ഈ പാട്ടിൽ, നിന്നോർമകൾ മാത്രം’, ‘വെറുമൊരോർമത​ൻ കിളുന്നുതൂവലും തഴുകി’... അങ്ങനെ ഓർമകൾ ഇവിടെ ഗൃഹാതുരതയുടെയും പ്രതീക്ഷയുടെയും അനുഭൂതിയുടെയുമെല്ലാം ഭാവവും ഭാഷയുമായിത്തീരുന്നു. കൂടെവന്ന കിനാവുപോലെ ഏതൊരാളും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഏകാകികളായിത്തീരുന്നു. ഓർമകളുടെ ഗൃഹാതുര സൗരഭവും മൗനവും ഭാവപ്പകർച്ചയുമെല്ലാം എടുത്തുപറയേണ്ടതാണ്. മലയാളിയുടെ ഏകാന്തഭാവങ്ങളെ ഊഷ്മളവും ഗൃഹാതുരവും കാൽപനികവും അനുഭവവേദ്യവുമാക്കി മറ്റൊരനുഭൂതിയിലേക്ക് സംക്രമിപ്പിക്കുകയായിരുന്നു എം.ബി. ശ്രീനിവാസൻ. പാട്ടിനു മേലെ പോകാൻ സംഗീതോപകരണങ്ങളെ അദ്ദേഹം അനുവദിച്ചിരുന്നില്ല. കോറൽ സംഗീതം അദ്ദേഹം പാട്ടുകളിൽ പരീക്ഷിച്ചിരുന്നു. ‘ഭരതമുനിയൊരു’, ‘അനന്തനീല വിണ്ണിൽ’, ‘കർമവീഥിയിൽ’, ‘നളന്ദ തക്ഷശില’ എന്നിവ ഉദാഹരണങ്ങളാണ്. സാഹിത്യം എം.ബി.സിന്റെ ഗാനങ്ങളിൽ ഭദ്രമായിരുന്നു. സ്വരങ്ങൾക്കിടയിലെ ഇടവേളകളെ സുക്ഷ്മസമമാത്രകളാക്കി ഒതുക്കിനിർത്തി മൗനഗംഭീരമായ ഒരു സംഗീതം നിർമിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്. ‘ഭാവഗീതങ്ങൾ’ എന്നൊരു ആൽബം തരംഗിണിക്കുവേണ്ടി അദ്ദേഹവും കാവാലവുമൊന്നിച്ച് ചെയ്തത് നമ്മുടെ മുന്നിലുണ്ട്.

എം.ബി.എസ് സംഗീതം നിർവഹിച്ച എല്ലാ ഗാനങ്ങളിലും കനത്ത മൗനവും വിഷാദവും ഏകാന്തതയും നിറഞ്ഞിരുന്നു. കേൾക്കുമ്പോൾ മറ്റേതു വികാരം നമ്മളിൽ തുളുമ്പിയാലും വിഷാദം തന്നെയായിരുന്നു ആ ഗാനങ്ങളുടെ അന്തർധാര. ഇതുവരെ കാണാത്ത കരയിലേക്കോ ഇനിയൊരു ജന്മത്തിൻ കടവിലേക്കോ ആ ഗാനങ്ങൾ മധുരമായ് പാടിവിളിക്കുന്നു. ഏകാന്തതയുടെ ഭാഷയാണ് സംഗീതമെന്ന് എം.ബി. ശ്രീനിവാസൻ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam music feature
News Summary - malayalam music feature
Next Story