ലതാജി നിനവിൽ വരുമ്പോൾ...
text_fieldsസംഗീതം എന്നാൽ മാലാഖമാരുടെ ശബ്ദമാണെന്നു പറഞ്ഞത് പ്രശസ്ത സ്കോട്ടിഷ് കലാവിമർശകനായിരുന്ന തോമസ് കാർലൈൽ ആണ്. ലത മങ്കേഷ്‌കർ എന്ന അനുപമ ഗായികയുടെ സ്വരമാധുരി കേട്ടിട്ടായിരിക്കുമോ അന്നദ്ദേഹം ഇങ്ങിനെ പറഞ്ഞത്...? ലതയുടെ ശബ്ദമല്ലാതെ മറ്റേത് നാദമാണ് ദൈവീകം? സങ്കൽപ്പത്തിന്റെ, ഭാവാത്മകതയുടെ ഏതോ അഭൗമതലത്തിൽ നിന്നായിരുന്നു ആ ശബ്ദത്തിന്റെ ഉറവിടം. ആ ദിവ്യഭൂവിലേക്കായിരുന്നു തന്റെ സ്വരവീചികളിലൂടെ ലോകം മുഴുവനുമുള്ള കേൾവിക്കാരെ അവർ കൂട്ടിക്കൊണ്ടുപോയത്.
ഗായികാശബ്ദത്തിന്റെ, സ്വരമാധുരിയുടെ ആത്യന്തികതയെയാണ് ദൈവം ഒരുപക്ഷേ ലതാജിയിലൂടെ നമ്മെ അനുഭവിപ്പിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. പല മേഖലകളിലും അങ്ങനെയുള്ളവർ ജന്മംകൊള്ളാറുണ്ടല്ലോ. പ്രപഞ്ചത്തെ ദൈവം എത്രമാത്രം സ്നേഹിക്കുന്നു എന്നതിനുള്ള തെളിവുകൾ നമുക്ക് ചുറ്റും എമ്പാടുമുണ്ട്. അതിലൊന്നാണ് ലതാജി. ആലാപന മേഖലയിലെ സകലമാന ആവശ്യകതകളെയും അതിമികവോടെ, അതും അനായാസേന നിർവഹിക്കാൻ സർവ സജ്ജമായ ഒരു മസ്തിഷ്കവും സ്വനപേടകവുമാണ് ലത മങ്കേഷ്‌കർ എന്ന ശബ്ദവിസ്മയത്തിന് ദൈവം സമ്മാനിച്ചത്. അവരാകട്ടെ അതുപയോഗിച്ച് തന്റെ കേൾവിക്കാരെ അനുഭൂതികളുടെ പറുദീസയിലേക്ക് നയിച്ചുകൊണ്ടേയിരുന്നു.
പൊതുവെ ഗായികാ-ഗായകർ തങ്ങൾക്ക് സിദ്ധിച്ച സ്വരത്തിൽ കൂടുതൽ ആകർഷണീയതക്കുവേണ്ടി മിനുക്കുപണികൾ നടത്താറുണ്ട്. എന്നാൽ ലത ഇതിനൊരു അപവാദമായിരുന്നു. അതുകൊണ്ടാണ് കാലം പോലും ലതയുടെ ശബ്ദത്തിൽ ഇടപെടാൻ അറച്ചുനിന്നത്. അത്യധികം സുഖകരമായ ഒരു ശ്രവ്യാനുഭവമാണ് ഈ അസുലഭഗായിക ലോകത്തിന് സമ്മാനിച്ചത്. കർണ്ണപുടങ്ങളിലെ നനുനനുത്ത തലോടൽ... മൃദുമൃദു തരംഗങ്ങളായി ആ വീചികൾ മനസ്സിലേക്കും ആത്മാവിലേക്കും മധുര നനവുകളായി പടർന്നു കയറുന്നു. ശബ്ദത്തിലെ അനുനാസിക-കണ്ഠ ഘടകങ്ങളുടെ അത്യന്തം അത്ഭുതകരവും ദീപ്തവും അനുഭൂതിദായകവുമായ ഒരു ചേർച്ചയാണ് അവരുടെ ആലാപനത്തിന്റെ സവിശേഷത.
ഗമകങ്ങളുടെ അതിസൂക്ഷ്മ തലങ്ങളെപ്പോലും തികഞ്ഞ മികവോടെ പുറപ്പെടുവിക്കുന്ന സ്വനപേടക-തന്തുക്കൾ, അവയെ ഉയർന്ന കർണ്ണാനുഭവമാക്കാൻ കൃത്യ അനുപാതത്തിലുള്ള അനുനാസികയുടെ വിളക്കിയെടുക്കൽ, ഉന്നതസ്ഥായിയിലേക്കുള്ള ഗതിയിൽ വേണ്ട ഉരസ്സിന്റെ (Vital Capacity) പിന്തുണയെപ്പോലും തേച്ചുമിനുക്കുന്ന കണ്ഠം. ഫലമോ, മന്ത്ര-മധ്യ-താര സ്ഥായികളിലൊക്കെ ശ്രവണ മാധുര്യത്തിന്റെ ഒരേ സ്ഥിരത നിലനിൽക്കുന്നു. അത്യന്തം സുഖദായകവും ക്ലേശരഹിതവുമായ ആസ്വാദനം അങ്ങനെ ഉറപ്പാക്കപ്പെടുന്നു.
ഈ സമഗ്ര പ്രക്രിയകൾക്കും തികച്ചും അനുയോജ്യമായ ഒരു സംഗീതാത്മക വ്യക്തിത്വം (Musical Brain) ആണ് ലതാജിയുടേത്. സർവശ്രേഷ്ഠമായ സംഗീത ആവിഷ്കാരം നടത്തിയെടുക്കാനാവശ്യമായ മസ്തിഷ്കത്തിലെ സമസ്ത സ്ഥലികളുടേയും സമഞ്ജസമായ ഐക്യപ്പെടൽ സംഭവിച്ച ഒരു അപൂർവ സംവിധാനമാണത്. ഓരോ നോട്ടും അതിന്റെ പൂർണതയിൽ പകന്നുനൽകാൻ ഇത്രമാത്രം സിദ്ധിയുള്ള മറ്റൊരു ശബ്ദം ഇന്ത്യൻ ചലച്ചിത്ര സംഗീത വേദിയിലുണ്ടായിട്ടില്ല. ഉസ്താദ് ബിസ്മില്ലാ ഖാൻ ലതാജിയെക്കുറിച്ചു പറഞ്ഞത് ഇങ്ങിനെയാണ്- 'അറിയാതെ പോലും ഒരു അപസ്വരം ഉതിർന്നു വീഴാത്ത ശബ്ദം'. ഏതുതരം ഗാനവും ഉൾക്കൊള്ളാനും അയത്നലളിതമായി ആവിഷ്കരിച്ചു അതിന്റെ ഉപജ്ഞാതാക്കൾ സങ്കല്പിക്കുന്നതിനും അതീതമായ അനുഭവമാക്കിത്തീർക്കാനുമുള്ള അവരുടെ കഴിവിന് വേറേ വിശദീകരണമില്ല. തികച്ചും അമാനുഷികം എന്നല്ലാതെ എന്തു പറയാൻ.
ശ്രുതിസുഭഗതയുടെയും പൂർണതയുടെയും പാരമ്യമായിരുന്നത് കൊണ്ട് അർധസ്വരങ്ങളും അനുസ്വരങ്ങളും മീണ്ടുകളും എന്നു വേണ്ട എല്ലാ തരം ആലാപന അലങ്കാരങ്ങളാലും ആ ശബ്ദം അനുഗ്രഹിക്കപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. മദൻമോഹൻ, റോഷൻ തുടങ്ങിയ മെലഡി സംഗീതസംവിധയകരുടേത് പോലെ സൂക്ഷ്മതലങ്ങളുടെ സമൃദ്ധികൾ വിന്യസിക്കപ്പെടാത്ത ഗാനങ്ങൾ പോലും ആവിഷ്കാര ചാരുത കൊണ്ട് മഹത്തരമാക്കിയതിന് കാരണം മറ്റൊന്നല്ല. ലളിത സംഗീതത്തിന്റെ അതേ അനായാസതയോടെ ശാസ്ത്രീയ രാഗസങ്കീർണ്ണതകൾ നിറഞ്ഞ ഗാനങ്ങളും അവർ പാടിയിരുന്നു എന്നുള്ളത് ആ സംഗീത പ്രതിഭയുടെ മൂല്യസൂചകമായ വസ്തുതയത്രെ.
സംഗീതരംഗത്ത് കൈത്തഴക്കംകൊണ്ട് പ്രശസ്തനായ മന്നാഡെയോടൊപ്പം ജോഗ്യ, ബഹാർ രാഗങ്ങളിൽ അധിഷ്ഠിതമായ 'ഈ ബിൻ തൂ നാ രേ' എന്നൊരു ഗാനമുണ്ട് (വസന്ത് ദേശായിയാണെന്ന് തോന്നുന്നു അത് ചിട്ടപ്പെടുത്തിയത്). അതിസങ്കീർണ്ണമായ അതിലെ നിമ്നോന്നതങ്ങളിലൂടെ മന്നാഡെയോടൊപ്പം അതിദ്രുതം ലതാജി ഒഴുകിക്കയറിയിറങ്ങുന്നത് വിസ്മയകരമാണ്. അങ്ങനെയെത്രയെത്ര അർധശാസ്ത്രീയ ഗാനങ്ങൾ. മഹാനായ ശാസ്ത്രീയ സംഗീതജ്ഞൻ ഭീംസെൻ ജോഷിയോടൊപ്പംപോലും ലതാജി പാടിക്കയറിയിരിക്കുന്നു. റഫിയോടൊപ്പവും കുറേ അർധശാസ്ത്രീയ ഗാനങ്ങൾ പാടിയിട്ടുണ്ട് ലത. 'മൻ കി ബിൻ മത് വാരീ...', 'കൂഹൂ കൂഹൂ ബോലേ കോയലിയാം...' തുടങ്ങിയവ. 'കൂഹൂ കുഹു'വിലെ തുടക്ക രാഗമായ സോഹിനിയിലെ ഭൃഗ ആവിഷ്കാരത്തിൽ റഫിയുടെ മുകളിലാണ് ലത.
ഏറ്റവും മികച്ച ഗാനരചയിതാക്കളും സംഗീതസംവിധായകരും സംഗീതാവബോധമുള്ള സിനിമാ നിർമ്മാതാക്കളും സംവിധായകരും ഗായികാ-ഗായകരും വിരാജിച്ചിരുന്ന കഴിഞ്ഞുപോയ സുവർണ്ണ കാലത്തെ യഥാർഥ അമൂല്യ രത്നം ലതാജി തന്നെയായിരുന്നു. അവർ പാടിയ നൗഷാദ്, ബർമ്മൻ, റോഷൻ, മദൻമോഹൻ, ശങ്കർ ജയ്കിഷൻ തുടങ്ങിയവരുടെ ഗാനങ്ങൾ. റഫി, തലത്, മന്നാഡെ, മുകേഷ്, കിഷോർ ആദിയായവരോടൊത്തുള്ള യുഗ്മ ഗാനങ്ങൾ ഒക്കെ എക്കാലത്തേക്കുമുള്ള ഈടുവെപ്പുകളാണ്. റഫി-ലത ജോഡിയായിരുന്നു പ്രണയ യുഗ്മ ഗാനരംഗത്ത് നമുക്കുള്ള ദൈവത്തിന്റെ സമ്മാനം.
'പക്കീസ' എന്ന സിനിമയെ ആസ്വാദകഹൃദയങ്ങളിൽ അടയാളപ്പെടുത്തിയതിൽ അതിലെ ലതാജി ഗാനങ്ങളുടെ പങ്ക് കാലം തെളിയിച്ചതാണ്. ഗുലാം മുഹമ്മദ് ആയിരുന്നു ആ സിനിമയിൽ സംഗീതം പകർന്നത്. 'When Latha is there I am safe' എന്നു പറഞ്ഞത് കർക്കശക്കാരനായ സാക്ഷാൽ എസ്.ഡി. ബർമ്മനാണ്. Legendary Maestro ശാന്താപ്രസാദ് തബല വായിച്ച 'മോസ്സെ ചൽ ദീയെ ജായ്...'(ചിത്രം-ഗൈഡ്) എന്ന ക്ലേശകരമായ 'തുംരി'(Thumri) കേട്ടാൽ അത് ബോധ്യപ്പെടും. കമ്പോസിങ് വേളകളിൽ ലതയോടൊപ്പമുള്ള മദൻമോഹന്റെയും സലീൽ ദായുടെയും മുഖങ്ങൾ നോക്കുക. എത്രമാത്രം ആത്മവിശ്വാസവും ആത്മസംതൃപ്തിയുമാണ് ആ മുഖങ്ങൾ പ്രതിഫലിപ്പിക്കുന്നത്. മദൻജിയുടെ 'സരാ സി ആഹത് ഹോതീ ഹേ', 'ഹം പ്യാർ മെ ജൽനെ വാലോം കോ', 'തൂ ജഹാം ജഹാം ചാലേഗാ മേരാ സായാ', സലീൽ ചൗധരിയുടെ 'ഓ സജ്‌നാ...','സാഥീ രേ..','ആ ജാരേ പർദേശീ...' തുടങ്ങിയവ ശ്രവിക്കുമ്പോൾ തീർച്ചപ്പെടുന്നത് മറ്റൊന്നല്ല.
പണ്ഡിറ്റ് രവിശങ്കർ ഈണം നൽകിയ 'കേസെ ദിൻ ബീതെ കേസെ ബിൻ അക്കിയാ...', വസന്ത് ദേശായിയുടെ 'തേരേ സൂർ ഓർ മേരേ ദിൽ...',റോഷന്റെ 'രഹെ ന രഹെ ഹം..., 'കഭീ തോ മിലേഗീ...', 'മെഹലോം കാ രാജാ...',നൗഷാദിന്റെ 'മോഹെ പൻഘട്ട് സേ...' തുടങ്ങിയ ഒട്ടുമിക്ക ഗാനങ്ങളും ശങ്കർ ജയ്കിഷന്റെ 'അജീബ് ദാസ് താ ഹെ യേ...', ലക്ഷ്മികാന്ത് പ്യാരേലാലിന്റെ 'സുനോ സജ്‌നാ...','തു ഇത് നീ അച്ചീ ഹേ...','കാൻഹാ കാൻഹാ...',ചിത്രഗുപ്‌തിന്റെ 'ബര്ക്ക ജിയാ...' എന്നിവയെല്ലാം നീട്ടുന്ന കേൾവി സുഖം അനിർവചനീയമാണ്. റഫിയുമായി ചേർന്നു പാടിയ 'പാംവോ ചൂലേ നെ ദൊ ഫൂലോം കോ...','സിന്ദഗീ ഭർ നഹീ ഭൂലേഗീ...','ദിൽ തോട്നേവാലെ...','തെരെ ഹുസ്‌നു കി ക്യാ താരീഫ്...','തൻ രംഗ് ലോ ജി ആജ് മൻ...','യെ ദിൽ തും ബിൻ...','വൊ ജബ് യാദ് ആയേ...'ആദിയായവയൊക്കെ കാലാതിവർത്തികളായ ഗാനശില്പങ്ങളത്രെ.
ചലച്ചിത്രഗാന പരിണാമ ദശകങ്ങളിലൂടെ തലമുറകൾ, ഭാഷകൾ, സാങ്കേതികത എന്നുവേണ്ട എല്ലാ അതിരുകളും ഉല്ലംഘിച്ചു ഒഴുകിയ ഒരു മഹാനദിയായിരുന്നു ലതാജി. അല്ലെങ്കിൽ ശബ്ദമാധുരിയുടെ സമസ്ത വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ഒരു നാദ സാഗരം. അതെ, ലതാജി ഒരു യുഗമാണ് അവശേഷിപ്പിച്ചത്. ലോകസമക്ഷം ഭാരതത്തിന്റെ ശക്തി അതിന്റെ പലതാണ്. പാരമ്പര്യം, ചരിത്രം, എണ്ണമറ്റ വൈവിധ്യ സമ്പുഷ്ടി, പൗരാണിക അവശിഷ്ടങ്ങൾ-സ്മാരകങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയൊക്കെ നമ്മുടെ ശക്തി സ്തംഭങ്ങളാണ്. പുറമെ നമ്മൾക്ക് താജ്മഹൽ ഉണ്ട്, ഗാന്ധിജിയുണ്ട്... ഇതാ ലതാ മങ്കേഷ്‌കറുമുണ്ട്. മനുഷ്യകുലമുള്ളിടത്തോളം ശതകോടി മനസ്സുകൾക്ക് വൈവിധ്യമാർന്ന അനുഭൂതികൾ പകർന്നു കൊണ്ട് ലതാജിയെന്ന വാനമ്പാടി നിലനിൽക്കും. ശ്രീകുമാരൻ തമ്പി പറഞ്ഞതുപോലെ ലത മങ്കേഷ്‌കർ ഒരു വ്യക്തിയായിരുന്നില്ല, ഒരു ചരിത്രം തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.