കായലരികത്ത് @ 70
text_fieldsമലയാളികൾ അറിഞ്ഞു പാടുകയും അറിയാതെ മൂളുകയും കേൾക്കുമ്പോൾ താളംപിടിച്ചുപോവുകയും ചെയ്യുന്ന ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ...’ എന്ന പാട്ട് ജന ഹൃദയങ്ങൾ ഏറ്റുവാങ്ങിയിട്ട് എഴുപത് വർഷമായിരിക്കുന്നു. 1954 ഒക്ടോബർ 22നാണ് പി. ഭാസ്കരന്റെയും കെ. രാഘവൻ മാഷിന്റെയും കൂട്ടുകെട്ടിൽ, കാലത്തിനൊപ്പം സഞ്ചരിച്ച ഈ പാട്ട് ‘നീലക്കുയിൽ’ എന്ന സിനിമയിലൂടെ പെയ്തിറങ്ങിയത്. രാമു കാര്യാട്ടും പി. ഭാസ്കരനും സംവിധാനം നിർവഹിച്ച നീലക്കുയിൽ മലയാള ചലച്ചിത്ര ചരിത്രത്തിൽ നവോത്ഥാനത്തിലേക്കുള്ള കുതിപ്പ് അടയാളപ്പെടുത്തിയ സിനിമയാണ്. സിനിമയുടെ കഥയും തിരക്കഥയും ഉറൂബിന്റേത്. സിനിമ പോലെ അതിലെ പാട്ടുകളും മലയാളികൾ ഏറ്റുവാങ്ങി.
‘മാനെന്നും വിളിക്കില്ല’, ‘എല്ലാരും ചൊല്ലണ്’, ‘എങ്ങനെ നീ മറക്കും...’ തുടങ്ങി ഒമ്പത് പാട്ടുകളുള്ള സിനിമയിലെ ഏറ്റവും വലിയ ആകർഷണം ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ’ എന്ന മാപ്പിള ശീലു തന്നെയായിരുന്നു. ചായക്കടയിൽ നിന്നും വല നെയ്യുന്ന ചെറുപ്പക്കാരൻനടത്തുന്ന വളച്ചുകെട്ടില്ലാത്ത ഒരു പ്രണയാഭ്യർഥനയാണ് പാട്ടിന്റെ ഇതിവൃത്തം. അതുവരെ കേൾക്കാത്ത ശൈലിയിലും അനുഭവിക്കാത്ത ഈണത്തിലും അവതരിപ്പിക്കപ്പെട്ട മൈലാഞ്ചി മൊഞ്ചുള്ള ഈ മാപ്പിളപ്പാട്ട് കേരളീയരുടെ ചുണ്ടിൽ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി തത്തിക്കളിക്കുകയാണ്. വടക്കൻ മലബാറിലെ മാപ്പിളമാരുടെ ഭാഷാ പ്രയോഗത്തിലെഴുതിയ പാട്ടിന്റെ വരികളിൽ മുഴുവൻ കവിതയൂറി. സാധാരണക്കാരന് പരിചിതമായ പദങ്ങളും ബിംബങ്ങളും പാട്ടിനെ കൂടുതൽ ജനകീയമാക്കി. മൊയ്തു കായലരികത്ത് വലയെറിഞ്ഞതോടെ മലയാളികളുടെ സംഗീത സ്വപ്നങ്ങളിലേക്ക് മാന്ത്രിക വലയെറിയുകയായിരുന്നു യഥാർഥത്തിൽ രാഘവൻ മാഷ്.
കായലിൽ വെള്ളമെടുക്കാൻ കുടവുമായിപ്പോകുന്ന പെണ്ണിന്റെ മുന്നിൽ ഒരു കാമുകൻ ജനിക്കുകയായിരുന്നു. അവൻ നെയ്ത പ്രണയത്തിന്റെ വലയെറിഞ്ഞത് കായലിലല്ല, കായലിനരികിലാണ്. കായലിനരികത്തുള്ള ഒരു പാട് ചെറുപ്പക്കാർ വലയെറിഞ്ഞവളായിരിക്കണം ആ ഹൂറി. അക്കാര്യം നന്നായറിയുന്ന മൊയ്തു എന്ന രസികൻ, അവളുടെ കല്യാണക്കുറിയിൽ ഒരു നറുക്കിന് അവനെ കൂടി പരിഗണിക്കണേ എന്നഭ്യർഥിക്കുന്നതോടെയാണ് പാട്ടിന്റെ തുടക്കം.
കാമുകിയുടെ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന മൊഞ്ച് കാമുകന്റെ ഹൃദയത്തിലേക്കാണ് തറഞ്ഞുപോയത്. സുന്ദരിയുടെ കണ്ണേറു കൊണ്ടപ്പോൾ അവന്റെ കരളിനുരുളിയിൽ എണ്ണ കാച്ചിയതു പോലെ നൊമ്പരമുണ്ടായെന്നും പ്രണയം ഹൃദയത്തിൽ തട്ടിയപ്പോൾ ജീവിതം കയറു പൊട്ടിയ പമ്പരംപോലെ എരി പൊരി കൊണ്ടെന്നും കാമുകൻ തുടക്കത്തിൽ തന്നെ സങ്കടപ്പെടുന്നു. അങ്ങേയറ്റം മോശമായ ജീവിത പശ്ചാത്തലത്തിൽനിന്നും വരുന്നതെങ്കിലും അവളെ സ്വന്തമാക്കാൻ വല്ലാത്ത മോഹമുണ്ടവന്. അവളുടെ കൈകൊണ്ട് പാകം ചെയ്ത നെയ്ച്ചോറ് തിന്നുവാൻ പൂതിവെച്ച കാമുകൻ ആമുഖങ്ങളേതുമില്ലാതെത്തന്നെ അതവളെ അറിയിക്കുന്നു!
‘ചേറിൽനിന്നു ബളർന്നു പൊന്തിയ
ഹൂറി നിന്നുടെ കൈയിനാൽ നെയ്
ചോറു വെച്ചതു തിന്നുവാൻ
കൊതിയേറെ ഉണ്ടെൻ നെഞ്ചില്’
തീവ്ര പ്രണയത്താൽ പരവശനായ കാമുകൻ എറ്റവും സങ്കടത്തോടെ അവളെ ഓർമപ്പെടുത്തുന്നത്,
‘കുടവുമായ് പുഴക്കടവിൽ വന്നെന്നെ
തടവിലാക്കിയ പൈങ്കിളീ
ഒടുവിലീയെെന്ന സങ്കടപ്പുഴ
നടുവിലാക്കരുതിക്കനീ’
എന്നാണ്. കെട്ടാൻ താൽപര്യമില്ലെങ്കിൽ അതപ്പഴേ പറയണമെന്നും, എരിയുന്ന വെയിലത്ത് വെറുതെ നടക്കാൻ തനിക്ക് താൽപര്യമില്ലെന്നും വളച്ചുകെട്ടില്ലാതെത്തന്നെയവൻ പ്രഖ്യാപിക്കുകയാണ്.
‘വേറെയാണ് വിചാരമെങ്കില്
നേരമായത് ചൊല്ലുവാൻ
വെറുതെയെന്തിനെരിയും വെയിലത്ത്
കയിലു കുത്തി നടക്ക്ണ്...’
ഓർമയിൽനിന്നും മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിന്റെ വീണ്ടെടുപ്പ് ഈ പാട്ടിന്റെ വരികളിൽ നിറഞ്ഞു നിൽക്കുന്നു. സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ ഒരു നാട്ടുമ്പുറത്തുകാരിയോട് നടത്തുന്ന നാട്യങ്ങളില്ലാത്ത വർത്തമാനത്തിന് കാൽപനിക ഭാവങ്ങളില്ല. വടക്കേ മലബാറിലെ ഗ്രാമീണ നിഷ്കളങ്കത കാമുകന്റെ വാക്കിലും ഭാവത്തിലും നിഴലിച്ചു കാണുന്നു.
കായലരികത്തിന്റെ പാട്ടു പരിസരം ഒരു ചായക്കടയാണ്. ഒരു കാലത്തെ കേരളീയ സാമൂഹിക നവോത്ഥാന കേന്ദ്രമായി ചായക്കടകൾ നിലനിന്നിരുന്നു. കാലുകളിളകിയ ബെഞ്ചും ചായക്കറ പുരണ്ട കുപ്പി ഗ്ലാസുകളും പഴയ ചായക്കടകളുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളാണ്. അവിടെ വിവിധ മത ജാതി വിഭാഗങ്ങൾ ഒത്തുകൂടും. വാർത്താ വിനിമയത്തിന് സാധ്യതകൾ തുച്ഛമായിരുന്ന കാലത്ത് വാർത്തകൾ പരസ്പരം കൈമാറിയതും, മനുഷ്യർ തങ്ങളുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെച്ചിരുന്നതും ഇത്തരം ചായക്കടകളിൽനിന്നു കൂടിയായിരുന്നു. ‘ഭഗവതി വിലാസം’ ചായക്കടയിൽനിന്നും മൊയ്തു പാടുമ്പോൾ കടയിൽ ഒട്ടേറെ പേരുടെ സാന്നിധ്യമുണ്ട്. പാട്ടു പാടുന്ന മൊയ്തു കടയിലെ ഒരു ഭാഗത്തെ ബെഞ്ചിലിരുന്നാണ് വല നെയ്യുന്നത്. പാട്ട് അവന് ജോലിക്കിടയിലെ ഒരു വിനോദംകൂടിയാണ്. കടക്കാരൻപോലും പാട്ടിന്റെ താളത്തിൽ മതിമറക്കുന്നുണ്ട്. അമ്പതുകളിലെ കേരളീയ നാട്ടുമ്പുറത്തിന്റെ പതിവു കാഴ്ചകൾ പാട്ടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
ചായക്കടയിലേക്ക് ഒരു മുസ്ലിം സ്ത്രീ വരുന്നത് അക്കാലത്ത് സാധാരണയായി സങ്കൽപത്തിനപ്പുറത്തായിരുന്നു. പ്രത്യേകിച്ചും, അരയിൽ കുടവുമായി വള കിലുക്കിക്കൊണ്ടുള്ള അവളുടെ വരവ് സമുദായം ഒരിക്കലും പൊറുപ്പിക്കാത്തതാണ്. പാട്ടുരംഗം ചിത്രീകരിക്കുന്ന കടയിൽ ഒരു മുസ്ലിം സ്ത്രീ കടന്നു വരുന്നതിനോട് നിർമാതാവ് പരീക്കുട്ടിക്ക് നല്ല വിയോജിപ്പുണ്ടായിരുന്നെന്നും, ഭാസ്കരന്റെയും രാമു കാര്യാട്ടിന്റെയും കടുംപിടുത്തത്തിൽ എതിർപ്പ് ഇല്ലാതായതാണെന്നും പാട്ടിന്റെ ചരിത്രം പറയുന്നിടത്ത് രേഖപ്പെടുത്തിയിരിക്കുന്നു. രാഘവൻ മാഷിന്റെ സംഗീതത്തിൽ കൊച്ചിയിലെ അബ്ദുൽ ഖാദർ ഈ പാട്ടു പാടാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും ട്രയൽ പാടിയ രാഘവൻ മാഷ് തന്നെ സിനിമയിലും കായലരികത്ത് പാടണം എന്നത് നിർമാതാവ് പരീക്കുട്ടിയുടെ ശാഠ്യമായിരുന്നു.
സിനിമയുടെ വിജയത്തിന് പാട്ട് ഒരു കാലത്ത് ആവശ്യമായിരുന്നു. പാട്ടുകൾ കേൾക്കാൻകൂടി ആളുകൾ അക്കാലത്ത് സിനിമ കാണാൻ പോയി. പാട്ടെഴുതിയവനേക്കാൾ പാടിയവന്റെ പേരിൽ പാട്ടറിയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.