മാട്ടുവണ്ടി പോകാത്തിടത്തും എത്തിയിരുന്ന പാട്ടുവണ്ടി -Video
text_fields‘തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ ജീപ്പിൽ സഞ്ചരിക്കും. തൊഴിലാളികളുടെ കൂട്ടം കാണുന്നിടത്തെല്ലാം നിര്‍ത്തി അണ്ണന്‍ പാടും. ഒരു പാട്ട് കഴിഞ്ഞാലുടൻ അടുത്തതിനായി അവർ ആര്‍ത്തുവിളിക്കും’ -1950കളുടെ അവസാന കാലത്തെ ജീവിതം ഒരിക്കൽ ഓർത്തെടുക്കുകയായിരുന്നു ഇളയരാജ.
മൂത്ത സഹോദരൻ പാവലര്‍ വരദരാജന്‍ കമ്പം-തേനി പരിസരങ്ങളിൽ അറിയപ്പെടുന്ന ഗായകൻ ആയിരുന്നു. ചെറിയ ഉത്സവങ്ങളിലും നാട്ടുകൂട്ടങ്ങളിലുമാണ് വരദരാജന്‍ ആദ്യകാലത്ത് പാടിയിരുന്നത്. പിന്നീട് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ വരദരാജൻ തമിഴ്‌നാട്ടിലെ വിപ്ലവകവിയും വിപ്ലവഗായകനുമായി. കമ്യൂണിസ്റ്റ് വേദികളെ വരദരാജെൻറ പാട്ടും പ്രസംഗവും ആവേശത്തിലാഴ്ത്തിയിരുന്നു അക്കാലത്ത്.
വരദരാജനും സഹോദരങ്ങളായ ഭാസ്കർ, രാസയ്യ (ഇളയരാജ), അമർസിങ് (ഗംഗൈ അമരൻ) എന്നിവരും പാർട്ടിക്കുവേണ്ടി തോട്ടം തൊഴിലാളികൾക്കിടയിലേക്ക് പാട്ടുംപാടി പ്രചാരണത്തിനിറങ്ങി. അതോടെ 1958ലെ ഉപതെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ നിന്ന് സി.പി.ഐ സ്ഥാനാർഥി റോസമ്മ പുന്നൂസ് ‘പാട്ടുംപാടി ജയിച്ചു’.
വിജയാഘോഷ യോഗത്തിൽ അന്നത്തെ കേരള മുഖ്യമന്ത്രി വരദരാജനെയും സഹോദരങ്ങളെയും സ്റ്റേജിലേക്ക് കൈപിടിച്ചു കയറ്റിയത് വലിയ വാർത്തയായിരുന്നു. അതോടെ, തേനിയുടെ പരിസരം വിട്ട് തമിഴകം മുഴവൻ പാവലർ സഹോദരങ്ങളുടെ ശബ്ദം മുഴങ്ങി. ‘മാട്ടുവണ്ടി പോകാത്തിടത്തും എത്തിയിരുന്നു ഞങ്ങളുടെ പാട്ടുവണ്ടി’ എന്നാണ് ഇതേക്കുറിച്ച് ഇളയരാജ ഒരിക്കൽ പറഞ്ഞത്.
‘അണ്ണനില്ലെങ്കിൽ ഞാനില്ല’
വരദരാജെൻറ പാട്ടുസദസ്സുകളിൽ പെൺശബ്ദത്തിൽ പാടിയാണ് കൗമാരകാലത്ത് രാസയ്യ സംഗീതവഴിയിലൂടെ നടന്നുതുടങ്ങിയത്. എങ്കിലും തെൻറ ഹർമോണിയത്തിൽ തൊടാൻ പോലും അനുജനെ വരദരാജൻ സമ്മതിരിച്ചിരുന്നില്ല. അണ്ണൻ കാണാതെ ഹർമോണിയത്തിലൂടെ വെറുതേ വിരലോടിച്ച് നോക്കിയതിന് അനുജെൻറ പുറം അടിച്ചു പൊളിക്കുക വരെ ചെയ്തിട്ടുണ്ട് വരദരാജൻ.
എന്നിട്ടും അണ്ണന്‍ വായിക്കുേമ്പാൾ ആ ഹാര്‍മോണിയത്തിലെ ഓരോ കട്ടയും കണ്ടുപഠിച്ചു (കട്ടു പഠിച്ചു എന്ന് ഇളയരാജ) രാസയ്യ. ഹർമോണിയത്തിലുള്ള അനുജെൻറ പ്രാഗത്ഭ്യം മനസ്സിലാക്കിയ വരദരാജൻ കച്ചേരിക്ക് അവനെയും ഒപ്പംകൂട്ടി. പതിവ് ഹര്‍മോണിയക്കാരനുമായി പിണങ്ങിയതും അതിന് കാരണമായി.
കമ്പം മെയിന്‍ റോഡ് ജങ്ഷനില്‍ നടന്ന കച്ചേരിയിൽ ഹര്‍മോണിയം വായിച്ച പയ്യനെ നിലക്കാത്ത കൈയടികളാണ് വരവേറ്റത്. ആ ഹര്‍മോണിയത്തിലാണ് ഇളയരാജ ഇന്നും ഏത് പാട്ടിനും ആദ്യത്തെ ഈണമിടുന്നത്. അതുകൊണ്ടുതന്നെ ഇളയരാജ എന്നും പറയും -‘അണ്ണനില്ലെങ്കിൽ ഞാനില്ല’.
ഒരിക്കല്‍ തിരുച്ചിക്കടുത്ത് തിരുവെരുമ്പൂരില്‍ കര്‍ഷക തൊഴിലാളി സമ്മേളനം നടക്കുേമ്പാൾ പനി മൂലം ക്ഷീണിതനായ വരദരാജന് പകരം പാടിയത് രാസയ്യയാണ്. പാടിക്കഴിഞ്ഞപ്പോൾ സദസ്സിൽനിന്ന് കിട്ടിയ കൈയടികളാണ് ഇളയരാജയിലേക്കുള്ള രാസയ്യയുടെ തുടക്കം. ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ പാവലർ സഹോദരങ്ങൾക്ക് അവസരം ലഭിച്ചിരുന്നു.
വര്‍ഷത്തില്‍ 265 ദിവസവും കച്ചേരികള്‍ അവതരിപ്പിച്ചിരുന്നു അവർ. 1961നും 1968 നുമിടയില്‍ ഇരുപതിനായിരത്തിലേറെ വേദികൾ ഈ നാൽവർ സംഘം കീഴടക്കി. 1968ലാണ് രാസയ്യയും പിന്നീട് ഗംഗൈ അമരനായി മാറിയ അമർസിങും ഭാഗ്യം തേടി മദ്രാസിലെത്തുന്നത്. സലില്‍ ചൗധരിയുടെയും ധൻരാജ് മാസ്റ്ററുടെയും സഹായിയായ ശേഷമാണ് 1976ല്‍ ഇളയരാജ ‘അന്നക്കിളി’യിൽ ഈണം നൽകിയത്.
പ്രശസ്തിയിലേക്ക് കുതിക്കുേമ്പാളായിരുന്നു വരദരാജെൻറ മരണം. ‘കരയാനുള്ളതെല്ലാം ഞാന്‍ അന്ന് കരഞ്ഞു തീര്‍ത്തു. പിന്നീടൊരിക്കലും അത്ര വേദനയോടെ ഞാന്‍ കരഞ്ഞിട്ടില്ല. ഇനിയൊരിക്കലും അത്ര വേദനയോടെ ഞാന്‍ കരയുകയുമില്ല’- ഇളയരാജ പിന്നീട് പറഞ്ഞു.
അണ്ണെൻറ സ്മരണക്കായി ഇളയരാജ ഏര്‍പ്പെടുത്തിയ ‘പാവലര്‍ വരദരാജന്‍ സാഹിത്യ പുരസ്‌കാരം’ തമിഴകത്ത് സാംസ്‌കാരിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളിലൊന്നാണിന്ന്.
നിർമാണച്ചെലവ് 25 ലക്ഷം, രാജയുടെ പ്രതിഫലം 10ലക്ഷം
1980കളിൽ 25 ലക്ഷം രൂപക്ക് ഒരു മലയാള സിനിമ തീർന്നിരുന്ന കാലത്ത് ഇളയരാജയുടെ പ്രതിഫലം 10 ലക്ഷമായിരുന്നു! അക്കാലത്ത് സിനിമ പോസ്റ്ററുകളിൽ ചലച്ചിത്ര താരങ്ങളേക്കാൾ പ്രാധാന്യത്തിൽ വരെ ഇളയരാജയുടെ ചിത്രം അച്ചടിച്ചുവന്നിരുന്നു. ഇളയരാജയില്ലെങ്കില്‍ ചിത്രം വിതരണത്തിനെടുക്കാന്‍ ആളില്ലാത്ത അവസ്ഥ വരെയുണ്ടായി.
ആ സമയത്താണ് 1989ൽ ‘അഥർവം’ എന്ന സിനിമക്ക് സംഗീതം നൽകാൻ ഇളയരാജയെ വിളിക്കാനുള്ള സാഹസം കാണിക്കാൻ സംവിധായകൻ ഡെന്നീസ് ജോസഫ് തയാറായത്. തെൻറ പ്രതിഫലം അറിയാമല്ലോ എന്നായിരുന്നു രാജയുടെ ആദ്യ പ്രതികരണം. സിനിമയുടെ മൊത്തം നിർമാണ ചെലവ് 25 ലക്ഷമാണെന്നും താങ്കൾക്ക് കനത്ത പ്രതിഫലം നൽകാൻ കഴിവില്ലെന്നും പറഞ്ഞ ഡെന്നീസ് പക്ഷേ ഒരു കാര്യം ചൂണ്ടിക്കാട്ടി- ‘താങ്കളുടെ സംഗീതം ഇല്ലെങ്കിൽ ഈ സിനിമയിലെ പാട്ടുകൾക്ക് ആത്മാവ് ഉണ്ടാകില്ല’.
അതോടെ മലയാളത്തിൽ ഒരു സംഗീത സംവിധായകന് നൽകുന്ന ഏറ്റവും വലിയ പ്രതിഫലം തന്നാൽ മതിയെന്ന് രാജ സമ്മതിച്ചു. അന്ന് ശ്യാം ആയിരുന്നു മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നത്. ആ പ്രതിഫലം വാങ്ങി നാല് മണിക്കൂർ കൊണ്ട് ഇളയരാജ ഈണമിട്ട പാട്ടുകൾ (പുഴയോരത്ത് പൂന്തോണി എത്തീല്ല, പൂവായ് വിരിഞ്ഞു പൂന്തേൻ കിനിഞ്ഞു) ഹിറ്റുകളുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.