മാഷ് വിളിച്ചു -‘വന്ന് പാടെടാ’... അങ്ങനെ മനോജ് രവീന്ദ്ര ഗായകനായി
text_fieldsമലയാളികൾക്ക് എന്നും മൂളിനടക്കാൻ ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച രവീന്ദ്രൻ മാഷ് ഓർമയായിട്ട് ഇന്നേക് ക് പതിനഞ്ചുവർഷം. നടനും ഗായകനുമായ മനോജ് കെ. ജയനെ ആദ്യമായി സിനിമയിൽ പാടിച്ചതും അദ്ദേഹമായിരുന്നു. ഇന്നും മാഷെ കണ്ടതും പാടിയതും മനോജ് കെ. ജയന് മനോഹരമായ, മറക്കാനാകാത്ത ഒാർമകളാണ്. ആ ഒാർമകൾ മനോജ് കെ. ജയൻ ‘മാധ്യമം’ ഓൺലൈനിനോട് പങ്കുവെക്കുന്നു.
സിനിമ സംഗീതലോകത്തെ ഗുരു
ആദ്യമായി സിനിമയിൽ പാടിയത് രവീന്ദ്രൻ മാഷിൻെറ സംഗീതത്തിലായിരുന്നു. 2004 ൽ സായ്വർ തിരുമേനിയിൽ ‘‘അല്ലികള്ളില് വെള്ളം കൂട്ടി തമ്പ്രാനെന്നെ പറ്റിച്ചേ’’ എന്ന പാട്ടായിരുന്നു അത്. സംവിധായകൻ പാട്ടുപാടാൻ എന്നോട് ആവശ്യപ്പെട്ടു. സംഗീതം രവീന്ദ്രൻ മാഷാണെന്ന് പറഞ്ഞപ്പോൾ ആദ്യം പേടിയായിരുന്നു. പിന്നീട് രവീന്ദ്രൻ മാഷ് വിളിച്ച് അദ്ദേഹത്തിൻെറ വീട്ടിൽ വെച്ച് പാടാമെന്നും വീട്ടിലാകുമ്പോൾ കുറച്ചുകൂടി കംഫർട്ട് ആകുമെന്നും പറഞ്ഞു. വീട്ടിൽ സ്റ്റുഡിയോ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ചതിന് ശേഷം മാഷിന്‍റെ മൂത്തമകനോടൊപ്പം ഒരുതവണ പാടിനോക്കി.
പാട്ട് രണ്ടുതവണ കേട്ട് മകനും ഞാനും കൂടി വെറുതെ റെക്കോർഡ് ചെയ്തുനോക്കി. ഈസമയം, രവീന്ദ്രൻ മാഷ് ഫ്രഷാകാൻ വേണ്ടി പോയതായിരുന്നു. ഒരുമണിക്കൂറിന് ശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോൾ ആദ്യം റെക്കോർഡ് ചെയ്തുവെച്ചത് കേൾപ്പിച്ചുകൊടുത്തു. കേട്ടശേഷം ഇതു നന്നായിട്ടുണ്ടെന്നും ഇതുമതി എന്നും പറഞ്ഞ് ചെറിയ തിരുത്തലുകൾ വരുത്തി വീണ്ടും പാടിച്ചു. അധികം ടേക്ക് ഇല്ലാതെ ആ പാട്ട് ചെയ്തു എന്നതാണ് അതിശയം. സിനിമ ഗാനത്തിൽ ഗുരുനാഥൻ ആരാണെന്ന് ചോദിച്ചാൽ അത് രവീന്ദ്രൻ മാഷാണെന്ന് ഞാൻ ഉറപ്പിച്ചുപറയും. മഹാനായ രവീന്ദ്രൻ മാഷിൻെറ സംഗീതത്തിലാണെന്ന് അഭിമാനത്തോെട പറയുകയും ചെയ്യും.
അനശ്വര രവീന്ദ്ര സംഗീതം
തേനും വയമ്പും, ഒറ്റക്കമ്പിനാദം മാത്രം, ഹരിമുരളീരവം, പ്രമദവനം വീണ്ടും, കളഭം തരാം ഭഗവാനെൻ മനസും തരാം, പത്തുവെളുപ്പിന്, സുഖമോ ദേവി, ഗംഗേ..., ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ തുടങ്ങിയ ഗാനങ്ങളെല്ലാം രവീന്ദ്രൻ മാഷ് എന്ന പ്രതിഭയെ മലയാളികളുടെ മനസിൽ പ്രതിഷ്ഠിച്ചതാണ്.
ഒാരോ ദിവസവും ഒാരോ പാട്ടിലൂടെ എങ്കിലും നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. അതുതന്നെയാണ് ഒരു കലാകാരൻെറ ഏറ്റവും വലിയ സുകൃതവും. ഏറെ കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് രവീന്ദ്രൻ മാഷ്. ഡബ്ബിങ് ആർട്ടിസ്റ്റ് ആയായിരുന്നു തുടക്കം. പിന്നീട് മലയാളത്തിലെ ഏറ്റവും അറിയപ്പെടുന്നയാളായി മാറിയത് അദ്ദേഹം മാത്രമായിരിക്കും.
ഒരു ഒന്നൊന്നര വരവ്
‘ദക്ഷിണാമൂർത്തിസ്വാമി, ബാബുരാജ്, േദവരാജൻ മാഷ് തുടങ്ങിയ സംഗീത കുലപതികൾ അരങ്ങുവാണ മലയാള സിനിമ സംഗീത ലോകത്തിൽ അവർക്ക് പിൻതലമുറക്കാരനായി കടന്നുവന്ന പ്രതിഭയാണ് രവീന്ദ്രൻ മാസ്റ്റർ. അവർക്ക് പകരം വെക്കാൻ ആരുമില്ല എന്ന പ്രതീതി നിലനിൽക്കുേമ്പാഴാണ് 1980കളിൽ രവീന്ദ്രൻ മാഷിൻെറ കടന്നുവരവ്. ചൂള സിനിമയിലൂടെ സംഗീതലോകത്തിലേക്ക് ഒന്നൊന്നര വരവ് തന്നെയായിരുന്നു. സിന്ദൂര സന്ധ്യക്ക് മൗനം... താരകേ മിഴിയിതളിൽ കണ്ണീരുമായി... തുടങ്ങിയ പാട്ടുകളിലൂടെയായിരുന്നു തെൻറ വരവ് അറിയിച്ചത്. തുടക്കം ഗംഭീരമായതിനാൽതന്നെ എന്നെപ്പോലെ ലക്ഷകണക്കിന് പേർ ആദ്യ സിനിമയിലൂടെ അദ്ദേഹത്തെ നെഞ്ചിലേറ്റി. പിന്നീട് തേനും വയമ്പുമെല്ലാം എക്കാലവും ഹൃദയത്തിൽ സ്പർശിക്കുന്ന ഗാനമായി.
രവീന്ദ്രൻ മാഷിൻെറ വളർച്ചക്കൊപ്പം തന്നെയായിരുന്നു എെന്നപ്പോലുള്ളവരുടെയും വളർച്ച. കൗമാരത്തിൽ ഏറ്റവും അധികം മൂളിനടന്ന പാട്ടുകൾ അദ്ദേഹത്തിേൻറതായിരുന്നു. രവീന്ദ്രസംഗീതത്തെ എപ്പോഴും കൂെടക്കൂട്ടിയിരുന്നു. തേനും വയമ്പും... ഒറ്റക്കമ്പി നാദം തുടങ്ങിയ പാട്ടുകളെല്ലാം ദിവസവും കാതിലെത്തുമായിരുന്നു അക്കാലത്ത്. സത്യൻ അന്തിക്കാടിൻെറ മോഹൻലാൽ നായകനായ കളിയിൽ അൽപ്പം കാര്യം എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ‘മനതാരിലെന്നും പൊൻകിനാവും കൊണ്ടുവാ’ എന്ന പാട്ടിൻെറ വലിയ ആരാധകനായി മാറി.
പ്രമദവനം സൃഷ്ടിച്ച മായിക േലാകം
ഹിസ് ഹൈനസ് അബ്ദുള്ളയിലെ പ്രമദവനം മലയാളികളെ സംഗീതത്തിൻെറ എവിടെയോ ഒരറ്റത്ത് എത്തിക്കുകയായിരുന്നു. മലയാളമുള്ളിടത്തെല്ലാം രവീന്ദ്രസംഗീതം അലയടിച്ചു. അതോടെ അതിനപ്പുറം ഒരാളില്ല എന്ന ധാരണ മലയാളികൾക്കിടയിൽ ഉയർന്നുവന്നു. രവീന്ദ്രൻമാഷിന് ശേഷം ഒരു രവീന്ദ്ര സംഗീതത്തെ മലയാളികൾ കണ്ടിട്ടുമില്ല. ദേവരാജൻ മാഷിൻെറയും ദക്ഷിണാമൂർത്തിയുടെയും ബാബുരാജിൻെറയും കാലശേഷം രവീന്ദ്രൻ മാസ്റ്ററെ കിട്ടി. എന്നാൽ രവീന്ദ്രൻ മാഷ് പോയി പതിനഞ്ചുവർഷമായിട്ടും പിൻതലമുറയെ കിട്ടിയിട്ടില്ല. അതൊരു നഗ്ന സത്യമാണ്. ഒരിക്കലും തിരിച്ചുകിട്ടാത്ത മലയാളികൾ ഇഷ്ടപ്പെടുന്ന സംഗീത സംവിധായകൻ.
അഭിനയിക്കാനും പാടാനും ഭാഗ്യം
രവീന്ദ്രൻ മാഷ് സംഗീതം ചെയ്ത പാട്ടുകളിൽ അഭിനയിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. വെങ്കലത്തിലെ 'ഒത്തിരി ഒത്തിരി മോഹങ്ങൾ കതിരിട്ട പുത്തരിച്ചമ്പാവ്' പാടത്ത് എന്ന പാട്ട് അത്തരത്തിലൊന്നായിരുന്നു. അതിലെതന്നെ പത്തുവെളുപ്പിന് മുറ്റത്തുനിക്കണ കസ്തൂരി മുല്ലക്ക് കാതുകുത്ത് എന്ന പാട്ട് ഇന്നും മലയാളികൾ മൂളിനടക്കുന്നു. 1997ൽ കണ്ണൂർ എന്ന സിനിമയിൽ ദാസേട്ടനും ചിത്രയും പാടിയ ‘കടലറിയില്ല കരയറിയില്ല കരളിൽനിറയും’ എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. പഞ്ചലോഹം എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി ദാേസട്ടൻ പാടിയ ‘എന്തേ മുല്ലേ പൂക്കാത്തൂ എൻെറ പൊൻകിനാവിൽ’ എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടു.
ഇളമുറതമ്പുരാനിൽ ‘ഓരോരോ പൂമൊട്ടിൽ’ എന്ന പാട്ടിലും അദ്ദേഹത്തിൻെറ സംഗീതത്തിൽ അഭിനയിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിൻെറ ഏറ്റവും വലിയ ആരാധകൻ എന്ന നിലയിലും നടൻ എന്ന നിലയിലും അതെനിക്ക് ഭാഗ്യമായിരുന്നു.
മായാത്ത ഒാർമ
രവീന്ദ്രൻ മാഷിൻെറ ഭാര്യ ശോഭചേച്ചിയുമായി ഇന്നും ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴും സംഗീത സന്ധ്യകളും മറ്റും നടക്കുേമ്പാൾ ആദ്യം അഭിനേതാക്കളിൽ എന്നെയായിരിക്കും വിളിക്കുക. ആരുവന്നില്ലെങ്കിലും മനോജ് വരണം, ചേട്ടനെക്കുറിച്ച് രണ്ടുവരി പറയണം, പറ്റുമെങ്കിൽ നാലുവരി പാടണം എന്നായിരിക്കും ചേച്ചി പറയുക. മൂന്നുദിവസം മുമ്പും അത്തരത്തിൽ ഒരു പരിപാടിയുടെ കാര്യത്തിനായി ചേച്ചി വിളിച്ചിരുന്നു. ഇതെല്ലാം വലിയ അനുഗ്രഹമായാണ് തോന്നുന്നത്.
അച്ഛനും കൊച്ചച്ഛനുമായി (ജയവിജയ) വലിയ ആത്മബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു രവീന്ദ്രൻ മാഷ്. മദ്രാസിലുണ്ടായിരുന്ന കാലംതൊട്ടേ അറിയാം. ഇവരെ കാണാനായി അദ്ദേഹം വരും. അവരുമായി സൗഹൃദസംഭാഷണവും പാട്ടുകളും പങ്കുവെക്കും. വളരെയധികം കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ആ സംഗീതത്തിനു മരണമില്ല. അദ്ദേഹത്തിനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.