സംഗീതജ്ഞർ പുതിയ സംഗീതം സൃഷ്ടിക്കാൻ പരിശ്രമിക്കണം -ഡോ.എല്‍. സുബ്രഹ്മണ്യം
text_fieldsമനാമ: മറ്റുള്ളവർ സൃഷ്ടിച്ച സംഗീതം ആയിരംവട്ടം ആവർത്തിക്കാനല്ല, സർഗാത്മകമായി പുതിയത് സൃഷ്ടിക്കാനാണ് സംഗീതലോകത്തേക്ക് കടന്നുവരുന്നവർ ശ്രദ്ധിക്കേണ്ടതെന്ന് വിഖ്യാത സംഗീതജ്ഞനും വയലിനിസ്റ്റുമായ ഡോ.എല്‍. സുബ്രഹ്മണ്യം.
സംഗീതത്തിന് ആരാധകരും ആസ്വാദകരുമുണ്ടെങ്കിലും സംഗീതം മുഴുവനായി കേൾക്കാനോ ആസ്വദിക്കാനോ പുതിയ തലമുറ ശ്രദ്ധിക്കുന്നതായി കാണുന്നില്ല.
പത്തും മുപ്പതും സെക്കൻഡുള്ള സ്ട്രീമിങ് മാത്രമാണ് ഇപ്പോഴുള്ള ആസ്വാദനം. യുട്യൂബിലും സമൂഹമാധ്യമങ്ങളിലും മില്യൺ ലൈക്ക് നേടുക എന്നതിനപ്പുറം സംഗീതത്തെ അറിയാനും മനസ്സിലാക്കാനും സർഗാത്മകമായി പുനഃസൃഷ്ടിക്കാനും കഴിയണം. സംഗീതലോകത്തെ നവാഗതരോട് തനിക്ക് പറയാനുള്ളത് അതുമാത്രമാണെന്നും അദ്ദേഹം ഗൾഫ്മാധ്യമത്തോട് പറഞ്ഞു.
ഓരോ സംഗീത സപര്യയിലും പുതുതായി ഒന്ന് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇന്തോ- ബഹ്റൈൻ ഫെസ്റ്റിവലിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച ബഹ്റൈനിൽ നടത്തുന്ന വയലിൻ കച്ചേരിയിലും അതിനുള്ള പരിശ്രമമുണ്ടാകും. സംഗീതത്തെ സമൂഹത്തിൽനിന്നും സംസ്കാരത്തിൽനിന്നും വേർതിരിക്കാനാകില്ല. സംസ്കാരവും ആത്മീയതയും വൈകാരികതകളുമാണ് മികച്ച സംഗീതത്തെ സൃഷ്ടിക്കുന്നത്. ലോകമെമ്പാടും ആ സന്ദേശം പ്രചരിപ്പിക്കാനും മികച്ച ഗായകരെ കണ്ടെത്താനുമുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.
മ്യൂസിക് ബിയോണ്ട് ബോർഡേഴ്സ് എന്ന ആശയത്തിലൂന്നി ലക്ഷ്മിനാരായണ ഗ്ലോബൽ മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് അതിന്റെ ഭാഗമായാണ്. കേവലം സംഗീതജ്ഞരുണ്ടായാൽ പോരാ, സംഗീത പ്രതിഭകളുണ്ടാകണം. ഇന്ത്യയിലടക്കം നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം അതിന് പര്യാപ്തമല്ല. നിരവധി തവണ കേട്ട് സ്വായത്തമാക്കുക എന്നതിനപ്പുറം സർഗാത്മകതയുണ്ടാകുന്നില്ല.
അത് സാധ്യമായാൽ മാത്രമേ പ്രതിഭകൾ ഇനിയും വളർന്നുവരൂ എന്നും അദ്ദേഹം പറഞ്ഞു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, എം.ഡി. രാമനാഥന്, കെ.വി നാരായണസ്വാമി, മൃദംഗവിദ്വാൻ പാലക്കാട്ട് മണി അയ്യർ തുടങ്ങി നിരവധി മനീഷികളോടൊപ്പം ഡോ. എല്‍. സുബ്രഹ്മണ്യം വയലിന് വായിച്ചിട്ടുണ്ട്. ലോകപ്രശസ്ത വയലിന് മാന്ത്രികന് എഹൂദി മെനൂഹിന്, സംഗീതജ്ഞരായ സ്റ്റീഫന്‍ ഗ്രപ്പെലി, ജോര്‍ജ് ഹാരിസണ്‍ തുടങ്ങിയവര്‍ക്കൊപ്പം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ പാശ്ചാത്യ സംഗീത ഓര്ക്കസ്ട്രകള്ക്കൊപ്പവും പ്രവർത്തിച്ചു. സംഗീതപരിപാടികളിൽ പിന്നണി വാദ്യം മാത്രമായിരുന്ന വയലിനെ സോളോ പെർഫോമൻസിലൂടെ മുൻനിരയിലേക്കുയർത്തിയത് അദ്ദേഹമായിരിക്കും.
കര്‍ണാടക-പാശ്ചാത്യ-ഫ്യൂഷന്‍ സംഗീതത്തിലും നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സലാം ബോംബെ അടക്കം സിനിമകള്‍ക്കും സംഗീതം നല്കി. ഗായിക കവിത കൃഷ്ണമൂര്ത്തിയാണ് ഭാര്യ. അച്ഛനും പ്രശസ്ത വയലിനിസ്റ്റുമായ പ്രഫ. വി. ലക്ഷ്മിനാരായണനാണ് സംഗീതത്തില്‍ ആദ്യപാഠങ്ങള്‍ നല്‍കിയത്. അമ്മ സീതാലക്ഷ്മിയുടെ നാട് എന്ന നിലക്ക് തൃപ്പൂണിത്തുറയുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. സഹോദരന്മാരായ എല്‍. ശങ്കര്‍, പരേതനായ എല്‍. വൈദ്യനാഥന് എന്നിവരും ഡോ. എല്‍. സുബ്രഹ്മണ്യവും ചേര്‍ന്ന് നടത്തിയ വയലിന്‍ത്രയം സംഗീത ആസ്വാദകരുടെ വലിയ അംഗീകാരം നേടിയിട്ടുണ്ട്.
മകൾ ഗായികയും ഗാനരചയിതാവുമായ ബിന്ദു സുബ്രഹ്മണ്യം, മകൻ അമ്പി സുബ്രഹ്മണ്യം എന്നിവരോടൊപ്പം അദ്ദേഹം വയലിൻ ഡ്യുയറ്റുകൾ അവതരിപ്പിക്കുന്നു. ‘സംഗീതമില്ലാതെ താൻ ശൂന്യനാണ്; എന്റെ വയലിൻ ഇല്ലാതെ ഞാൻ വെറും പൂജ്യം’ എന്ന വാക്കുകൾ അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ ഉജ്ജ്വലമായ തെളിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.