ബാബുക്ക എന്ന ഈണം; എന്‍റെ പ്രിയപ്പെട്ട പാട്ടുകള്‍
text_fieldsബാബുക്കയുടെ പാട്ടുകളില്‍ പ്രിയപ്പെട്ടതേതെന്ന് പലരും ചോദിക്കാറുണ്ട്. നല്ല മധുരമുള്ള മുന്തിരിക്കുലയില്‍ ഏതാണ് ഏറ്റവും മധുരമുള്ളതെന്ന് ചോദിക്കും പോലെയാണത്. മൂപ്പരുടെ പാട്ടുകളില്‍ ഏതാണ് നമ്മളെ ആകര്‍ഷിക്കാത്തത്. എല്ലാ പാട്ടുകളും എനിക്ക് പ്രിയങ്കരങ്ങള്‍ തന്നെ. എങ്കിലും ചില പാട്ടുകള്‍ എന്‍റെ ജീവിതത്തോട് ഒട്ടിനില്‍ക്കുന്നവയാണെന്ന് തോന്നാറുണ്ട്. അങ്ങനെ പ്രിയപ്പെട്ട പാട്ടാണ് സുബൈദ എന്ന സിനിമക്ക് വേണ്ടി ഭാസ്കരന്‍ മാസ്റ്റര്‍ എഴുതി ബാബുക്ക തന്നെ പാടിയ
പൊട്ടിത്തകര്‍ന്ന കിനാവിന്‍റെ മയ്യിത്ത്
കെട്ടിപ്പിടിച്ച് കരയുന്ന പെണ്ണേ...
കെട്ടുകഴിഞ്ഞ വിളക്കിന്‍ കരിന്തിരി
കെട്ടിപ്പിടിച്ചു കരയുന്നതെന്തേ...
എന്ന ഗാനം.
ഈ പാട്ട് ഞങ്ങളുടെ ജീവിതത്തിന്‍റെ നിയോഗങ്ങളായിരുന്നു. സ്നേഹിച്ചും കണ്ടും മതിയാകും മുമ്പേ മൂപ്പർ എന്നെയും മക്കളെയും വീട്ടുപോയി. ബാബുക്കയായിരുന്നു ഞങ്ങളുടെ വിളക്ക്. അത് പ്രതീക്ഷിക്കാതെ ഒരു നാള്‍ അണഞ്ഞുപോയി. ബാബുക്കാന്‍റെ ഏറ്റവും പ്രിയപ്പെട്ട മകളായ സാബിറക്കും എന്‍റെ വിധി തന്നെയായിരുന്നു. അവളുടെ പുതിയാപ്പിള ഇബ്രാഹിം ഇരുപത്തെട്ടാം വയസിലാണ് മരണപ്പെട്ടത്. ബാബുക്കാക്ക് ഏറ്റവും പ്രിയപ്പെട്ട മരുമകനായിരുന്നു ഇബ്രാഹിം. ഫറൂക്ക് കോളജില്‍ പഠിക്കുമ്പോഴാണ് വിവാഹാലോചന വരുന്നത്.
ഏറെക്കഴിയാതെ വിവാവും നടന്നു. ഇബ്രാഹിമിന്‍റെ ബാപ്പ മദിരാശിയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. അവനും അവിടെയായിരുന്നു. ഗള്‍ഫില്‍ പോകണമെന്ന് വലിയ ആശയായിരുന്നു ഇബ്രാഹിമിന്. അവിടെ എത്തി രണ്ട് വര്‍ഷം തികയും മുമ്പ് അവന്‍റെ ജീവനറ്റ ശരീരമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. ഏഴു വര്‍ഷം മാത്രം നീണ്ടുനിന്ന ദാമ്പത്യം. ഈ പാട്ടിന്‍റെ വരികള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോഴും എന്‍റെ കണ്ണ് നിറഞ്ഞൊഴുകും.|
പരീക്ഷക്ക് വേണ്ടി ഭാസ്കരന്‍ മാസ്റ്റര്‍ എഴുതി യേശുദാസ് പാടിയ
പ്രാണസഖി ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍
ഗാനലോക വീഥികളില്‍
വേണുവൂതുമാട്ടിടയന്‍
എങ്കിലുമെന്നോമലാള്‍ക്ക്
താമസിക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു
താജ്മഹല്‍ ഞാനുയര്‍ത്താം
ബാബുക്കാന്‍റെ ജീവിതം തന്നെയാണ് ഈ വരികള്‍. മൂപ്പരുടെ മരണ ശേഷം കണ്ണീരോടെയല്ലാതെ ഈ പാട്ട് കേട്ട് ഞാന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ദു:ഖം നിറഞ്ഞ വരികളാണെനിക്ക് ബാബുക്കയുടെ പാട്ടുകളില്‍ പ്രിയപ്പെട്ടവയേറെയും. ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടവയാണെന്ന് വിചാരിക്കുന്നതു കൊണ്ടാകാം അത്. അങ്ങനെയുള്ള മറ്റൊരു ഗാനമാണ്. ദ്വീപിലെ
കണ്ണീരിന്‍ മഴയത്തും
നെടുവീര്‍പ്പിന്‍ കാറ്റത്തും
കരളേ ഞാന്‍ നിന്നെയും കാത്തിരിക്കും
ഖബറിന്നടിയിലും കാത്തിരിക്കും എന്നത്.
ഇതേ പോലെ മറ്റൊരു ഗാനമുണ്ട്. മനസ്വിനി എന്ന ചിത്രത്തിന് വേണ്ടി ഭാസ്കരന്‍ മാസ്റ്റര്‍ എഴുതിയത്.
കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍
ഇന്നുനിന്‍റെ മന്ദിരത്തില്‍ സുന്ദരമാം ഗോപുരത്തില്‍...
ഭാര്‍ഗവീനിലയത്തില്‍ ഭാസ്കരന്‍ മാസ്റ്ററുടെ രചനയായ
താമസമെന്തേ വരുവാന്‍
പ്രാണസഖീയെന്‍റെ മുന്നില്‍
താമസമെന്തേയണയാന്‍
പ്രേമമയീ എന്‍റെ കണ്ണില്‍
എന്ന പാട്ടും ഞാന്‍ ഖല്‍ബിനോട് ചേര്‍ത്തുവെക്കുന്നു.
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച "ബാബുക്ക" എന്ന പുസ്തകത്തില്‍ നിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.