ശ്രുതിയിൽ നിന്നുയർന്ന നാദശലഭങ്ങൾ
text_fieldsമലയാളഭാഷക്കും സാഹിത്യത്തിനുമുള്ള ശ്രേഷ്ഠപാരമ്പര്യത്തിൽ അഭിമാനംെകാള്ളുന്ന ഓരോ മലയാളിക്കും ഏറ്റവും എളുപ്പത്തിൽ ചൂണ്ടിക്കാണിക്കാവുന്ന മേഖലയാണ് ചലച്ചിത്രഗാനശാഖ. 1938ൽ പ്രദർശനത്തിനെത്തിയ ആദ്യശബ്ദചിത്രമായ 'ബാലനി'ൽ ഉണ്ടായിരുന്നത് 23 ഗാനങ്ങളാണ്. പിന്നീട് ഒരുപതിറ്റാണ്ടിനുശേഷം 1948ൽ 'നിർമല' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ പിന്നണി ഗാനാലാപന സമ്പ്രദായം നിലവിൽവന്നത്. അതുവരെ ഗാനരംഗങ്ങളിൽ കഥാപാത്രമായി അഭിനയിക്കുന്നവർതന്നെ പാടി തത്സമയം റെക്കോഡ് ചെയ്യുകയായിരുന്നു പതിവ്.
പി. ലീലയാണ് 'നിർമല'യിലൂടെ ആദ്യമായി പിന്നണിഗായികയാവുന്നത്. തുടർന്ന് വ്യത്യസ്തമായ ശബ്ദങ്ങളും ആലാപനശൈലികളുമായി നിരവധി പെൺസ്വരങ്ങൾ സിനിമാഗാനരംഗം വാഴുന്ന കാലത്താണ്, ഭക്തിയും പ്രണയവും വിരഹവും വിഷാദവും തുടങ്ങി ഒട്ടുമിക്ക വികാരങ്ങളും ഒരു കണ്ണാടിയിലെന്നപോലെ പാട്ടിൽ പ്രതിഫലിപ്പിക്കാൻ കഴിവുള്ള ഒരു ശബ്ദം സംഗീതാസ്വാദകർക്ക് വരദാനമായി ലഭിച്ചത്. മലയാളികൾ ഇന്ന് സ്നേഹത്തോടെ ജാനകിയമ്മ എന്നുവിളിക്കുന്ന എസ്. ജാനകിയുടേതായിരുന്നു ആ ശബ്ദം. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും മധുരം പകർന്ന ആ ശബ്ദം, 1957ൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ 'ഇരുൾ മൂടുകയോ എൻ വാഴ്വിൽ' എന്ന ഗാനത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് 1200ലധികം മലയാളഗാനങ്ങൾക്ക് ശബ്ദവും ഭാവവും പകർന്ന് ചരിത്രംസൃഷ്ടിച്ച ശേഷമാണ് അവർ ജീവിതത്തിെൻറ പിന്നണിയിലേക്ക് മാറിനിന്നത്.
1938 ഏപ്രിൽ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ചുവളർന്ന്, മലയാളികളുടെ ഹൃദയത്തിൽ കുടിയേറിപ്പാർത്ത ജാനകിയമ്മ, ഹൃദയം കൊണ്ട് അനുഭവിക്കാൻ മാത്രം കഴിയുന്ന ഒരു വികാരമായി മാറുകയായിരുന്നു. മലയാളികളുടെ സ്വരസങ്കൽപങ്ങളുടെ അമ്മയാണ് ഇന്നവർ.
1957 ഏപ്രിലിൽ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ജാനകിയമ്മ ആദ്യമായി പാടിയതെങ്കിലും ആ ചിത്രം പുറത്തുവന്നില്ല. അതേ വർഷം തമിഴിൽതന്നെ 'മഗ്ദലന മറിയം' എന്ന സിനിമയിലെ ഗാനമാണ് പുറത്തുവന്ന ആദ്യ ചലച്ചിത്ര ഗാനം. ഈയടുത്തകാലത്ത് നമ്മെ പിരിഞ്ഞുപോയ അതുല്യഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവും ജാനകിയമ്മയുമായി ചേർന്നു പാടിയപ്പോൾ വികാരാധീനനായി പറഞ്ഞുവത്രെ; 'ഞാൻ എത്ര പാടിയിട്ടും അവർ പാടിവെച്ചതിനൊപ്പമെത്താൻ കഴിയുന്നില്ലല്ലോ' എന്ന്. മറക്കാൻ കഴിയാത്ത ആയിരം ഗാനങ്ങൾ മനസ്സിലടക്കിക്കൊണ്ട്, ജാനകിയമ്മയുടെ അനശ്വരമായ 10 ഗാനങ്ങൾ മാത്രമാണ് ഇവിടെ ഒാർക്കുന്നത്.
'സുന്ദരരാവിൽ ചന്ദനമുകിലിൽ മന്ത്രങ്ങളെഴുതും ചന്ദ്രികേ/ അനുരാഗത്തിൻ ആദ്യനൊമ്പരം/ആത്മനാഥനോടെങ്ങിനെ പറയും...'
സ്ത്രൈണതയുടെ സകലഭാവങ്ങളും തുളുമ്പിനിൽക്കുന്ന ഒരു ഗാനമാണിത്. ഒരുപേക്ഷ, പുതുകാലത്തിന് അത്രതന്നെ പരിചിതമല്ലാത്തൊരു ഭാവമാണ് ഈ ഗാനത്തിന്. പോയകാലത്തിെൻറ നഷ്ടങ്ങളിലൊന്ന് പഴയകാല പ്രണയങ്ങളുടെ മനോഹാരിതയായിരുന്നു എന്ന് ഒരു തലമുറ നെടുവീർപ്പുകളിലൂടെ ഓർത്തെടുക്കുന്നുണ്ട്. ഇന്നത്തെക്കാലത്ത്, 'ആദ്യാനുരാഗനൊമ്പരം ആത്മനാഥനോട് ഒന്ന് പറയുവതെങ്ങനെ?' എന്ന് ഉൾവിറയലോടെ വിവശയായി സ്വയം ചോദിക്കുന്ന പെൺകിടാവിനെ, ആയിരം കഥകൾ പറയാൻ കൊതിക്കുമ്പോഴും അരികത്ത് കാണുമ്പോൾ അടിമുടി വിറയ്ക്കുന്ന ഒരുവളെ ഒരിടത്തും കണ്ടു പരിചയമില്ലല്ലോ. 'കൊച്ചനിയത്തി' എന്ന ചിത്രത്തിനുവേണ്ടി ഈ ഗാനം അതാവശ്യപ്പെടുന്ന എല്ലാ ഭാവദീപ്തിയോടെയും നമുക്ക് സമ്മാനിച്ചത് ശ്രീകുമാരൻ തമ്പിയും പുകഴേന്തിയും ജാനകിയമ്മയും ചേർന്നാണ്.
'അവിടുന്നെൻ ഗാനം കേൾക്കാൻ/ചെവിയോർത്തിട്ടരികിലിരിക്കെ/സ്വരരാഗസുന്ദരിമാർക്കോ വെളിയിൽ വരാനെന്തൊരു നാണം...'
പ്രിയപ്പെട്ടവൻ, തെൻറ ശബ്ദം കേൾക്കാൻ കൊതിയോടെ കാതോർത്തിരിക്കെ, സ്വരരാഗസുന്ദരിമാർ നാണം കൊണ്ട് വെളിയിൽ വരാൻ മടിക്കുന്നതായി ആവലാതിപ്പെടുന്ന നായികയെ നാം കാണുന്നത് 1967 ൽ പുറത്തിറങ്ങിയ 'പരീക്ഷ' എന്ന സിനിമയിലാണ്. ഇഷ്ടപ്പെട്ടയാൾക്ക് മുന്നിൽ ഏതു കവിത പാടണം, എങ്ങനെ തുടങ്ങണം എന്ന് ചിന്തിച്ചുഴറുന്ന നായിക. അനുരാഗഗാനം പാടിയാൽ താനൊരു അവിവേകിപ്പെണ്ണാണെന്ന് മറ്റുള്ളവർ ധരിച്ചാലോ എന്നും, കദനഗാനം പാടിയാൽ പ്രിയതമെൻറ ഹൃദയത്തിൽ മുറിവേറ്റാലോ എന്നുമോർത്തോർത്ത് പരവശയാകുന്ന അവളെ അക്ഷരങ്ങളാൽ വരച്ചുതന്നത് ഭാസ്കരൻ മാഷാണ്. തെൻറ ഗാനങ്ങളിൽ ഭൂരിഭാഗവും ജാനകിയമ്മയെക്കൊണ്ട് പാടിച്ച സംഗീതമാന്ത്രികൻ എം.എസ്. ബാബുരാജാണ് ഈണം പകർന്നത്.
'നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ/കാതോർത്തു ഞാനിരുന്നു... /താവകവീഥിയിൽ എൻമിഴിപ്പക്ഷികൾ/തൂവൽ വിരിച്ചുനിന്നു...'
കാണുന്ന നേരത്ത് മിണ്ടാതെ ഒളിക്കുന്ന മോഹങ്ങൾ, കാണാതിരിക്കെ ഉള്ളിൽ ചാമരം വീശി ഉണരുന്നതറിഞ്ഞ് ഓരോ നിമിഷവും നാഥെൻറ കാലൊച്ചക്കായി വഴിക്കണ്ണും നട്ടു കാത്തിരിക്കുന്ന നായിക. കാണാതെയെങ്ങാനും പൊടുന്നനെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ 'എന്തു പറഞ്ഞടുക്കും' എന്നു ചിന്തിച്ച് ഉത്തരം കിട്ടാതിരിക്കുമ്പോഴും, കുളിച്ചീറൻ മാറി കണ്ണെഴുതി പൊട്ടു കുത്തി, വഴിയിൽ തൂവൽ വിരിച്ചു കാത്തിരിക്കുന്ന മിഴിപ്പക്ഷികൾ. പ്രണയപരവശയായ ആ കാമിനിയെ ജാനകിയമ്മയുടെ ശബ്ദ മാധുരിയിലൂടെയാണ് അന്നത്തെ യുവതലമുറ കേട്ടത്. പൂവച്ചൽ ഖാദറും എം.ജി. രാധാകൃഷ്ണനും ചേർന്നൊരുക്കിയ ഇൗ ഗാനം ഭരതെൻറ 'ചാമരം' എന്ന സിനിമയിലൂടെയാണ് ഒഴുകിവന്നത്.
'ദുഃഖമേ നീ പോകൂ/കെടാത്ത നിത്യതാരാജാലം പോലെ/കത്തുമീയനുരാഗം/മരണമേ നീ വരികയെെൻറ/പ്രണയഗാനം കേൾക്കൂ/ നീയും ഏറ്റുപാടാൻ പോരൂ...'
ഒ.എൻ.വി കുറുപ്പിെൻറ മാന്ത്രിക വരികൾക്ക്, സലിൽദാ ഈണം ചേർത്തുവെച്ചപ്പോൾ പിറന്ന അനശ്വരപ്രണയഗാനമാണിത്. മരണത്തിനുപോലും തങ്ങളുടെ പ്രണയത്തെ സ്പർശിക്കാൻ കഴിയരുതേ എന്ന് പ്രാർഥിക്കുന്ന നായിക. ഇൗ പ്രണയഗാനം ഏറ്റുപാടാൻ കാലെത്തയും മരണത്തെയും വെല്ലുവിളിക്കുന്നവൾ. കണ്ണീരിെൻറ നനവുള്ള ഈ ഗാനം ഇന്നും ജാനകിയമ്മയുടെ ഈറൻ ശബ്ദത്തിലൂടെ നമ്മെ തീവ്രമായ പ്രണയത്തിെൻറ താഴ്വരകളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. കമൽഹാസനും സറീന വഹാബും ചേർന്ന് അനശ്വരമാക്കിയ 1978ൽ വെള്ളിത്തിരയിലെത്തിയ 'മദനോത്സവം' എന്ന സിനിമയിലേതാണ് ഇൗ ഗാനം.
'സ്വർണവളകളിട്ട കൈകളാൽ മെല്ലെ/പൗർണമിരാത്രിയെന്നെ വിളിച്ചുണർത്തി/നിദ്രാസമുദ്രത്തിൽ നീന്താനിറങ്ങിവന്ന/സ്വപ്നസുന്ദരിയപ്പോൾ പിണങ്ങിപ്പോയി.'
'ലക്ഷപ്രഭു' എന്ന സിനിമയിലെ എല്ലാ ഗാനങ്ങളുമെന്നതുപോലെ അപൂർവസുന്ദരമായൊരു ഗാനം. പൗർണമിരാവിൽ, പിണങ്ങിപ്പോയ നിദ്രയിൽ നിന്നുമെഴുന്നേറ്റ് നൂപുര ധ്വനിയൊതുക്കി ഗോപുരവാതിൽക്കലേക്ക് പതിയെ നടന്നുചെന്ന നായിക അവിടെ പ്രേമലോലുപനായ തന്റെ രാജകുമാരനെ കാണുന്ന ഗാനം. അവന്റെ കണ്ണുകളിൽ വിരഹമെഴുതിയ കണ്ണുനീർത്തുള്ളി വിണ്ണിലെ രോഹിണിനക്ഷത്രം പോലെ തിളങ്ങുന്നു. പി. ഭാസ്കരൻ മാഷും ബാബുക്കയും ചേർന്നൊരുക്കിയ ഈ സുന്ദരസങ്കൽപത്തിന് ആത്മാവ് നൽകിയത് ജാനകിയമ്മയാണ്.
'ആ നിമിഷത്തിെൻറ നിർവൃതിയിൽ/ഞാനൊരാവണിത്തെന്നലായ് മാറി/ആയിരമുന്മാദരാത്രികൾ തൻ ഗന്ധം/ആത്മദളത്തിൽ തുളുമ്പി..'.
ഓരോ വാക്കിലും കവിത വിരിയുന്ന ശ്രീകുമാരൻ തമ്പിയുടെ രചന. 'ചന്ദ്രകാന്തം' എന്ന സിനിമക്കുവേണ്ടി ഈണം പകർന്നത് എം.എസ്. വിശ്വനാഥൻ എന്ന അതുല്യസംഗീതജ്ഞൻ. ദാഹിക്കുന്ന ജീവെൻറ വരൾഭൂമിയിലേക്ക് ഭാവമന്ദമായി പെയ്തിറങ്ങി, ഹൃദയസ്പന്ദനങ്ങൾക്ക് പുതിയ താളം പകർന്ന പ്രണയഗാനം ജാനകിയമ്മയുടെ ശബ്ദത്തിലും യേശുദാസിന്റെ ശബ്ദത്തിലും കേൾക്കാം.
'പുല്ലിൽ പൂവിൽ പുഴുവിൽ കിളിയിൽ വന്യജീവിയിൽ വനചരനിൽ/ജീവബിന്ദുവിൻ അമൃതം തൂകിയ ലോകപാലകാ... ജഗദീശാ...'
സകലചരാചരങ്ങൾക്കും സൗഖ്യം പകരാനായി പരമകാരുണികനോട് ഇതിലും ഹൃദയമുരുകി, ഇതിലും മധുരമായി ആർക്ക് പ്രാർഥിക്കാൻ കഴിയും?....ഭാസ്കരൻ മാഷാണ് ഈ വരികൾ എഴുതിയത്. പുകഴേന്തി ഈണം നൽകി. ഭക്തിയും പ്രണയവും തുളുമ്പുന്ന ഗാനങ്ങൾക്കൊപ്പം തന്നെ കാത്തിരിപ്പിെൻറയും തിരസ്കാരങ്ങളുടെയും വിരഹത്തിെൻറയും വേദന വിങ്ങുന്ന ഗാനങ്ങളും ആ ശബ്ദം ഭാവപൂർണമായിത്തന്നെ ഉൾക്കൊണ്ടു. കാട്ടുതുളസി എന്ന ചിത്രത്തിന് വേണ്ടി വയലാറും ബാബുരാജും അണിയിച്ചൊരുക്കിയ 'സൂര്യകാന്തി' എന്ന ഗാനം ആർക്കാണ് മറക്കാൻ കഴിയുക?
'വെയിലറിയാതെ മഴയറിയാതെ/വർഷങ്ങൾ പോകുവതറിയാതെ/ദേവദാരുവിൻ തണലിലുറങ്ങും താപസകന്യക നീ...'
ഉന്നതശീർഷനായ കാമുകനോടുള്ള പ്രണയം, സൂര്യകാന്തിക്ക് സൂര്യനോടുള്ള പ്രണയവുമായി ഇഴകലർത്തി പറയുന്ന ഗാനം. ഭൂമിയിൽ പ്രണയം മരിക്കാതിരിക്കുന്ന കാലത്തോളം നിലനിൽക്കുന്ന ഈ ഗാനത്തിെൻറയും ആത്മാവ് ആ നാദഭംഗിയിൽ ഭദ്രം. കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന വൈകാരികത, വെള്ളിത്തിരയിലെ നായികമാരുടെ അഭിനയത്തിൽ നിന്നുള്ളതിനേക്കാൾ പൂർണമായി നമുക്കനുഭവിക്കാൻ കഴിഞ്ഞത് പലപ്പോഴും ആ സിനിമയിലെ ഗാനങ്ങളിൽ നിന്നായിരിക്കും എന്നത് വസ്തുതയാണ്.
'മെല്ലെ മെല്ലെ വാ ചെല്ലപ്പൂമുത്തേ/ഒരു ചിരി തൻ ചിറകിൽ കല്ലും പൂവാക്കും/കുഞ്ഞിപ്പാദങ്ങൾ വളർന്നീടാൻ കൊതിയായി...'
'അക്കച്ചീടെ കുഞ്ഞുവാവ' എന്ന ചിത്രത്തിൽ പൂവച്ചൽ ഖാദറും ജോൺസണും ചേർന്നൊരുക്കിയ ഈ ഗാനം ജാനകിയമ്മയോടൊപ്പം പാടിയ കുഞ്ഞുശബ്ദം ആരുടേതാണെന്ന് പലരും സംശയിച്ചിട്ടുണ്ടാകാം. അമ്മത്തം നിറഞ്ഞ ശബ്ദത്തിലും കുറുമ്പും കുസൃതിയും നിറഞ്ഞ കുഞ്ഞുശബ്ദത്തിലും മാറിമാറി പകർന്നാടിയത് ഒരേയൊരു ജാനകിയമ്മയാണ്.
'ആന പെറ്റതൊരാട്/ആടിനെന്തൊരു ചേല്/കൊമ്പ് രണ്ടും മേലോട്ട്/കാലു നാലും താഴോട്ട്...'
1982ൽ 'ബീഡിക്കുഞ്ഞമ്മ' എന്ന സിനിമയിൽ മാനസികവെല്ലുവിളി നേരിടുന്ന കഥാപാത്രത്തിനുവേണ്ടി വ്യത്യസ്തശബ്ദത്തിൽ പാടിയും അവർ നമ്മളെ അത്ഭുതപ്പെടുത്തി. പൂവച്ചൽ ഖാദറും എ.ടി. ഉമ്മറുമാണ് ഈ ഗാനത്തിെൻറ ശിൽപികൾ. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങൾക്ക് വേണ്ടി ഗാനങ്ങൾ എഴുതുകയും സംഗീതം പകരുകയും ചെയ്തിട്ടുണ്ട് ജാനകിയമ്മ. ഇവരുടെ പാട്ടുകൾ മറ്റാര് പാടിയാലും മറ്റൊരു പാട്ടുപോലെയേ നമുക്ക് അനുഭവപ്പെടൂ. ദശാബ്ദങ്ങളായി പാടിക്കൊണ്ടിരിക്കുകയാണെങ്കിലും ഒരു സ്റ്റേജ് ഷോയോ റെക്കോഡിങ്ങോ ഉണ്ടായാൽ തെൻറ തന്നെ ഗാനങ്ങൾ പാടാൻ പോലും മണിക്കൂറുകളോളം പ്രാക്ടീസ് ചെയ്യാൻ യാതൊരു മടിയും കാണിക്കാറില്ല അവരെന്ന് ഇളയരാജ പറഞ്ഞു കേട്ടിട്ടുണ്ട്. അവർ മികച്ച ഗായികക്കുള്ള ദേശീയഅവാർഡ് നാലു തവണ സ്വന്തമാക്കി.
1976ൽ 'പതിനാറു വയതിനിലെ' എന്ന തമിഴ് ചിത്രത്തിലെ 'സിന്ദൂരപ്പൂവേ' എന്ന ഗാനത്തിനാണ് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത്. തുടർന്ന് 1980 ൽ 'ഓപ്പോളി'ലെ 'ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത്' എന്ന ഗാനം നേടി. 1984ൽ തെലുഗു ചിത്രം 'സിതാര'യിലെ ഗാനത്തിനും,1992ൽ തമിഴ് ചിത്രമായ 'തേവർമകനിലെ ഗാനത്തിനുമായിരുന്നു' ദേശീയ അംഗീകാരങ്ങൾ. മികച്ച പിന്നണിഗായികക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്നാട് സംസ്ഥാന അവാർഡ് ഏഴ് തവണയും ആന്ധ്രപ്രദേശിെൻറ 10 തവണയും ചേർന്ന് 31 സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി ഇവർ. തമിഴ്നാട് സർക്കാറിെൻറ കലൈമാമണി പുരസ്കാരം 1986ലും, സൂർ സിംഗർ അവാർഡ് 1987ലും, കേരളത്തിൽ നിന്നുള്ള സിനിമ ആർക്കയിൻ അവാർഡ് 2002ലും നേടി. 2013ൽ പത്മഭൂഷൺ ലഭിച്ചെങ്കിലും അത് അവർ സ്വീകരിച്ചില്ല.
സൂക്ഷ്മമായി നോക്കിയാൽ ഗാനശാഖക്ക് മാത്രമല്ല അവർ സംഭാവന നൽകിയത്. പഠിച്ചെടുക്കാനും ഉച്ചരിക്കാനും ഏറ്റവും പ്രയാസമേറിയതെന്ന് പൊതുവെ പറയപ്പെടുന്ന മലയാളഭാഷയിൽ എസ്. ജാനകി പാടുന്നത് കേൾക്കുമ്പോൾ, അവർ മലയാളിയല്ല എന്നാർക്ക് പറയാൻ കഴിയും. മലയാളഭാഷയോട് നൂറുശതമാനം നീതിപുലർത്തിയ ഗായികയാണ് ഇവർ എന്ന് സംശയമില്ലാതെ പറയാനാവും. മറ്റു ഭാഷയിലുള്ള ഗാനങ്ങൾ തെലുങ്കിൽ എഴുതിയെടുത്ത്, ഉച്ചാരണം ഒരുപാട് തവണ കേട്ട് ഹൃദിസ്ഥമാക്കിയാണ് ഓരോ ഗാനവും ജാനകിയമ്മ പാടിയിരുന്നത് എന്നിരിക്കെ ഭാഷക്കും ഇവർ നൽകിയ സംഭാവനകൾ എത്ര വലുതാണ്. അറുപതാണ്ട് കാലം, പതിമൂന്നോളം ഭാഷകളിൽ പരന്നൊഴുകിയ സംഗീതനദി സ്വയം പിൻവലിഞ്ഞാലും അതിൽ നനഞ്ഞ്, തളിർത്ത്, പൂത്ത് ഉർവരമായ തീരങ്ങൾക്ക് മറക്കാൻ കഴിയുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.