രണ്ടു ചന്ദ്രനുദിച്ച രാത്രി
text_fieldsഅനുരാഗത്തിെൻറ നിർവൃതികൾ ഏറ്റവും ലയാത്മകശോഭയിൽ പാട്ടിലവതരിപ്പിച്ച കവിയായിരുന്നു യൂസുഫലി കേച്ചേരി. പാട്ടിൽ നിറയുന്ന നവ്യമായ സൗന്ദര്യബോധത്തിെൻറ മിന്നലാട്ടങ്ങൾ കണ്ട് നാമിന്നും അത്ഭുതംകൂറുന്നു. അനുരാഗസുരഭില നിമിഷങ്ങളെ അത്രയധികം പാട്ടിൽ കൊരുത്തിടുകയായിരുന്നു കവി. ഭാരതീയം എന്നു വിളിക്കുന്ന ആഢ്യസംസ്കൃതപാരമ്പര്യേത്താടും കേരളീയമായ കാവ്യപാരമ്പര്യത്തോടും ആഴത്തിൽ ബന്ധപ്പെട്ടുകൊണ്ടാണ് അദ്ദേഹത്തിെൻറ പാട്ടുകൾ നവീകരിക്കപ്പെട്ടത്. യൂസുഫലി കേച്ചേരിയുടെ പാട്ട് ഒരു പക്ഷിയാണെങ്കിൽ അതിെൻറ ഒരു ചിറക് കാളിദാസേൻറതും മറ്റേത് മോയിൻകുട്ടി വൈദ്യരുടേതുമായിരുന്നു. ചലച്ചിത്ര സന്ദർഭത്തെ ഭാവസാന്ദ്രമാക്കുന്ന സജീവഘടകങ്ങൾ ആ ഗാനങ്ങളിൽ നിരന്തരം തെളിഞ്ഞുനിന്നു. ഇവിടെ ചലച്ചിത്രഗാനം ചലച്ചിത്രത്തെയും ചലച്ചിത്രസന്ദർഭത്തെയും അതിവർത്തിച്ച് തനതായ തെളിമയുള്ള ഒരു സ്വത്വം സ്ഥാപിച്ചെടുക്കുന്നുണ്ട്. പ്രേമത്തെ പ്രകീർത്തിക്കുന്ന ഒരാളുടെ കാവ്യസംഗീതൈക്യത്തിെൻറ രാഗാർദ്രഭാവങ്ങളെയാണ് ഇൗ ഗാനപ്രപഞ്ചം പ്രതിനിധാനംചെയ്യുന്നത്. സ്വരമേളവും ലയമേളവും മാത്രാമേളവുെമല്ലാം ഇൗ പാട്ടുകളിൽ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പ്രകൃതിയുമായുണ്ടാകുന്ന അതിധന്യമായ ഒരു അനുരാഗസ്വരലയം അദ്ദേഹത്തിെൻറ പല പാട്ടുകളിലും നിലനിന്നു. ‘ആന്ദോളനം’ എന്ന സിനിമയിലെ ‘രണ്ടു ചന്ദ്രനുദിച്ച രാത്രി’ എന്ന ഗാനത്തിൽ ഇത്തരം സവിശേഷതകൾ മുഴുവനും ഒന്നിച്ചുപങ്കിടുന്നുണ്ട്, കവി.
ആകാശമെന്ന സ്ഥലിയുടെ സ്ഥായികൾ യൂസുഫലി കേച്ചേരിയുടെ പാട്ടുകളിൽ നിരന്തരം പ്രത്യക്ഷമാകുന്നു. അലൗകികമായ അനുരാഗത്തിെൻറ ഭാവനകളാണ് പാട്ടിന് ഇൗ ആകാശ വിസ്തൃതി നൽകുന്നത്. മേഘവും ചന്ദ്രനും സൂര്യനും പാതിരയും പൂനിലാവുമെല്ലാം ചേർന്ന ജുഗൽബന്ദികൾ ആകാശത്തൊരുങ്ങുന്നു. ആകാശത്തിെൻറ വിഭിന്നഭാവങ്ങൾ പാട്ടിൽ കൊണ്ടുവരുന്ന അനിർവചനീയമായ നിർവൃതികൾ. അതേസമയം, ഭൂമിയിൽ വിതുമ്പിനിൽക്കുന്ന ജീവിതവും യൂസുഫലി കേച്ചേരിയുടെ പാട്ടിൽ ഒരുപോെല കടന്നുവരുന്നുണ്ട്. മണ്ണും വിണ്ണും അനുരാഗം തീർക്കുന്ന സംഗമസ്ഥലികളായി പരിണാമപ്പെടുകയാണ്. രാത്രിയുടെ ആകാശക്കാഴ്ചകൾ പാട്ടിൽ അനുഭൂതിയുടെ മറ്റൊരു മായാലോകം തീർക്കുന്നു. മറ്റാരും ഒരുക്കിവെക്കാത്തയത്ര വാനം, തേച്ചുമിനുക്കിയ ആകാശക്കണ്ണാടി, ലില്ലിപ്പൂക്കൾ വിടർന്നുനിൽക്കുന്ന പ്രഭാതവാനം, മാലതികൾ പൂക്കുന്ന മാനത്തെ വള്ളിക്കുടിൽ ഇങ്ങനെ ആകാശം, െവെവിധ്യമാർന്ന പ്രദർശനശാലയായിത്തീരുന്നു.

‘‘രണ്ടു ചന്ദ്രനുദിച്ച രാത്രി, രമ്യരാത്രി
ഒന്ന് മേലേവിണ്ണിലും മറ്റൊന്ന് താഴെ മണ്ണിലും’’
പാട്ടിെൻറ പല്ലവിയിൽ കവിമനസ്സും രാത്രിയും ഒന്നായി മാറി മാനുഷികവികാരങ്ങളെ തീവ്രമായി പ്രതിഫലിപ്പിക്കുന്നു. അനുരാഗലോലയായ ഒരു രാത്രി അഭൗമികമായ ഒരു അനുരാഗ രൂപകമായിടുേമ്പാൾത്തന്നെ താഴെ മണ്ണിലും സൗന്ദര്യപൂർണമായ ഒരു രാത്രി ഉദിച്ചുവരുകയാണ്. അത് മേലേ നിന്നുള്ള പ്രതിഫലനമാകാം. മണ്ണിനെ പരിണയിക്കുന്ന വിണ്ണിെൻറ സമ്മാനമാകാം. വിണ്ണിലെ രമ്യരാത്രിക്ക് സമാനമായി അത്രയും സൗന്ദര്യമുള്ള ഒരു പ്രണയിനി ഇവിടെ നായകനെ കാത്തിരിക്കുന്നുണ്ട്. ചന്ദ്രനും ഭാനുകിരണവുമെല്ലാം പ്രണയത്തിന് നൽകുന്ന ഭാവദീപ്തികൾ അത്രക്കും വലുതായിരുന്നു. വിശേഷവത്കരിക്കപ്പെട്ട ഒരു സ്ഥലകാലമായി ഒരു രമ്യരാത്രി പാട്ടിൽ പ്രത്യക്ഷമാവുന്നു. ആ രാത്രി കൊണ്ടുവരുന്നത് ഒരാളുടെ സൗമ്യസാന്നിധ്യമാണ്. അത് ഏകാന്തമായ ഒരു പ്രണയവത്കരണംകൂടിയായിത്തീരുകയാണ്. രാത്രിയെന്നത് മഹോന്നതമായ ഒരു പ്രണയത്തിന് സാക്ഷിനൽക്കുന്ന ഇമേജറികളിലൊന്നായിത്തീരുന്നു. ഇവിടെ സ്വപ്നവും സങ്കൽപവും യാഥാർഥ്യവും തമ്മിലുള്ള വൈരുധ്യാത്മക ഇമേജറികൾ പിറവികൊള്ളുന്നു. രണ്ടു ചന്ദ്രന്മാരിൽ ഒരെണ്ണം വിണ്ണിലും (സ്വപ്നങ്ങൾ) മറ്റൊന്ന് മണ്ണിലും (യാഥാർഥ്യം) ആകുന്നു. ഇവിടെ സിനിമയിലെ കഥാപാത്രത്തിെൻറ അനുരാഗത്തെ സാക്ഷാത്കരിക്കാനുള്ള ഏറ്റവും സമർഥമായ ഒരഭിമുഖീകരണംകൂടിയാകുന്നു ‘രണ്ടു ചന്ദ്രനുദിച്ച രാത്രി’.
ഭൂമിയിൽനിന്നുകൊണ്ട് അതിൽനിന്നൊട്ടുമാറി അലൗകികവും അലഭ്യവുമായ ഒരിടവുമായി സമ്പർക്കം പുലർത്തുകയാണിവിടെ അനുരാഗത്തിെൻറ അനുഭൂതികൾ. കാമിനിയെ ഇത്തരം ഒാരോന്നായി സങ്കൽപിക്കുകയാണ്. ഭൂമിയുടെ ആഹ്ലാദത്തിലും ഭൂമിക്കതീതമായ രാത്രിയുടെ ആഹ്ലാദത്തിലും ഒരുപോലെ ബദ്ധനായിത്തീരുന്നു കവി. പ്രണയാർദ്രനായ ഒരുമനസ്സിൽ പ്രകൃതിയുടെ സമസ്തവും സ്പന്ദിക്കുന്നതുപോലെ പല്ലവിയിലെ പ്രണയകൽപനയെ രണ്ടു സ്ഥലരാശികൾക്കിടയിൽ സവിശേഷമായി വിന്യസിക്കുകയായിരുന്നു കവി. അതിലൊന്ന് സ്വപ്നത്തെ ജാഗ്രത്താക്കുകയും മറ്റൊന്ന് ജാഗ്രത്തിനെ സ്വപ്നമായി പരിണമിപ്പിക്കുകയും ചെയ്യുന്നു.
അനുപല്ലവിയിൽ പ്രണയിനിയെ നാം കാണുന്നത് പ്രകൃതിയിലെ ലൗകികവും അലൗകികവുമായ ചരാചരപ്രേമത്തിെൻറ സാന്നിധ്യത്തിലാണ്. അത് ഒരേസമയം ഒന്നിൽനിന്ന് പിരിഞ്ഞുപോകുന്ന അതിസുന്ദരമായ ഭാവദീപ്തിയുള്ള ഭാനുകിരണമായും പ്രണയമഞ്ജിമ പകരുന്ന അനുപമവിപിനമഞ്ജരിയായും (വനരാജി) മാറുന്നു. ഒറ്റക്കൊരു കിരണമായി പിരിഞ്ഞുനിൽക്കുേമ്പാൾ ലഭിക്കുന്ന സൗന്ദര്യത്തെയും കൂടിച്ചേരുേമ്പാൾ ഉണ്ടാകുന്ന സമഗ്രമായ സൗന്ദര്യാനുഭൂതി സത്തയുടെ നിർവഹണവും ഇവിടെ ഒന്നിക്കുന്നു. ഏകം/വൃന്ദം ദ്വന്ദ്വങ്ങളിൽ വഴിയുന്ന പ്രപഞ്ചസൗന്ദര്യത്തെ പ്രണയിനിയുടെ അഭൗമസൗന്ദര്യവുമായി ചേർത്തുവിളക്കുകയായിരുന്നു യൂസുഫലി കേച്ചേരി. സന്തോഷത്തിെൻറ സ്വരസുധാഞ്ജലിയാകുകയായിരുന്നു പ്രണയിനി. പാട്ടിൽ പ്രാസങ്ങളുടെ പ്രയുക്തതകൾ അത്രമാത്രമുണ്ട്. രണ്ട്, രമ്യരാത്രി, വിണ്ണിലും മണ്ണിലും, ഭാവദീപ്തി, ഭാനുകിരണം, മഞ്ജിമ, മഞ്ജരി, മാരിവില്ലിൻ മാല, മാറിൽ ഇങ്ങനെ പോകുന്നു അത്തരം അക്ഷരഭംഗികൾ. രണ്ടു ചന്ദ്രന്മാരിലൊന്ന് വിണ്ണിലും മറ്റൊന്ന് മണ്ണിലും ആണെന്ന ഇമേജറികളുടെ വിരുദ്ധസൗന്ദര്യം പല്ലവിയിൽത്തന്നെ കവി ചേർത്തുവെച്ചു. ചരണത്തിൽ കാണാം, പ്രണയപൂർണിമയുടെ സാഫല്യം മാരിവില്ലിൻ മാലകോർത്ത് മാറിലണിയിക്കാമെന്ന വരിയിലാണതിെൻറ ആരംഭം. തുടർന്ന് സുന്ദരമായ മുടിച്ചാർത്തൊതുക്കുകയും (കുടിലകുന്ദളം) ചേലിൽ സുഗന്ധകസ്തൂരിതിലകം അണിയിക്കുകയും (മൃഗമതിലകം) ചെയ്യാമെന്നാണ് നായകെൻറ വിനീതമായ ക്ഷണം. കാട്ടിൽ തപസ്സ് ചെയ്യുന്ന ശ്രേഷ്ഠമുനിമാർ അവരുടെ മുടി ഉയർത്തിക്കെട്ടുകയും കസ്തൂരിതിലകം നെറ്റിയിൽ ചാർത്തുകയും ചെയ്യുന്നതായി പുരാണങ്ങൾ പറയുന്നുണ്ട്. ദുഷ്യന്തൻ-ശകുന്തള പ്രണയത്തിേൻറതിന് സമാനമായ പവിത്രത ഇൗ പാട്ടിെൻറ അവസാനവരികൾ പങ്കിടുന്നുണ്ട്.

അധികം പാട്ടുകൾ ചെയ്തിട്ടില്ലെങ്കിലും ചെയ്തവയെല്ലാം അതിെൻറ ഉൽക്കൃഷ്ടതയിൽ ഉയർന്നുനിൽക്കുന്നുവെന്നതാണ് ഇൗ പാട്ടിെൻറ സംഗീതസംവിധായകൻ നടേശ് ശങ്കറിനെ വ്യത്യസ്തനാക്കുന്ന ഘടകം. 2000ത്തിൽ ‘സുമംഗലീഭവ’ എന്ന ചിത്രത്തിലൂടെയാണ് നടേശ് ശങ്കർ സംഗീതസംവിധാനരംഗത്തേക്കു വരുന്നത്. രണ്ടാമത്തെ സിനിമയായ‘ആന്ദോളന’ത്തിൽ രണ്ടു ചന്ദ്രനുദിച്ച രാത്രിയെ കൂടാതെയും മികച്ച ഗാനങ്ങൾ ഉണ്ടായിരുന്നു. ‘ഭക്തജനങ്ങളുടെ ശ്രദ്ധക്ക്’ എന്ന സിനിമയിലെ ‘എനിക്കൊരു നിലാവിെൻറ’ എന്ന ഗാനം നടേശ് ശങ്കറിെൻറ സംഗീതത്തിൽ ശ്രദ്ധേയമായി. ഏഴു സിനിമകൾക്കായി മുപ്പത്തിയാറോളം മനോഹരഗാനങ്ങൾ നടേശ് ശങ്കറിൽനിന്ന് മലയാള സിനിമക്ക് ലഭിച്ചു. മലയാളത്തിലെ ഒട്ടുമിക്ക ഗായകർക്കു വേണ്ടിയും ട്രാക്ക് പാടിയിരുന്ന നടേശന് നിരവധി സിനിമകളിൽ പാടാനും അവസരങ്ങളുണ്ടായി. സംഗീതസംവിധായകൻ വിദ്യാധരൻ മാഷിെൻറ സഹോദരനാണ് നടേശ് ശങ്കർ.
രണ്ടു ചന്ദ്രനുദിച്ച രാത്രിയുടെ ശ്രുതിമനോഹാരിതകൾ നടേശ് ശങ്കറിലെ സംഗീതസംവിധായകെൻറ സംഗീതസാക്ഷാത്കാരംകൂടിയായിരുന്നു. പ്രണയത്തിെൻറ രമണീയതകൾ ഉൗറിവരുന്ന പാട്ടിൽ മാനുഷികതലത്തിൽ തുടങ്ങി ആത്മീയതലത്തിൽ അവസാനിക്കുന്ന ഒരു പ്രണയാരാധനയുടെ ക്രമം കൊണ്ടുവരുകയാണ് നടേശ് ശങ്കർ. ബാഗേശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ പാട്ടിന്നകമ്പടിയായി വരുന്ന സംഗീതോപകരണങ്ങൾ പ്രധാനമായും വയലിനും ഫ്ലൂട്ടും തബലയുമായിരുന്നു.
സാഹിത്യമറിഞ്ഞുതന്നെയാണ് നടേശ് ശങ്കർ ഇൗ പാട്ടിെൻറ സംഗീതമാവിഷ്കരിച്ചിട്ടുള്ളത്. പല്ലവിയിലെ ‘മേലേ’ എന്ന വാക്കിലും ‘താഴേ’ എന്ന വാക്കിലുമെല്ലാം ഇഴപാകുന്ന സ്വരസംഗീതം ഇതിന് സാക്ഷ്യം വഹിക്കുന്നു. അനുപല്ലവിയിൽനിന്ന് പല്ലവിയിലേക്കുള്ള ഷിഫ്റ്റുകൾ വയലിൻ ബിറ്റുകളുടെ സമ്മോഹനശ്രുതികളായി മാറി. വശ്യമായ ഒരു വിശാലതയെ സ്പർശിക്കുന്ന ഒരു നാദലയം ഇൗ പാട്ടിലും യേശുദാസ് പിന്തുടരുന്നുണ്ട്. പ്രണയഗാനങ്ങളുടെ സുവർണകാലത്തെ ഒാർമിപ്പിക്കാൻ ഇൗ പാട്ട് നമുക്ക് അവസരം നൽകുന്നു. പ്രകാശപൂർണമായ ഒരു പ്രണയപ്രസാദം അത്രക്കും ഇൗ പാട്ടിൽ നിറഞ്ഞുനിൽക്കുന്നു. വരിയിലും ഇൗണത്തിെൻറ മുഗ്ദ്ധതയിലും കേൾവിയുടെ കൈവല്യമായും അതിതരളമായ ഒരാേശ്ലഷമായും ഇൗ ഗാനം നമ്മെ പ്രണയാനശ്വരതയുടെ ഏതോ തീർഥക്കരയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.