ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങൾ
text_fieldsമലയാള ചലച്ചിത്ര സംഗീതത്തിൽ സ്വകീയമായ ശൈലീവൈവിധ്യം കൊണ്ട് ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സാമുവൽ ജോസഫ് എന്ന ശ്യാം. മലയാളത്തിൽ എൺപതുകളായിരുന്നു ശ്യാമിന്റെ പാട്ടുകാലം. സ്വരങ്ങളിലൂടെയുള്ള സ്നേഹസ്പർശമാണ് ശ്യാമിന്റെ ഈണം. പാട്ട്, ശ്യാമിന്റെ സംഗീതത്തിൽ അനുപമ വിരുന്നായി മാറി. ചലച്ചിത്ര സന്ദർഭങ്ങളുടെ പരിമിത വൃത്തങ്ങളിൽനിന്ന് പാട്ടിനെ ഈണത്തിന്റെയും താളത്തിന്റെയും ബഹുവർണ സീമകളിലേക്ക് നയിച്ചു ശ്യാം. ശ്യാമിന്റെ ഗാനങ്ങളുടെ സൗന്ദര്യം അതിലുള്ള ഈണത്തിന്റെ അനുഭൂതി സാന്ദ്രതയാണ്. അത് പലപ്പോഴും പ്രേമത്തിന്റെ ഭാഷയിൽ പ്രവർത്തിക്കുന്നു. അതിലൊരു ഈണത്തിന്റെ സൂക്ഷ്മമായ ചേർച്ചയുണ്ട്. ഈണത്തെ താളത്തിൽനിന്ന് വേർതിരിക്കാനാവാത്തത്ര മാത്രമുള്ള അവിഭാജ്യത. ചലനാവേശം നിറഞ്ഞ ഒരു കാൽപനിക ഈണത്തിന്റെ ഉത്സവമാണ് ശ്യാമിന്റെ പാട്ടുകളുടെ അന്തരംഗം.
രാഗത്തിന്റെ ഹൃദയഭാഗമെടുത്ത് ഓർക്കസ്ട്രേഷനിൽ ലയിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അപൂർവാനുഭൂതിയാണ് ശ്യാമ സംഗീതത്തിന്റെ സൗന്ദര്യസാകല്യം. വെസ്റ്റേൺ കോഡ് സമ്പ്രദായത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ജനപ്രിയ സംഗീതത്തിന്റെ കാൽപനിക ധാരയായിരുന്നു ശ്യാമിന്റെ സംഗീതം. സംഗീത വൈവിധ്യം സ്വീകരിക്കുമ്പോൾ തന്നെ അവയെ സ്വകീയമായി വ്യാഖ്യാനിക്കുകയായിരുന്നു ശ്യാം. ദേവരാജനും ബാബുരാജും രാഘവനും ദക്ഷിണാമൂർത്തിയും ചേർത്ത് നിർമിച്ചെടുത്ത ക്ലാസിക് യുഗത്തിന്റെ അസ്തമനകാലത്താണ് ശ്യാം മലയാള ചലച്ചിത്ര സംഗീത വേദിയിലേക്ക് കടന്നുവരുന്നത്. കാൽപനികവും പാശ്ചാത്യവും നാടോടി പ്രകൃതവുമായ ഒട്ടേറെ ഈണങ്ങളുടെ പരികൽപനകൾ ശ്യാമിന്റെ സംഗീത പരിസരത്തെ ആകർഷകമാക്കുന്നു. വയലിനിസ്റ്റായി സിനിമാ ജീവിതത്തിലേക്ക് പ്രവേശിച്ച ശ്യാം എം.എസ്.വിയുടെയും സലീൽദായുടെയും ഓർക്കസ്ട്രേഷൻ സഹായി കൂടിയായിരുന്നു. ‘മാന്യശ്രീ വിശ്വാമിത്രൻ’ എന്ന ചിത്രത്തിലായിരുന്നു മലയാളത്തിൽ ശ്യാമിന്റെ അരങ്ങേറ്റം. മലയാളത്തിൽ അതുവരെ കേൾക്കാത്ത ഒരു സംഗീത ശൈലിയായിരുന്നു നാം ആ സിനിമയിൽ കേട്ടത്. ‘ഹാ സംഗീത മധുരലയം’, ‘കേട്ടില്ലേ കോട്ടയത്തൊരു’, ‘കനവു നെയ്ത’ എന്നിങ്ങനെ ഭാസ്കരൻ മാഷിന്റെ വരികൾക്ക് ശ്യാം ഈണം പകർന്നു.
ഈണത്തിനനുസരിച്ച് അതുവരെ അധികം പാട്ടുകൾ എഴുതാത്ത ഭാസ്കരൻ മാഷ് ശ്യാമിനുവേണ്ടി വരികൾ എഴുതിയത്, ശ്രദ്ധേയമായി. ‘തൃഷ്ണ’യിൽ ‘ശ്രുതിയിൽ നിന്നുയരും’, ‘മൈനാകം’ എന്നീ ഗാനങ്ങളായിരുന്നു ശ്യാമിനെ പ്രശസ്തനാക്കിയത്. മെലഡിയുടെ ശ്യാമവസന്തത്തിന്റെ തുടക്കമായിരുന്നു അത്. മധുരതരമായ ഈണശലഭങ്ങൾ മനസ്സിന്റെ ഉപവനങ്ങളിൽ പറന്നുവന്നു. ബിച്ചു തിരുമലയും ശ്യാമും തമ്മിലുള്ള സമാഗമത്തിന് അതാരംഭം കുറിച്ചു. ആളുകളുടെ മനസ്സിൽ നിറയെ പൂത്തുവിടർന്നു ആസ്വാദനപ്പൂച്ചെണ്ടുകൾ. മധുരക്കിനാവിന്റെ ലഹരിയുണ്ടായിരുന്നു ശ്യാമിന്റെ ഗാനങ്ങൾക്ക്. ബിച്ചുവും ശ്യാമും ചേർന്ന എത്രയെത്ര ഗാനങ്ങളാണ് ആളുകൾ ഇന്നും മൂളുന്നത്. പാട്ടിലൂടെ പടരുന്ന ഒരു വശീകരണം (enticement) ആയിരുന്നു അത്. ‘കണ്ണും കണ്ണും’, ‘കണ്ണാന്തളിയും’, ‘കസ്തൂരിമാൻ കുരുന്നേ’, ‘പാവാടവേണം’, ‘വെള്ളാരംകുന്നിൻമേലേ’, ‘കന്നിപ്പളുങ്കേ’ (ഒപ്പനയനുഭവം), ‘ചെല്ലക്കുട്ടി ചിന്നുക്കുട്ടി’ (ക്രോമാറ്റിക് പ്രോഗ്രഷൻ), ‘നളദമയന്തി’ (നാദസ്വരത്തിന്റെ നലമെഴും പ്രയോഗങ്ങൾ), ‘പരിശുദ്ധ ഗീതങ്ങൾ’ (എൻ മനോഫലകങ്ങളിൽ -പാടുമ്പോൾ കണ്ണീർ തടഞ്ഞ് യേശുദാസ് പതിമൂന്ന് ടേക്കുകൾ എടുത്തുപാടിയ ഗാനം) അങ്ങനെ എത്രയോ ഗാനങ്ങൾ. ഹൃദയത്തോട് ചേർന്നുനിൽക്കുന്ന രാഗമാണ് ശ്യാമിന്റേത്. എളുപ്പത്തിൽ കേൾവിക്കാരുമായി അതിന് കൂട്ടുകൂടാനാകുന്നു. ശ്രീകുമാരൻ തമ്പി-ശ്യാം ടീമിന്റെ പാട്ടുകളിൽ ഏറ്റവും ശ്രദ്ധേയമായത് ‘സന്ധ്യ തന്നമ്പലത്തിൽ’ ആണ്. ഇരുവരുമൊന്നിച്ച ‘കാലം തെളിഞ്ഞു’ എന്ന പാട്ടിൽ സംഘഗാന ശ്രുതിയും ‘അന്തരംഗം ഒരു ചെന്താമര’ എന്ന ഗാനത്തിൽ ശാസ്ത്രീയ സംഗീതശൈലിയും ‘പരിമളക്കുളിർ വാരിച്ചൂടിയ’ എന്ന പാട്ടിൽ മാപ്പിളപ്പാട്ട് രീതിയും എല്ലാം നാമനുഭവിച്ചറിഞ്ഞതാണ്. ചർച്ച് ഓറിയന്റായ സംഗീതത്തിൽനിന്നും പിയാനോവിന്റെ ശ്രുതിലയങ്ങളിൽനിന്നും വയലിന്റെ നാദസൗഖ്യത്തിൽ നിന്നുമെല്ലാം വിടർന്നു വിലസിയ പുഷ്പങ്ങളായിരുന്നു ശ്യാമിന്റെ ഗാനങ്ങൾ’ എന്നാണ് ശ്രീകുമാരൻ തമ്പിയുടെ നിരീക്ഷണം. ശ്യാമും യൂസഫലി കേച്ചേരിയും ചേർന്നുണ്ടാക്കിയ മാപ്പിളപ്പാട്ടിന്റെ ചന്തമുള്ള ‘അമ്പിളി മണവാട്ടി’ അതിന്റെ നിർമിതിയിൽ സവിശേഷമാകുന്നത് മൂന്നു മതക്കാരുടെ വിവാഹ സംബന്ധിയായ സംഗീത പരിചരണങ്ങൾ അതിലുള്ളതിനാലാണ്. സാരള്യത്തിൽ അതീവ ശ്രദ്ധപുലർത്തുന്ന സംഗീത ശൈലിയാണ് ശ്യാമിന്റേത്. വൈവിധ്യമാർന്ന എല്ലാ സംഗീത ശൈലികളെയും ശ്യാം പാട്ടിൽ പരീക്ഷിക്കുന്നുണ്ട്. വെസ്റ്റേൺ കോഡ് സമ്പ്രദായത്തിൽ തീർത്ത ‘രാവുറങ്ങി’, ‘പകലിന്റെ വിരിമാറിൽ’ എന്നിവ ശ്യാമിന്റെ എടുത്തുപറയേണ്ട ഗാനങ്ങൾ ആണ്. അതേസമയം, പാശ്ചാത്യ സംഗീത രീതികൾക്കപ്പുറം നാടോടി സ്പർശമുള്ള ഗാനങ്ങളും ശ്യാം ഒരുക്കിയിട്ടുണ്ട്. ‘കറുകറുത്തൊരു’, ‘കാട്ടുക്കുറിഞ്ഞി’, ‘ഇന്നലെ പുഞ്ചവയൽ’ എന്നിവയൊക്കെ ശ്യാം ഗാനങ്ങളിൽ പ്രധാനങ്ങളാണ്. എൺപതുകളിലെ ഹിറ്റുകളിൽ അധികവും ശ്യാം സംഗീതം നിർവഹിച്ചവയായിരുന്നു. ‘രാപ്പാടിതൻ’, വൈശാഖ സന്ധേ്യ’, ‘ഹൃദയ വനിയിലെ’, ‘ഓർമതൻ വാസന്ത’, ‘ഒരു മഞ്ഞുതുള്ളിയിൽ’, ‘ഒരു കിളി ഇരുകിളി’, ‘കരകാണാക്കടലലമേലേ’, ‘ഹൃദയം കൊണ്ടെഴുതിയ കവിത’, അങ്ങനെ നീണ്ടുപോകുന്ന ആ ഗാനനിരകൾ. ഓർക്കസ്ട്രേഷനിൽ പുലർത്തുന്ന പുതുമയാണ് ശ്യാമിനെ മറ്റുള്ളവരിൽനിന്ന് വേറിട്ടുനിർത്തുന്നത്.
‘നിഴലായ് ഒഴുകിവരും’ എന്ന പാട്ടിലെ യക്ഷി സാന്നിധ്യം, ‘കാത്തിരിപ്പൂ’ (ഇടയ്ക്ക കൂടുതൽ ഉപയോഗിച്ച ഗാനം) റൊമാന്റിക് കഥകൾ പറഞ്ഞ ‘ലവ്സ്റ്റോറി’യിലെയും ‘ഡെയ്സി’യിലെയും പാട്ടുകളിലെ വയലിൻ ബിറ്റുകൾ, ‘നായകാ പാലകാ’ എന്ന ഭക്തിഗാനത്തിലെ കോറസുകൾ. ഇങ്ങനെ വ്യത്യസ്തമാകുന്നു ശ്യാം സംഗീതം. ചുനക്കരയുമായി ചേർന്നാണ് ശ്യാം കൂടുതൽ ഹിറ്റുകൾ സൃഷ്ടിച്ചത്. ‘സിന്ദൂരത്തിലകവുമായ്’ ‘ധനുമാസക്കാറ്റേ’, ‘മുല്ലവള്ളിക്കുടിലിൽ’, ‘ശരത്കാല സന്ധ്യ’, ‘പാതിരാത്താരമേ’, ‘ചന്ദക്കുറിയുമായി’, ‘ശ്യാമമേഘമേ നീ’... അങ്ങനെ ഒരുപാട് പാട്ടുകൾ. ഒ.എൻ.വിയുമായി ചേർന്ന് ശ്യാം സംഗീതം നിർവഹിച്ച പാട്ടുകൾ ഭാവഗീതങ്ങളോടൊത്തു നിൽക്കുന്നുണ്ട്. വരികൾ എഴുതി സംഗീതം ചെയ്തവയായിരുന്നു അവയിൽ ഭൂരിഭാഗവും. കാവ്യാംശം ചോരാതെയുള്ള ഈണങ്ങളായിരുന്നു അവയെല്ലാം. ‘ഒരു മഞ്ഞുതുള്ളിയിൽ നീലവാനം’ എന്ന ഗാനം പ്രണയത്തിന്റെ വ്യത്യസ്തമായൊരു ജാലകം തുറക്കുന്നു. ‘ഇടനെഞ്ചിൽ മധുരമാം കുളിർനാദം കേൾക്കവേ, ഇവിടെ നിൻകൂട്ടിലെ മൈന പാടിയേ’ എന്നിങ്ങനെ പദങ്ങളിലെ സംഗീതത്തെ ശ്യാം, ഈണത്തിന്റെ സൗമ്യതയിൽ ലയിപ്പിക്കുകയായിരുന്നു. ‘തൊഴുതുമടങ്ങും’, ‘കറുത്ത തോണിക്കാരാ’, ‘പൂവുള്ള മേ കാണാൻ’, ‘തങ്കസൂര്യത്തിടമ്പാരോ’... ഇങ്ങനെ ഒ.എൻ.വിയുടെ വരികളെ ഹൃദയം തൊട്ടുഴിഞ്ഞ് സുന്ദരമാക്കി ശ്യാം എന്നതാണ് ചരിത്രം. ‘അക്ഷരങ്ങൾ’ എന്ന ചിത്രത്തിലെ ‘അലസതാ വിലസിതാ’ എന്ന പാട്ടിൽ കോറൽ ഹാർമണിയുടെ സാധ്യതകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാവാലവുമൊത്ത് ശ്യാം നിർമിച്ച ഗാനങ്ങൾ നാടോടി വാങ്മയങ്ങളെ വെസ്റ്റേൺ സംഗീതത്തിന്റെ വർണമട്ടുകൾ ഉപയോഗിച്ച് വിളക്കിച്ചേർക്കുന്ന പാട്ടുപദ്ധതിയിൽ പെടുന്നുണ്ട്. ‘കായാമ്പൂ കോർത്തുതരും, ‘മൂടൽമഞ്ഞിൽ മൂവന്തി’, ആച്ചാമരം ചാച്ചാമരം (ആഫ്രിക്കൻ പാട്ടിൽനിന്ന് പുനഃസൃഷ്ടിച്ചത്), അല്ലിമലർ (ആൾക്കൂട്ടത്തിൽ തനിയേ) -അങ്ങനെ വായ്ത്താരിപോലെ സുന്ദരമായ വരികൾക്ക് നേർത്ത ഈണം ചാർത്തിക്കൊടുക്കുകയായിരുന്നു ശ്യാം. പൂവച്ചൽ ഖാദർ-ശ്യാം സമാഗമത്തിൽ നിരവധി പാട്ടുകളുണ്ട് ‘മലയാളത്തിൽ. ഇതിലേ ഏകനായി’, ‘ഒരു ചിരി കാണാൻ’, ‘എന്റെ വിണ്ണിൽ വിടരും’, ‘പൂമാനമേ’, ‘വാസരം’ തുടങ്ങി ‘കന്നിപ്പുന്നാരക്കിളിയേ’, ‘അരയന്നപ്പിടയൊന്നെൻ’- അങ്ങനെ അത്രയും ജനകീയമായ നിരവധി ഗാനങ്ങൾ. ‘ആരോമലേ നിലാവിൽ’ (പുതിയങ്കം മുരളി), ‘ആകാശ ഗംഗയിൽ വർണങ്ങളാൽ’ (ബിച്ചുതിരുമല), ‘ഏതോ വസന്തനിശ്വാസമോ’ (കെ. ജയകുമാർ) എന്നിങ്ങനെ മെലഡികളുടെ ശ്യാമകാലം നമുക്കുണ്ടായിരുന്നു. മലയാളത്തിൽ ഉണ്ണിമേനോനും കൃഷ്ണചന്ദ്രനും കൂടുതൽ പാട്ടവസരങ്ങൾ നൽകിയത് ശ്യാമായിരുന്നു. പ്രണയത്തിന്റെ തരംഗലീലകളുടെ തീവ്രാവിഷ്കാരമായിരുന്നു ശ്യാമിന്റെ ഗാനങ്ങൾ.
ഈണത്തെ വിസ്തൃതയാക്കുന്ന ഓർക്കസ്ട്രേഷൻ, ശ്യാമിന്റെ ഗാനങ്ങൾക്ക് ആസ്വാദനത്തിന്റെ വശ്യഭൂമികയൊരുക്കുന്നു. മെലഡിയും റിഥവും ഗാഢാശ്ലേഷത്തിൽ ഒന്നാവുന്ന പാട്ടിന്റെ ഒരു ഭാവപ്രദേശമാണ് ശ്യാമസംഗീതം. ശ്യാം ഇവിടെ അവശേഷിപ്പിച്ച വെസ്റ്റേൺ സംഗീത മധുരിമകൾ പാരമ്പര്യത്തിലും സമകാലികതയിലും ഒരുപോലെ നിലനിൽക്കുന്നു. ശ്യാമിന്റെ ഗാനങ്ങൾ പ്രത്യാശാഭരിതമായ സങ്കൽപങ്ങളിലേക്ക് നമ്മെ നയിക്കുന്നു. മലയാള ഗാനങ്ങളിൽ പ്രണയത്തിന്റെ പാശ്ചാത്യവും കാൽപനികവുമായ സൗന്ദര്യബോധം രൂപപ്പെടുത്തിയത് ഒരുപക്ഷേ, ശ്യാം ആയിരുന്നു. വയലിനിൽ മുഗ്ധമാകുന്ന ഈണത്തിന്റെ വികാരപരമായ ആവിഷ്കാരങ്ങളായിരുന്നു ശ്യാമിന്റെ ഗീതികൾ. അവയിൽ വിലോലതയുടെയും അതിഭാവുകത്വത്തിന്റെയുമൊക്കെ പുനർഭാവനകൾ ഉണ്ടായിരുന്നു. ഭാവഗീതാത്മക കാൽപനികതയുടെ നേർവിപരീതമെന്ന് വിളിക്കാവുന്ന ഒന്നായിരുന്നു അത്. വരികളിൽ ഈണമിടുമ്പോൾ മാത്രം അത്തരം ഭാവുകത്വം ശ്യാമിൽ കടന്നുവന്നു. എന്നാൽ, ഉപകരണ സംഗീത സ്വരൂപത്തിൽ ഒരു പാട്ടിനെ എങ്ങനെ സൗന്ദര്യ ഭദ്രമാക്കാം എന്നത് ശ്യാം തന്റെ ഗാനങ്ങളിൽ കാണിച്ചുതന്നു. ഇത് സലിൽ ചൗധരിയുടെ ശൈലികളിൽനിന്ന് വ്യത്യസ്തപ്രദമായിരുന്നു. സി.ബി.ഐ ഒരു ഡയറിക്കുറിപ്പിലെ തീം മ്യൂസിക് ശ്യാമിന്റെ ഭാവനയിൽ, സാർഥകമായത് നാമനുഭവിച്ചറിഞ്ഞവരാണ്. അതിൽ ഉപയോഗിച്ച ‘വിക്ടറി നോട്ടുകൾ’ അത്രക്കും ശ്രദ്ധേയമായിരുന്നു. ‘സന്ധ്യമയങ്ങും നേര’ത്തിലെ മർഡർ സീക്വൻസ്, ന്യൂഡൽഹി, തുഷാരം എന്നീ സിനിമകളിലെ റീ റെക്കോഡിങ് എന്നിവയെല്ലാം ശ്യാമിന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലുകളാണ്.
പത്തു വർഷക്കാലം അഞ്ഞൂറിലേറെ ഗാനങ്ങൾ മലയാളത്തിന് സംഭാവന ചെയ്ത ശ്യാം ഇപ്പോൾ ഭക്തിയും ആത്മീയതയും നിറഞ്ഞ സംഗീത ലോകത്ത് സജീവമാണ്. ക്രിസ്ത്യൻ കൾചറൽ അക്കാദമിയുടെ ചാരിറ്റബിൾ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. ‘ജനങ്ങളുടെ ആസ്വാദ്യത മാത്രമാണ് എന്റെ സംഗീതത്തിന്റെ കാതൽ’ -ശ്യാം പറയുന്നു. വെസ്റ്റേൺ സംഗീതത്തിന്റെയും ക്ലാസിക്കൽ സംഗീതത്തിന്റെയും ചേരുവകൾ പ്രത്യേക അനുപാതത്തിൽ ശ്യാം തന്റെ ഗാനങ്ങളിൽ വിദഗ്ധമായി സംയോജിപ്പിച്ചു. പുതുതലമുറയെയും ആകർഷിച്ചുകൊണ്ട് ഈ ഗാനങ്ങൾ ഇന്നും നിലനിൽക്കുന്നത് അതിനാലാണ്. അതുതന്നെയാണ് ആ ഗാനങ്ങളുടെ വിജയവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.