മോഹനവീണയുമായി ഒഴുകി
text_fieldsനാൽപത്തിനാലു രാജ്യങ്ങളിലായി ആയിരത്തിലധികം പരിപാടികള്‍ അവതരിപ്പിച്ച മലയാളിയായ കലാകാരന് കേരളത്തിന് അന്യനാണ്. ലോകം മുഴുവനും ആരാധകരുണ്ടെങ്കിലും പിറന്ന നാട്ടില്‍ പോളി വര്‍ഗീസ് എന്ന മോഹനവീണയുടെ തമ്പുരാന് അറിയപ്പെടാതെപോയി. ജനനം മുതല്‍ 20 വര്‍ഷം തൃശൂരില്‍ ജീവിച്ചശേഷം പോളി യാത്രതുടങ്ങിയതാണ്. ഭാഷകള്‍ക്കും ദേശങ്ങള്‍ക്കുമപ്പുറത്തേക്ക് സഞ്ചരിക്കുന്ന സംഗീതംപോലെ ഈ സംഗീതജ്ഞെൻറയും ജീവിതം ഭാഷ^ദേശാന്തരങ്ങള്‍ക്കപ്പുറത്തേക്ക് പറന്നു. ഇതിനിടയിലെപ്പോേഴാ ജനിച്ച നാടും വീടുമെല്ലാം മാഞ്ഞുപോയി.
മൃദംഗം വായനയില്‍ തുടങ്ങിയ സംഗീതാഭ്യാസം മോഹനവീണയുടെ അത്യുന്നത തലങ്ങളിലേക്കെത്തിച്ചു. കര്‍ണാട്ടിക് സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും അറിയുന്ന, മോഹനവീണ വായിക്കുന്ന ലോകത്തിലെ ഏക വ്യക്തിയായി പോളി മാറി. കലാമണ്ഡലത്തില്‍നിന്ന് മൃദംഗം പഠിച്ചശേഷം കൊല്‍ക്കത്തയിലേക്ക് വണ്ടികയറിയ പോളിയെ പലഘട്ടങ്ങളിലും കുടുംബക്കാര്തന്നെ മറന്നുപോയി. കേരളം എന്ന സ്വത്വബോധത്തില്‍നിന്ന് പോളി പുറത്തിറങ്ങി. അതിനാല്‍ നാട്ടില്‍ അറിയപ്പെടുകയോ അറിയപ്പെടാതിരിക്കുകയോ ഇദ്ദേഹത്തെ സംബന്ധിക്കുന്ന കാര്യവുമല്ല. ചട്ടക്കൂടുകള്‍ തകര്‍ത്ത്, ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് രൂപാന്തരം തേടുന്ന സംഗീതംപോലെ ജീവിതത്തെയും രൂപാന്തരങ്ങള്‍ക്ക് പോളി വിധേയമാക്കി.
പൊതുവെ അറിയപ്പെടുന്നത് മോഹനവീണക്കാരനെന്നാണെങ്കിലും ഉത്തരേന്ത്യയില്‍ പോളി ഓരോ സ്ഥലത്തും ഓരോ വ്യക്തിയാണ്. കൊല്‍ക്കത്തയിലെ ചുവന്ന തെരുവിലെ ആളുകള്‍ പോളിയെ അറിയുന്നത് മൃദംഗം വായനക്കാരനായാണ്. മറ്റൊരിടത്ത് ചുടല കാവല്‍ക്കാരനാണ്. അതിര്‍ത്തികള്‍ ബാധകമല്ലാതെ ജീവിക്കുന്ന ബാവുല്‍ സംഗീതാലാപകരുടെ കൂടെ ചേര്‍ന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിലും അലഞ്ഞുനടന്ന നാടോടിയായിരുന്നു പോളി. ഝാര്‍ഖണ്ഡിലെ പൊലീസുകാര്‍ക്ക് പോളി മാവോവാദിയായിരുന്നു. ആത്മീയതയുടെ അത്യുന്നതങ്ങള്‍ തേടി കുറേക്കാലം സൂഫിസംഗീതവുമായി ഇഴുകിച്ചേര്‍ന്ന് ജീവിച്ചു. ഒരു നദി ഒരുപാടിടങ്ങളിലൂടെ ഒഴുകുന്നതുപോലെ പോളി എന്ന കലാകാരനും ഒഴുകിക്കൊണ്ടേയിരിക്കുന്നു.
മൃദംഗം പഠിപ്പിക്കുന്ന ആശാെൻറ വീട്ടിലെ ബ്ലാക് ആന്‍ഡ് വൈറ്റ് ടി.വിയില്‍ വിശ്വമോഹന്‍ ഭട്ട് മോഹനവീണ വായിക്കുന്നതു കണ്ട അന്ന് പോളി തീരുമാനിച്ചു, അദ്ദേഹത്തെ കാണണമെന്നും മോഹനവീണ പഠിക്കണമെന്നും. വിശ്വമോഹന്‍ ഭട്ടിന് നിരന്തരം കത്തുകളയച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കൊൽക്കത്തയില്‍ ശാന്തിനികേതനില്‍ വിശ്വമോഹന്‍ ഭട്ട് വന്നപ്പോള്‍ ഇലക്ട്രിക് ഗിത്താറില്‍ ഹിന്ദുസ്ഥാനി സംഗീതം വായിക്കുന്ന പോളിയെ കണ്ടു. അക്കാലത്ത് ഇലക്ട്രിക് ഗിത്താറില്‍ ഹിന്ദുസ്ഥാനി വായിക്കുന്നത് പോളി മാത്രമായിരുന്നു. ഒടുവില്‍ മോഹന്‍ ഭട്ട് രാജസ്ഥാനിലേക്ക് വണ്ടികയറിക്കൊള്ളാന്‍ പോളിയോട് പറഞ്ഞു. രാജസ്ഥാനിലെത്തിയ പോളി ആറു വര്‍ഷത്തോളം മോഹനവീണയില്‍ ജീവിതം സമര്‍പ്പിച്ചു.
ഹിന്ദുസ്ഥാനി സംഗീതം മാത്രം വായിച്ചിരുന്ന 20 സ്ട്രിങ് ഉണ്ടായിരുന്ന മോഹനവീണയില്‍ രണ്ടു സ്ട്രിങ് കൂടി ഉള്‍പ്പെടുത്തിയതോടെ കര്‍ണാട്ടിക് സംഗീതവും വായിക്കാമെന്ന് പോളി തെളിയിച്ചു. വിശ്വമോഹന്‍ ഭട്ട് ഉപയോഗിക്കുന്ന വീണയിലും ഇപ്പോള്‍ 22 സ്ട്രിങ്ങുകളാണുള്ളത്. മറ്റ് സംഗീതോപകരണങ്ങളിലും പ്രാവീണ്യമുണ്ടെങ്കിലും മോഹനവീണയാണ് പോളിയുടെ ജീവിതം. എവിടെ പോയാലും വീണ കൈയിലുണ്ടാകും. എവിടെവെച്ചും പോളി വീണ വായിക്കും. അതിന് സ്റ്റേജ് അറേഞ്ച്മെേൻറാ കാണികളോ ആസ്വാദകരോ ആവശ്യമില്ല. പണത്തിനു വേണ്ടിയല്ല പോളി മോഹനവീണ വായിക്കുന്നത്. അതുകൊണ്ടാണ് താന്‍ ബ്രാന്‍ഡ് ചെയ്യപ്പെടാത്തതെന്നും കേരളത്തില്‍ അറിയപ്പെടാതെപോയതെന്നും പോളി പറയുന്നു. ഉപഭോഗ സംസ്കാരത്തിെൻറ നാടായ കേരളത്തില്‍ പണത്തിെൻറ തൂക്കം നോക്കിയാണ് കലാകാരന്മാരുടെ നിലനിൽപെന്ന അഭിപ്രായക്കാരനാണ് പോളി.
സിനിമയില്‍ അഭിനയിച്ചാല്‍ മാത്രം അംഗീകരിക്കപ്പെടുന്ന ഒരു സംസ്കാരമാണ് നമ്മുടെ നാട്ടിലേത്. അതിനാല്‍ പല കലാകാരന്മാര്ക്കും കേരളത്തില്‍ സ്ഥാനമില്ലാതാകുന്നു. ഹിന്ദുസ്ഥാനി സംഗീതത്തെ ഏറെ സ്നേഹിക്കുന്ന കോഴിക്കോട്ടുകാര്പോലും പോളിയെ അറിയാതെപോയി. കേരളത്തില്‍ നാലു തവണ മാത്രമാണ് പോളിക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിച്ചത്. സൗജന്യമായും ലക്ഷങ്ങള്‍ വാങ്ങിയും പോളി പരിപാടി ചെയ്യാറുണ്ട്. എന്നാല്‍, സൗജന്യമായി ചെയ്യുന്ന പരിപാടിയായിരിക്കും ചിലപ്പോള്‍ പണം വാങ്ങി ചെയ്യുന്നതിനെക്കാള്‍ നന്നാകുന്നതെന്ന് പോളി പറയുന്നു. സംഗീതത്തെ സംബന്ധിച്ചിടത്തോളം പണം ഒരിക്കലും ഒരു മാനദണ്ഡമല്ല. വയനാട്ടിലെ സാധാരണക്കാരായ ആളുകളുടെ കൂടെ കുറച്ചു നാള് സംഗീതവും കവിതകളുമായി കഴിച്ചുകൂട്ടിയ പോളി അടുത്ത പരിപാടിക്കായി ഗ്ലാസ്ഗോയിലേക്ക് പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.