താരാപഥം...ചേതോഹരം...
text_fieldsഡിസംബറിലെ ഓർമകൾ നമുക്കെന്നും മധുരമുള്ളതാണ്. പകലന്തിയാകുമ്പോൾ ഓരോ വീടിനു മുന്നിലും മാനത്തെ നക്ഷത്രങ്ങൾ ഇറങ്ങിവരും. അവർ ഒരുപാട് കഥകൾ നമുക്കു പറഞ്ഞുതരും. കുട്ടികൾ ആ കഥകൾ കേൾക്കാൻ കാത്തിരിക്കും, കുഞ്ഞുകുഞ്ഞ് പുൽക്കൂടുകളൊരുക്കുമവർ. ക്രിസ്മസ് രാവിൽ ആർത്തുല്ലസിക്കുന്ന കുട്ടികളും സാന്തായും. ഒപ്പം, ഒരുപിടി ക്രിസ്മസ് ഗാനങ്ങളും. അവർക്കൊപ്പം ചുവപ്പിൽ വെള്ളകലർന്ന ഡ്രസുമിട്ട് കുട്ടികളും കൂടും. കരോൾഗാനത്തിന്റെ അകമ്പടിയോടെ അവർ വരുമ്പോൾ ക്രിസ്മസ് ആഘോഷത്തിന് തുടക്കമാവും. മഞ്ഞുകിനിയുന്ന പുലർകാലവസന്തത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകി, മനസ്സിൽ കരോൾഗാനങ്ങളുമായി ഈ ക്രിസ്മസും നമുക്ക് മതിമറന്ന് ആസ്വദിക്കാം.
ക്രിസ്മസിനായി എ.ഡി 129 മുതല്‍ പ്രത്യേക ഗാനങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. ഈ ഗാനങ്ങളത്രയും ലാറ്റിന്‍ ഭാഷയിലാണ്. അവയെ കരോള്ഗാനങ്ങളെന്നല്ല വിളിച്ചിരുന്നത്, സ്തുതിഗീതങ്ങളെന്നാണ്.
ഓരോ ക്രിസ്മസ് ദിനവും സമ്മാനിക്കുന്നത് ഓരോ ഓർമയാണ്. പരസ്പരം സമ്മാനങ്ങൾ കൈമാറി ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് പലരും ഈ ദിവസത്തെ കാണുന്നത്. മഞ്ഞുപുതച്ച ക്രിസ്മസ് രാവിൽ കരോൾസംഘങ്ങൾ വരുന്നതോടെ അവക്ക് മാറ്റുകൂടും. ഇത്തവണ കരോളിനായി മനോഹരമായ ഗാനങ്ങൾ കേൾക്കാം. സിനിമകളിലൂടെ തരംഗമായി മാറിയ നിരവധി ഗാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
കാലിത്തൊഴുത്തിൽ പിറന്നവനേ
കരുണ നിറഞ്ഞവനേ
കരളിലെ ചോരയാൽ
പാരിന്റെ പാപങ്ങൾ
കഴുകിക്കളഞ്ഞവനേ...
ക്രിസ്മസ് കാലത്ത് ഓരോ മലയാളിയും ഓർക്കുന്ന ഹിറ്റ് ഗാനം. ഇതേറ്റുപാടാത്ത ആരുമുണ്ടാകില്ല. 1979ൽ പുറത്തിറങ്ങിയ ‘സായൂജ്യം’ എന്ന സിനിമയിലേതാണ് യേശുദേവനെക്കുറിച്ചുള്ള ഈ മനോഹര ഭക്തിഗാനം. കെ.ജെ. ജോയ് സംഗീതം നൽകിയ വരികൾ എഴുതിയത് യൂസഫലി കേച്ചേരിയാണ്. പി. സുശീലയാണ് പാടിയത്.
ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ...
ഒ.എൻ.വി. കുറുപ്പിന്റേതാണ് ഈ വരികൾ. സംഗീതസംവിധാനം ഔസേപ്പച്ചൻ. കെ.ജെ. യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക വാര്യർ എന്നിവർ പാടിയ ഈ ഗാനം ‘കാതോട് കാതോരം’ എന്ന സിനിമയിലേതാണ്. കൂടാതെ, ഈയടുത്തിറങ്ങിയ ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ ഏറെ പുതുമകളോടെയും നർമത്തോടെയും അവതരിപ്പിച്ച ഗാനം വീണ്ടും വൈറലായിരുന്നു.
മഞ്ഞിന്റെ മാറാല നീങ്ങുന്നു
വിണ്ണിലെ താരകം കൺതുറന്നൂ
മന്നിൽ സമാധാനപാലകനാം ഉണ്ണി
പുൽക്കൂട്ടിൽ പുഞ്ചിരിച്ചൂ...
മമ്മൂട്ടി സിനിമ ‘ലൗഡ് സ്പീക്കറി’ലെ ഗാനമാണിത്. പാടിയതും സാക്ഷാൽ മമ്മൂക്കതന്നെ. കൂടെ അലൻ ജോയ് മാത്യുവും. അനിൽ പനച്ചൂരാന്റെ വരികൾക്ക് സംഗീതം നൽകിയത് ബിജിബാലാണ്.
ശാന്തരാത്രി തിരുരാത്രി
ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായി
‘മൈ സാന്റാ’ എന്ന ചിത്രത്തിലെ മേഘവീഥിയിൽ പുതുതാരനര്ത്തനം തുടങ്ങി നിരവധി ഗാനങ്ങൾ ക്രിസ്മസ് ഗാനങ്ങളുടെ പട്ടികയിലുള്ളതാണ്. ക്രിസ്മസ് കാലത്തിന്റെ എല്ലാ ചേരുവുകളും പകർന്നുതരുന്നതാണ് ഈ ഗാനങ്ങളൊക്കെയും. കരോൾഗാനങ്ങൾ സാമ്പ്രദായികമായി പാരമ്പര്യമായി കൈമാറിവരുമ്പോൾ ഇത്തരം സിനിമാഗാനങ്ങൾകൂടി ക്രിസ്മസ് ദിനത്തിന്റെ മാറ്റുകൂട്ടുമെന്നതിൽ സംശയമില്ല. പള്ളികളിൽ ക്രിസ്മസ്ദിനരാത്രിയിൽ പാതിരാക്കുർബാനകളിൽ ഈ ഗാനങ്ങളൊക്കെ ആഘോഷത്തിന് തിളക്കംകൂട്ടുന്നവയാണ്.
‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിൽ ജെറി അമൽദേവ് ഈണമിട്ട് ബിച്ചു തിരുമല എഴുതിയ
‘‘ആരാധനാ നിശാ സംഗീതമേള
വരൂവരൂ ദേവന് പിറന്നിതാ
തൊഴാം തൊഴാം നാഥന് പിറന്നിതാ
ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ
മനസ്സേ ആസ്വദിക്കൂ ആവോളം...’’
മനോഹരമായ ഈ വരികൾ ഒരുകാലത്ത് ഏതൊരു മലയാളിയുടെയും മനംനിറച്ച വരികളായിരുന്നു.
വിശ്വം കാക്കുന്ന നാഥാ...
വിശ്വൈക നായകാ...
ആത്മാവിലെരിയുന്ന തീയണക്കൂ
നിൻ ആത്മചൈതന്യം നിറക്കൂ
ആത്മചൈതന്യം നിറക്കൂ
വിശ്വം കാക്കുന്ന നാഥാ....
ഭക്തിയുടെ ദീപ്തമുഹൂർത്തങ്ങളിൽ പാടാൻവേണ്ടി മലയാളികൾക്ക് വരദാനമായി കിട്ടിയ ഗാനമാണിത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടാണ് ഈ ഗാനമെഴുതിയത്. ഗാനഗന്ധർവൻ പാടി മനോഹരമാക്കിയ വരികൾക്ക് സംഗീതം നൽകിയത് ജോൺസൺ മാഷും. ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ സിനിമയിലെ ഗാനം ജീവിതഗന്ധമുള്ളതാണ്.
ഓരോ ക്രിസ്മസ് രാവും ആഘോഷങ്ങളുടെ മഞ്ഞുകാലമാണ്. ആ മഞ്ഞുരുകി നമ്മളതിൽ ലയിക്കുമ്പോൾ ആഘോഷം വാനോളമുയരും. അപ്പോൾ ആകാശത്തുനിന്ന് നക്ഷത്രങ്ങൾ ഭൂമിയിലേക്കിറങ്ങിവരും. നമ്മുടെ മനസ്സുനിറക്കാൻ അതുമതി. അതിരുകളില്ലാത്ത ആഘോഷങ്ങൾക്ക് നന്മയുടെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും സുഗന്ധമാണ്. ആ സുഗന്ധം നമുക്കീ ക്രിസ്മസ് ദിനത്തിൽ ആവോളം ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.