പാട്ടിൽ പാറുന്ന തുമ്പികൾ
text_fieldsപി.കെ. ഗോപിയുടെ പാട്ടുലോകം
ഗ്രാമ്യ സംസ്കൃതിയുടെ സങ്കൽപങ്ങൾ അളവില്ലാതെ സംക്രമിക്കുന്ന പാട്ടുകളാണ് പി.കെ. ഗോപിയുടേത്. അഭിജാതമായ നാട്ടുസംസ്കാരത്തിന്റെ അനുഭൂതി ഭൂമികയാണിത്. വിനിമയനിർഭരതകളെ ഒരേസമയം നാട്ടുസങ്കൽപങ്ങളുടെയും ക്ലാസിക്കലുകളുടെയും ധാരകളിൽ ചേർത്തിണക്കി സാക്ഷാത്കരിക്കുന്ന അപൂർവതകൾ ഈ ഗാനങ്ങളെ വേറിട്ടതാക്കുന്നു. ഗ്രാമസുഗന്ധമുള്ള ഈ ഗാനങ്ങളിൽ ഓർമകളുടെ സഞ്ചാരങ്ങളെ അടയാളപ്പെടുത്തുന്നത് അതിലുടനീളം പാറിപ്പറക്കുന്ന തുമ്പികളാണ്.
ആത്മവത്തയിലേക്കും സംസ്കാരത്തിലേക്കും ഗൃഹാതുര സൗന്ദര്യത്തിലേക്കുമൊക്കെയാണ് ഈ തുമ്പികളുടെ തുയിലുണർത്തലുകൾ. പ്രണയവും കിനാവും സംഗമിക്കുന്ന ഭ്രമണവ്യൂഹം ചമയ്ക്കുകയാണീ തുമ്പികൾ. പാട്ടിൽ വികാരങ്ങളാവിഷ്കരിക്കാനുള്ള ദൃശ്യസാധ്യതകളായി മാറുകയാണിവ. തുമ്പികളെ ആനയിക്കുന്നതിലൂടെ പാട്ടിനെ കൂടുതൽ domesticate ആക്കുകയായിരുന്നു കവി. ആടിയും പാടിയും തേടിയുമെല്ലാം പി.കെ. ഗോപിയുടെ പാട്ടുകളിൽ തുമ്പികൾ വിരുന്നിനെത്തുന്നു.
പാട്ടിൽ ചലനാത്മകതയുടെ ചന്തം ചാർത്തുകയായിരുന്നു കവി. പി.കെ. ഗോപിയുടെ ഗാനങ്ങളിൽ തുമ്പി എന്ന ചലനബിംബത്തിന്റെ ധ്വനനശേഷിയും ഭംഗിയും കൂടുതലാണ്. പാട്ടിലെ തുമ്പികൾ നമ്മുടെഗൃഹാതുരതയുടെ നിഗൂഢകേളിയെ അനുസ്മരിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പി.കെ. ഗോപിയുടെ പാട്ടിലെ ഒരു ഭാവബദ്ധതയായി മാറുകയാണ് തുമ്പി. തുമ്പി എന്നത് പാട്ടിൽ ഒരു മാനസികാനുഭവത്തിന്റെ ആത്മസ്വരൂപമായി മാറുന്നു.
‘‘ഒറ്റക്കൊരു തുമ്പി ദുഃഖിച്ചിരിക്കുന്നു
മുറ്റത്തെ പൂക്കാത്ത തൈമുല്ലയിൽ
രാവേറെയായിട്ടും രാപ്പൂ വിടർന്നിട്ടും
പോകാത്തതെന്തു നീ തുമ്പീ’’
എന്ന പാട്ടിൽ ഒരു കഥാപാത്രത്തിന്റെ ദുഃഖവേദനകളെ തുമ്പിയിലൂടെ പരിഭാഷപ്പെടുത്തുകയായിരുന്നു കവി. കൗമാരത്തിന്റെ കദളീവനത്തിൽ പറക്കുന്ന തുമ്പിയിലൂടെ ഒരു പ്രണയത്തിന്റെ പ്രാണൻ ആവിഷ്കരിക്കുന്നത് ശ്രദ്ധേയമാണ്.
‘‘മനയ്ക്കലെ പടിപ്പുരയ്ക്കിരുവശം നിൽക്കും
മന്ദാരപ്പൂക്കുന്നിൻ ചരുവിലൂടെ
നടക്കും തുമ്പിയെ കൈയെത്തിപ്പിടിക്കാൻ
അടുക്കും നിന്റെയാ കൗമാരത്തിൻ കദളീവനങ്ങളിൽ’’
പാട്ടങ്ങനെ കാവ്യാത്മകമായും ഭാവാത്മകമായും ചലനാത്മകവുമായി മാറുകയാണ്. ചിത്തിരത്തുമ്പികൾ പൗർണമി രാവിന്റെ മുക്കുറ്റിമുല്ലയെ ഉമ്മവെക്കുന്ന സറിയലിസ്റ്റിക് ദൃശ്യം കാന്തിമയൂഖങ്ങൾ എന്ന പാട്ടിൽ കാണാം. ‘‘മുക്കുറ്റിപ്പെണ്ണിനും ചിത്തിരത്തുമ്പിക്കും ഇന്നേ കല്യാണം’’ എന്ന വരിയിലുണ്ട് ഒരോണത്തിന്റെ ലാവണ്യാനുഭവ നിർമിതി. ‘‘തുമ്പീം മോളും തുമ്പപ്പൂവും തുള്ളണ കാണാനായി ഓടിനടന്നു നാം’’ എന്ന് ഒരു പാട്ടിൽ കേൾക്കുമ്പോൾ നേരത്തേ പറഞ്ഞ ഗൃഹാതുരത്വത്തിന്റെ അധികഭംഗികൾ നാമറിയുന്നു. നാവിലൂറും പ്രേമഗീതം പാടാൻ തുമ്പിയെ ക്ഷണിക്കുന്നുണ്ടൊരു പാട്ടിൽ.
വസന്തകന്യയെ ‘‘പോരൂ’’ എന്ന് പ്രണയപൂർവം വിളിക്കുന്ന മാണിക്യത്തുമ്പിയെ കാണാം മറ്റൊരു ഗാനത്തിൽ. സൂക്ഷ്മമായ മനുഷ്യാനുഭവത്തെ വ്യവഹരിക്കാൻ കവി വാക്കിന്റെ തുമ്പികളെ പാട്ടിലേക്ക് പറഞ്ഞയച്ച് സൗന്ദര്യത്തിന്റെ മറ്റൊരു ഹൃദയോത്സവം തീർക്കുന്നു. മനസ്സിന്റെ തൊടിയിൽ പൂക്കുന്ന ഗാനങ്ങളിൽ പ്രപഞ്ചബോധത്തിന്റെ തുമ്പികൾ പറന്നെത്തുന്നു. വലിയൊരു അനുഭവസാകല്യ ചൈതന്യത്തെ തുമ്പികളുടെ സഞ്ചിതവിസ്തൃതിയിൽ നിരത്തിക്കാണിക്കുകയാണ് കവി.
ഇളംമഞ്ഞ് മുളങ്കൂമ്പിനുമ്മ നൽകുമ്പോൾ, മഞ്ഞുമാസ കുളിര് വരുമ്പോൾ ഒളിഞ്ഞും മറഞ്ഞും നോക്കിയ ഓരിലത്തുമ്പിയെ കവി അവതരിപ്പിക്കുന്നു; ഒരു പാട്ടിൽ. അപ്പോൾ നാമൊരു വിശുദ്ധിയാർന്ന ഗ്രാമത്തിലെത്തിച്ചേരുന്നു. അവിടെ തുമ്പിക്കൊപ്പം ഓലവാലൻ കിളിയും ചൂളംവിളിക്കുന്ന ചൂണ്ടക്കാരനുമൊക്കെ വന്നുചേരുന്നു. തുമ്പീ, നിൻ മോഹം പൂവണിഞ്ഞുവോ, ചുണ്ടിൽ നിൻ രാഗം തേൻ പകർന്നുവോ എന്ന പാട്ടിലും കഥാനായികയുടെ മനസ്സിനെ വരച്ചുകാണിക്കുകയാണ് കവി. പൂഞ്ചിറകുകളിൽ പുളകവുമായി പാടുന്ന ഒരു തുമ്പിയെ കാണാം തൂവമൃതൊഴുകുന്ന ഒരു ദലമുകുളത്തിൽ.
കൊച്ചരിമുല്ലയിൽ ഊഞ്ഞാലാടിയ ചിത്രവാലൻ തുമ്പിയെ കാണാമൊരു പാട്ടിൽ. പാട്ടിന്റെ ആന്തരിക ഘടനയിൽ ഗ്രാമജീവിതത്തിന്റെ തുറസ്സുകൾ സൃഷ്ടിക്കാൻ തുമ്പിയുടെ ഇമേജുകൾ ഇഴചേർക്കുകയായിരുന്നു കവി. ഗ്രാമത്തിന്റെ വിസ്തൃതസ്ഥലരാശിയിലേക്ക് പാട്ടിലെ തുമ്പികൾ ചെന്നുചേരുകയാണ്. ഗ്രാമത്തിന്റെ അപൂർവ ശാലീനതകൾ വഴിയുന്ന പാട്ടുകളിൽ പ്രധാന ബിംബങ്ങളാവുകയാണ് തുമ്പികൾ. ഗ്രാമ്യഭാവത്തിന്റെ മൂർത്തമായ ഇമേജായി തുമ്പികൾ പറന്നടുക്കുന്നു -പാട്ടിൽ നിറയുന്ന ഗൃഹാതുരാടയാളമാകുന്നു അത്. ഓർമയുടെ ഉള്ളറകളിലേക്കാണ് പാട്ടിലെ ഈ തുമ്പികളുടെ പ്രയാണങ്ങൾ. ഉൾക്കണ്ണിൽ പ്രേമം പൂക്കുന്ന ഗ്രാമത്തിലും ഗ്രാമപ്പൂവുകൾക്കാകെ പരിമളമേകാൻ വരുന്ന ശ്രാവണപ്പുലരിയിലുമെല്ലാം തുമ്പികൾ സജീവസാന്നിധ്യമാകുമല്ലോ. നന്മയുടെ നാട് ചുറ്റിവരുന്ന കിളിക്കൊപ്പം ഈ കുഞ്ഞുതുമ്പികളും അവയുടെ ചിറകടിയൊച്ചകൾ കേൾപ്പിക്കുന്നുണ്ട്; പി.കെ. ഗോപിയുടെ ഗാനങ്ങളിൽ.
ചങ്കിരാന്തിപ്പാടത്തും പൂരാടപ്പുഞ്ചവയലിലും പുഞ്ചക്കാറ്റോടിവരുന്ന പുന്നെല്ലുപാടത്തും ഓണക്കൊയ്ത്തുവയലിലുമെല്ലാം തുമ്പികളുടെ അദൃശ്യചൈതന്യമുണരുന്നു. പാട്ടിലെഴുതുന്ന ഗ്രാമജീവിതത്തിന്റെ ഏറ്റവും കാൽപനികവും ചടുലവും അതിസാന്ദ്രവുമായ പ്രതിനിധാനമായി തുമ്പികൾ പറന്നണയുന്നു. നാഗരിക സംസ്കൃതിയുടെ സൂക്ഷ്മയാഥാർഥ്യങ്ങളിലേക്കുള്ള പ്രതിരോധപരമായ ഒരു പരിണാമമായാണ് പി.കെ. ഗോപിയുടെ പാട്ടിൽ ഗ്രാമജീവിതം കടന്നുവരുന്നത്. കേരളീയ സാംസ്കാരിക ജീവിതം ചിത്രീകരിക്കുന്ന പാട്ടുകളായി ഇവ മാറുന്നു. ‘‘മലയാളത്തേൻതുമ്പി വിരുന്നേകിയോ’’ എന്ന് ഒരു പാട്ടിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.
മനുഷ്യജീവിതത്തിലെ പ്രണയസ്വാതന്ത്ര്യത്തെ കാൽപനികമായി ആഘോഷിക്കാൻ കൂടി കവിയെ സഹായിക്കുന്നുണ്ട് ഈ തുമ്പികൾ. ഭാഷയുടെയും പൈതൃകത്തിന്റെയും ജൈവബന്ധങ്ങളെ, പ്രകൃതിയുടെയും മനുഷ്യന്റെയും ഏകീഭാവത്തിൽ ഊന്നുന്ന ഈ പാട്ടുനിർമിതിയിൽ ഗ്രാമജീവിതത്തിന്റെ സ്പന്ദനമറിയിക്കാൻ കവിയെ സഹായിക്കുന്ന ശലഭജന്മങ്ങൾ കൂടിയാണിവ. ‘‘പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്നതെന്റെയുള്ളിലെ പൂന്തുമ്പി’’ എന്ന് മറ്റാരുമങ്ങനെ മനസ്സറിഞ്ഞെഴുതിയിട്ടുമില്ലല്ലോ മലയാളത്തിൽ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.