ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ…
text_fieldsവൈകുന്നേരത്തെ കാറ്റ് കൊണ്ടുതന്ന ഒരൊളോർമാങ്ങയുടെ മധുരമിപ്പോഴും നാവിലുണ്ട്. തറവാട്ടിലെ നീലമുറിയുടെ കിളിവാതിൽ തുറന്നിട്ട് മാങ്ങ നുണഞ്ഞിരിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ സാര്വേടത്തി അവരുടെ ഉള്ളിലെ നേർത്ത പാട്ട് പാടി ഉണ്ണിയെ ഉറക്കുന്നത് കേൾക്കാം.
ഒളോർമാങ്ങയുടെ മധുരമാണവരുടെ പാട്ടിന്. കൗതുകത്തോടെ അമ്മയെന്റെ മുഖത്ത് നോക്കിയിരിക്കും. ‘നെന്നേം ഇതേപോലെ എത്ര ഉറക്കീതാ...’ ശരിയാണ് എല്ലാവരെയും അമ്മമാർ ഇങ്ങനെ തൊട്ടിലിലിട്ട് പാടിയുറക്കിയിട്ടുണ്ടാകും. അതിൽ സ്നേഹത്തിന്റെ ഈണവും വാത്സല്യത്തിന്റെ രാഗവുമൊക്കെ കലർന്നിട്ടുണ്ടാകും.
അമ്മമാരുടെ സ്വപ്നങ്ങളാണല്ലോ താരാട്ടുപാട്ടുകൾ. ഒരുപക്ഷേ, ഭൂമിയിലെ ആദ്യ കലാസൃഷ്ടി അമ്മയുടെ താരാട്ടായിരിക്കും. നിദ്രയെ അത്രക്കും മീട്ടുന്നുണ്ട് താരാട്ടുകൾ. മലയാളത്തിൽ അമ്മമാർക്ക് പാടാനെത്രയെത്ര താരാട്ടുപാട്ടുകളാണുള്ളത്. ഇരയിമ്മൻ തമ്പിയുടെ ‘‘ഓമനത്തിങ്കൾക്കിടാവോ’’ പാടാത്തവരുണ്ടാവില്ല.
അഭയദേവായിരുന്നു ചലച്ചിത്ര സന്ദർഭങ്ങളിൽ ആദ്യമായി താരാട്ടിന്റെ താമരമിഴികൾ തുറന്നത്. ‘‘പാട്ടുപാടിയുറക്കാം ഞാൻ’’ എന്ന അദ്ദേഹമെഴുതിയ താരാട്ടുപാട്ടിനത്രക്കും പേരായിരുന്നു. ‘കണ്ണും പൂട്ടിയുറങ്ങുക നീയെൻ’ എന്ന പാട്ട് കേൾക്കാത്ത കുഞ്ഞുങ്ങളുണ്ടാവില്ല. ‘ഓടിപ്പോ കാറ്റേ നീ ഒച്ചവെക്കാതെ’ എന്ന ഭാഗത്തെത്തുമ്പോഴേക്കും ഏത് കുഞ്ഞുമുറങ്ങും.
‘ഒന്നുറങ്ങു ഒന്നുറങ്ങൂ’ എന്ന വയലാർ ഗാനത്തിലുമുണ്ടായിരുന്നു ഒരു താരാട്ടിന്റെ തൊട്ടിൽ. ‘ഉണ്ണിക്കൈ വളര് വളര് വളര്’ എന്ന് പാടുന്നൊരമ്മയെ കണ്ടു നമ്മൾ ‘പുനർജന്മം’ എന്ന ചിത്രത്തിൽ. ‘ഇനിയുറങ്ങൂ ഇനിയുറങ്ങൂ മനതാരിൽ മലരിടും സ്വപ്നങ്ങളേ’ എന്ന ഭാസ്കരൻ മാഷിന്റെ താരാട്ടുപാട്ട് കാമുകനെ ഉറക്കാനുള്ളതാണ് എന്നത് കൗതുകം.
അമ്മയുടെ നെഞ്ചിൽ മാത്രമല്ല താരാട്ടുപാട്ടുള്ളത്. അച്ഛനും ഭർത്താവിനും കാമുകനും മുത്തശ്ശനുമെല്ലാം മനസ്സിൽ താരാട്ടുപാട്ടുണ്ടെന്നോർക്കണം.
ഓർമയിൽനിന്നെടുത്തു പാടാവുന്ന എത്രയെത്ര താരാട്ടു പാട്ടുകളാണ് ഒ.എൻ.വി എഴുതിയത്. ‘ഉണ്ണിയേ തേടി വന്നെത്തും ദൂരവിണ്ണിന്റെ വാത്സല്യമാകാം’ എന്ന് ഒ.എൻ.വി പാട്ടിൽ അമ്മയുടെ സാഫല്യങ്ങൾ മുഴുവനുമുണ്ട്. ‘രാരീരം രാരീരം’, ‘കൺമണിയേ’, ‘കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ’, ‘രാരീരാരീരിരാരിരാരി’, ലാലീ, ലാലീ, പൂക്കാലം വന്നു പൂത്തുമ്പിം വന്നു’... അങ്ങനെ എത്രയെത്ര താരാട്ടുപാട്ടുകളാണ് ഒ.എൻ.വി എഴുതിയത്. ‘ജീവിതമാകും ഇരുളിൽ നടുവിൽ ദൈവംനീട്ടിയ തിരിയല്ലേ’ എന്ന് താരാട്ടുന്ന ഒരമ്മയുണ്ട് യൂസഫലി കേച്ചേരിയുടെ പാട്ടിൽ.
യേശുദാസിനേറ്റവും ഇഷ്ടപ്പെട്ട ശ്രീകുമാരൻ തമ്പി ഗാനമാണ് ‘മലർക്കൊടിപോലെ’. വിവാഹശേഷം ഏഴുവർഷക്കാലം കുട്ടികൾ ഇല്ലാതിരുന്ന യേശുദാസിന് ഈ പാട്ടിലെ കാലമറിയാതെ ഞാനമ്മയായ് എന്ന വരികൾ നൽകിയ നിർവൃതിയും സന്തോഷവും ചെറുതല്ലായിരുന്നു.
ആ കാലത്താണ് അദ്ദേഹത്തിന് ആദ്യമകൻ പിറക്കുന്നത്. ഉറങ്ങുന്ന ഭൂമിയെ നോക്കി ഉറങ്ങാത്ത നീലാംബരംപോൽ അരികത്ത് ഉറങ്ങാതിരിക്കുന്ന താരാട്ടുപാട്ടിലെ അപൂർവതയാണ് ‘രാജീവനയനേ’ എന്ന ശ്രീകുമാരൻ തമ്പി ഗാനം. ‘‘ആത്മാംശം കലർന്ന ഈ ഗാനം എന്റെ മധുവിധു കാലത്തെഴുതിയതാണ്, കാപ്പിരാഗത്തിൽ വിശ്വേട്ടൻ (എം.എസ്. വിശ്വനാഥൻ) ചെയ്ത ഈണത്തെ മാറ്റാൻ ദൈവത്തിനുപോലും കഴിയില്ല.
ആലാപനത്തിൽ പി. ജയചന്ദ്രന്റെ ഇന്ദ്രജാലങ്ങൾ’’–ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ. ആയിരം ചുംബന സ്മൃതിസുമങ്ങൾ അധരത്തിൽ ചാർത്തിയുറങ്ങാൻ ആർക്കാണിഷ്ടമല്ലാത്തത്.
ഈണത്തിനനുസരിച്ച് എഴുതിയിട്ടും ഇമ്പമൊട്ടും ചോർന്നു പോയില്ല ബിച്ചു തിരുമലയുടെ താരാട്ടുപാട്ടുകളിൽ. ‘ആരാരോ ആരിരാരോ’, ‘ഓലത്തുമ്പത്തിരുന്നൂയലാടും; ‘ഉണ്ണിയാരാരോ’, ‘കിലുകിൽ പമ്പരം’, ‘ആരോ ആരോ നീയാരോ’, എൻപൂവേ’... അങ്ങനെ എത്രയെത്ര താരാട്ടുകൾ.
‘മകളേ പാതിമലരേ’ എന്ന പാട്ടിലെ ആദ്യവരി വരുന്നത് കണ്ണദാസനോടെനിക്ക് കടപ്പാടുണ്ട്. അദ്ദേഹത്തിന്റെ ‘മലർന്തും മലരാതി പാതി മലർപോലെ’ എന്ന പാട്ടിനോടുള്ള ഇഷ്ടമാണ് ഞാൻ ‘മകളേ പാതിമലരേ’ എന്ന പാട്ടിലേക്കെടുത്തത്’ -ബിച്ചു തിരുമല ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതാണിത്. അഭയദേവിന് ശേഷം ഏറ്റവും കൂടുതൽ താരാട്ടുപാട്ടുകൾ എഴുതിയത് ഒരുപക്ഷേ, കൈതപ്രമായിരിക്കും.
‘ആറ്റുനോറ്റുണ്ടായൊരുണ്ണി’, ‘കളിവീടുറങ്ങിയല്ലോ’, ‘ഏതോ വാർമുകിലിൻ’, ‘മയ്യണിക്കണ്ണേ ഉറങ്ങ്’, ‘താമരക്കണ്ണനുറങ്ങേണം’, ‘ഉണ്ണീ വാവാവോ’, ‘ആടെടീ ആടാടെടീ’, ‘താലോലം താനെ താരാട്ടും’, ‘എങ്ങനെ ഞാൻ ഉറക്കേണ്ടു’, ‘കരയാതെ കണ്ണുറങ്ങു’ എന്നിങ്ങനെ താരാട്ടിൽ കവിതയുടെ കൈവല്യങ്ങൾ.
‘ഗിരീഷേട്ടന്റെ പാട്ടുകൾ ഞാൻ ചെയ്തതിൽ ദാസേട്ടന് ഏറ്റവും ഇഷ്ടപ്പെട്ടത് ‘വെണ്ണിലവ് കണ്ണുവെച്ച’ എന്ന പാട്ടാണ്. അത് പാടി ദാസേട്ടൻ കണ്ണു തുടച്ചതെനിക്കോർമയുണ്ട്’ -ഗിരീഷ് പുത്തഞ്ചേരിയുടെ താരാട്ടുപാട്ടിനെക്കുറിച്ച് സംഗീതസംവിധായകൻ എം. ജയചന്ദ്രൻ പറഞ്ഞത് ശ്രദ്ധേയമാണ്.
എം.ഡി. രാജേന്ദ്രൻ എഴുതിയ ‘അല്ലിയിളം പൂവോ’ എന്ന താരാട്ടുപാട്ട് ശ്രദ്ധേയമാകുന്നത് അത് അച്ഛൻ കഥാപാത്രം കുഞ്ഞിനെ തോളത്ത് കിടത്തി ഈ പാട്ട് പാടുമ്പോഴാണ് (കൃഷ്ണചന്ദ്രൻ-ഇളയരാജ). നമ്മുടെ തോളിലെ താരാട്ടുതാളത്തിൽ കുഞ്ഞ് ഉണ്ടാക്കുന്ന ഒരു ‘നിരവൽ’.
ഈ പാട്ടിൽ കുഞ്ഞിന്റെ കൈത്താളം അച്ഛന്റെ താരാട്ടിനൊപ്പം തോളിൽ അരങ്ങേറുന്നു. മലയാളത്തിലെ സവിശേഷമായ ഒരു നിദ്രാഗീതമാണിത്. അതിൽ കുന്നിവയൽക്കാറ്റും പുല്ലാനിക്കാട്ടിലെ കാറ്റും കന്നിവയൽക്കിളിയും. പിന്നെ ചെല്ലംചെല്ലം, തെയ്യം തെയ്യം, വാവാ, പോപോ എന്നിങ്ങനെ കുഞ്ഞുങ്ങൾക്കിഷ്ടമുള്ള വാക്കുകൾ. ‘കാറ്റേ നീ വന്നുറങ്ങ്’, ‘കിളിയേ നീപോ’ എന്നൊക്കെ പാട്ടിലുണ്ട്.
കുട്ടിത്തത്തിന്റെ താലിപ്പീലിവർണങ്ങൾ ഈ പാട്ടിലുണ്ട്. മണ്ണിൽ വിരിഞ്ഞ പാട്ടിന്റെ നിലാവായിരുന്നു അത്. എം.ഡി. രാജേന്ദ്രന്റെ വരികളിൽ എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ ‘ആലോലമാട്, താലോലമാട്’ എന്ന താരാട്ടുപാട്ട് അത്രക്കും ഭംഗിയുള്ളതാണ്.
ഗായകൻ പി. ജയചന്ദ്രൻ സൂചിപ്പിച്ച ഒരനുഭവം മനസ്സിൽ വരികയാണ്. ‘പത്തനംതിട്ടയിലെ വൃദ്ധനായൊരാൾ ഗുരുതര രോഗമായി കിടക്കുന്നു. അന്ത്യനിമിഷങ്ങൾ അടുത്തു എന്നറിയുന്ന നാളിൽ അയാൾ അടുത്തബന്ധുക്കളെ വിളിച്ചു കാര്യം പറഞ്ഞു. മരിച്ചുകിടക്കുമ്പോൾ അയാൾക്കരികെ നേർത്ത് നേർത്ത് ഒരു പാട്ടിന്റെ ശ്രുതിയങ്ങനെ പടർന്നുകൊണ്ടേയിരിക്കണം. ഒ.എൻ.വി-ദേവരാജൻ സംഗീതത്തിൽ ഞാൻ പാടിയ ‘ഒന്നിനി ശ്രുതി താഴ്ത്തിപ്പാടുക പൂങ്കുയിലേ’ എന്ന ഉറക്കുപാട്ടായിരുന്നു അത്.
ആ പാട്ടിനിത്രക്ക് സ്വാധീനം ഉണ്ടെന്നറിഞ്ഞ നേരം എന്റെ കണ്ണ് നിറഞ്ഞുപോയി’. താരാട്ടുപാട്ടുകൾ തീരുന്നില്ല ഈ ഭൂമിയിൽ. ഇന്നും സിനിമയിൽ അവ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. താരാട്ട് കേൾക്കാത്തവരാണ് ഈ ഭൂമിയിൽ കലാപമുണ്ടാക്കുന്നതെന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷിനെയും ഓർക്കുകയാണിപ്പോൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.