ഇനിയൊരു ഗാനം നിനക്കായ്...
text_fieldsപ്രപഞ്ച ജീവിതത്തിലെ വൈവിധ്യങ്ങളത്രയും പാട്ടുകളിൽ സമന്വയിപ്പിച്ച കവിയായിരുന്നു ഒ.എൻ.വി. ഒ.എൻ.വിയുടെ ഗാനകലയെ മികവുറ്റ സംഗീതസന്ദർഭങ്ങളിൽ സാക്ഷാത്കരിച്ച സംഗീത സംവിധായകരിൽ ശ്രദ്ധേയനാണ് മോഹൻ സിതാര. പ്രപഞ്ചത്തിന്റെയും പ്രണയത്തിന്റെയും ഒരു ഭൂപടംതന്നെ ഇരുവരും ചേർന്ന് പാട്ടുകളിൽ ചുരുൾനിവർത്തി. അവിടെ കാറ്റിന്റെ ഈണവും ദലമർമരവും മണ്ണിൻമണവും കുയിലിന്റെ പാട്ടും കായലോളങ്ങളുടെ തിരുവാതിരയും തൃത്താളവും മഴപാടും താളവും തുടങ്ങിയ നാദപാരമ്യങ്ങൾ ഈ ഗാനഭൂപടത്തിൽ സ്വരാങ്കനം ചെയ്യപ്പെട്ടിരിക്കുന്നു. അതിൽ പൊന്നും പൂപ്പടപ്പൊലിയും തുളസിവെറ്റിലയും ചെമ്പഴുക്കയും കണ്ണാരംപൊത്തുന്ന പൂന്തെന്നലും ഞാറ്റുവേലയും ചിങ്ങപ്പൂങ്കാറ്റും കദളിപ്പൊൻകൂമ്പും ആമ്പൽപാടവും നെറ്റിക്കൻമീനും പൊടിമീനും കാട്ടുകോഴീം സംക്രാന്തീം, ഒന്നിച്ചോണം കാണാൻ വന്ന ഉണ്ണിപ്പൂക്കളും... അങ്ങനെ പ്രകൃതി മുഴുവനായി ഈ പാട്ടുകളിൽ പീലിവിടർത്തിയാടുന്നു.
ഒ.എൻ.വി-മോഹൻ സിതാര ഗാനങ്ങളിലെ സംഗീത വിനിമയങ്ങൾ ഏറെ ലളിതവും ആകർഷകവുമായിരുന്നു. കവിത നൽകുന്ന കാൽപനികതയുടെയും ഗൃഹാതുരതയുടെയും സവിശേഷ സന്ദർഭങ്ങളെ ഈണലാളിത്യത്തിൽ സൗന്ദര്യഭരിതമാക്കുകയായിരുന്നു മോഹൻ സിതാര. പാട്ടിന്റെ ഈ സമ്മോഹനകാലം നമ്മെ ഓർമപ്പെടുത്തുന്നത് മുഗ്ധവും തരളിതവുമായ സംഗീതാർദ്രതകളെയാണ്. അത് അതിനുമുമ്പുള്ള സംഗീത സംഗമങ്ങളിൽനിന്ന് മാറിനിൽക്കുന്ന ഒരു ഋതുവായിരുന്നു. ഒ.എൻ.വിയുടെ വരികളിൽ ആവിഷ്കൃതമായ മറ്റൊരു കമനീയ സംഗീതലോകം.
നാട്ടുസംസ്കൃതിയുടെ ഈണങ്ങൾ വ്യത്യസ്ത സ്ഥായികളിൽ പരീക്ഷിക്കുകയായിരുന്നു മോഹൻ സിതാര. കാവ്യരചനയെ കാൽപനികമാക്കുന്ന ഒരു അന്തർജ്ഞാനത്തിന്റെയും വൈകാരികാനുഭൂതിയുടെയും നൈസർഗികപ്രവാഹം മോഹൻ സിതാരയുടെ സംഗീതത്തിൽ നാമറിയുന്നു. വെസ്റ്റേണും ഫോക്കും ചേർന്ന അപൂർവവും നവീനവുമായ സംഗീത സംയോജനങ്ങൾ ഒ.എൻ.വി കവിതകളിൽ വലിയൊരു ഭാവുകത്വ വിപുലനം സാധ്യമാക്കി. 1986ൽ ‘ഒന്നു മുതൽ പൂജ്യം വരെ’യിലെ പാട്ടുകൾക്കുവേണ്ടിയാണ് ഒ.എൻ.വിയും മോഹൻ സിതാരയും ആദ്യമായി ഒന്നിച്ചത്. വെസ്റ്റേൺ സ്വരഭംഗിയിൽ തീർത്ത ‘പൊന്നൊലിവിൽ’ എന്ന ഗാനം മോഹൻ സിതാരയുടെ ആദ്യ സിനിമാഗാനവുമായിമാറി. ബ്യൂഗിൾ മുതലായ സംഗീതോപകരണങ്ങൾ ഈ പാട്ടിൽ വൈവിധ്യമുണ്ടാക്കി.
സിംഫണി വായിച്ചുകൊണ്ട് മരണത്തിലേക്ക് പോകുന്ന നായകന്റെ സംഗീതമായിരുന്നു അത്. അതേസമയം, ആ സിനിമയിൽ തന്നെയുള്ള ‘രാരീ രാരീരം രാരോ’ എന്ന പാട്ട് താരാട്ടിന്റെ താളലയങ്ങളിൽ തരളമായി. ‘താലോലം തപ്പുകൊട്ടിപ്പാട്ടും താരാട്ടിന്നീണവുമായ് വന്നു’ എന്ന ഒ.എൻ.വിയുടെ വരികൾ അക്ഷരാർഥത്തിൽ സൗന്ദര്യഭദ്രമായി. പിന്നീടും ഒ.എൻ.വിയുടെ വരികളിൽ മികച്ച താരാട്ടുപാട്ടുകൾ ഉണ്ടാക്കി മോഹൻ സിതാരം. സിന്ധുഭൈരവിയിൽ തീർത്ത ‘കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ’, ‘പൂക്കാലം വന്നു പൂത്തുമ്പീം വന്നു’ എന്നിവ ഇക്കൂട്ടത്തിൽ പെടുന്നവയാണ്. ഈ ഗാനങ്ങളെല്ലാം താരാട്ടിന്റെ മികവുറ്റ സാഫല്യങ്ങളായി. ഗ്രാമ്യതയുടെ ഈണങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി ഗാനങ്ങൾ ഈ സമാഗമത്തിലുണ്ടായിരുന്നു. ഫോക്ക് മെലഡിയുടെ കൂട്ടത്തിൽ പെടുത്താനാകും ഇവയെ. മോഹനരാഗത്തിൽ പിറവികൊണ്ട ‘നെമ്പരുന്തിൻ ചേലുണ്ടേ’, ‘ഒന്നാം കുന്നിൻമേലേ’, ‘പൊന്നാവണിവെട്ടം’ എന്നീ ഗാനങ്ങൾ, ‘അമ്മയ്ക്കൊരു പൊന്നുംകുടും’, ‘കുന്നിറങ്ങി’, ‘പൊന്നും പൂപ്പടപ്പൊലിയോ’, ‘കാറ്റുതുള്ളി കായലോളം’ ഇങ്ങനെയുള്ള പാട്ടുകൾ. ഒ.എൻ.വി-മോഹൻ സിതാര സംഗമത്തിലെ പല ഗാനങ്ങൾക്കും ഭാവഗീതങ്ങളുടെ ഭാഷയുണ്ടായിരുന്നു. ‘വചനം’ എന്ന സിനിമയിലെ ‘നീൾമിഴിപ്പീലിയിൽ’ എന്ന പാട്ടായിരുന്നു ഇതിൽ പ്രധാനം.
ഒരുപക്ഷേ, സിനിമക്കുവേണ്ടി മോഹൻ സിതാര സൃഷ്ടിച്ച ഏറ്റവും പ്രണയാതുരമായ ഗാനം. കവിതയുടെ ഭാവാന്തരങ്ങളെ കേൾക്കുന്നയാളിന്റെ ആത്മതന്ത്രികളിൽ പ്രണയശ്രുതിയായി പകർത്തിയ ഗാനമായിരുന്നു അത്. വരികളെ തൊട്ടുണർത്തിയ വിലോലമായ ഈണം. കേൾക്കുന്തോറും ഈ ഗാനം ശബ്ദായമാനതയിൽനിന്ന് നമ്മുടെ ആന്തരമൗനത്തിലേക്ക് നീങ്ങുന്നു. പ്രണയിനികൾ കൈമാറുന്ന മോഹനൊമ്പരങ്ങളും ഉൾപ്പൂവിൻ തുടിപ്പുകളുമൊക്കെ പതുക്കെ ഈ പാട്ടിൽ നിറയുന്നു. ഒ.എൻ.വി എഴുതിയ പല്ലവിക്ക് വയലിനിൽ മോഹൻ സിതാര വായിച്ച ഈണമാണ് നാമിന്ന് കേൾക്കുന്നത്. മാനസഭാവങ്ങളെ മൗനത്തിലൊളിപ്പിക്കുന്ന പ്രണയികളുടെ ആത്മാലാപമാണ് ഈ ഗാനം. ‘ഞാൻ വരച്ച, നീൾമിഴിപ്പൂവിൽ നീർതുളുമ്പിനിന്ന പെൺകിടാവിന്റെ സ്കെച്ചിന് നിറങ്ങൾ പകരുന്ന’തായിരുന്നു മോഹൻ സിതാരയുടെ ഈണം. ഒ.എൻ.വിയുടെ വരികൾ.
ഇതേ കാറ്റഗറിയിലുള്ള മറ്റൊരു പാട്ടായിരുന്നു ‘ഒരു വാക്കിലെല്ലാം പറഞ്ഞു ഒരു നോക്കിലുൾപ്പൂ വിരിഞ്ഞു’ എന്നത്. ഹൃദയത്തിന്നാഴത്തിൽനിന്നുമെടുത്ത ഒരു പവിഴപ്പൂമുത്തുപോലെയാണ് ഈ പാട്ട്. ഒരേസമയം, വരികളിലെ ആശയത്തോടും ചലച്ചിത്ര സമ്മർദത്തോടും ആന്തരലോകത്തോടും ഈണത്തിന്റെ വ്യത്യസ്ത സ്ഥായികളിൽ സംവദിക്കാനുള്ള വിനിമയശേഷി മോഹൻ സിതാരയുടെ ഗാനങ്ങൾക്കുണ്ടായിരുന്നു. പല സ്വരൂപങ്ങളാർജിച്ച് പല ഭാവങ്ങൾ കാട്ടുന്ന ഈ ഗാനങ്ങൾ സ്വാഭാവികമായ ഒരു സംഗീത സൗന്ദര്യലോകത്തെ സ്വയം നിർവചിക്കുന്നു. ചലച്ചിത്രങ്ങളിലെ നായികാ നായകന്മാരുടെ ആശയാഭിലാഷങ്ങളെ കേരളീയമായ ഒരു സംഗീത പ്രകൃതിയിലേക്ക് കൊണ്ടുവരാനും ശ്രമിച്ചു മോഹൻ സിതാര. കാൽപനികതയുടെ ഒരു റൊമന്റിക് ഇക്കോളജി പാട്ടിൽ പ്രായോഗികമാക്കാൻ ഇരുവർക്കും സാധിച്ചു.
കാൽപനികതയുടെയും ഗൃഹാതുരതയുടെയും സൂക്ഷ്മനാദങ്ങൾ പലയളവുകളിൽ മിടിച്ചിരുന്നു ഈ ഗാനങ്ങളിൽ. നാടോടിത്തത്തിന്റെ കേരളീയ സാധ്യതകൾ താരാട്ടിന്റെ മുഗ്ധതകൾ, വിഷാദാത്മകമായ ഏകാന്തതകൾ, നാട്ടുപാട്ടിനീണങ്ങളെ സിനിമാത്മകസുഗമ സംഗീതമാക്കുന്ന രീതികൾ എന്നിവയെല്ലാം ഈ സംഗീതസംഗമത്തിൽ ഉൾപ്പെട്ടിരുന്നു. പല വഴികളിൽ തീർത്ത പാട്ടുകളുടെ ഒരു വസന്തകാലമായിരുന്നു അത്. ‘കസ്തൂരി കളഭങ്ങൾ’, ‘ഈ വഴിയേ’, ‘കനകമണിമയ’ (ഉത്സവമേളം),‘അമ്മേ ഗംഗേ മന്ദാകിനി’, ‘കളഭക്കുറി ചാർത്തണ്ടേ’ (സലിൽ ചൗധരി ഗാനങ്ങളുടെ ശൈലി), ‘പറകൊട്ടിപ്പാടുക’ (പരേഡിനെ ഓർമിപ്പിക്കുന്ന രീതി), ‘രാമാ ശ്രീരാമ’, ‘ചന്ദിരൻ കുഞ്ഞേ’ (നർമഗാനങ്ങൾ), ‘സോപാന സംഗീതലഹരിയിൽ’ (സോപാന സംഗീത ശൈലി), ‘ദൂരത്തൊരു തീരത്തിൽ’ (ദൈവത്തിന്റെ വികൃതികൾ), ‘കുങ്കുമ മലരുകളോ’, ‘വാർത്തിങ്കൾ പൊൻകണ്ണാടി’... ഇങ്ങനെ വൈവിധ്യം നിറഞ്ഞ ഗാനങ്ങളുടെ വിസ്തൃതിയുണ്ടിവിടെ.
‘ഇനിയൊരു ഗാനം നിനക്കായ്’ (ദൈവത്തിന്റെ വികൃതികൾ) എന്ന ഗാനം ഈ സമാഗമത്തിലെ മികച്ച സംഗീതാനുഭവങ്ങളിലൊന്നാണ്. യേശുദാസ് പാടിയ ഈ ഗാനത്തിന്റെ പല്ലവിക്കും അനുപല്ലവിക്കുമിടയിലെ ഇന്റർല്യൂഡിൽ കടലിന്റെ തിരയിളക്കവും ഓടക്കുഴൽനാദവും ഇണക്കിച്ചേർത്തിരിക്കുന്നു. അനുപല്ലവിക്കും ചരണത്തിനുമിടയിൽ ചേർത്തുവെച്ച ജലനാദവും കിളിയൊച്ചയും എടുത്തുപറയേണ്ടതാണ്. മൗനത്തിന്റെ ഇടവേളക്കു ശേഷം വയലിൻ സ്വരഭംഗികൾ ഈ പാട്ടിലെ ഭാവഗീതാത്മകതയുടെ തലത്തെ വാനോളം ഉയർത്തുന്നു. മലയാളത്തിലെ അപൂർവ ഭാവശോഭയുള്ള മെലഡികളിലൊന്നാണിത്. ‘ഉൾപ്പൂവിൻ തുടിപ്പുകളറിയുന്നു’, ‘ഒരുനാൾ നിന്റെ മുന്നിലെൻ ഹൃദയം കാഴ്ചവെച്ചു ഞാൻ’, ‘നീയെൻ ഉൾപ്പൂവിനുള്ളിൽ സ്വർണഹംസമായ് വരൂ’, ‘ഒരു നോക്കിലുൾപ്പൂ വിരിഞ്ഞു’ എന്നിങ്ങനെ വിവിധ പാട്ടുകൾ കേൾക്കുമ്പോൾ നമ്മുടെ ഉൾപ്പൂവുമങ്ങനെ വിരിയുന്നു. ഉൾപ്പൂവിന്റെ പാട്ടുകളാണ് മോഹൻ സിതാരയുടേത്. ഗൃഹാതുരമായ ഈണങ്ങളെ വർത്തമാന സ്വരൂപത്തിൽ പുനഃസൃഷ്ടിക്കുകയാണ് സംഗീത സംവിധായകൻ. അതിൽ ഓണത്തിന്റെ ഈണം കലർന്നിട്ടുണ്ടായിരുന്നു.
ഏകതന്ത്രിയെ ആത്മാവിന്റെ രാഗതന്ത്രിയാക്കിമാറ്റുന്ന ഹേമന്തരാവിന്റെ സംഗീതമുണ്ടായിരുന്നു. നീയെൻ ഉൾപ്പൂവിനുള്ളിൽ എന്റെ പാട്ടിൽ നിറയെ വളകൾ പാടുന്നുണ്ടായിരുന്നു. ഇങ്ങനെ ഒ.എൻ.വിയുടെ വരികൾ മോഹൻ സിതാരയുടെ പല പാട്ടുകളിലായി പുതിയ അർഥങ്ങൾ തേടുകയായിരുന്നു. ‘നീയെൻ ഉൾപ്പൂവിനുള്ളിൽ’ എന്ന പാട്ടിലെ പല്ലവിയിലെയും അനുപല്ലവിയിലെയും ചരണത്തിലെയും ‘പോരൂ’ എന്ന വാക്കിന്റെ ഈണലാവണ്യങ്ങൾ ശ്രദ്ധേയമായിരുന്നു.
ഒ.എൻ.വി ഗാനങ്ങളിൽനിന്ന് കിട്ടിയ ഊർജമാണ് പിന്നീട് മോഹൻ സിതാര തന്റെ വലിയ വളർച്ചകളുടെ അരങ്ങേറ്റവേദിയാക്കിയത്. ഒ.എൻ.വിയുടെ വരികൾ സംഗീതം ചെയ്യുമ്പോൾ ഭാവഗീതാത്മകതയുടെ മറ്റൊരു ലോകമൊരുക്കുകയായിരുന്നു മോഹൻ സിതാര. കാവ്യസൗന്ദര്യത്തിന്റെ തലങ്ങളെ സംഗീതത്താൽ പരിചരിക്കേണ്ടുന്ന ഈ നടപ്പാത ഒ.എൻ.വിയിൽനിന്നാണ് മോഹൻ സിതാര പണിതുണ്ടാക്കിയത്. അങ്ങനെയൊരു പാരസ്പര്യം അവർ തമ്മിലുണ്ടായിരുന്നു. പാട്ടിൽ സമർപ്പിതചേതസ്സുകളായി നിന്നതിന് ഒരുകാലം സാക്ഷ്യംവഹിച്ചു.
‘പാട്ടെന്റെ ജീവനായിരുന്നു. നാട്ടുനാടകങ്ങളും ഉത്സവങ്ങളും എന്നിൽ വൻതോതിൽ പാട്ടുകമ്പം കൊണ്ടുവന്നു. അമ്പലഭജനകളിൽ പാടുമായിരുന്നു. എല്ലാവിധ ആഘോഷങ്ങളിലെയും പാട്ടുധാരകൾ ഞങ്ങളുടെ ഗ്രാമമനസ്സിന്റെ ഭാഗമായി. അച്ഛൻ നന്നായി നാട്ടുപാട്ടുകൾ പാടുമായിരുന്നു. പെരുവല്ലൂർ എന്ന ഗ്രാമത്തിൽ അച്ഛൻ പാടുന്ന നാടകഗാനങ്ങൾ ആൾക്കാർക്ക് വലിയ പരിചയമായിരുന്നു. ചേട്ടൻ സുബ്രഹ്മണ്യൻ വായിക്കാത്ത സംഗീതോപകരണങ്ങൾ കുറവായിരുന്നു’ -മോഹൻ സിതാരയുടെ വാക്കുകൾ. നമ്മുടെ ഹൃദയത്തിലെ ആനന്ദത്തിന്റെയും പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഉത്സവാരവമേളത്തിന്റെയും താരാട്ടുവാത്സല്യത്തിന്റെയുമൊക്കെ സംഗീതകാരനാണ് മോഹൻ സിതാര എന്ന് അദ്ദേഹം ഓരോ പാട്ടിലൂടെയും നമ്മെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.