Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightപൗർണമിച്ചന്ദ്രിക...

പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു

text_fields
bookmark_border
Sreekumaran Thampi
cancel
camera_alt

ശ്രീകുമാരൻ തമ്പി

ഡോ. പ്രിയ ദേവദത്ത്

പൂനിലാവിന്റെ അനുപമ ലാവണ്യം അനന്യ സുന്ദരമായ ത​െൻറ രചനകളിൽ പകർന്ന കവികളിലൊരാളാണ് ശ്രീകുമാരൻതമ്പി. തങ്കനിലാവിന്റെ ലാവണ്യം പേറി പൗർണമി സുന്ദരി തൊട്ടുതഴുകുന്ന അദ്ദേഹത്തിന്റെ പാട്ടുകളിൽ പ്രണയത്തിന്റെ ആർദ്രതയും ഗാഢാനുരാഗവും മൗനവും വിരഹവുമുണ്ട്. നിലാവിൽ കുളിച്ച ഈ പാട്ടുകളെല്ലാം ഔചിത്യമാർന്ന ബിംബങ്ങളിൽ അദ്ദേഹം കൊരുത്തെടുത്തു. പൗർണമിയുടെ ഉന്മത്ത ഭാവത്തെ, സൗന്ദര്യത്തെ പൂർണമായും ആവാഹിച്ചാണ് അദ്ദേഹത്തി​െൻറ രചനകൾ. വെണ്ണിലാവിന്റെ പ്രകാശം പരത്തുന്ന ഈ പാട്ടുകൾ ചിലപ്പോൾ പൗർണമിയായി, ചന്ദ്രകാന്തമായി, ചിലത് ചന്ദ്രരശ്മിയായ്, ഇനിയും മറ്റൊന്ന് പൗർണമി ചന്ദ്രികയായോ തേനൂറും ചന്ദ്രികയായോ നമ്മെ തൊട്ടു വിളിച്ചു. അത്രമേൽ ആത്മ സ്പർശമുണ്ടായിരുന്ന ആ ഗാനങ്ങളെല്ലാം ഇന്നും നിത്യ യൗവനമായിത്തുടരുകയാണ്. ഒട്ടും മങ്ങലേൽക്കാതെ! ഈ പാട്ടുകളിലൂടെയാണ് ചലച്ചിത്രങ്ങൾ പലതും ഓർക്കപ്പെടുന്നതുതന്നെ.

എത്രയെത്ര ചന്ദ്രബിംബങ്ങളാണ് ഈ പാട്ടുകളിൽ. പൂനിലാവും മുത്തുമണിച്ചന്ദ്രികയും പനിനീരുതിരും രാവും വെണ്ണിലാവും, ആനന്ദ ചന്ദ്രികയും നീലരാവും ചന്ദ്രോദയവും ഇന്ദുവദനയും ഒക്കെയുള്ള മനോഹര ബിംബങ്ങളും കൽപനകളുമായി ഒട്ടൊന്നുമല്ല അദ്ദേഹം സർഗാത്മകതയുടെ വിസ്മയം തീർത്തത്. അദ്ദേഹത്തിന്റെ ആദ്യ സിനിമ ഗാനത്തിലും (കാട്ടുമല്ലിക) 'മാനത്തിലമ്പിളി' തരളമായി വന്നു മറയുന്നുണ്ട്.

'ശാഖാനഗരത്തിൽ ശശികാന്തം ചൊരിയുമീ ശാരദ പൗർണമിയും' 'മാധവമാസ നിലാവിൽ മണമൂറും മലർക്കുടിലിൽ' 'മകരമാസപൗർണമിയല്ലേ ഇന്നെൻ മന്ദാരങ്ങൾക്കുത്സവമല്ലേ' 'കുംഭമാസ നിലാവുപോലെ കുമാരിമാരുടെ ഹൃദയം', 'പെണ്ണവൾ ചിരിച്ചപ്പോൾ കന്നിനിലാപ്പാലൊഴുകി' എന്നിങ്ങനെ പാട്ടിലുടനീളം ചന്ദ്ര ബിംബം നിലാവുതിർത്ത് നമ്മെ പിന്തുടരുന്നു.

ഗാന സാഹിത്യത്തിൽ അദ്ദേഹത്തിന്റെ വൈവിധ്യവും വ്യാപ്തിയും അതിശയകരമാണ്. 'പൊൻവെയിൽ മണിക്കച്ച അഴിഞ്ഞുവീണു' എന്ന ഗാനമാകട്ടെ പ്രകൃതി പകലിന്റെ ബന്ധനങ്ങളിൽനിന്നയഞ്ഞു നിലാവിന്റെ കുളിർമയിലേക്ക് നീങ്ങുന്നത് കണ്ടറിയാനാകും. 'കാഞ്ചന നൂപുരങ്ങളഴിച്ചുവെച്ചു കാളിന്ദി പൂനിലാവിൽ മയക്കമായി കണ്ണന്റെ മാറിലെ മലർമാലയാകുവാൻ കാമിനീ ഇനിയും നീയൊരുങ്ങിയില്ലേ?' എന്നിങ്ങനെ നായികയോട് നായകന്റെ അഭിലാഷങ്ങളെ മനോഹരമായി പൊതിഞ്ഞു പറയുകയാണിവിടെ.

'തരളരശ്മികൾ തന്ത്രികളായി തഴുകീ

കാറ്റല കവിതകളായി

ഈ നിലാവിൻ നീല ഞൊറികളിൽ

ഓമനേ നിൻ പാവാടയിളകി'.

ചന്ദ്രരശ്മികൾ തന്ത്രികളായി നിലാവിന്റെ സംഗീതം പൊഴിക്കുന്ന ഒരു രാത്രിയിലാണ് ഇലഞ്ഞിപ്പൂമണം ഒഴുകിവന്നത്. പൊഴിഞ്ഞാലും വാടിയാലും മണം പോകാത്ത പൂക്കളാണ് ഇലഞ്ഞിപ്പൂക്കൾ . യേശുദാസിന്റെ മാസ്മരിക ശബ്​ദത്തിൽ എത്ര ആഴത്തിലാണ് ഇലഞ്ഞിപ്പൂമണം പേറി നിലാവിന്റെ നീല ഞൊറികളിളക്കി ഈ പ്രണയഗീതം ഇന്ദ്രിയാനുഭവങ്ങൾക്കും അപ്പുറത്തേക്ക് തഴുകിയൊഴുകിയത്... നിലാവിന്റെ നീല ഞൊറികൾ ഇളകിയപ്പോൾ കാമുകിയുടെ പാവാടത്തിരയിളക്കമായി നായകന് തോന്നും വിധം ചന്ദ്രബിംബം പ്രണയാർദ്ര മനസ്സിനോടിണങ്ങിനിൽക്കുന്നു ഈ പാട്ടിൽ.

'ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം

നിൻ ചിരിയിലലിയുന്നു ജീവരാഗം

നീലവാനിലലിയുന്നു രാഗമേഘം'

എന്ന ഗാനം ചന്ദ്രികയുടെ നിറസാന്നിധ്യം കൊണ്ടാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗീതമായി നിലകൊള്ളുന്നത്. വെളുത്തതും ചന്ദ്രരശ്മി തട്ടിയാൽ ജലമൊഴുകുന്നതുമായ 'ചന്ദ്രകാന്തക്കല്ല്' ഏറെ വിശേഷണങ്ങൾ ഉള്ള മനോഹര രത്‌നമാണ്. ചന്ദ്രികയിൽ ചന്ദ്രകാന്തമെന്നപോലെ നായികയുടെ ചിരിയിൽ നായക​െൻറ ജീവരാഗവും അലിയുകയാണീ പാട്ടിൽ. അതിമനോഹരമായ ശിൽപഘടനയുള്ള

'ചെമ്പകതൈകൾ പൂത്ത മാനത്തു

പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ

അമ്പിളീ പൊന്നമ്പിളീ'

എന്ന ഗാനത്തിൽ എത്ര കാവ്യമധുരമായാണ് 'അമ്പിളി' ചുംബനം കൊള്ളാനൊരുങ്ങിയത്.

മറ്റൊരു അവിസ്മരണീയ പ്രണയമധുരഗാനമാണ് 'രാക്കുയിലിൻ രാഗസദസ്സിൽ.

'വെള്ളിമണിത്തിരയിളകി

തുള്ളിയോടും കാറ്റിടറി,

പഞ്ചാര മണൽത്തരിയിൽ

പൗർണമിതൻ പാലൊഴുകി'

എന്നിങ്ങനെ വരികളിലൂടെ പൗർണമിയുടെ കുളിർമ നമ്മെ അനുഭവപ്പെടുത്തുന്നു.

ചിന്തകളിൽ രാഗചന്ദ്രിക ചാലിച്ച മന്ദസ്മിതവുമായെത്തിയ പ്രണയിനിയും ശ്രീകുമാരൻ തമ്പിയുടെ പാട്ടിലുണ്ട്. 'ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്' എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണമി വിടർന്നേനെ' എന്നും ചന്ദ്രബിംബത്തെ കാവ്യചാരുതയോടെ അദ്ദേഹം പറയുന്നു.

ജീവിതേശ്വരിക്കേകുവാനൊരു പ്രേമലേഖനമെഴുതിയതുപോലും രാഗപൗർണമി മേഘപാളിയിൽ ഗാനമെഴുതും രാവിൽ ആണ്. അതുപോലെ 'സുന്ദര രാവിൽ ചന്ദനമുകിലിൽ മന്ത്രങ്ങളെഴുതും ചന്ദ്രികേ' എന്ന ഗാനത്തിൽ പ്രണയിനി ചന്ദ്രികയോടാണ് അനുരാഗത്തിന്റെ ആദ്യ നൊമ്പരം ആത്മനാഥനോടെങ്ങനെ പറയുമെന്നുള്ള ഉത്കണ്ഠ പങ്കു​െവക്കുന്നത്. ഈ അഭൗമമായ സങ്കൽപത്തിലൂടെ ചന്ദ്രികക്ക്​ മനുഷ്യഭാവം കൈവന്നപോലെ തോന്നും.

'എന്തിനെൻ കണ്ണിൽ തെളിയിച്ചു നീ നിന്റെ ചന്ദ്രസദൃശ വദനം' 'ചന്ദനച്ചന്ദ്രികച്ചോലയാണോ സുന്ദരി നിൻ മുഖ ബിംബമാണോ കണ്ണാടി വിളക്കുമായി കാഞ്ചനക്കുടവുമായി പൗർണമിസുന്ദരി വന്നിറങ്ങി', 'വാർമുകിൽ വാതിൽ തുറക്കും വാർതിങ്കൾ നിന്നു ചിരിക്കും' എന്നിങ്ങനെയുള്ള പാട്ടുകളിലൂടെ വാർതിങ്കളിനും ചന്ദ്രികക്കും പൗർണമിക്കുമെല്ലാം അതിലാവണ്യം കൈവരുന്നു.

ചന്ദ്രകിരണ തരംഗിണിയും പൗർണമിപ്പൂവും ആനന്ദചന്ദ്രികയും, പ്രണയ പൗർണമിയും നിറനിലാവും ചന്ദ്രികത്തെളിവും പ്രസാദ ചന്ദ്രികയും ചന്ദ്രലേഖക്കിന്നരിയും, ചന്ദ്രികപ്പൂന്തിരയും ചന്ദന ചന്ദ്രികയും മധു നിലാവും വെൺതിങ്കളും എല്ലാം ശ്രീകുമാരൻതമ്പിയുടെ പാട്ടുകളിൽ എക്കാലവും അമ്പിളിപ്പൊന്മുഖമായി പൂത്തുവിടർന്നു നിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sreekumaran Thampimalayalam songsmusician
News Summary - Moon Touch in Sreekumaran Thampi songs
Next Story