പാട്ടിന്റെ കായൽക്കരയിൽ...
text_fieldsമലയാള ചലച്ചിത്ര സംഗീതത്തിൽ ജലാശയ വാഴ്വിന്റെ സാന്നിധ്യം എക്കാലത്തും ശ്രദ്ധേയമായിരുന്നു. നദിയും കടലും കായലുമെല്ലാം പലമട്ടിൽ പാട്ടിൽ സജീവമായിരുന്നു. ഇതിൽ കായൽ എന്ന വിശാലതയുടെ സ്ഥലരാശി പാട്ടിന്റെ പ്രകൃതത്തിൽ പലതരത്തിൽ ദൃശ്യപ്പെട്ടിരിക്കുന്നു. പാട്ടിന്റെ വികാരഘടനയിൽ കായൽ എന്ന കാൽപനികത നിർമിക്കുന്ന അർഥതലങ്ങൾ വളരെ വലുതായിരുന്നു.
പാട്ടീൽ വലിയൊരു തുറസ്സ് ഉണ്ടാക്കാൻ സഹായിക്കുന്നതായിരുന്നു ഈ കായൽക്കാഴ്ചകൾ (Spectacle). പാട്ടിൽ കായലും കാലവും പുതിയ അനുഭവമേഖലകൾ തുറന്നുതരുന്നു. കായലിന്റെ സ്വാഭാവിക സൗന്ദര്യ വൈവിധ്യം മലയാള ചലച്ചിത്ര ഗാനങ്ങളിൽ സജീവമായി നിലനിന്നു. കായലിന്റെ അപരിമേയ സൗന്ദര്യം പാട്ടുവരികളിൽ കൊണ്ടുവരാൻ പാട്ടെഴുത്തുകാർക്ക് കഴിഞ്ഞു. പാട്ടിലെ ഹൃദ്യമായ കാഴ്ചയായിരുന്നു കായൽ.
കായലിന്റെ പാട്ടുകൾക്ക് ഭംഗി കൂടും. അനക്കം, നിശ്ശബ്ദത, പാട്ട്, നൃത്തം, അഭിവാദ്യം, ചിരി, കരച്ചിൽ, സങ്കടം, ഓർമ, ഏകാന്തത എന്നിവയുടെയെല്ലാം അരങ്ങായിരുന്നു പാട്ടിൽ പ്രത്യക്ഷപ്പെടുന്ന കായൽ. കായൽ തരുന്ന അനുഭൂതി, ലയം, മൗനം എന്നിവ പാട്ടിൽ വലിയ വാഴ്വുകളുണ്ടാക്കി. കായലെന്നത് പാട്ടിൽ ഒരു സ്മൃതിബിംബം കൂടിയാകുന്നു. കായലിന്റെ ശബ്ദസ്മൃതികൾ പാട്ടിലുണ്ടാകാറുണ്ട്.
പി. ഭാസ്കരന്റെ ഗാനങ്ങളിൽ കായൽ, മനസ്സിന്റെ ഒരു ബിംബം തന്നെയാകുന്നു. ‘നിനവിന്റെ കായലിൽ നിലയില്ലാക്കായലിൽ കനവിന്റെ ചന്ദനക്കളിയോടം’ എന്ന ഭാസ്കരൻ മാഷിന്റെ പാട്ടിലൊരു നിനവിന്റെ കായൽ നിലകൊള്ളുന്നു. ‘മാനത്തെ കായലിന്റെ മണപ്പുറത്തുള്ള കളിയോടവും’ ഭാസ്കരൻ മാഷിന്റേതായിരുന്നു.
അതേസമയം, ‘തിരതല്ലും കായലിൻ ചുരുൾമുടിയിൽ കുടമുല്ലപ്പൂ ചൂടുന്ന’ ഒരു കുളിർ നിലാവിനെ പാട്ടിൽ കൊണ്ടുവന്നു ഒ.എൻ.വി. കാറ്റുതുള്ളുമ്പോൾ തിരുവാതിരയാടുന്ന കായലോളങ്ങളെ കുറിച്ചും ഒ.എൻ.വി ഒരു പാട്ടിലെഴുതി. അനുരാഗത്തിന്റെ ആധിക്യത്താൽ ‘കായൽച്ചിറ്റലകൾ നിൻ കാലിൽ പൊൻകൊലുസ്സു ചാർത്തുന്നു’ണ്ടെന്ന് ഒ.എൻ.വിയിലൂടെ ഒരാൾ നിറഞ്ഞുപാടി.
‘കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ’ എന്നൊരു പാട്ടുണ്ട് ശ്രീകുമാരൻ തമ്പിയുടേതായി. കഥാപാത്രത്തിന്റെ കദനം കരളുരുകും പോലെ പറയുന്ന പാട്ടാണിത്. കണ്ണുനീരിന്റെ കായൽ എന്ന വിസ്തൃതിയേറുന്ന ഒരു ഇമേജ് ഈ പാട്ടിനെ ശോകഭരിതമാക്കുന്നു.
‘നിറയുമോർമകൾ എന്റെ നെഞ്ചിൽ പിടയുമോർമകൾ നിന്റെ നെഞ്ചിൽ, നിനക്കുമെനിക്കും ഉറക്കമില്ലല്ലോ കായലേ; വൈക്കം കായലേ’ എന്ന് കായലിനോട് പ്രണയനോവുകൾ പങ്കുവെക്കുന്ന ഒരാളെ കാണാം ശ്രീകുമാരൻ തമ്പിയുടെ ഒരു പാട്ടിൽ (പൊന്നോണ തരംഗിണി).
അതേസമയം, കാറ്റടിച്ചാൽ കലിയിളകുന്നതും കാറ്റുനിന്നാൽ ഗാനം മൂളുന്നതുമായ ഒരഷ്ടമുടിക്കായൽ ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിലെപ്പോഴും സജീവമായിരുന്നു. അഷ്ടമുടിക്കായലിനെയും കൈതപ്പുഴക്കായലിനെയുമൊക്കെ വയലാർ തന്റെ ഇഷ്ടഗാനങ്ങളിൽ കൂടെ കൂട്ടി. ‘കായലൊന്നു ചിരിച്ചാൽ കരയാകെ മണിമുത്ത്, ഓമലൊന്നു ചിരിച്ചാൽ പൊട്ടിച്ചിതറും പൊൻമുത്ത്’ എന്ന ഭാസ്കരൻ മാഷിന്റെ പാട്ടിൽ പ്രണയത്തിന്റെ കനവുകൾ നിറയുന്നു.
‘വൈക്കം കായലിലോളം കാണുമ്പോളോർക്കും ഞാനെന്റെ മാരനെ’ എന്ന് വയലാറിന്റെ പാട്ടിലെ പ്രണയിനി ഓർമയുടെ കളിവള്ളം തുഴയുന്നു. ‘കായലിന്നിക്കരെയെന്നെ ഇട്ടേച്ചു പോയതെങ്ങുനീ’ എന്നൊരുവൾ പരിതപിക്കുന്നു. ‘കായലിൽ ഞാനൊരു കന്നിപ്പെണ്ണിനെ കണ്ടു’ എന്നാണ് വയലാർ എഴുതിയത്. കളകളം കായലോളങ്ങൾ പാടും കഥകൾ പറഞ്ഞത് ഒ.എൻ.വിയും കാറ്റിലോളങ്ങൾ കെസ്സുപാടും കല്ലായിപ്പുഴയിൽ എന്നെഴുതിയത് ശ്രീകുമാരൻ തമ്പിയുമായിരുന്നു.
കായലിൽ തിളങ്ങുന്നൊരു മേടമാസപ്പുലരിയെ കാണിച്ചുതന്നു മധു ആലപ്പുഴ തന്റെ മനോഹര ഗാനത്തിൽ. ഒരു കുഞ്ഞു കാറ്റുതൊടുമ്പോളിളകുന്ന കായൽപ്പെണ്ണിന്റെ കൊലുസ്സിന്റെ കൊഞ്ചൽ നെഞ്ചിലുണരുന്ന ഒരു രാത്രിയുണ്ടായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടിൽ. ചാഞ്ചാടുന്ന വേമ്പനാട്ടുകായലിന്റെ ഹൃദയസംഗീതമുണ്ടായിരുന്നു യൂസഫലി കേച്ചേരിയുടെ ഒരു പാട്ടിൽ.
അത് കുഴലൂതുന്ന കാറ്റിന്റെ പ്രണയസംഗീതമായിരുന്നു. പൂവച്ചൽ ഖാദറിന്റെ പാട്ടുകളിലായിരുന്നു കായൽ അതിന്റെ കാവ്യഭംഗികളിൽ കനമാർന്നത്. പൂവച്ചൽ ഗാനങ്ങളിൽ കായൽ ഒരു കഥാപാത്രം തന്നെയായിരുന്നു. കഥാപാത്രങ്ങളുടെ പ്രണയ ഭാവാത്മകത പങ്കിടുകയായിരുന്നു ഇവിടെ കായൽ. കായലഴിച്ചിട്ട വാർമുടിപ്പീലിയിൽ സാഗരമുമ്മവെക്കുന്ന ഒരു നേരത്തെ പൂവച്ചൽ ഒരു പാട്ടിൽ ദൃശ്യാത്മകമാക്കി.
‘കായലിൻ പാവാട ഞൊറിയിൽ നിന്റെ കാൽവെണ്ണയുരുകുന്നുണ്ടെന്ന്’ പൂവച്ചൽ മറ്റൊരു പാട്ടിലെഴുതി. ‘കായൽക്കരയിൽ തനിച്ച് വന്നത് കാണാൻ, നിന്നെ കാണാൻ’ എന്ന പാട്ടിൽ കായൽ; പ്രണയസംഗമത്തിന്റെ ചേതോഹര സ്ഥലിയായി മാറുനു. ‘കായലിൽ കാതിൽ കാറ്റിൻ ചുണ്ടുകൾ പകരുവതേതൊരു സന്ദേശം’ എന്നപാട്ടിലുണ്ട് പ്രണയത്തിന്റെ ഒരിക്കലും മായാത്ത സന്ദേശം. ‘
രാവൊരു നീലക്കായൽ, ഈ രാവൊരു മോഹക്കായൽ, കായലിലേതോ തോണി, പൂന്തോണിയിൽ നിൻവരവായ്’ എന്ന പാട്ടിൽ ആവർത്തിക്കുന്ന സൗന്ദര്യ രൂപകമായി മാറുന്നു കായൽ. ‘ഇടവാക്കായലിൻ അയൽക്കാരി’ എന്നുതുടങ്ങുന്ന പൂവച്ചൽ ഗാനത്തിൽ ഗ്രാമത്തെ കാണിക്കുന്ന ലളിതസൂചകമായിത്തീരുന്നു കായൽ. കായലിലെ പ്രഭാതഗീതങ്ങൾ കേൾക്കുന്ന തുഷാരമേഘങ്ങളെ നാം കാണുന്നത് പൂവച്ചൽ ഖാദറിന്റെ പാട്ടിലാണ്.
കോടി ഞൊറിയുന്ന കായലോളങ്ങൾ ആ ഗാനങ്ങളിൽ കൊച്ചുതിരയിളക്കി. ‘കായലോളങ്ങൾ ചുംബിക്കുന്ന പൊന്നോടത്തിൽ നീയും ഞാനും’ എന്ന പൂവച്ചലിന്റെ വരികൾ കേൾക്കുമ്പോൾ നാം പ്രണയത്തിന്റെ കായൽചിത്രമറിയുന്നുണ്ട്. കായലിന്റെ ഒരു നീലിമ പൂവച്ചലിന്റെ എല്ലാ പാട്ടുകളിലുമുണ്ട്.
ബാല്യ കൗമാര സ്മൃതിയിലും പിന്നീടുള്ള പ്രണയസ്മൃതിയിലുമൊക്കെ കായൽ ഒരു സംഗീത സാന്നിധ്യം പോലുമാകുന്നുണ്ട് ബിച്ചു തിരുമലയുടെ ഗാനങ്ങളിൽ. ‘കായൽ കന്നിയോളങ്ങൾ കൊണ്ടേതോ താളം പിടിക്കും കായൽ, അതിൻ വെള്ളിമണൽപ്പരപ്പിൽ അന്ന് തുള്ളിക്കളിച്ചു നമ്മൾ, തമ്മിൽ തമ്മിൽ മെയ്യിൽ മെയ്യുരുമ്മി’ (വസന്ത ഗീതങ്ങൾ) എന്ന പാട്ടിൽ അത്തരം ഗംഭീരമായൊരു കായൽ സ്മൃതിയുണ്ട്.
‘കായലിന്റെ തീരം, പനയോല മേഞ്ഞ മാടം, അവിടോണം കൂടാൻ പോകും നാടൻ ചീതപ്പെണ്ണേ’ എന്നു തുടങ്ങുന്ന പാട്ടിലുണ്ടായിരുന്നു കായലോർമകൾ പങ്കിടുന്ന ഒരു പ്രണയാവിഷ്കാരം. ‘ഊടും പാവും നെയ്യുന്ന കായൽക്കുഞ്ഞോളങ്ങളെയും നീർച്ചേല ചൂടുന്ന കായലോളങ്ങളെയും എല്ലാം ബിച്ചു തിരുമലയുടെ പാട്ടുകളിൽ നാമവിടവിടയായി കണ്ടു.
കായൽ തരുന്ന ഒരു സൗന്ദര്യലയം, അനുഭൂതി എന്നിവ ഈ ഗാനങ്ങളിലുണ്ടായിരുന്നു. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ’ എന്ന് ഭാസ്കരൻ മാഷെഴുതിയപ്പോഴും ‘കായലിനക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു’ എന്ന് വയലാർ എഴുതിയപ്പോഴുമെല്ലാം അതിൽ സ്വയം പ്രതിഫലിക്കുന്ന വികാരങ്ങളുടെ ഒരു സ്ഥാനമുണ്ടായിരുന്നു. പാട്ടിലെ ‘കായലേകാന്തതകൾ’ വിടർത്തുന്ന അനുഭൂതികൾ അനന്യമാണ്.
പ്രണയത്തിന്റെ വിശാല വിസ്തൃതിയുള്ള ഒരിടമായി മാറുന്നു കായൽ. അത് ഭൂതകാലത്തെയും അസാന്നിധ്യത്തെയും സാന്നിധ്യമാക്കാൻ പാട്ടിൽ നിരന്തരമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. കായൽ പാട്ടെഴുത്തുകാരെ പല പ്രകാരത്തിൽ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു, പ്രകൃതിയിലെ പ്രണയത്തിന്റെ ഏറ്റവും രമണീയമായ രംഗഭൂമിക എന്ന നിലയിൽ.
സുന്ദരമായ ഛായാചിത്രങ്ങൾ പാട്ടിൽ പകരാൻ കാലാതീതമായ ഒരു സാന്നിധ്യമായി കൂട്ടിനെന്നും ഓരോ കായലുണ്ടാകുമെന്നുറപ്പാണ്. അതുതന്നെയാണ് ആ സുന്ദരജലരാശിയുടെ നിത്യതയെ എക്കാലവും ശ്രദ്ധേയമാക്കുന്നത്. കായൽ, പാട്ടിന് ഒരു പുതിയ ഭാഷ നിർമിക്കുന്നു; അതുവരെയില്ലാത്ത ഒന്നിന്റെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.