അറിയാത്ത പാട്ടുകാരാ...
text_fieldsഉപജീവനത്തിനായി കല ഉപേക്ഷിച്ച് പ്രവാസിയാകേണ്ടിവന്നയാൾ. കഴിഞ്ഞ വർഷം ആഗസ്റ്റ് 22ന് വിടപറഞ്ഞ ആർ. സോമശേഖരനാണ് ഇങ്ങനെയൊരു വിലാസത്തിലേക്ക് ചുരുങ്ങുന്നത്. ‘ജാതക’ത്തിലെ ‘പുളിയിലക്കരയോലും...’ എന്ന ഗാനത്തിലൂടെ സ്വന്തം ജാതകം തിരുത്താൻ കഴിയുമായിരുന്ന സംഗീത സംവിധായകൻ. എന്നിട്ടും ഒമാനിലെ ലാബ് ടെക്നീഷ്യൻ ജോലിക്കും കുടുംബത്തിനും മുൻഗണന നൽകി. മലയാളത്തിൽ പിറക്കേണ്ടിയിരുന്ന കുറെ നല്ല ഗാനങ്ങൾക്ക് അവധി നൽകിയ മനുഷ്യൻ. വല്ലപ്പോഴും അവധിക്ക് നാട്ടിലെത്തുമ്പോൾ മാത്രം പാട്ടുചെയ്തയാൾ. അവയിൽ പലതും മലയാളികളെ വിസ്മിതനേത്രരാക്കി.
‘അറിയാത്ത പാട്ടുകാരാ... നിന്റെ/അരികിലേക്കിന്നു ഞാനോടിവന്നു’ എന്നാണ് ഒ.എൻ.വി കുറുപ്പ് എഴുതിയത്. ജാതകം എന്ന ചിത്രത്തിലെ ‘അരളിയും കദളിയും’ എന്ന ഗാനത്തിന്റെ പല്ലവിയിലാണ് ഈ വരികൾ. കല്യാണി രാഗത്തിൽ വാനമ്പാടി കെ.എസ്. ചിത്രയുടെ സ്വരത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ ഓരോരുത്തരും അറിയാത്ത ആ പാട്ടുകാരനെ തേടും. ആദ്യമൊരു നാടൻ പാട്ടിന്റെ ഈണത്തിലായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീട് ഒ.എൻ.വിയുടെ നിർദേശത്തിലാണ് കല്യാണി രാഗത്തിലേക്ക് മാറ്റിയത്.
‘പുളിയിലക്കരയോലും’എന്ന ഗാനത്തിനുപിന്നിൽ ഇങ്ങനെയൊരാളോ എന്ന് ചിലപ്പോൾ ഇത് വായിക്കുന്നവർ ചിന്തിച്ചേക്കും. ദേവരാജനോ രവീന്ദ്രനോ ഇളയരാജയോ ജോൺസണോ അങ്ങനെ ആരുടെയെല്ലാം പേരിലായിരിക്കും ഈ പാട്ടിനെ ഓരോരുത്തരും ഓർക്കുന്നത്. മൂന്നര പതിറ്റാണ്ടിനിടെ കേവലം ഒമ്പത് സിനിമയിലായി 22 പാട്ടുകൾക്ക് ഈണം നൽകി. എട്ട് ആൽബങ്ങളിലായി 66 പാട്ടുകൾ. നിരവധി ഭക്തിഗാനങ്ങളും ആകാശവാണിക്കുവേണ്ടി നൂറിൽപരം ലളിതഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം അനിയൻ സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തിൽ 1989ൽ പുറത്തിറങ്ങിയ ചിത്രമാണ് ജാതകം. സിനിമയിലെ ഗാനരചന ഒ.എൻ.വി കുറുപ്പാണ്. ഖരഹരപ്രിയ രാഗത്തോടൊപ്പം ഹിന്ദുസ്ഥാനി രാഗമായ കാഫിയും ഉപയോഗിച്ചാണ് പുളിയിലക്കര ചിട്ടപ്പെടുത്തിയത്. പാടിയത് ഗാനഗന്ധർവൻ യേശുദാസും. 2000ത്തിന്റെ അവസാനംവരെ കല്യാണ കാസറ്റുകളിലെ പ്രധാന ഗാനമായിരുന്നു ഇത്. ’70കളിലും ’80കളിലും ജനിച്ചവർ മാത്രമല്ല, ഇന്നും ഇൗ പാട്ട് മൂളാത്തവർ ചുരുക്കമായിരിക്കും.
ഇതേ ചിത്രത്തിലെ ‘അരളിയും കദളിയു’മാണ് ഇദ്ദേഹത്തിന്റെ മറ്റൊരു മനോഹര സൃഷ്ടി.
ഹിന്ദോളവും ഹിന്ദുസ്ഥാനിയിലെ മാൽ കൗൺസ് രാഗവും ചേരുന്ന ‘നീരജദലനയനേ ദേവീ...’ എന്ന ഗാനം ക്ലാസിക്കൽ ടച്ചിലാണ്. കെ.എസ്. ചിത്രയും ചിദംബരനാഥുമാണ് ആലാപനം.
1982ല് ‘ഇതും ഒരു ജീവിതം’ എന്ന ചിത്രത്തിലെ ഗാനങ്ങള്ക്ക് സംഗീതം നല്കി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. ഇതും ഒരുജീവിതം, ജാതകം, വേനൽക്കാലം, ഈ അഭയതീരം, യക്ഷി ഫെയ്ത്ഫുള്ളി അവേഴ്സ്, അയാൾ, മിസ്റ്റർ പവനായി 99.99, തുരീയം എന്നിവയാണ് ചിത്രങ്ങൾ. നിരവധി സീരിയലുകൾക്കും ആൽബങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം നൽകി.
ജാതകത്തിലെ പാട്ടുകേട്ട് സംവിധായകൻ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും സോമശേഖരനെ സമീപിച്ചു. തങ്ങളുടെ പുതിയ ചിത്രത്തിലെ പാട്ടിനുള്ള ഈണം തേടിയായിരുന്നു ആ സന്ദർശനം. ഗൾഫിലെ ജോലിയും അവധി ലഭിക്കാനുള്ള പ്രയാസവുമെല്ലാം ചൂണ്ടിക്കാട്ടി ആ ഓഫർ അദ്ദേഹം നിരസിച്ചു. ആരെങ്കിലും ഒരു ചിത്രം നിരസിച്ചതിന്റെ പേരിൽ എന്നും ഓർമിക്കപ്പെടുന്നുണ്ടെങ്കിൽ ആർ. സോമശേഖരൻ അക്കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയുണ്ടാകും, ‘കിരീടം’ സിനിമക്കുവേണ്ടിയായിരുന്നു സിബി മലയിൽ അദ്ദേഹത്തെ സമീപിച്ചത് എന്നതുതന്നെ കാരണം. ഒമാനിലെ ജോലിയിൽനിന്ന് അവധിയെടുക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു കിരീടത്തിലെ പാട്ടുകൾ വേണ്ടെന്നുവെച്ചത്. ആ സിനിമയുടെ വിജയവും അതിലെ പാട്ടുകൾക്ക് ലഭിച്ച സ്വീകാര്യതയുമെല്ലാം അദ്ദേഹം പിന്നീട് എങ്ങനെയായിരിക്കും ഓർത്തിട്ടുണ്ടാവുക, വേദനയോടെ ആയിരിക്കില്ല, കാരണം ജോലിയിൽനിന്ന് വിട്ടുനിൽക്കാനുള്ള ബുദ്ധിമുട്ട് കാരണം ഒഴിവാക്കിയതിൽ മൃഗയ, മുഖചിത്രം, ഉത്തരം തുടങ്ങി 13 ചിത്രങ്ങളുടെ പട്ടിക തന്നെയുണ്ട്.
’89ൽ ലീവിന് വന്നപ്പോഴാണ് ജാതകം ചെയ്തതെങ്കിൽ അടുത്ത അവധിക്കാലമായ 1992ൽ സുരേഷ് ഉണ്ണിത്താന്റെ ആർദ്രം സിനിമക്ക് ഈണം നൽകി. ഈ ചിത്രത്തിലെ ഗാനരചന ജോർജ് തോമസാണ്. മുരളിയും ഉർവശിയും അഭിനയിച്ച ‘മൗനങ്ങൾ പോലും...’ എന്ന ഗാനം യേശുദാസിന്റെ സ്വരത്തിലും ലതികയുടെ സ്വരത്തിലും കേൾക്കാം.
പ്രവാസജീവിതം അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിൽ നീണ്ട ഇടവേള സൃഷ്ടിച്ചു. സിനിമയിൽ രണ്ടാമതൊരു വരവ് ശ്രമകരമായപ്പോഴാണ് മിനി സ്ക്രീനിലും ആൽബങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചത്. 2019ൽ പുറത്തിറങ്ങിയ ‘തുരീയം’ ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ സംഗീത സംവിധാനം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.