കാകനും വിരുന്നുവിളിയും
text_fields‘കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ചു
വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ...’
ഈ പാട്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന പഴയൊരു വിശ്വാസത്തിന്റെ മനോഹരമായ ഗാനാവിഷ്കാരംകൂടിയാണല്ലോ. പി. ഭാസ്കരൻ മാഷിന്റെ തനി നാടൻ പദങ്ങൾ കോർത്തിണക്കിയ വരികൾ ബാബുരാജിന്റെ ഇമ്പമാർന്ന ഈണത്തിൽ ജിക്കി എന്ന ഗായികയുടെ സ്വരമാധുരിയിലൂടെ പുറത്തുവന്നിട്ട് 63 സംവത്സരങ്ങൾ കടന്നുപോയിരിക്കുന്നു. ഒരു തലമുറയുടെ മനസ്സിൽ എക്കാലത്തേക്കുമായി ചേർത്തുവെക്കപ്പെട്ടു പോയൊരു ഗാനം. ആ കാലത്ത് നമ്മുടെയൊക്കെ ഗ്രാമവീടുകളുടെ തൊടിയിൽ സുലഭമായിരുന്ന കദളിവാഴ കൈയിലിരുന്ന് ഒരു കാകൻ കരഞ്ഞു വിളിച്ചാൽ വരാത്ത വിരുന്നുകാരനേത്.! ആ ഒരു കാലത്ത് കദളിവാഴക്കൂട്ടം ഇല്ലാത്ത തൊടിയേത്.! ഞാനീ പാട്ട് കേൾക്കുന്നതിനും എത്രയോ മുമ്പുതന്നെ എന്റെ വാപ്പയുടെ ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ട് ‘അതാ കാക്കെ കൊറേ നേരായി കരീന്നെ... ആരോ വരുന്നുണ്ട്ന്നാ തോന്ന്ന്നെ...’ എന്ന്.
ഇളംപ്രായത്തിൽ എന്റെ ഒരു സംശയം, കാക്കക്ക് വിരുന്നുവിളിക്കാൻ ഇരിപ്പിടമായി കദളിവാഴക്കൈതന്നെ വേണോ എന്നായിരുന്നു. മുറ്റത്തെ മുരിങ്ങയുടെ കൊമ്പിലിരുന്ന് വിളിച്ചാൽ എന്താ വിരുന്നുകാർക്ക് വന്നാൽ? കാകന്മാർക്ക് ഇരിക്കാൻ പൊതുവേ വാഴക്കൈകൾ ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്. ഈ പാട്ടിന്റെ പല്ലവി അങ്ങനെയാവാനും ഒരുകാരണം, നമ്മുടെ പരിസരത്ത് വാഴക്കൂട്ടങ്ങൾ സുലഭമാണ് എന്നതുകൊണ്ടാവാം. ഏതായാലും ഈ വിശ്വാസം, കേരളമെന്ന ദേശത്തുമാത്രം ഒതുങ്ങിയ ഒന്നാണെന്ന എന്റെ ധാരണ തിരുത്തിയത് പിന്നീട് ഇന്ത്യക്കകത്തും പുറത്തും കുറെ കറങ്ങിത്തിരിയാൻ ഇടവന്നതോടെയാണ്. കദളിവാഴക്കൈ (ഉമ്മ-1960) ഇറങ്ങുന്നതിന് ഒരു ദശകം മുമ്പ് ഇറങ്ങിയ ഹിന്ദി സിനിമ ആങ്ഖേൻ (Ankhen-1950)ലെ ഒരു ഗാനത്തിന്റെ പല്ലവിയിലേക്ക് പോകാം.
‘മോരി അടറിയ പേ കാകാ ബോലേ
മോരാ ജിയാ ബോലേ കോയി ആ രഹാ ഹെ...’
ഇതങ്ങ് ഉത്തരേന്ത്യയിലെ കഥയാണ്. കദളിവാഴക്കൈ എങ്ങും കാണാനില്ല. അത് കാരണമാവാം, പാവം കാകന് വീടിന്റെ ബാൽക്കണിക്ക് മുകളിലിരുന്ന് വിരുന്ന് വിളിക്കേണ്ടി വന്നിരിക്കുന്നത്. വരികൾ കുറിച്ച, പ്രശസ്ത ഗാനരചയിതാവ് ഭരത് വ്യാസ്, രാജസ്ഥാനിലെ ബിക്കാനീറിൽ ജനിച്ച, ഇന്ത്യയാകെ അറിയപ്പെടുന്ന കവിയും കൂടിയാണ്. പി. ഭാസ്കരൻ മാഷ് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശി. പ്രമുഖ മലയാള കവിയും ഗാനരചയിതാവും. വീട്ടുപരിസരത്ത് എവിടെ ഇരുന്ന് കാകൻ വിളിച്ചാലും വിരുന്നുകാർ വരും എന്ന് എന്നെ തിരുത്തിയത് ആങ്ഖേൻ സിനിമയിലെ ഈ ഗാനത്തിന്റെ വരികളാണ്; കേരളത്തിൽ മാത്രമല്ല, ഒരുപക്ഷേ മനുഷ്യരും വിശ്വാസവും ഉള്ളിടത്തെല്ലാം ഇങ്ങനെയൊരു വിശ്വാസം പുലർത്തിവരുന്നുണ്ടെന്നും.
ഇനി നമുക്ക് ദാദ്ര രാഗത്തിൽ ഒരുക്കിയ ആ ഹിന്ദി ഗാനത്തിന്റെ അനുപല്ലവിയിലേക്കും ചരണത്തിലേക്കും പോയിനോക്കാം. ആങ്ഖേം സിനിമക്ക് സംഗീതം പകർന്നിരിക്കുന്നത് മദൻ മോഹൻ സാബ് ആണ്. മീനാ കപൂറിന്റെ വശ്യമായ സ്വരത്തിൽ പുറത്തുവന്ന ഈ ഗാനം, ശ്രോതാക്കൾ നെഞ്ചിലേറ്റിയ, അവരുടെ അനുപമമായ ഏതാനും പാട്ടുകളിൽ ഒന്നാണ്. വരികൾ: വീടിന്റെ (ഫ്ലാറ്റിന്റെതാവാം) ബാൽക്കണിക്ക് മുകളിലിരുന്ന് കാകൻ പറയുന്നു (ഒച്ചയിടുന്നു). എന്റെ (മണവാട്ടിയാവാൻ പോകുന്നവർ) മനസ്സിൽ ആശ കിളിർത്തു വരുന്നു. എന്റെ നെഞ്ചിന്റെ ഇടതുവശം തുടികൊട്ടാൻ തുടങ്ങിയിട്ടുണ്ട്. മനസ്സിന്റെ മുരളികയിൽ ഹോലെ ഹോലെ ഒരു രാഗം വന്നു മുട്ടുന്നു. ഒരു സ്വരം തുറന്നുവരുന്നു. ആരോ പാടുകയാണ്.
എന്റെ ഉദ്യാനത്തിൽ വസന്തം സമാഗതമായിരിക്കുന്നു. എന്റെ ജീവനിലാകെ ഒരുത്സവപ്രതീതിയും. ആരോ പാടുകയാണ്. കാതിൽ ഗുൻ ഗുൻ മുഴങ്ങുന്നു രസകുമിളകൾ നുരയിടുന്നു. ആരോ പാടുകയാണ്. എന്റെ നെറ്റിയൽ കുങ്കുമപ്പൊട്ട്. അത് ഇന്നെനിക്ക് തരില്ല ഒരു നിമിഷത്തെ പോലും ഉറക്കം. വീടിനകം കുളിർക്കാറ്റ് വന്നു നിറഞ്ഞു. അതെന്റെ മുഖപടം എടുത്തെറിഞ്ഞു. മനസ്സ് ലഹരിയിൽ ആറാടുന്നു. എന്റെ ബാൽക്കണിക്ക് മുകളിലിരുന്ന് കാകൻ പറയുന്നു. ആരോ വരുന്നുണ്ടെന്ന്. ഇത് അടിമുടി ഒരു പ്രണയ ഗാനം.
പി. ഭാസ്കരന്റെ വരികളിൽ നിറയെ ആക്ഷേപഹാസ്യമുണ്ട്. എം.എസ്. ബാബുരാജ് ഈണമിട്ട ഈ പാട്ട് ജിക്കിയുടെ മികച്ച ആലാപനങ്ങളിൽ ഉൾപ്പെട്ടതും ഏറെ ജനകീയമായവയിൽ ഒന്നുമാണ്. ഒരു വിരുന്നുകാരനെ പ്രതീക്ഷിച്ചിരിക്കുന്ന വിവാഹിതയായ പെണ്ണാണ് ഭാസ്കരൻ മാഷിന്റെ വരികളിൽ. പക്ഷേ, വരാൻ പോകുന്ന വിരുന്നുകാരൻ ആരാവും എന്ന സംശയം അവൾക്കുണ്ട്. ആദ്യത്തെ ചരണത്തിൽ, അത് മാരനാവുമോ? അവൾ സംശയിക്കുന്നു. ആണെങ്കിൽ മധുരപ്പത്തിരി നിരത്തേണ്ടി വരും. അതിനു മാവ് വേണം, വെണ്ണ വേണം, പോരാ, പൂവാലിപ്പശു പാൽ തരണം എന്നും അപേക്ഷിക്കുന്നു. ഇനി ആൾ സുന്ദരനാണെങ്കിൽ അവൾക്ക് സുറുമയിത്തിരി എഴുതണമത്രേ. അതോടൊപ്പം, കാപ്പുവേണം കാൽത്തള വേണം, കസവിൻ തട്ടം മേലിടുകയും വേണം. ഇവിടെ ആങ്ഖേൻ എന്ന ഹിന്ദി പടത്തിലെ ഒരു വരിയോട് നേരിയ സാമ്യം കാണാം. മുറിയിലേക്ക് തണുത്ത കാറ്റ് അടിച്ചുവീശിയെന്നും അപ്പോൾ ഉത്തരേന്ത്യൻ സ്ത്രീകൾ മുഖത്തിടുന്ന അകം കാണുന്ന ‘ഗൂങ്ഘട്ട്’ തുറന്നു എന്നും.
കദളിവാഴക്കൈ.. പാട്ടിലെ ആക്ഷേപഹാസ്യമെല്ലാം ഒടുവിലത്തെ ചരണത്തിലാണ്. വരുന്നത് ഒരു വയസ്സനാണെങ്കിൽ! പിന്നെ പറയേ വേണ്ട. അയിലക്കറിതന്നെ വിളമ്പണം. ഇടക്കിടക്ക് വെറ്റില ചവക്കാൻ അത് ഇടിച്ചിടിച്ചു കൊടുക്കുകയും വേണം. ഗ്രാമീണരിലെങ്കിലും പുലർത്തിപ്പോന്ന ഇത്തരം വിശ്വാസങ്ങളുടെ ഗാനാവിഷ്കാരങ്ങൾ എല്ലാ ഭാഷകളിലും കാണും. അവ ശ്രോതാക്കളെ ഗൃഹാതുരതയോടെ ഒരു കാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോവുകയും വീണ്ടും വീണ്ടും കേൾക്കാൻ അവരെ കൊതിപ്പിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.