റായ് സംഗീതമാന്ത്രികൻ ഖാലിദും സൗദിയിലേക്ക്
text_fieldsദമ്മാം: സംഗീത സാന്ദ്രമായ ശൈത്യകാല സായാഹ്നങ്ങളാണ് സൗദി അറേബ്യയിലെ കലാസ്വാദകരെ ഇക്കൊല്ലം കാത്തിരിക്കുന്നത്. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയുടെ കാർമികത്വത്തിൽ നിരവധി ലോകപ്രശസ്ത കലാകാരൻമാരാണ് ഇൗ സീസണിൽ രാജ്യത്തേക്ക് എത്തുന്നത്. കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കപ്പെട്ട ഗ്രീക്ക് സംഗീതജ്ഞൻ യാനിയുെട പ്രകടനത്തിന് പിന്നാലെ അറബ് ലോകത്തെ വിശ്രുത ഗായകരിലൊരാളായ ഖാലിദും വരികയാണ്. ഡിസംബർ 14 ന് ജിദ്ദക്ക് സമീപം റാബിഗിലെ കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയിലാണ് ഖാലിദ് ഇതാദ്യമായി സൗദിയിൽ അരങ്ങേറുന്നത്. ഒപ്പം മൂന്നു ഗ്രാമി അവാർഡുകൾ നേടിയ അമേരിക്കൻ ഹിപ്ഹോപ് ഗായകൻ നെല്ലിയും. സൗദി അറേബ്യയിൽ നടക്കുന്ന എക്കാലത്തെയും വലിയ സംഗീത പരിപാടിയായി ഇത് മാറുമെന്നാണ് കണക്കുകൂട്ടുന്നത്.
‘ദീദീ’ എന്ന ഒറ്റഗാനത്തിലൂെട അറബ് ലോകത്ത് തരംഗം സൃഷ്ടിച്ചയാളാണ് ഷെബ് ഖാലിദ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഖാലിദ് ഹാജ് ഇബ്രാഹിം. അൾജീരിയക്കാരനായ ഖാലിദ് 1974 ൽ തെൻറ 14ാം വയസു മുതൽ സംഗീതരംഗത്ത് സജീവമാണ്. അൾജീരിയൻ നാടോടി സംഗീതത്തിൽ നിന്ന് ഉരുവം കൊണ്ട റായ് സംഗീതശാഖയിലെ കിരീടം വെക്കാത്ത രാജാവാണ് ഖാലിദ്. വിളിപ്പേരും അങ്ങനെ തന്നെ: ‘കിങ് ഒാഫ് റായ്’. അറബ് ലോകത്ത് ഒതുങ്ങി നിന്നിരുന്ന ഖാലിദിെൻറ പ്രശസ്തി ലോകമെങ്ങും വ്യാപിച്ചത് 1992 ൽ അദ്ദേഹം രചനയും ആലാപനവും നിർവഹിച്ച ‘ദീദീ’ എന്ന ഗാനത്തോടെയാണ്. യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും വൻ ചലനം സൃഷ്ടിച്ച ‘ദീദീ’ ദീർഘകാലം സിംഗിൾസ് ചാർട്ടിൽ മുൻനിരയിലായിരുന്നു. ഗൾഫ് പ്രവാസികൾ വഴി മലയാളികൾക്കും അതേ കാലത്ത് തന്നെ സുപരിചിതനാണ് ഖാലിദ്. മലയാളം സിനിമകളിൽ ഉൾപ്പെടെ ‘ദീദീ’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നടന്ന 2010 ലോകകപ്പ് ഫുട്ബാളിെൻറ ഉദ്ഘാടന വേദിയിലും ‘ദീദീ’യുമായി ഖാലിദ് എത്തിയിരുന്നു. 1988 ൽ പുറത്തിറങ്ങിയ ‘കച്ചി’ മുതൽ ‘ഖാലിദ്’, ‘നിസി നിസി’, ‘സഹ്റ’, ‘കെൻസ’, ‘യാ റായി’, ‘ലിബർെട്ട’, ‘സെസ്റ്റ് ലാ വിയ’ തുടങ്ങിയ ആൽബങ്ങളെല്ലാം സൗദി അറേബ്യയിലും വൻ ഹിറ്റുകളായിരുന്നു. ഇതാദ്യമായാണ് പരിപാടി നടത്താൻ അദ്ദേഹത്തിന് ഇവിടെ അനുമതി ലഭിക്കുന്നത്. ഡിസംബർ 14 ന് രാത്രി 8.30 മുതൽ 11.30 വരെയാണ് പരിപാടി. 100, 250, 450 റിയാൽ നിരക്കിലാണ് ടിക്കറ്റുകൾ. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടാകില്ല.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന യാനിയുടെ പരിപാടിക്കുള്ള ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞുകഴിഞ്ഞു. ജിദ്ദയിലും റിയാദിലുമായി നാലുദിവസങ്ങളിലായാണ് സംഗീതനിശ. 200 മുതൽ 900 റിയാൽ വരെ വിലയിട്ട ടിക്കറ്റുകൾ പ്രഖ്യാപനം വന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ തീർന്നു. യാനിക്കൊപ്പം ലെബനീസ് സംഗീതജ്ഞൻ മൈക്കൽ ഫാദിലും സൗദിയിലെത്തുന്നുണ്ട്. രണ്ടു സ്റ്റേജുകളിൽ അദ്ദേഹത്തിെൻറ പ്രകടനം നടന്നുകഴിഞ്ഞു. സൗദി അറേബ്യയിൽ തനിക്ക് ലഭിച്ച സ്വീകരണത്തിൽ നന്ദിപറഞ്ഞ് സാമൂഹികമാധ്യമങ്ങളിൽ അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു. അതിനിടെ, വനിതകൾക്കായി ജിദ്ദയിൽ യമനി-എമിറാത്തി ഗായികയായ ബൽക്കീസ് ഫാതിയുടെ ഗാനമേളയും നടക്കുന്നുണ്ട്. നവംബർ 29 നാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.