ദേവദൂതർ വീണ്ടും പാടുന്നു
text_fields‘കാലമൊരജ്ഞാത കാമുകന്
ജീവിതമോ പ്രിയകാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപ്പുണരും വലിച്ചെറിയും...’
ഋതുഭേദകൽപനകൾ ചാരുത ചാർത്തിയ കാലത്തിന്റെ രഥയാത്രയുടെ ഒരു നേർക്കാഴ്ചയായിരുന്നു ശ്രീകുമാരൻ തമ്പി വർഷങ്ങൾക്കുമുമ്പ് ‘കാലചക്രം’ എന്ന സിനിമക്കുവേണ്ടി എഴുതിയ ഈ മനോഹരവരികൾ. വാരിപ്പുണരാനും വലിച്ചെറിയാനും കാലം എന്നും ചില കാണാക്കാഴ്ചകൾ വിസ്മയത്തോടെ കാത്തുവെക്കാറുണ്ട്. ചരിത്രത്തിന്റെ ഇടനാഴിയിൽ കാലം അടയാളപ്പെടുത്താൻ മറന്നുപോയ ഒരു ചലച്ചിത്രഗാനം. വർഷങ്ങൾക്കുശേഷം ആ ഗാനത്തെ വാരിപ്പുണരാൻ കാലം ഇരു കൈകളും നീട്ടി മുന്നോട്ടുവരുന്നു.
ആ കഥകളിലൂടെ ഒന്ന് പിറകോട്ട് സഞ്ചരിക്കാം. 1985ൽ ഭരതൻ സംവിധാനം ചെയ്ത് മമ്മൂട്ടിയും സരിതയും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു ‘കാതോട് കാതോരം’. പേര് കേൾക്കുമ്പോൾതന്നെ ഈ ചിത്രത്തിൽ ഭരതന്റെ സംഗീത സംവിധാനത്തിൽ ലതിക പാടിയ
‘കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തിൽ നീ ചൊല്ലി വിഷുപ്പക്ഷി പോലെ...’ എന്ന ഗാനമാണ് ഓർമയിലേക്ക് ഓടിയെത്തുക. മാത്രമല്ല, ഔസേപ്പച്ചൻ എന്ന മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്റെ തുടക്കവും ഈ ചിത്രത്തിലൂടെയായിരുന്നു. വയലിനിന്റെ മാസ്മരിക ശബ്ദവീചികളാൽ മനസ്സിൽ അനുഭൂതി സൃഷ്ടിക്കുന്ന ഒരു ഗാനവുമായായിരുന്നു ഔസേപ്പച്ചന്റെ ഈ ചിത്രത്തിലൂടെയുള്ള അരങ്ങേറ്റം.
‘നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
നീ എന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം സങ്കീര്‍ത്തനം
ഓരോ ഈണങ്ങളില്‍
പാടുവാൻ നീ തീര്‍ത്ത മണ്‍വീണ ഞാന്‍...’
എന്ന ഗാനം കേരളം നെഞ്ചിലേറ്റിയതോടെ ഔസേപ്പച്ചന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഈ രണ്ടു ഗാനങ്ങളും 40 വർഷം മുമ്പ് ചലച്ചിത്രരംഗത്ത് സൂപ്പർഹിറ്റുകളായി മാറിയപ്പോൾ അത്രയൊന്നും ശ്രദ്ധിക്കാതെ പോയ ചിത്രത്തിലെ മറ്റൊരു ഗാനം പിന്നീട് പുതിയൊരു ചരിത്രം സൃഷ്ടിച്ചത് അടുത്തിടെ മലയാള ചലച്ചിത്രരംഗം കണ്ടു. യേശുദാസ്, ലതിക, കൃഷ്ണചന്ദ്രൻ, രാധിക തുടങ്ങി നാല് പ്രഗല്ഭ ഗായകർ ആലപിച്ചിട്ടും ഒരു ശരാശരി ജനശ്രദ്ധ മാത്രം നേടിയ
‘ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ...’ എന്ന ഗാനം ഒരു പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിൽ വികാരിയച്ചനും കന്യാസ്ത്രീകളും കുട്ടികളും സാന്തോക്ലോസുമൊക്കെയായി മമ്മൂട്ടിയും സരിതയും ലിസിയും ജനാർദനനും ഇന്നസെന്റും നെടുമുടി വേണുവും ഒക്കെ അണിനിരന്നാണ് വെള്ളിത്തിരയിൽ ആടിത്തിമിർത്തത്. ഏറെ രസകരമായ വസ്തുത മൂന്നുവർഷം മുമ്പ് ‘ന്നാ താൻ പോയി കേസുകൊട്’ എന്ന ചിത്രത്തിൽ ഈ പാട്ട് റീമിക്സ് ചെയ്തുവന്നിരുന്നു. നാട്ടിലെ ഏതൊരു ഗാനമേളയുടെ മുന്നിലും കണ്ടുപരിചയിച്ച ഒരു ‘പാമ്പാട്ട’ത്തിന്റെ മെയ് വഴക്കത്തോടെ കുഞ്ചാക്കോ ബോബൻ ഈ ഗാനത്തിന് ചുവടുവെച്ചപ്പോൾ ഏകദേശം 10 മില്യൺ പ്രേക്ഷകരാണ് യൂട്യൂബിൽ ഈ പാട്ടുരംഗം കണ്ടാസ്വദിച്ചതത്രെ! ഒരുപക്ഷേ മലയാള ചലച്ചിത്രഗാന ചരിത്രത്തിൽ വളരെ കുറച്ചുദിവസങ്ങൾക്കുള്ളിൽ ഇത്രയധികം പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ ഒരു ഗാനം തിരഞ്ഞുപിടിച്ചുകാണുന്നത് ആദ്യമാണെന്നു തോന്നുന്നു.
ഭരതൻ, ഒൗസേപ്പച്ചൻ, ശിവമണി, എ.ആർ. റഹ്മാൻ
38 വർഷം മുമ്പ് ശരാശരി വിജയം മാത്രം നേടിയെടുത്ത ഈ ഗാനത്തിന് അന്ന് ഡ്രംസ് വായിച്ചത് ഞരമ്പുകളെ ത്രസിപ്പിക്കുന്ന താളപ്പെരുക്കത്തിലൂടെ യുവതലമുറയെ ആവേശം കൊള്ളിച്ച ശിവമണിയും കീബോർഡ് വായിച്ചത് ഇന്ന് തന്റെ മാസ്മരിക സംഗീതത്തിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തിനിൽക്കുന്ന എ.ആർ. റഹ്മാനുമായിരുന്നു. മൂന്നര പതിറ്റാണ്ടുകൾക്കുശേഷം ‘ദേവദൂതർ’ ഇത്രയധികം പോപ്പുലാരിറ്റി നേടിയെടുക്കുമെന്ന് ഗാനത്തിന്റെ സംഗീതസംവിധായകനായ ഔസേപ്പച്ചൻ സ്വപ്നത്തിൽപോലും വിചാരിച്ചിട്ടുണ്ടാകില്ല.
മെലഡിയും ഭക്തിയും ഫാസ്റ്റ് ട്രാക്കും എല്ലാം മിന്നിമറയുന്ന ഈ ഗാനത്തിലൂടെ കുഞ്ചാക്കോ ബോബനും ഔസേപ്പച്ചനും വീണ്ടും പുതുതലമുറയുടെ മനസ്സിൽ താരങ്ങളായി ഉദിച്ചുയർന്നു.
ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്. ഇത്തവണ വൻ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു മനോഹര ചിത്രത്തിന്റെ കേന്ദ്രബിന്ദുവായി ഈ ഗാനം വീണ്ടും വാർത്തകളിൽ ഇടംനേടിയിരിക്കുന്നു. ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത് ആസിഫ് അലിയും അനശ്വര രാജനും അഭിനയിച്ച ‘രേഖാചിത്രം’ എന്ന സിനിമയിലൂടെ ‘ദേവദൂതർ’ എന്ന ഗാനം ഒരിക്കൽക്കൂടി പ്രേക്ഷകഹൃദയത്തിലേക്ക് വിരുന്നിനെത്തുന്നു. 40 വർഷം മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രത്തിലെ ഗാനത്തിൽനിന്ന് ഒരു പുതിയ കഥ മെനഞ്ഞെടുത്താണ് ‘രേഖാചിത്രം’ വിജയക്കുതിപ്പ് നടത്തുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണെന്ന് തോന്നുന്നു ഒരു ഗാനരംഗത്തിന്റെ ദൃശ്യചാരുതയിൽനിന്ന് മറ്റൊരു സിനിമയുടെ കഥ രൂപംകൊള്ളുന്നത്. ഉദ്വേഗജനകമായ ഈ കഥയിൽ മലയാളത്തിന്റെ പ്രിയ സംവിധായകൻ കമലും നടൻ ജഗദീഷുമെല്ലാം ഒരോ കഥാപാത്രമായി പ്രത്യക്ഷപ്പെടുമ്പോൾ തീർച്ചയായും സംവിധായകൻ വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
‘കാതോട് കാതോര’ത്തിന്റെ കഥയെഴുതിയ ജോൺപോളും സംവിധായകനായ ഭരതനും നടൻ നെടുമുടി വേണുവുമൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. അവർക്കുള്ള ഒരു വലിയ ആദരവുകൂടിയാണ് 100 കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മനോഹര ചലച്ചിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.