പൂവച്ചൽ ഖാദറിന്റെ പാട്ടുലോകം; സായംസന്ധ്യ മേയും തീരങ്ങൾ
text_fieldsപൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ പകർന്നുതരുന്ന സൗന്ദര്യാനുഭൂതിയുടെ കേന്ദ്രാനുഭവ സ്ഥാനങ്ങൾ സന്ധ്യകളും അവക്കുള്ളിൽ വിരുന്നുവരുന്ന ഇരുൾവെളിച്ചങ്ങളുമായിരുന്നു. പ്രണയത്തെ പ്രകാശമാനമാകുന്ന ശ്യാമവാങ്മയമായി ഈ സന്ധ്യകൾ പാട്ടുകളിൽ ചേക്കേറുന്നു. പാട്ടുകളിൽ വിവിധ വൈകാരികതകളുടെ അനുഭൂതി പ്രപഞ്ചമൊരുക്കുവാൻ ഈ സന്ധ്യകൾക്കാകുന്നു. അസ്തമയം ദീപ്തമാക്കുന്ന ഭൂമിയിലെ പ്രണയ ജീവിതത്തെ പാട്ടിലെഴുതുകയായിരുന്നു പൂവച്ചൽ ഖാദർ.
സന്ധ്യ എന്ന നേരത്തിന്റെ അനുഭൂതികൾ, പല ജന്മങ്ങൾ എന്നിവയാണിവിടെ പാട്ടിൽ ഭാവനയുടെ ഒരു മേഖല കൈയടക്കുന്നത്. സന്ധ്യ എന്നത് ഒരു കാലവും സ്ഥലവും ഓർമയുമാകുന്നു. പ്രകൃതിയുടെ സ്വച്ഛ ശ്രുതികൾ മീട്ടുകയായിരുന്നു ഈ സന്ധ്യകൾ. സന്ധ്യയുടെ തൂവാലയിൽ തുന്നിച്ചേർക്കുന്ന ലളിതവും സൗമ്യവുമായ ചിത്രങ്ങളാണ് പൂവച്ചൽ ഗാനങ്ങൾ. സന്ധ്യകൾ പാട്ടിന് അത്യപൂർവമായ വ്യാപ്തി നൽകുന്നു.
എത്രയെത്ര സന്ധ്യകളാണ് പൂവച്ചലിന്റെ പാട്ടുകളിൽ. സിന്ദൂര സന്ധ്യ, രക്തസിന്ദൂരം ചാർത്തിയ സന്ധ്യ, കുങ്കുമസന്ധ്യ, ആരോമൽ സന്ധ്യ, സായംസന്ധ്യ, ശാന്തശ്രാവണ സന്ധ്യ... അങ്ങനെ മൂവന്തി നേരങ്ങളെ മൂകവിഷാദ സ്മൃതികളായി പാട്ടിലെഴുതുകയായിരുന്നു കവി. ‘ഏകാന്തമാം എൻ വീഥിയിൽ നീയേകയായെത്തുമീ സന്ധ്യയിൽ’ എന്ന് അദ്ദേഹം ഒരു പാട്ടിലെഴുതി.
‘താഴികക്കുടവുമായ് തിരകളിൽ മുങ്ങും ശാന്തശ്രാവണ സേന്ധ്യ, നിന്റെ കനകനിചോളം ചാർത്തി മറ്റൊരു ശ്രാവണഭംഗിയിതാ’ എന്നിങ്ങനെ സന്ധ്യയെ ഹൃദ്യമായി സൽക്കരിക്കുകയായിരുന്നു ഒരു പാട്ടിൽ. സായംസന്ധ്യകൾ വരവായി, കാലം പൂക്കുടകൾ ചൂടി’ എന്ന് കവി മറ്റൊരു പാട്ടിൽ കുറിച്ചിട്ടു. പീലികൾ പാകിടും തുടുസന്ധ്യാ വീഥിയിൽ താരുകൾ വിതറിടുന്ന മാനവും പൂവച്ചലിന്റെ ഒരു പാട്ടിൽ കാണാം. ആടകൾ ഞൊറിയും പുഴയുടെ മാറിൽ ചേലുകൾ വിതറുന്ന സന്ധ്യ വരുന്നുണ്ട് വേറൊരു പാട്ടിൽ. നാണം കൊണ്ട് ചുവക്കുന്ന നീയൊരു നാടൻ കന്യകയല്ലേ എന്ന് ഒരു പാട്ടു സന്ദർഭത്തിൽ സന്ദേഹമുണർത്തുന്നുണ്ട് ഒരു നായക കഥാപാത്രം. പുതിയ പ്രതീക്ഷകൾ തരുന്ന സന്ധ്യകളെ കുറിച്ചും പൂവച്ചൽ തന്റെ ഗാനങ്ങളിലെഴുതിയിട്ടുണ്ട്.
‘പണ്ടും ഈവിധം എന്നെയോർക്ക് പാടി നീ എൻ സന്ധ്യാവേളകൾ ധന്യമാക്കി നിന്നു’ എന്ന് ഒരു പാട്ടിൽ പ്രണയം പങ്കിടുന്നുണ്ടൊരാൾ. ആകാശവും ആശയും വർണങ്ങളിൽ മൂടുന്ന ഒരു സന്ധ്യ വന്നണയുന്നുണ്ട് ഒരു പൂവച്ചൽ ഗാനത്തിൽ. മണ്ണിലും വിണ്ണിലും കുങ്കുമം ചാർത്തുന്ന സന്ധ്യ വന്ന് കൈയിലും മെയ്യിലും അതൽപം പൂശിത്തരണമെന്ന് ആഗ്രഹിക്കുന്ന നായികയുമുണ്ട്. സന്ധ്യയുടെ ഒരു ദ്വീപ് തന്നെ പണിയുകയായിരുന്നു കവി. വഴിയിൽ പൂവുമായ് നിൽക്കുന്ന സന്ധ്യയെ വരവേൽക്കുന്നുണ്ട് ഒരു പാട്ടിൽ. സായംസന്ധ്യ പോകുന്ന മലരണിവഴികൾ ഈ ഗാനങ്ങളിൽ നിറഞ്ഞുകിടക്കുന്നു.
സന്ധ്യയെ സംഗീത സാന്ദ്രമാക്കുകയായിരുന്നു പൂവച്ചൽ ഖാദർ. വിരഹത്തിൽനിന്ന് സമാഗമത്തിലേക്കും തിരിച്ചും വരുന്ന ആകാശച്ഛായയാകുകയായിരുന്നു സന്ധ്യാനേരം. പാട്ടുകളിലൊരു ശ്യാമായനം തീർക്കുകയായിരുന്നു കവി. പൂവച്ചൽ ഗാനങ്ങളിൽ സന്ധ്യ നിർമിക്കുന്ന നിരവധി ചിത്രങ്ങൾ കാണാം. സന്ധ്യയെന്നത് കവിയുടെ പ്രണയത്തെ സമർപ്പിക്കാനുള്ള ഒരിടമായി മാറുന്നു. സന്ധ്യയെന്നത് അപാരതയുടെ ചന്തം കൂട്ടുന്ന രൂപകമായിത്തീരുന്നു.
‘സായം സന്ധ്യ മേയും തീരം
ചായങ്ങളിൽ മുങ്ങി
നിഴലുകൾ തൊടികളിൽ
ഊഞ്ഞാലാടി നിൽക്കുമ്പോൾ’
ച്ഛായാ ചിത്രമെഴുതുന്ന ഒരു ചിത്രകാരനെപോലെ ഒരു സറിയലിസ്റ്റിക് സന്ധ്യയെ അവതരിപ്പിക്കുകയാണിവിടെ പൂവച്ചൽ ഖാദർ. അതേസമയം, സന്ധ്യയാണ് പൂവച്ചലിലെ സാന്ദ്രമായ ഒരു കാൽപനിക മുദ്ര. പാട്ടിൽ പ്രണയം തൊട്ട് സമസ്ത ജീവിതം വരെയും പറയാൻ സഹായിക്കുന്ന ഗാനലക്ഷ്യമാണിത്. സന്ധ്യയെ നിരന്തരം പാടിയും വരച്ചും പ്രകീർത്തിച്ചുമാണ് കവി തന്റെ പാട്ടുകളിൽ പ്രണയത്തെ പ്രകാശിപ്പിക്കുന്നത്. കിനാവിന്റെയും പ്രേമാർദ്രതയുടെയും വിഷമമുഹൂർത്തങ്ങളുടെയും അനുഭൂതികളുടെയുമെല്ലാം സംഗമസ്ഥലമൊരുക്കുകയാണ് സന്ധ്യകൾ. പൂവച്ചലിന്റെ ഗാനങ്ങളിൽ സന്ധ്യകൾ മറ്റൊരു ഭൂപ്രകൃതി തന്നെ രൂപപ്പെടുത്തുന്നുണ്ട്.
‘ഒരു സന്ധ്യ, ഒരു സന്ധ്യ ഓർമയിലുണ്ടെന്റെ ദേവി
ഒരു ദീപം ഒരു ദീപം ആത്മാവിലെരിയുന്നു ദേവി’
(ശ്യാമഗാന തരംഗിണി)
എന്ന പാട്ടിൽ ഒരു സന്ധ്യ അതിന്റെ സകല സൗന്ദര്യത്തോടെ വന്നണയുകയാണ്. ഗൃഹാതുരതയുടെ സാന്ധ്യ ശോഭയിൽ തിളങ്ങുകയാണ് ഈ ഗാനം. അവിടെ എന്നോ പിൻവാങ്ങിയ ഒരു വിഷാദ നേരത്തിന്റെ ആത്മനാദം നാം കേൾക്കുന്നുണ്ട്. സന്ധ്യ തിരിച്ചുകൊണ്ടുവരുന്ന ഓർമയുടെ അടയാളമാണത്.
‘കതിർനാളം പോലെയാ കാവിൽ നീ വന്നപ്പോൾ
കരളിൻ തുടിപ്പൊന്നുകൂടി
നിൻ നീലക്കൂന്തൽപോൽ തിരയിളക്കീടുന്ന
ഇരുളിൽ ഞാനെന്നെ മറന്നു’
സായംസന്ധ്യയുടെ ഈ ഇരുൾഭാവത്തിലാണ് കവി; പ്രണയത്തിന്റെ സമസ്താഹ്ലാദവും ആനന്ദവും സമർപ്പിച്ചിട്ടുള്ളത്. കാറ്റിലെ മുകുളംപോൽ ഇളകുമാ കൺകളിൽ അറിയാതെ എന്തോ തേടിയത് ഈ സന്ധ്യയുടെ ഇരുൾ സാന്നിധ്യത്തിലായിരുന്നു. ഇവിടെ സന്ധ്യ പ്രണയത്തിന്റെ വീടായി മാറുന്നു. ഏകാകിനിയായ ഒരു സന്ധ്യയെ സ്വാഗതം ചെയ്യുന്നൊരു പാട്ടുണ്ട് പൂവച്ചലിന്റെതായി. സന്ധ്യ മയങ്ങി രാത്രിയാകുന്നു എന്നതേ വ്യത്യാസമുള്ളൂ. ‘തമസ്സാണ് നിൻകൈയിൽ എന്നാലും എന്നെ സ്നേഹിക്കുവാൻ നീ മാത്രം’ എന്ന് കവി സന്ധ്യാനേരത്തോട് ചോദിക്കുന്നുണ്ട്.
രാത്രി നേരത്തിന്റെ മൃദുപാണിയാലുള്ള ലാളനത്തിൽ കവിയുടെ ഹൃദയത്തിൽ ആന്ദോളനമുണ്ടാകുന്നു. അതിൽ നിന്നാണൊരു ഗീതം പിറക്കുന്നത്. ശ്യാമാംഗിയായ സന്ധ്യയുടെ കണ്ണിൽ കാഞ്ചന നാളങ്ങൾ കാണുന്നു കവി.
അതിദിവ്യമായ ആ പ്രഭയിൽ അകതാരിലുന്മീലനമുണ്ടാകുന്നു. അതിൽ നിന്നൊരു ഗീതം പിറവികൊള്ളുന്നു. അതിനാലാണ് സന്ധ്യയെയും രാത്രിയെയുമൊക്കെ കവി ഇങ്ങനെ സ്വാഗതം ചെയ്യുന്നത്. സന്ധ്യയുടെ സൗന്ദര്യം കൂട്ടാൻ വരുന്ന ആമോദ സൗഭാഗ്യമാണ് പ്രണയിനി എന്ന് അദ്ദേഹം പാട്ടിൽ നിനച്ചിരുന്നു. അന്നു സന്ധ്യകൾ രാഗമേകി നിന്ന കാലത്തെ കുറിച്ച് പാടുമ്പോൾ അത് അനുരാഗമല്ലാതെ മറ്റെന്താണ്? പ്രണയിനിയുടെ നെറുകയിൽ ചാർത്താൻ അമൃതും കുളിരും കൊണ്ടുവരാൻ സന്ധ്യയോട് അപേക്ഷിക്കുന്ന ഒരു പ്രണയനായകനുണ്ട് പൂവച്ചൽ ഖാദറിന്റെ ഒരു പാട്ടിൽ.
രാവൊരുങ്ങുന്ന പൂർണമയിൽ കായൽനീലിമ വരച്ചിടുന്നുണ്ട് മറ്റൊരു പാട്ടിൽ. ഹൃദയത്തിലൊരുകുടം തീകൂട്ടുന്ന സന്ധ്യയും മോഹനതീരങ്ങളിൽ പൂമരംപോലെ നിൽക്കുന്ന സന്ധ്യയും രാഗചില്ലയിൽ കൂട് കൂട്ടുന്ന കിളിയായ് മാറുന്ന സന്ധ്യയുമെല്ലാം പലവിധങ്ങളിൽ പൂവച്ചൽ ഗാനങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂവച്ചലിന്റെ പാട്ടുകളിലെ ജാഗ്രതയുടെയും സ്വപ്നത്തിന്റെയും ജാലകങ്ങൾ തുറന്നിട്ടാൽ നാം കാണുന്നത് പ്രണയത്തിന്റെയും പ്രത്യാശയുടെയും പ്രതീക്ഷയുടെയുമെല്ലാം പ്രാർഥനയുമായി വന്നുനിൽക്കുന്ന സന്ധ്യകളെയാണ്. അങ്ങനെയാണ് ഈ ശ്യാമ സന്ധ്യകൾ അദ്ദേഹത്തിന്റെ ഗാനങ്ങളിലെ ജീവചൈതന്യമായി മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.