Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightഒരേ തുടക്കം ഗാനം...

ഒരേ തുടക്കം ഗാനം വ്യത്യസ്തം

text_fields
bookmark_border
ഒരേ തുടക്കം ഗാനം വ്യത്യസ്തം
cancel

ഒരേ വാക്കിലോ വരിയിലോ തുടങ്ങുന്ന നിരവധി പാട്ടുകളുണ്ട് മലയാളത്തിൽ. അവയിൽ ചിലത് മറ്റൊന്നിന്റെ പ്രഭാവത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയിരിക്കാം. ഒരേപോലെ പാടിപ്പതിഞ്ഞവയുമുണ്ട്. അത്തരം ചില പാട്ടുകളിലൂടെ...

പഴയ ചലച്ചിത്രഗാനങ്ങൾ ശേഖരിക്കാൻ തുടങ്ങിയ എൺപതുകളുടെ അവസാനം. പി. ഭാസ്കരൻ മാഷുടെ സിനിമാപാട്ടുകളുടെ സമാഹാരത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ‘മധുരിക്കും ഓർമക​ളേ...’ എന്നൊരു ഗാനം കാണുന്നത്. ലേഡി ഡോക്ടർ എന്ന സിനിമയിലേതാണ്. പാടിയത് കമുകറ പുരുഷോത്തമൻ. സംഗീതം വി. ദക്ഷിണാമൂർത്തി. ആദ്യമായായിരുന്നു ഇങ്ങനെയൊരു ‘മധുരിക്കും ഓർമകളെ’ കുറിച്ച് അറിയുന്നത്. ‘മധുരിക്കും ഓർമകളേ...’ എന്നാൽ ഏതൊരു സംഗീതപ്രേമിക്കും അത് സി.ഒ. ആന്റോ പാടിയ പ്രശസ്ത നാടകഗാനമാണ്.

‘‘മധുരിക്കും ഓർമകളേ

മലർമഞ്ചൽ കൊണ്ടുവരൂ

കൊണ്ടുപോകൂ ഞങ്ങളെയാ

മാഞ്ചുവട്ടിൽ... മാഞ്ചുവട്ടിൽ.’’

വി. ദക്ഷിണാമൂർത്തി, ജി. ദേവരാജൻ

ജനനീ ജന്മഭൂമി എന്ന നാടകത്തിനുവേണ്ടി ഒ.എൻ.വി. കുറുപ്പ് എഴുതി ജി. ദേവരാജൻ ഈണമൊരുക്കിയ ഗാനത്തിലെ വരികൾ ബാല്യകാലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. യൂട്യൂബിലൂടെ ഒന്നര മില്യണിലധികം ആളുകൾ ഇതിനകം ഓർമകളുടെ മധുരം നുകർന്നുകഴിഞ്ഞു എന്നറിയുമ്പോൾ ഈ പാട്ടിന്റെ സ്വീകാര്യത മനസ്സിലാക്കാം.

പറഞ്ഞുതുടങ്ങിയത് ‘ലേഡി ഡോക്ടറി’ലെ ‘മധുരിക്കും ഓർമകളെ’ കുറിച്ചാണല്ലോ. ആകാശവാണിയിലൂടെ കേൾക്കാത്തതിനാൽ ഈ പാട്ട് ഒട്ടും പരിചിതമായിരുന്നില്ല. അക്കാലത്ത് ആകാശവാണിയായിരുന്നല്ലോ പാട്ടുകൾ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നത്. ലേഡി ഡോക്ടർ പ്രദർശനത്തിനെത്തിയ 1967ൽ ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. അതുകൊണ്ടുതന്നെ സിനിമയിലൂടെ പാട്ടു കേൾക്കാനുള്ള അവസരവുമുണ്ടായില്ല.

‘‘മധുരിക്കും ഓർമകളേ

പ്രേമ യമുനയിൽ

അലതല്ലും ഓളങ്ങളേ...’’

എന്നു തുടങ്ങുന്ന വരികൾ കണ്ടപ്പോൾ ഗാനം കേൾക്കാനുള്ള ആഗ്രഹം മനസ്സിലുദിച്ചു. അപ്പോഴാണ് ആകാശവാണിയെ ഓർത്തത്. അവിടെ പാട്ടിന്റെ ഗ്രാമഫോൺ റെക്കോഡ് ഉണ്ടാകും. എപ്പോഴെങ്കിലും അവർ വെച്ചിട്ടുമുണ്ടാകും. ഞാൻ കേൾക്കാത്തതായിരിക്കും. ആകാശവാണിയിൽ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. അപൂർവ സിനിമാഗാനങ്ങൾ തിരഞ്ഞെടുത്ത് ശ്രോതാക്കാളെ കേൾപ്പിക്കാൻ താൽപര്യം കാണിച്ചിരുന്ന കെ.ആർ. ചാർളി. അന്ന് പ്രോഗ്രാം അനൗൺസറാണ് അദ്ദേഹം.

വ്യാഴാഴ്ചകളിൽ 10.30ന് ‘മധുരസ്മരണകൾ’ എന്ന പേരിൽ പഴയ ഗാനങ്ങൾ മാത്രം കേൾപ്പിക്കുന്ന ചലച്ചിത്രഗാന പരിപാടി ആകാശവാണി തൃശൂർ നിലയം അവതരിപ്പിച്ചിരുന്നു. അര മണിക്കൂറാണ് ദൈർഘ്യം. എട്ടോ ഒമ്പതോ പാട്ടുകളാണ് ഉണ്ടാവുക. ഈ ഗാനമടക്കം എന്റെ ശേഖരത്തിലില്ലാത്ത ഒമ്പതു ഗാനങ്ങൾ മധുരസ്മരണകളിലൂടെ കേൾപ്പിക്കാനായി കാർഡിലെഴുതി സ്റ്റേഷൻ ഡയറക്ടർക്ക് അയച്ചുകൊടുത്തു. ചാർളിയെ വിളിച്ച് വിവരം പറയുകയും ചെയ്തു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടടുത്ത മധുരസ്മരണകളിൽ ഞാൻ ആവശ്യപ്പെട്ട എല്ലാ ഗാനങ്ങളും പ്രക്ഷേപണംചെയ്തു.

ബാബുരാജ്, എം.കെ. അർജുനൻ

അങ്ങനെ, കമുകറയുടെ ‘മധുരിക്കും ഓർമകളേ’ ആദ്യമായി കേൾക്കുകയായിരുന്നു.

‘‘കരയുവാൻ വെമ്പുന്ന ചുണ്ടുമായ് പാ‍തിരാ-

മലരുകൾ നിശ്ശബ്ദം നോക്കിനിൽക്കേ

പിരിയുന്ന നേരത്ത് ഞങ്ങളിൽ തിങ്ങിയ

വിരഹത്തിൻ ശോകം ഞാനോർമിക്കുന്നു’’

ഈ വരികളും ഈണവും ആലാപനവും എത്ര ഹൃദ്യമാണ്! ആകാശവാണിയിൽനിന്ന് പിന്നീട് ഈ ഗാനം കേട്ടിട്ടില്ല.

1975ൽ ഏറ്റവും ജനപ്രീതിയാർജിച്ച ഗാനമായിരുന്നു പി. സുശീല പാടിയ ‘ബിന്ദൂ നീയാനന്ദ ബിന്ദുവോ...’ ചിത്രം: ചന്ദനച്ചോല. ഗാനരചന: ഡോക്ടർ ബാലകൃഷ്ണൻ. സംഗീതം: കെ.ജെ. ജോയി. അക്കാലത്ത് ആകാശവാണിയുടെ ചലച്ചിത്രഗാന പരിപാടിയിൽ ഈ ഗാനം സ്ഥിരമായി കേൾക്കാമായിരുന്നു.

‘ബിന്ദു നീയാനന്ദ ബിന്ദു’വിന് ഒരു ശോക പതിപ്പുമുണ്ട്. അതിങ്ങനെ തുടങ്ങുന്നു:

‘‘ബിന്ദൂ... ബിന്ദൂ...

ബിന്ദൂ നീയെന്‍ ജീവബിന്ദുവോ

എന്നാത്മാവിലലിയും സ്വർഗധാരയോ

ആതിരക്കുളിരൊളി തെന്നലോ...

തെന്നലോ... തെന്നലോ...’’

ഇത് അധികം കേൾപ്പിച്ചില്ല ആകാശവാണി.

ഇതുപോലെ വളരെ വിരളമായി മാത്രം കേൾക്കാൻ വിധിക്കപ്പെട്ട മറ്റൊരു ‘ബിന്ദു’വുണ്ട്:

‘‘ബിന്ദു... ബിന്ദു...

ഒതുങ്ങിനില്‍പ്പൂ നിന്നിലൊരുല്‍ക്കട

ശോകത്തിന്‍ സിന്ധു

ബിന്ദു... ബിന്ദു.’’

ജയചന്ദ്രൻ ആലപിച്ച മികച്ച ശോകഗാനങ്ങളിലൊന്നാണിത്. ചിത്രം: പെരിയാർ, വർഷം: 1973, രചന: പി.ജെ. ആന്റണി, സംഗീതം: പി.കെ. ശിവദാസ്.

ശ്രീകുമാരൻ തമ്പി ഗാനരചയിതാവായി സിനിമയിലേക്കെത്തുന്നത് 1966ൽ മെരിലാൻഡിന്റെ ‘കാട്ടുമല്ലിക’യിലൂടെയാണല്ലോ. അതിലെ ഏറ്റവും മാധുര്യമേറിയ ഗാനമാണ്:

‘‘താമരത്തോണിയില്‍ താലോലമാടി

താനേ തുഴഞ്ഞുവരും പെണ്ണേ

താനേ തുഴഞ്ഞുവരും പെണ്ണേ

താരമ്പനനുരാഗ തങ്കത്തില്‍ തീര്‍ത്തൊരു

താരുണ്യക്കുടമല്ലെ നീ...’’

(സംഗീതം: ബാബുരാജ്, പാടിയവർ: യേശുദാസും ജാനകിയും.)

ഗ്രാമഫോൺ റെക്കോഡ്‌ പുറത്തിറങ്ങാത്തതിനാൽ സിനിമ കണ്ടവരൊഴിച്ച് മറ്റാരും കേൾക്കാതെപോയ, ‘താമരത്തോണിയിൽ’ എന്നു തുടങ്ങുന്ന മറ്റൊരു ഗാനമുണ്ട്, സത്യൻ നായകനായ ‘ചെക്ക്പോസ്റ്റ്’ എന്ന സിനിമയിൽ. കള്ളക്കടത്ത് എന്നായിരുന്നു ആദ്യ പേര്. സത്യന്റെ മരണശേഷമാണ് ചിത്രം ‘ചെക്ക്പോസ്റ്റ്’ ആയി പുറത്തിറങ്ങിയത്.

‘‘താമരത്തോണിയിൽ

പൂമണച്ചോലയിൽ

തങ്കക്കിനാവു കാണും

സങ്കല്പരാധികേ...’’

(ഗാനരചന: പി. ഭാസ്കരൻ, സംഗീതം: പി.എസ്. ദിവാകർ, പാടിയത്: യേശുദാസ്)

‘‘ലജ്ജാവതീ... ലജ്ജാവതീ...

ലജ്ജാവതീ ലജ്ജാവതീ

നിൻ മിഴികളടഞ്ഞൂ...

രത്നാധരത്തിൽ പൂമൊട്ടു വിരിഞ്ഞൂ...’’

ശ്രദ്ധേയമായ ഈ ഗാനം 1975ൽ പുറത്തിറങ്ങിയ പുലിവാൽ എന്ന സിനിമയിലേതാണ്. രചന: ശ്രീകുമാരൻതമ്പി, സംഗീതം: എം.കെ. അർജുനൻ, പാടിയത്: യേശുദാസ്.

1977 പുറത്തിറങ്ങിയ ‘ശുക്രദശ’യിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ മറ്റൊരു ‘ലജ്ജാവതി’യുണ്ട്. എം.കെ. അർജുനന്റെ തന്നെ ഈണം. യേശുദാസ് പാടിയ ഈ ഗാനം വേണ്ടത്ര ശ്രദ്ധ നേടാതെ പോയി. ഗാനമിങ്ങനെ:

‘‘ലജ്ജാവതി... ലജ്ജാവതി...

ലഹരി കൊളുത്തും രൂപവതി

രൂപവതി... രൂപവതി...’’

പിന്നെയൊരു ലജ്ജാവതിയെ കേട്ടത് വർഷങ്ങൾക്കുശേഷം, 2004ൽ '4 ദി പീപ്പിൾ' എന്ന സിനിമയിലൂടെയാണ്. ലജ്ജാവതീ എന്ന് വിളിച്ചും കേട്ടും മാത്രം പരിചയമുള്ള നമുക്ക് ‘‘ലജ്ജാവതിയേ...’’ എന്ന പ്രയോഗം കൈതപ്രം പറഞ്ഞുതരുകയായിരുന്നു. ജാസി ഗിഫ്റ്റ് ഈണം നൽകി പാടിയ ഈ ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഏറ്റവും കൂടുതൽ ഓഡിയോ കാസറ്റുകൾ വിറ്റഴിച്ച് ചരിത്രം സൃഷ്ടിക്കാൻ പിൻബലമായത് ജാസി ഗിഫ്റ്റിന്റെ പരുപരുത്ത ശബ്ദത്തിലുള്ള ലജ്ജാവതിയായിരുന്നു.

ഭാർഗ്ഗവീനിലയത്തിലെ ഏറെ പ്രശസ്തമായ ഗാനമാണ് എസ്. ജാനകി ആലപിച്ച

‘‘പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു

പട്ടുറുമ്മാല് കെട്ടി ഞാൻ...’’

ഗാനരചന: പി. ഭാസ്കരൻ, സംഗീതം: ബാബുരാജ്. വർഷം 1964.

പൊട്ടിത്തകർന്ന കിനാവുമായി പി. ഭാസ്കരൻ മാഷ് വീണ്ടുമെത്തി സുബൈദ എന്ന ചിത്രത്തിൽ. ഇൗണമൊരുക്കി പാടിയത് ബാബുരാജ്. വളരെയധികം ശ്രദ്ധനേടിയ ഗാനത്തിന്റെ പല്ലവി ഇങ്ങനെ:

‘‘പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്

കെട്ടിപ്പിടിച്ച് കരയുന്ന പെണ്ണേ

കെട്ടിപ്പിടിച്ച് കരയുന്ന പെണ്ണേ...’’

എം.എസ്. ബാബുരാജ് പാടുമ്പോഴുള്ള ദുഃഖത്തിന്റെ തീവ്രത മറ്റേതെങ്കിലും ഗായകൻ ആലപിച്ചാൽ കിട്ടുമോ എന്നു സംശയമാണ്.

ലോട്ടറി ടിക്കറ്റ് (1970) എന്ന സിനിമ കണ്ടവരുടെ മനസ്സിൽ മായാതെ നിൽക്കുന്ന മനോഹരമായ ഗാനമാണ്

‘‘മനോഹരി നിൻ മനോരഥത്തിൽ

മയങ്ങുന്ന മണിവർണനാരോ...’’

നായികയായ ഷീലയുടെ ചിത്രം നോക്കി, അതിലെ സൗന്ദര്യം ആസ്വദിച്ച് പ്രേംനസീർ ആലപിക്കുന്ന ആ ഗാനരംഗവും ഒരിക്കലും മറക്കാനാവില്ല.

ലോട്ടറി ടിക്കറ്റിലെ ‘മനോഹരി...’യുടെ പ്രണയപ്രഭാവം കാരണം ‘റാഗിംഗ്’ എന്ന ചിത്രത്തിലെ ‘മനോഹരി’ പെട്ടെന്നാരുടെയും ഓർമയിലേക്ക് ഓടിയെത്തുമെന്നു തോന്നുന്നില്ല.

‘‘മനോഹരീ മനോഹരീ

മയങ്ങി നിൽക്കുവതെന്തേ

പരിഭവമാണോ കോപമാണോ

അരികിൽ വരുവാൻ നാണമാണോ?’’

മനോഹരമായ വരികളും ചാരുതയാർന്ന ഈണവും ലയിച്ചുചേർന്ന ഗാനമാണിത്. യേശുദാസിന്റെ ആലാപനവും മനസ്സിൽ പ്രണയം നിറയ്ക്കും.

‘‘പെരിയാറേ പെരിയാറേ

പർവതനിരയുടെ പനിനീരേ

കുളിരും കൊണ്ട് കുണുങ്ങി നടക്കും

മലയാളിപ്പെണ്ണാണു നീ- ഒരു

മലയാളിപ്പെണ്ണാണു നീ...’’

ഈ ഗാനം കേൾക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. വയലാറിന്റെയും ദേവരാജൻ മാസ്റ്ററുടെയും ഗാനങ്ങളുടെ മുൻനിരയിലാണ് ഈ പാട്ടിന്റെ സ്ഥാനം. (പാടിയത്: എ.എം. രാജ, പി. സുശീല, വർഷം: 1962)

പെരിയാറേ എന്നു തുടങ്ങുന്ന മറ്റൊരു സിനിമാഗാനവും പുറത്തിറങ്ങിയിട്ടുണ്ട്. സിനിമയുടെ പേരും പെരിയാർ തന്നെ.

‘‘പെരിയാറേ പെരിയാറേ

കഥകള്‍ നീ പറഞ്ഞൂ

എത്ര കഥകള്‍ നീ പറഞ്ഞൂ

വീണ്ടുമീ കദനത്തിന്‍ കഥയും

പറഞ്ഞുകൊണ്ടെങ്ങോട്ടു പായുന്നു നീ

എങ്ങോട്ടു പായുന്നു നീ...’’

പി.ജെ. ആന്റണിയുടെ വരികൾക്ക് കെ.വി. ജോബ് സംഗീതം നൽകിയ ഈ ഗാനം വരികളുടെ ലയവും ഭാവവും ഒട്ടും ചോർന്നുപോകാതെ ജയചന്ദ്രൻ ഹൃദ്യമായി ആലപിച്ചിരിക്കുന്നു.

സ്വർഗം നാണിക്കുന്നു എന്ന നാടകത്തിനു വേണ്ടി വയലാർ എഴുതിയ ഗാനമാണ്:

‘‘പറന്നു പറന്നു പറന്നു ചെല്ലാൻ

പറ്റാത്ത കാടുകളിൽ

കൂടൊന്നു കൂട്ടി ഞാനൊരു

പൂമരക്കൊമ്പിൽ ആ

പൂമരക്കൊമ്പിൽ...’’

എൽ.പി.ആർ. വർമ ഈണം നൽകി അദ്ദേഹം തന്നെയാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

കമുകറ പുരുഷോത്തമനും പി. സുശീലയും ചേർന്നുപാടിയ, അധികമാരുടെയും ശ്രദ്ധയിൽപെടാതെ പോയ അതീവഹൃദ്യമായ ഒരു ഗാനമുണ്ട് ‘ശ്രീരാമ പട്ടാഭിഷേകം’ എന്ന ചിത്രത്തിൽ.

‘‘പറന്നുപറന്നു

പറന്നുപൊങ്ങും പറവകളേ

മധുപകര്‍ന്നു പകര്‍ന്നു

വിടര്‍ന്നുമിന്നും മലരുകളേ...’’

(വർഷം 1963, രചന തിരുനായിനാർകുറിച്ചി മാധവൻ നായർ, സംഗീതം ബ്രദർ ലക്ഷ്മൺ)

‘‘കണ്ണാ ആലിലക്കണ്ണാ...’’ (ദേവി കന്യാകുമാരി), ‘‘കണ്ണാ... ആരോമലുണ്ണിക്കണ്ണാ...’’, ‘‘അല്ലിമലർക്കിളി കൂടണഞ്ഞു...’’ (ചട്ടമ്പിക്കവല), ‘‘അല്ലിമലർക്കിളിമകളേ...’’ (നീലക്കണ്ണുകൾ). പഴയ കാലത്തേക്ക് സൂക്ഷ്മതയോടെ സഞ്ചരിച്ചാൽ ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയും നമുക്കു കണ്ടെത്താനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music feature
News Summary - music feature
Next Story