മഞ്ഞുനീർക്കണങ്ങൾ ചൂടി കുഞ്ഞുപൂവുറങ്ങുംപോലെ
text_fieldsഗാനകലയെ മനസ്സിന്റെ ഭാവകലയാക്കി മാറ്റിയ കവിയായിരുന്നു ഒ.എൻ.വി. ജീവിതത്തിന്റെ കാൽപനികധാരകളെ മൃദുലസ്വഭാവമുള്ള പദസൗന്ദര്യത്തിൽ ആവിഷ്കരിച്ചു അദ്ദേഹം. പ്രകൃതിയുടെ പലവിധ സങ്കൽപചാരുതകളിൽനിന്ന് ഒരൊറ്റ ബിംബത്തിലേക്ക് സുഭഗമായിത്തീരുന്ന ഭാവനകൾ ഒ.എൻ.വി ഗാനങ്ങളിൽ പ്രകടമാകുന്നു. ഒ.എൻ.വി പാട്ടിലെ സ്നേഹ സൗന്ദര്യങ്ങൾ മുഴുവനും പ്രതിഫലിക്കുന്നത് ‘ഹിമബിന്ദു’ എന്ന പ്രകൃതിബിംബസാകല്യത്തിലേക്കാണെന്നത് കൗതുകകരമാണ്.
അനുരാഗഭാവനയുടെ ഭാവസ്ഥാനം എന്ന നിലയിൽ മഞ്ഞുതുള്ളിയുടെ മഹാപ്രപഞ്ചങ്ങൾ ഒ.എൻ.വിപ്പാട്ടുകളിൽ സൗന്ദര്യത്തിന്റേതായ ഒരു ലോകം ചമക്കുന്നു. പ്രാപഞ്ചികമായ ഒരു ഭാവനയുടെ സൗന്ദര്യസ്ഥലിയായിത്തീരുന്നു മഞ്ഞുതുള്ളി എന്ന ബിംബം. അനുരാഗദീപ്തിയെ പ്രകൃതിയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു കവി. വിലോഭനീയവും പരിശുദ്ധവും മോഹനവുമായ ഹിമബിന്ദുവിൽ നിത്യനൈമിഷികതയെ കാണിച്ചുതരികയായിരുന്നു ഒ.എൻ.വി.
ഒരു മഞ്ഞുതുള്ളിയിൽ നീലവാനത്തെ ദർശിച്ചു അദ്ദേഹം. ഒരു പനിനീർപ്പൂവിന്റെയിതളിൽ നിന്നടരുന്ന വെറുമൊരു ഹിമബിന്ദുവാണ് താനെന്ന് കവി ഒരു പാട്ടിലെഴുതി. ‘‘ചെമ്പനീർപ്പൂവാണ് നീയെങ്കിൽ; ഞാനതിൻ നെഞ്ചിലെ നീഹാരബിന്ദു’’ എന്ന് മറ്റൊരു പാട്ടിൽ എഴുതിയപ്പോഴും സ്നേഹാനുരാഗത്തിന്റെ വാങ്മയമാകുകയായിരുന്നു മഞ്ഞുതുള്ളി.
ഒരു പനിനീർപ്പൂവിന്റെ കരതാരിൽ വീഴാൻ മോഹിക്കുന്ന തൂമഞ്ഞുനീർത്തുള്ളി ഒ.എൻ.വിയുടെ ഒരു പാട്ടിന്റെ അറ്റത്ത് തുളുമ്പിനിൽക്കുന്നുണ്ട്. ഒരു മഞ്ഞുതുള്ളിയുടെ ആഴങ്ങളിൽ മുങ്ങിനിവരുന്ന മോഹത്തിന്റെ മൗനത്തെയും അദ്ദേഹം പാട്ടിൽ പകുത്തുവെച്ചു. ഒരു കുഞ്ഞുസൂര്യനെ നെറുകയിൽ ചാർത്തുകയും നെറുകയിൽ സൂര്യനെരിയുമ്പോൾ താനേ ഉരുകുകയും ചെയ്യുന്ന ഹിമബിന്ദുപോലെയാണ് താനെന്ന് കവി പാട്ടിൽ തിരിച്ചറിയുന്നു.
മഞ്ഞുനീർക്കണങ്ങൾ ചൂടി ഒരു കുഞ്ഞുപൂവുറങ്ങുന്നതുപോലെ പ്രണയിയുടെ മാറിൽ ചായുവാനാഗ്രഹിക്കുന്ന ഗന്ധർ കന്യകയെ നാം ഒ.എൻ.വിയുടെ പാട്ടിൽ കണ്ടു. മഞ്ഞുതുള്ളി എന്നത് പ്രണയമൈത്രി പ്രതിഫലിക്കുന്ന കണ്ണാടി കണക്കെ നിലകൊണ്ടു ഒ.എൻ.വിയുടെ ഗാനങ്ങളിൽ. ‘‘ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ മധുകരൻ നുകരാതെ ഉഴറുമ്പോലെ’’ എന്ന വരിയിൽ അനുരാഗിയുടെ ആന്തരാനുഭൂതികൾ ഹിമബിന്ദുവെന്ന സാകല്യബിന്ദുവിൽ ഒത്തുചേരുന്നു. ഹിമബിന്ദു എന്ന സങ്കൽപത്തിൽ ഒ.എൻ.വി, ഒരു പ്രകൃതി പാഠത്തെയും ജീവിതപാഠത്തെയും ഉയർത്തിക്കാണിക്കുന്നു.
ഹിമകണം മാറിൽ പതിക്കെ ഒരു സുമദലം വിറകൊള്ളുമ്പോലെ പ്രണയാർദ്രമായ കരസ്പർശത്താൽ പ്രണയിനിയുടെ ശരീരമാകെ തളിർത്തുലയുന്ന നേരത്തെ സംഗീതമെന്നും അനുരാഗമാധുരിയെന്നുമൊക്കെ കവി പേരിട്ടുവിളിച്ചു. നിഹാരബിന്ദുവുണർത്തുന്ന കാൽപനിക സുന്ദരഭാവങ്ങളായിരുന്നു ഒ.എൻ.വി ഗാനങ്ങളെ വേറിട്ടുനിർത്തിയത്. ലോകത്തെ കാണാനുള്ള കണ്ണാടിയെന്ന നിലയിൽ അദ്ദേഹം മഞ്ഞുതുള്ളിയെ ഹൃദയത്തിലെടുത്തുവെച്ചു.
കുളിർ മഞ്ഞുതുള്ളികളിറ്റുവീണു, പുതുമണ്ണിൽ നെഞ്ചുപുകയുകയും ഒരു മദകരഗന്ധമുയരുകയും ചെയ്യുന്ന മധുരിതയാമം ഒ.എൻ.വിയുടെ പാട്ടുകളിലുണ്ടായിരുന്നു. ‘‘നിന്നോർമതൻ പൂക്കളിൽ നീഹാരബാഷ്പമോ’’ എന്ന വരിയിലെ നിർമലതകൾ ഒന്നു വേറെയാണ്. മഞ്ഞും രാത്രിയും ഇടകലരുന്ന ആത്മീയമായ ഒരു സ്നേഹഭാവനയിലേക്ക് പാട്ടിനെ പരിഭാഷപ്പെടുത്തുകയായിരുന്നു ഒ.എൻ.വി. എത്രയോ പാട്ടുകളിൽ മഞ്ഞണിരാവിന്റെ കുളിരുലാവുന്നുണ്ട്. ‘‘മഞ്ഞുപെയ്യുന്ന രാത്രിയിൽ എന്റെ മൺചെരാതും കെടുത്തീ ഞാൻ’’ എന്ന വരിയിലെ വിഷാദ മൂകസ്മൃതികൾ ശ്രദ്ധേയമാണ്.
മഞ്ഞും നിലാവും ഉണർന്നു മന്ദാരഹാരമണിയുന്ന നിത്യനിർമലമായ നിമിഷങ്ങളിലെ അനുഭൂതി ക്രമങ്ങൾ അനശ്വരമാകുന്നു. മഞ്ഞിൽ കുതിർന്ന നിലാവിന്റെ ഒരു സറിയലിസ്റ്റ് ദൃശ്യം പല പാട്ടുകളിലും ഒ.എൻ.വി വിഭാവനം ചെയ്യുന്നുണ്ട്. മഞ്ഞിൻമുഖപടവും ചാർത്തിയാടുന്ന ഒരു യാമിനിയുണ്ടായിരുന്നു ഒരു ഒ.എൻ.വി ഗാനത്തിൽ.
മഞ്ഞിൻ വിലോലവും യവനികക്കുള്ളിൽ മയങ്ങിനിൽക്കുന്ന ഒരു ഓമനത്തിങ്കൾക്കലയെ കണ്ടു മറ്റൊരു പാട്ടിൽ. മഞ്ഞിൽ വിരിയുന്ന മന്ദാരങ്ങളും മഞ്ഞുനീരണിയുന്ന മന്ദാരപുഷ്പങ്ങളും മന്ദാരക്കാടിൽ വിരുന്നുറങ്ങുന്ന മഞ്ഞും മണ്ണിൽ നീഹാരബാഷ്പത്താൽ തീർഥംതളിർക്കുന്ന മന്ദാര പുഷ്പങ്ങളും മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിൽ നുള്ളുകുങ്കുമം ചാർത്തിനിൽകുന്ന ഉഷ കന്യകയും കുളിർമഞ്ഞിന്റെ വെള്ളിമന്ദാരക്കുടയും നെല്ലോലത്തുമ്പത്തെ മഞ്ഞുതുള്ളിക്ക് വെയിൽ നൽകിയ വെള്ളിക്കുരിശും, നിമിഷങ്ങളുടെ ക്ഷണികതയെ അവയുടെ സമസ്ത സാകല്യത്തോടെയും അവതരിപ്പിക്കുകയായിരുന്നു ഒ.എൻ.വി.
മഞ്ഞുതുള്ളി എന്നത് ഒ.എൻ.വിയെ സംബന്ധിച്ചിടത്തോളം സാന്ദ്രമായ ഒരു സംഗീതാനുഭവമാണ്. മഞ്ഞുതുള്ളിയുടെ സമ്മോഹനതകൾ പാട്ടിലേക്ക് ആവാഹിച്ചു മഞ്ഞുതുള്ളിയുടെ സ്നേഹസ്പർശത്താൽ പാട്ട് തീർക്കുകയായിരുന്നു ഒ.എൻ.വി. പ്രകൃതിയിലെ ഉൺമയായിട്ടാണ് അദ്ദേഹം മഞ്ഞുതുള്ളിയെ കാണുന്നത്. പൂമഞ്ഞിൻകൂടാരത്തിൽ പൊന്നൂഞ്ഞാലാടാൻ വരുന്ന ഒരു അനുരാഗിയുടെ ചിത്രം പാട്ടിലുണ്ടായിരുന്നു. ഒരർഥത്തിൽ മഞ്ഞുതുള്ളിയിൽ പ്രപഞ്ചത്തെ വായിക്കുകയായിരുന്നു കവി. ഒ.എൻ.വി എന്ന കവിയുടെ ആത്മമുദ്രകൾ മഞ്ഞുതുള്ളിയുടെ ഹൃദയത്തിൽ പുനരാവിഷ്കരിക്കപ്പെടുന്നു.
പ്രപഞ്ചവുമായി കവിക്കുള്ള സൂക്ഷ്മവിനിമയം തന്നെയായിരുന്നുഹിമബിന്ദു പ്രണയത്തെ ചൈതന്യവത്താക്കുന്നത്. ഹിമബിന്ദുവിനെ പാട്ടിൽ മുദ്രിതമാക്കുന്ന സഹജമായ എഴുത്തായിരുന്നു അത്. ഒരു പഴയകാലത്തെയും സ്ഥലത്തെയും ഒരുപോലെ ഈ നീഹാരബിന്ദുവിൽ ലയിപ്പിച്ചിരിക്കുകയാണ് ഒ.എൻ.വി. ഭാവനാപരമായ ഒരദൃശ്യസ്ഥലിപോലെ നീഹാരബിന്ദു എന്ന രൂപകം ഒ.എൻ.വി ഗാനങ്ങളുടെ വിശാലഭൂമികയിൽ ഇടംപിടിച്ചിരുന്നു.
പാട്ടിൽ അത് നിറവേറ്റുന്ന ഭാവുകത്വ സവിശേഷതകളുടെ വിതാനങ്ങൾ ചെറുതല്ലായിരുന്നു. ‘നീഹാര മൗക്തിക മാലയുമായലി നീലവനാന്തത്തിൻ മാറിടത്തിൽ ചായുന്ന ശ്രാവണ ചന്ദ്രികയെപ്പോലെ ചാരുതയാർന്ന’ ഒരുവൾ ഒ.എൻ.വിപ്പാട്ടിൽ എന്നും ചിരിച്ചുലയുന്നുണ്ട്.
അനന്യമായ ഒരു ആന്തരിക സൗന്ദര്യം മഞ്ഞുതുള്ളിയിൽ ഭാവനചെയ്യുന്ന കവി തന്റെ പാട്ടിന്റെ കേന്ദ്രപ്രമേയമായൊരു കാവ്യബിംബമാക്കി അതിനെ മാറ്റുന്നു. പാട്ടിൽ സ്പന്ദിക്കുന്ന സൗന്ദര്യാനുഭൂതികൾ പലവിധ വർണരാജികളായി ഒരു മഞ്ഞുതുള്ളിയിൽ വിലയനം കൊള്ളുന്നു. കുളിർമഞ്ഞോലും നിലാപ്പൂക്കൾ വിരിയേ, കുയിൽപാടുമ്പോൾ എതിർപാട്ടും പാടി വരാൻ ഒ.എൻ.വിപ്പാട്ടിൽ ഒരാളുണ്ടായിരുന്നു. ശിശിരം കോരിച്ചൊരിയുന്ന നേരങ്ങൾകൊണ്ട് സമൃദ്ധമായിരുന്നു ആ ഗാനങ്ങൾ.
തളിർമുന്തിരിക്കുടിലിൽ കുളിർമഞ്ഞു പുതപ്പിനുള്ളിൽ ഒരുമിച്ചൊരു നിമിഷം നുകർന്നുപാടാൻ ഒ.എൻ.വിപ്പാട്ടിലെ അനുരാഗികൾ മനസ്സുകൊണ്ട് വെമ്പി. വേർപാടിന്റെ വേദനകൾ, പരസ്പര ദാഹങ്ങൾ, പുനസ്സമാഗമ നിർവൃതികൾ, കാത്തിരിപ്പുകൾ, മൗനാനുരാഗ പ്രതീതികൾ എന്നിങ്ങനെ മഞ്ഞുതുള്ളിയിൽ വികാരങ്ങളുടെ പലവിധ ലോകങ്ങൾ കവി ആവിഷ്കരിക്കുന്നു. നീഹാരബിന്ദുവിൽ പടരുന്ന ദൃശ്യചരിത്രംപോലെയാകുന്നു ഒ.എൻ.വിയുടെ പാട്ട്. ‘അക്ഷരമൊരു ഹിമബിന്ദു, അതിലുണ്ടാകാശം, അറിവിൻ അപാരനീലകാശം’എന്നെഴുതി ഒ.എൻ.വി ഉദാത്തമായൊരു പാട്ടുകാലത്തെ പരിണാമ രമണീയവും കാലാതിവർത്തിയുമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.