ഒരു സ്വപ്ന ബിന്ദുവിലൊതുക്കിയൊരുക്കി
text_fields‘ഒരു സ്വപ്ന ബിന്ദുവിലൊതുക്കിയൊരുക്കി
ഒരു പ്രേമസാമ്രാജ്യം ഓമലാളേ
ഒരു നവധാരയിലൊഴുകിയൊഴുകി
ഹൃദയരാഗം ഓമലാളേ...’
ടേപ് റെക്കോഡറിലൂടെ ഞാൻ ആദ്യമായി കേട്ട ഗാനമാണിത്. 1974ലാണ് സംഭവം. ഞാനന്ന് എട്ടാം ക്ലാസിൽ പഠിക്കുകയാണ്. എന്റെ അമ്മായിയുടെ (അച്ഛന്റെ സഹോദരി) മകൻ സുരേന്ദ്രൻ ചേട്ടൻ ഗൾഫിൽനിന്ന് വന്നപ്പോൾ കൂടെ കൂട്ടിയ ഒരു ചെറിയ ടേപ് റെക്കോഡർ ഞങ്ങളെ കാണിക്കാനായി ഒരു ദിവസം വീട്ടിലേക്ക് കൊണ്ടുവന്നു. കാസറ്റും കാസറ്റിട്ടാൽ പാട്ടു കേൾപ്പിക്കുന്ന ഉപകരണവും ആദ്യമായി കാണുകയായിരുന്നു. ‘സാനിയോ’ കമ്പനിയുടെ കാണാൻ ഭംഗിയുള്ള, ഒതുക്കമുള്ള സെറ്റായിരുന്നു അത്. ഞങ്ങൾ കൗതുകത്തോടെ പാട്ട് കേൾക്കാനിരുന്നു. ടേപ് റെക്കോഡറിൽ കാസറ്റിട്ട് പ്ലേ ബട്ടൺ അമർത്തിയപ്പോൾ പുറത്തേക്കൊഴുകുകയായി അതുവരെ കേട്ടിട്ടില്ലാത്ത അതീവ ഹൃദ്യമായ ഗാനം.
‘ഒരു സ്വപ്ന ബിന്ദുവിലൊതുക്കിയൊരുക്കി
ഒരു പ്രേമസാമ്രാജ്യം ഓമലാളെ’
അന്ന് തിരിച്ചും മറിച്ചുമിട്ട് ആ കാസറ്റിലെ പാട്ടുകൾ പലയാവർത്തി കേട്ടുവെങ്കിലും ‘ഒരു സ്വപ്ന ബിന്ദുവിലൊതുക്കിയൊരുക്കി’ എന്ന ഗാനം ഹൃദയത്തിൽ മായാതെ കിടന്നു. എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം എം.കെ. അർജുനൻ ഈണം നൽകിയതാണെന്ന് പിന്നെയും എത്രയോ കഴിഞ്ഞിട്ടാണ് അറിയുന്നത്. ഡോ. ബാലകൃഷ്ണൻ ഗാനങ്ങൾ എഴുതുമെന്നറിയുന്നതും അപ്പോഴാണ്. ഗാനരചയിതാക്കളെന്നാൽ വയലാറും പി. ഭാസ്കരനും ഒ.എൻ.വിയും ശ്രീകുമാരൻ തമ്പിയുമൊക്കെ ആയിരുന്നല്ലോ അന്നൊക്കെ ഞങ്ങൾക്ക്!
‘ഒരു സ്വപ്നബിന്ദുവിൽ’ എന്ന ഗാനത്തിന്റെ അനുപല്ലവിയിലെ വരികളും ഈണവുമാണ് കൂടുതൽ ആകർഷിച്ചത്.
‘കസ്തൂരിമാനിൻ മിഴികളിൽ ഞാനൊരു
കവിതാ തളിർലത കണ്ടു
കരളിൽ പടർത്തി തഴുകീ-
യോമനിച്ചതിനെ ഞാൻ വളർത്തി’
ഈ വരികളൊന്നു കേട്ടുനോക്കൂ. യേശുദാസിന്റെ ആലാപനത്തിന്റെ ലയവും സഞ്ചാരവും നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. നിർമാണം, സംവിധാനം, കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിൽ പ്രശസ്തനായ ഡോ. ബാലകൃഷ്ണൻ ഗാനങ്ങൾ എഴുതിയിട്ടുണ്ടെന്ന് അധികം പേർക്കും അറിയില്ല. താൻ നിർമിച്ചതോ അല്ലെങ്കിൽ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ സിനിമകളിൽ മാത്രമായിരുന്നു ഡോ. ബാലകൃഷ്ണൻ ഗാനങ്ങളെഴുതിയിരുന്നത്. അവയിൽ ഭൂരിഭാഗവും ഹിറ്റുകളായിട്ടും ഗാനരചയിതാവ് എന്ന രീതിയിലുള്ള അംഗീകാരം അദ്ദേഹത്തിന് കിട്ടിയില്ല.
ഹാസ്യത്തിന് പ്രാധാന്യം കൊടുത്തതായിരുന്നു ഡോ. ബാലകൃഷ്ണന്റെ സിനിമകൾ. 1973ൽ പുറത്തിറങ്ങിയ ‘ലേഡീസ് ഹോസ്റ്റൽ’ എന്ന ചിത്രത്തിന്റെ ഗംഭീര വിജയം പുതിയൊരു ട്രെന്റ് തന്നെ മലയാള സിനിമയിൽ ഉണ്ടാക്കി. ‘കോളജ് ഗേൾ’, ‘ചന്ദനച്ചോല’, ‘ലൗ ലെറ്റർ’, ‘മധുരം തിരുമധുരം’, ‘മധുരപ്പതിനേഴ്’, ‘കല്യാണപ്പന്തൽ’, ‘അയലത്തെ സുന്ദരി’, ‘അരങ്ങും അണിയറയും’, ‘പൂച്ചസന്യാസി’, ‘കുറുക്കന്റെ കല്യാണം’, ‘കിന്നാരം’, ‘അനുരാഗ കോടതി’, ‘വികടകവി’ തുടങ്ങിയവ അങ്ങനെ പിറന്നതാണ്. സിനിമയുടെ വിജയത്തിന് പ്രധാന ആകർഷണ ഘടകമായിരുന്നു പരസ്യങ്ങളിലെ ഡോ. ബാലകൃഷ്ണൻ എന്ന നാമധേയം.
തൃശൂർ ഫിലിംസിന്റെ ബാനറിൽ പി.ടി. മാനുവൽ നിർമിച്ച ‘വൃന്ദാവനം’ എന്ന ചലച്ചിത്രം പരാജയമായിരുന്നെങ്കിലും നല്ല ഗാനങ്ങളുണ്ടായിരുന്നു അതിൽ. ഡോ. ബാലകൃഷ്ണൻ എഴുതിയ ഗാനങ്ങളിൽ യേശുദാസ് പാടിയ ശ്രദ്ധേയമായ മറ്റൊരു ഗാനമാണ്:
‘സ്വർഗമന്ദാരപ്പൂക്കള് വിടര്‍ന്നു
സ്വർണമയൂഖക്കസവിലൊളിഞ്ഞു
ഹൃദയാക്ഷയപാത്രമിന്നാദ്യമായ്
പ്രണയസുധാവര്ഷം ചൊരിഞ്ഞു’
മനോഹരമായ ഒരു യുഗ്മഗാനം കൂടിയുണ്ട് ചിത്രത്തിൽ. പാടിയത് ജയചന്ദ്രനും സെൽമ ജോർജും.
‘പട്ടുടയാടയുടുത്തോരഴകിന്
പവിഴച്ചുണ്ടില്‍ മന്ദഹാസം
അരികെയിരിക്കും കാമദേവന്റെ
കണ്ണില്‍ കുസൃതി വിലാസലാസ്യം’
കേൾക്കാൻ ഇമ്പമുണ്ടായിട്ടും എന്തുകൊണ്ടോ ഈ ഗാനം ശ്രദ്ധിക്കപ്പെടാതെ പോയി.
എട്ടു സിനിമകളിലായി മൊത്തം ഇരുപത്തിയെട്ടു ഗാനങ്ങളേ ഡോ. ബാലകൃഷ്ണൻ എഴുതിയിട്ടുള്ളൂ.
‘കളിയല്ല കല്ല്യാണം’ (1968) എന്ന ചിത്രത്തിൽ ‘ഇതുവരെ പെണ്ണൊരു പാവം’ (എൽ.ആർ. ഈശ്വരി, ലത, ശ്രീലത) എന്ന ഗാനം എഴുതിയാണ് ഡോ. ബാലകൃഷ്ണൻ ചലച്ചിത്ര ഗാനരംഗത്തെത്തുന്നത്. ‘ലേഡീസ് ഹോസ്റ്റൽ’ എന്ന സിനിമയിൽ സംഗീതമൊരുക്കിയത് എം.എസ്. ബാബുരാജ്. അഞ്ചു ഗാനങ്ങൾ എഴുതിയത് ശ്രീകുമാരൻ തമ്പി. ഒരെണ്ണം കാർത്തികേയൻ എന്ന പേരിൽ ഡോ. ബാലകൃഷ്ണനും. അതായിരുന്നു രണ്ടാമത്തെ ഗാനം.
യേശുദാസ് ആലപിച്ച
‘മാനസവീണയില്‍ മദനന് ചിന്തിയ
മായികരാഗ മരന്ദത്തില്‍
മധുര മോഹന നിര്‍വൃതി ധാര
പുളകോദ്ഗമയായ് രാഗിണിയാടി...’
എന്ന സെമി ക്ലാസിക് ടച്ചുള്ള ഗാനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മികച്ച നിലവാരം പുലർത്തിയതായിരുന്നു, വരികൾകൊണ്ടും ഈണംകൊണ്ടും ആലാപനംകൊണ്ടും. തൊട്ടടുത്ത വർഷം പുറത്തുവന്ന ‘കോളേജ് ഗേൾ’ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും എഴുതിയത് നിർമാതാവായ ഡോ. ബാലകൃഷ്ണൻ തന്നെയായിരുന്നു. ആറു ഗാനങ്ങളിൽ അഞ്ചു ഗാനങ്ങൾ ഹിറ്റുകളായി. എ.ടി. ഉമ്മറാണ് സംഗീത സംവിധായകൻ.
‘കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ
സുന്ദരചിന്താ കന്യകളേ
ചന്ദ്രമണ്ഡല താഴ്വരയില് പൂത്ത
ചന്ദ്രമല്ലിപ്പൂവുകളേ അനുരാഗവല്ലിപ്പൂവുകളേ’ എന്ന ഗാനവും ഗാനരംഗവും സിനിമ കണ്ടവർക്ക് മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. സ്റ്റേജിൽ പാട്ടിനൊപ്പം ഡാൻസ് ചെയ്യാനെത്തിയ സുന്ദരികളെ ‘കന്യകളേ കന്യകളേ, സുന്ദരചിന്താ കന്യകളേ’ എന്ന് പുകഴ്ത്തിയാണ് ഗാനമാരംഭിക്കുന്നത്. ചന്ദ്രമണ്ഡല താഴ്വരയിൽ പൂത്ത ചന്ദ്രമല്ലിപ്പൂവുകളായി കന്യകളെ ഉപമിച്ചതും പുതുമയുള്ള ഭാവനയായി.
‘അഞ്ജനമിഴികളില്‍ ആയിരമായിരം
ആശകള്‍ പൂത്തുവിരിഞ്ഞു
തുളസീ സുരഭില ഹൃദയ കോവിലിൽ
അനുരാഗ മന്ത്രമുയർന്നു’
(പാടിയത് യേശുദാസ്, ജാനകി)
‘ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ -നിന്നെ
ചന്ദനപ്പല്ലക്കിൽ ഏറ്റിടട്ടെ
സിന്ദൂര മേഘങ്ങളുമ്മവെക്കും
എന്റെ വിണ്ണിലെ വീട്ടിൽ ഞാൻ കൊണ്ടുപോട്ടേ’ (യേശുദാസ്)
എന്നീ പ്രണയഗാനങ്ങൾ കേൾക്കുന്നവരുടെ ഹൃദയത്തിലും അനുരാഗമുണർത്തും. പി. ജയചന്ദ്രനും പി. മാധുരിയും പാടിയ സൂപ്പർഹിറ്റ് ഗാനമാണ്:
‘മുത്തിയമ്മ പോലെ വന്ന്
പുലിയെപ്പോലെ ചീറിവന്ന
പ്രിൻസിപ്പാളെ ഗോ ബാക്ക്’
ഇതുപോലെ രസകരമാണ്
‘അരികത്ത് ഞമ്മള് ബന്നാട്ടെ
തരിവള കയ്യ് പിടിച്ചോട്ടെ
പിണക്കം മറന്ന് ചിരിക്കൂലേ
ഒരു പിടി നെയ്ച്ചോറ് വെയ്ക്കൂലേ
ഒരു പിടി നെയ്ച്ചോറ് വെയ്ക്കൂലേ
(പാടിയത് യശോദ പാലയാട്)
തുടർന്നും ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഡോ. ബാലകൃഷ്ണന്റെ തൂലികയിൽ പിറന്നു.
‘നീയാനന്ദ ബിന്ദുവോ’ (ചന്ദനച്ചോല, സംഗീതം കെ.ജെ. ജോയ്, പാടിയത് പി. സുശീല), ‘ഒരു നോക്കു ദേവീ കണ്ടോട്ടെ (മധുരം തിരുമധുരം, എ.ടി. ഉമ്മർ, യേശുദാസ്), ‘കാത്തു കാത്തു കാത്തിരുന്നു കണ്ണു കുഴഞ്ഞു’ (മനസ്സൊരു മയിൽ, എ.ടി. ഉമ്മർ & ലത രാജു) തുടങ്ങിയവ ഒരു തലമുറയുടെ പ്രിയപ്പെട്ട ഗാനങ്ങളായിരുന്നു. നിർമാണം, സംവിധാനം, കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവയിലെല്ലാം തിളങ്ങിയെങ്കിലും അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ബഹുമുഖ പ്രതിഭയായിരുന്നു ഡോ. ബാലകൃഷ്ണൻ.
പിൻകുറിപ്പ്: ഡോ. ബാലകൃഷ്ണന്റെ ശിഷ്യനെന്ന് പറയാവുന്ന സത്യൻ അന്തിക്കാടിന്റെ ആദ്യകാല സിനിമകളിലെ ഹാസ്യമികവിനു പിന്നിൽ ബാലകൃഷ്ണന്റെ തൂലികയുണ്ടായിരുന്നു എന്നത് വിസ്മരിക്കാനാവില്ല. അതുപോലെ പണ്ടത്തെ പതിവുരീതിയിൽനിന്നും മലയാള സിനിമയിലെ ഹാസ്യത്തിന്റെ നിലവാരം ഉയർത്തിയതിൽ, ഡോ. ബാലകൃഷ്ണന്റെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത സിനിമകൾക്ക് നിർണായക പങ്കുണ്ട്. സത്യൻ അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കുറുക്കന്റെ കല്യാണം’. ഹരിഹരന്റേത് ‘ലേഡീസ് ഹോസ്റ്റൽ’ എന്ന സിനിമയും. രണ്ടിന്റേയും കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് ഡോ. ബാലകൃഷ്ണനാണ്.
ഡോ. ബാലകൃഷ്ണൻ നിർമിച്ച ‘ലൗ ലെറ്റർ’ എന്ന സിനിമയിലൂടെയാണ് സത്യൻ അന്തിക്കാട് ഗാനരചയിതാവാകുന്നത്. (ഗാനം: ‘സ്വർണമാലകൾ വിണ്ണിൽ വിതറും...’)
ഗുരുവിനെപ്പോലെ ശിഷ്യനും, എണ്ണത്തിൽ കുറവെങ്കിലും, എന്നെന്നും ഓർക്കാവുന്ന ഒരുപിടി മനോഹര ഗാനങ്ങൾ മലയാള സിനിമക്ക് പ്രദാനം ചെയ്തിട്ടുണ്ടല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.