വാൽമുട്ടി പാടുന്നു...
text_fieldsവാൽമുട്ടി. പാലക്കാട് ചിറ്റൂരിലെ ഒരു ഉൾനാടൻ ഗ്രാമം. 65ലധികം കുടുംബങ്ങളുണ്ട് ഈ ഗ്രാമത്തിൽ. ഇവരിൽ 50ലധികം വീടുകളിലും ഗായകരും. ഇവിടത്തെ അഞ്ച് വയസ്സുള്ള കുഞ്ഞുമുതൽ 70 കഴിഞ്ഞ അമ്മമാർ വരെ മധുരമായി ശ്രുതി തെറ്റാതെ പാടും. അതിനിടെ ഈ ഗ്രാമത്തിന് ഒരംഗീകാരം ലഭിച്ചു, ‘പാട്ടുഗ്രാമം’ എന്ന പേര്.
പാട്ടുകാരാൽ സമ്പന്നമായൊരു ഗ്രാമമുണ്ട് പാലക്കാട്ട്, വാൽമുട്ടിയെന്ന ചിറ്റൂരിലെ ഉൾനാടൻ ഗ്രാമം. ഇന്നത് കേരളത്തിന്റെ പാട്ടുഗ്രാമമാണ്. വൈവിധ്യമാർന്ന ഈണങ്ങളും ശബ്ദങ്ങളുംകൊണ്ട് മുഖരിതമായ പാട്ടുകാരുടെ സ്വന്തം ഗ്രാമം. പാട്ടുകളൊന്നും വാൽമുട്ടിയിലെ ഗ്രാമീണരെ ആരും എഴുതിവെച്ച് പഠിപ്പിച്ചതല്ല. വറുതിക്കാലത്ത് വാമൊഴിയായി കിട്ടിയതാണ് ഇന്നാട്ടുകാർക്ക് പാട്ടുകൾ ഓരോന്നും. ഈ നാടിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും എല്ലാം സംഗീതമുണ്ട്. 65ലധികം വീടുകൾ, നൂറോളം കലാകാരന്മാർ, അതിൽ കൂടുതൽ പേരും സംഗീതത്തോട് ചേർന്നുനിൽക്കുന്നവർ, ഇതാണ് വാൽമുട്ടി. അങ്ങനെയാണ് ഈ ഗ്രാമത്തിന് നഗരസഭ നാടറിയുന്ന ഒരംഗീകാരം നൽകി ആദരിക്കുന്നത്, ‘പാട്ടുഗ്രാമം’ എന്ന പേരിൽ...
വാൽമുട്ടിയുടെ താളം
65ലധികം കുടുംബങ്ങളുണ്ട് ഈ ഗ്രാമത്തിൽ. ഇവരിൽ 50ലധികം വീടുകളിലും ഗായകരുമുണ്ട്. സംഗീതം ജീവിതത്തിന്റെ ഭാഗമാക്കിയ ഒരുകൂട്ടം മനുഷ്യരുടെ ഇടം. വാൽമുട്ടിയിലെ ഓരോ ആളിന്റേയും ഹൃദയതാളം പോലും പാട്ടിന്റെ താളത്തിലാണെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. അഞ്ച് വയസ്സുള്ള കുഞ്ഞുമുതൽ 70 കഴിഞ്ഞ അമ്മമാർ വരെ മധുരമായി ശ്രുതി തെറ്റാതെ പാടും. ഒന്നും പഠിച്ചെടുത്തതല്ല, സംഗീതം ഇവിടത്തുകാർക്ക് തലമുറയായി പകർന്നുകിട്ടിയതാണ്.
തുയിലുണർത്തുപാട്ട്, പുള്ളുവൻപാട്ട്, നല്ലമ്മപ്പാട്ട് തുടങ്ങിയ നാടൻപാട്ടുകൾ മുതൽ കർണാടക സംഗീതംപോലുള്ള ശാസ്ത്രീയ സംഗീത ശാഖകൾവരെ ഇവിടത്തുകാർക്ക് അറിയാം. പാടാൻ പ്രായവും ഭാഷയും ഒന്നും ഇവർക്ക് പ്രശ്നമേയല്ല. ഒരുപക്ഷേ, ഇത്രത്തോളം പാട്ടിനെ സ്നേഹിക്കുന്ന മറ്റൊരു ജനത ഉണ്ടാവില്ല. നാടിന്റെ നന്മക്കുവേണ്ടിയാണ് തങ്ങൾ പാടുന്നതെന്നാണ് ഇവർ പറയുന്നത്.
അനുഷ്ഠാന കലകളുടെ ഭൂമിക
അനുഷ്ഠാന കലകളുടെ ഭൂമികകൂടിയാണ് വാൽമുട്ടി. അതിനാൽതന്നെ ഇവിടത്തെ സംഗീതത്തിൽ ഏറെയും ഉരുത്തിരിഞ്ഞുവന്നത് ഈ കലകളിൽനിന്നുതന്നെ. എന്നാൽ, അനുഷ്ഠാന കലകളുടെ സംഗീതത്തിനപ്പുറം പാട്ടിന്റെ പുതുവഴിയിലേക്ക് ചുവടുവെക്കുന്നവരാണ് ഇവിടത്തെ പുതുതലമുറ. റേഡിയോയും ടി.വിയും വ്യാപകമായതോടെയാണ് അനുഷ്ഠാന സംഗീതത്തിൽ നിന്നും ആധുനിക സംഗീതത്തിലേക്കുള്ള ഒരു തലമുറയുടെ ചുവടുമാറ്റം നടക്കുന്നത്. റേഡിയോയും ടി.വിയും വന്നതോടെയാണ് ഇവിടത്തുകാർ ആധുനിക സംഗീതം കേൾക്കാനും ആസ്വദിക്കാനും തുടങ്ങിയത്.
ഒന്നോ രണ്ടോ റേഡിയോ മാത്രമാണ് ആദ്യം ഈ പ്രദേശത്തുണ്ടായിരുന്നത്. അതിൽ ചലച്ചിത്രഗാനങ്ങൾ കേൾക്കാൻ എല്ലാവരും ഒത്തുചേരുന്നത് പ്രദേശവാസിയായ കൃഷ്ണകുമാർ ഓർക്കുന്നു. ദൂരദർശനിലെ ചിത്രഹാറും മറ്റും കാണാൻ അയലത്തെ വീടുകളിൽ സംഗമിക്കുന്ന അയൽപക്കക്കാരുടെ കൂട്ടായ്മകളെക്കുറിച്ചും കൃഷ്ണകുമാർ പറഞ്ഞുകൊണ്ടിരുന്നു. പതിയെപ്പതിയെ റേഡിയോയിലും ദൂരദർശനിലും സംപ്രേഷണം ചെയ്യുന്ന പാട്ടുകൾ ഓരോരുത്തരായി പഠിച്ച് പാടാൻ തുടങ്ങി. അനുഷ്ഠാന കലകളുടെ സംഗീതത്തിനപ്പുറം മറ്റൊരു സംഗീത സാന്നിധ്യത്തിെന്റ കടന്നുവരവുകൂടിയായിരുന്നു അത്. വാൽമുട്ടിയുടെ സംഗീത പാരമ്പര്യത്തിൽ ഒഴിച്ചുകൂടാനാവാത്തവ തന്നെയായിരുന്നു അത്.
മാറുന്നു കാലം, മാറാത്ത സംഗീതം
പഠനം അന്യംനിന്നിരുന്ന ഗ്രാമംകൂടിയായിരുന്നു പണ്ട് വാൽമുട്ടി. പത്താം തരം വരെ വിദ്യാഭ്യാസം ലഭിച്ചവർ നേന്ന കുറവ്. അതിനുള്ള സാധ്യതകൾ ഇല്ലാത്തതും ജോലി ചെയ്ത് കുടുംബം പോറ്റേണ്ടതുമെല്ലാം ഇതിന് ഹേതുവായി. എന്നാൽ, ഇന്ന് അതല്ല സ്ഥിതി. പുതുതലമുറ പഠിച്ചുതുടങ്ങി. പത്താം ക്ലാസും കഴിഞ്ഞ് കോളജിൽ പ്രവേശിച്ചത്തോടെ കലോത്സവങ്ങളുടെ വിശാല ലോകത്തിന്റെ വാതിൽ ഇവർക്ക് മുന്നിൽ തുറന്നു. സംഗീത മത്സരങ്ങളിൽ വാൽമുട്ടിയിലെ പാട്ടുകാർ സമ്മാനങ്ങൾ വാരിക്കൂട്ടി.
ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്നതാണ് വാൽമുട്ടി ഗ്രാമം. പനയോലകൊണ്ട് കുടയുണ്ടാക്കുകയായിരുന്നു ഇവിടത്തെ പൂർവികരുടെ തൊഴിൽ. ഓലക്കുട നാടുനീങ്ങിയതോടെ ഉപജീവനത്തിന് വേണ്ടി ഇവർ മറ്റു ജോലികൾ തേടിത്തുടങ്ങി. പലരും കാർഷിക, നിർമാണ മേഖലയിൽ തൊഴിൽ കണ്ടെത്തി.
പുതുതലമുറയിൽപെട്ടവർ ഇന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. സർക്കാർ ജോലിക്കാരും ബാങ്ക് ജീവനക്കാരും ബ്യൂട്ടീഷ്യന്മാരും അധ്യാപകരുമടക്കം വ്യത്യസ്ത മേഖലയിൽ ജോലിചെയ്യുന്ന നിരവധി പേരുണ്ട് ഇന്ന് ഇവിടെ. ഉപജീവനത്തിനായി തൊഴിലെടുക്കുമ്പോഴും പാട്ടിന്റെ പാരമ്പര്യം പക്ഷേ ഇവർ കൈവിട്ടില്ല. ഒരു പ്രളയകാലത്ത് നിർമാണ മേഖല പൂർണമായി നിലച്ചതോടെ ഇവിടെയുള്ള വലിയ വിഭാഗത്തിന്റെ തന്നെ ജോലി ഇല്ലാതായി. എന്നാൽ, ജീവിതം വഴിമുട്ടിയ ആ ഘട്ടത്തിൽ വാൽമുട്ടിക്കാർക്ക് തുണയായത് സംഗീതം തന്നെയാണ്.
വിശ്വാസങ്ങളുടെ ഇടം
രാവണൻ സീതയെ തട്ടിക്കൊണ്ടുപോയ സമയത്ത് ഹനുമാൻ ലങ്കയിലേക്ക് ചാടുന്നതിനിടെ വാൽ ഈ പ്രദേശത്ത് മുട്ടിയത് കൊണ്ടാണ് ‘വാൽമുട്ടി’ എന്ന പേര് ഈ ഗ്രാമത്തിന് വന്നതെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. ശ്രീ വിഷ്ണു മൂക്കൻ ചാത്തൻ ക്ഷേത്രമാണ് ഇവരുടെ സംഗീതലോകത്തെ പ്രധാന ഇടം. ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഇവർക്ക് സംഗീതോത്സവമാണ്. ക്ഷേത്രമുറ്റത്ത് നാടാകെ ഒത്തുചേരും. ഒമ്പത് നാൾ സംഗീതപ്പെരുമഴയായിരിക്കും. പല ദിവസങ്ങളിലും പുലരുവോളം പാട്ട് തുടരും. വയോധികർ മുതൽ കൊച്ചു കുഞ്ഞുങ്ങൾവരെ ഇതിന്റെ ഭാഗമാകും. സംഗീതത്തിന്റെ മാസ്മരികത അവർപോലും അറിയാതെ തലമുറകളിലേക്ക് പകരുകയും ചെയ്യും.
അംഗീകാരങ്ങൾ
സംഗീതത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയവരും സംഗീത അധ്യാപകരുമെല്ലാം വാൽമുട്ടിയിലുണ്ട്. അതിനിടെ കേരള സർക്കാറിന്റെ ഫോക് ലോർ അക്കാദമി പുരസ്കാരം പലതവണ വാൽമുട്ടിയിലേക്കെത്തി. ഈ ഗ്രാമത്തിലെ മൂന്നുപേർക്കാണ് ഫോക് ലോർ അക്കാദമി പുരസ്കാരം ലഭിച്ചത്. 2019ൽ ദൈവാനയമ്മക്ക് ‘ചീരപ്പാട്ടി’നും 2022ൽ തത്തമ്മക്ക് ‘തുയിലുണർത്തുപാട്ടി’നും 2017ൽ മോഹനന് ‘നാടൻപാട്ടി’നുമാണ് പുരസ്കാരം ലഭിച്ചത്. അമ്മായിമാരുടെ ഓണപ്പാട്ട് കേട്ടാണ് 14ാം വയസ്സിൽ സംഗീതം മനസ്സിൽ കയറുന്നതെന്ന് ഫോക്ലോർ അക്കാദമി അവാർഡ് ജേതാവായ ദൈവാനയമ്മ പറയുന്നു. കേരളോത്സവത്തിൽ നാടോടിപ്പാട്ട്, സംഘഗാനം എന്നിവയിലും കുടുംബശ്രീ മിഷന്റെ ‘അരങ്ങ്’ സംസ്ഥാന കലോത്സവത്തിൽ നാടൻപാട്ടിലും ഇവിടെയുള്ളവർ ജേതാക്കളായിരുന്നു. സംഗീത ട്രൂപ്പുകളിലെ സ്ഥിരം സാന്നിധ്യമാണ് ഇവിടത്തെ കലാകാരന്മാരിൽ പലരും.
അടുത്തിടെ പുറത്തിറങ്ങിയ ‘ചാൾസ് എന്റർപ്രൈസസ്’ എന്ന സിനിമയിലെ ആമുഖ ഗാനം പാടി അഭിനയിച്ചത് പുരസ്കാര ജേതാവായ മോഹനനാണ്. ജയരാജിന്റെ പുതിയ ചിത്രത്തിൽ രമേഷ് നാരായണന്റെ സംഗീതത്തിൽ ഒരു ഗാനവും ഇദ്ദേഹം പാടിയിട്ടുണ്ട്. കൂടാതെ കേരള സർക്കാർ വജ്ര ജൂബിലി ഫെലോഷിപ് ജേതാവായ ദീപ കൃഷ്ണകുമാർ, കലോത്സവ പ്രതിഭയായ സഞ്ജന, രാം മോഹൻ എന്നിവരും ഈ ഗ്രാമത്തിൽനിന്നും ഉയർന്നുവന്നവർ തന്നെ.
കഥകളി സംഗീതജ്ഞൻ സദനം സായ്കുമാർ വാൽമുട്ടിക്കാരനാണ്. കഥകളി സംഗീതത്തിൽ ഫെലോഷിപ് നേടിയ സായ്കുമാർ നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ കഥകളി സംഗീതത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികൂടിയാണ്.
ഗ്രാമത്തിലെ മോഹനനും സുലതയും ഉണ്ണിക്കൃഷ്ണനും സംഗീതാധ്യാപകരാണ്. നൂറുകണക്കിന് വിദ്യാർഥികൾക്ക് ഇവർ സംഗീതം പകർന്നുനൽകുന്നുണ്ട്. സരിഗയും സജിനിയും ചിറ്റൂർ ഗവ. കോളജിലെ സംഗീത വിഭാഗം വിദ്യാർഥിനികൾ. കൂടെ ഇവർ സംഗീതം പഠിപ്പിക്കുകയും ചെയ്യുന്നു.
പാണരുടെ പാട്ടും വാൽമുട്ടിയും
പാണൻ പാട്ടുകാരനാണ്. പാരമ്പര്യമായി തുടികൊട്ടി പാടിയിരുന്നവരുടെ പിൻതലമുറക്കാരാണ് ഇവർ. വീട് കയറി പാടുന്നത് നിയോഗമാണെന്ന് കരുതിയിരുന്ന വിഭാഗത്തിൽപ്പെട്ടവർ. ആദ്യകാലങ്ങളിൽ ഇവിടത്തുകാർ ഓണത്തിനും ആയില്യം മകത്തിനുമെല്ലാം വീടുകളിൽ തുടികൊട്ടി പാടാൻ പോകാറുണ്ടായിരുന്നു. എന്നാൽ, ഇന്നെല്ലാം മൺമറഞ്ഞുപോയിരിക്കുന്നു.
പാർവതിയുമൊന്നിച്ച് ചൂത് കളിക്കുന്നതിനിടെ താംബൂലം കഴിച്ച ശിവൻ മോഹാലസ്യപ്പെട്ടെന്നും പാണന്മാർ കൊട്ടിപ്പാടിയാണ് ശിവനെ മയക്കത്തിൽനിന്ന് ഉണർത്തിയതെന്നുമാണ് ഇവരുടെ വിശ്വാസം. അങ്ങനെ പരമശിവന്റെ അനുഗ്രഹം ഏറ്റുവാങ്ങിയവരാണ് തുയിലുണർത്തു പാട്ടുകാരെന്ന് ഇവർ കരുതുന്നു. വീടുകളിലെത്തി കൊട്ടിപ്പാടുമ്പോൾ അവിടങ്ങളിൽ ദോഷമകന്ന് അഭിവൃദ്ധി പരക്കുമെന്നാണ് പലരുടെയും വിശ്വാസം. സന്തോഷത്തോടെ വീട്ടുകാർ നൽകുന്ന നെല്ലും നാണയവുമായിരുന്നു അന്ന് വാൽമുട്ടിക്കാരുടെ ഉപജീവനമാർഗം. തലമുറകളായി വാമൊഴിയിലൂടെ പകർന്നുകിട്ടിയ തുയിലുണർത്തുപാട്ടിന്റെ ഈണത്തിനും വരികൾക്കും തുടർച്ച ഉണ്ടായില്ല. ഇന്ന് തുയിലുണർത്തിന്റെ താളം വശമുള്ളവർ വാൽമുട്ടിയിൽ അപൂർവം മാത്രം.
പാട്ടുകൾ പലതരം
ചീരപ്പാട്ട്: പണ്ടുകാലങ്ങളിൽ സ്ത്രീകൾ ചീര നടുമ്പോൾ ആസ്വദിച്ച് തൊഴിൽ ചെയ്യുന്നതിനായി പാടിയിരുന്ന പാട്ടാണ് ചീരപ്പാട്ട്. ഇതൊരു കൃഷിപ്പാട്ട് കൂടിയാണ്.
‘എങ്ങനെ പാകാം ചെഞ്ചീര?
വട്ടത്തിൽ കുഴികുത്തി ചതുരത്തിൽ തടമിട്ട്
അങ്ങനെ പാകാം ചെഞ്ചീര’
നല്ലമ്മപ്പാട്ട്: വൃശ്ചിക മണ്ഡലം മാസങ്ങളിൽ കൊടുങ്ങല്ലൂർ ഭഗവതിയെ സ്തുതിച്ചു പാടുന്ന പാട്ടാണിത്. കൊടുങ്ങല്ലൂരമ്മയെക്കുറിച്ചുള്ള നല്ലമ്മപ്പാട്ടിൽ കുലപതിയായിരുന്നു കോമൻ എന്ന കോമുത്തൻ. കോമന്റെ അച്ഛനും സഹോദരനുമെല്ലാം നല്ലമ്മപ്പാട്ടുകാരായി പേരെടുത്തവരാണ്. ഇപ്പോഴും എല്ലാ വർഷവും ഗ്രാമത്തിൽ നല്ലമ്മപ്പാട്ട് നടത്താറുണ്ട്.
‘ഹര ഹര കാളി ശിവമണി തായേ
അടിയനും നിൻ പാദം വണങ്ങിടുന്നേൻ’
പൊറാട്ട് ഗാനം: പാലക്കാടിന്റെ കിഴക്കൻ മേഖലയിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്ന കലാരൂപമാണ് പൊറാട്ട് നാടകം. നാടോടി നാടകത്തിന്റെ ഒരു ഗ്രാമീണ കലാരൂപമാണിത്. പൊറാട്ട് നാടക പാട്ടുകാരിൽ പേരെടുത്ത രാമൻ ആശാൻ വാൽമുട്ടിക്കാരനാണ്. പൊറാട്ട് നാടകത്തിന് ചെണ്ടകൊട്ടി പ്രസിദ്ധനായ പഴനിയാണ്ടിയും ഇവിടത്തുകാരനാണ്. ഇവരെ പിൻപറ്റി പൊറാട്ടുനാടകത്തിന് പാടാൻ പലരും പോയിരുന്നു. ആ കലാരൂപത്തിന്റെ പ്രചാരം കുറഞ്ഞതോടെ ഈ മേഖലയിൽ പാട്ടുകാർ ഇല്ലാതായി.
തണൽ ബാൻഡ്
1990ൽ ‘രാഗസുധ’ എന്ന പേരിൽ വാൽമുട്ടിക്കാർ ഓർക്കസ്ട്ര തുടങ്ങി. വിവിധ പരിപാടികളും അവതരിപ്പിച്ചുവന്നു. പിന്നീട് ഇത് മാറ്റി ‘മേഘമൽഹാർ’ എന്ന പേര് സ്വീകരിച്ചു. പുതിയ തലമുറ അത് ഒരു ബാൻഡായി വികസിപ്പിച്ചെടുത്തു, ശേഷം ‘തണൽ’ എന്ന് പേരുമിട്ടു. 2009ൽ ഇവരുടെ കൂട്ടായ്മയിൽ ഒരു സംഗീത ആൽബം പുറത്തിറങ്ങിയിരുന്നു. പത്ത് പാട്ടുകൾ കോർത്തിണക്കിയ വിഡിയോ ആൽബം. പാട്ടെഴുത്തും ചിട്ടപ്പെടുത്തലും ആലാപനവുമെല്ലാം വാൽമുട്ടി ഗ്രാമവാസികൾ തന്നെ. തന്റെ വരുമാനത്തിന്റെ ഒരു പങ്ക് ആൽബത്തിനായി മാറ്റിവെച്ച മണികണ്ഠനായിരുന്നു അതിന്റെ നിർമാതാവ്.
പാട്ടുഗ്രാമമാകുന്നു
പുരോഗമന കലാസാഹിത്യ സംഘം യൂനിറ്റ് രൂപവത്കരണത്തിനിടെയാണ് ‘പാട്ടുഗ്രാമം’ എന്ന ആശയം ഉടലെടുക്കുന്നത്. ഔപചാരികമായി സംഗീതം പഠിച്ചിട്ടില്ലെങ്കിൽപോലും വളരെ ഭംഗിയായി പാടുന്നവരാണ് വാൽമുട്ടിക്കാർ. ഒരു കൈത്താങ്ങ് നൽകിയാൽ അറിയപ്പെടുന്ന ഒട്ടേറെ കലാപ്രതിഭകളെ സംഭാവന ചെയ്യാൻ കഴിവുള്ള ഗ്രാമം. ജാതീയതകൊണ്ട് അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ആത്മാഭിമാന സംരക്ഷണംകൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ഗ്രാമത്തെ പാട്ടുഗ്രാമമായി പ്രഖ്യാപിക്കാൻ ചിറ്റൂർ-തത്തമംഗലം നഗരസഭ തീരുമാനിക്കുന്നത്. പതിനാറാം വാർഡിൽ ഉൾപ്പെട്ട വാൽമുട്ടി കോളനിയെ 2023 ജൂൺ 13ന് അങ്ങനെ പാട്ടുഗ്രാമമായി പ്രഖ്യാപിച്ചു.
പാട്ടുകാരുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി വാൽമുട്ടിയെ പാട്ടുഗ്രാമമെന്ന സ്വപ്നത്തിലേക്ക് നഗരസഭ പിടിച്ചുയർത്തുകയായിരുന്നു. അവശഗായകരുടെ സംരക്ഷണം, വളർന്നുവരുന്ന ഗായകർക്ക് പ്രോത്സാഹനം, സൗജന്യനിരക്കിൽ സംഗീതപഠനം, പ്രസിദ്ധ സംഗീതജ്ഞരുടെ പരിപാടികൾ നേരിട്ടു കാണാനുള്ള അവസരം എന്നിവയാണ് പാട്ടുഗ്രാമത്തിന്റെ ലക്ഷ്യം. നാട്ടുത്സവങ്ങളിൽ ചെറുസാന്നിധ്യമായി മാത്രം ഒതുങ്ങിയിരുന്ന ഇവിടത്തെ പാട്ടുപെരുമ ഇന്ന് വാനോളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.