റഫി, നിങ്ങളുടെ സ്വരത്തിന് പകരം ലോകത്ത് മറ്റെന്തുണ്ട്...-അനശ്വര നാദവിസ്മയത്തിന്‍റെ 96ാം ജന്മവാർഷികം ഇന്ന്
text_fieldsലാഹോറിെല ഒരാഘോഷവേളയിൽ കുന്ദൻലാൽ സൈഗാളിെൻറ പാട്ട് കേൾക്കാൻ സഹോദരനൊപ്പം എത്തിയതായിരുന്നു ആ പതിനഞ്ചുകാരൻ. പരിപാടി തുടങ്ങും മുമ്പ് ഉച്ചഭാഷിണി തകരാറിലായി. എത്ര നോക്കിയിട്ടും ശരിയാകുന്നില്ല. സൈഗാളിെൻറ പാട്ടുകേൾക്കാൻ തടിച്ചുകൂടിയ ആസ്വാദകരാകട്ടെ അക്ഷമരുമാണ്. സംഘാടകർ ആകെ ആശയക്കുഴപ്പത്തിലായി. എന്ത് ചെയ്യും... ഇതിനിടെ സഹോദരൻ 15കാരൻ അനുജനുമായി സംഘാടകരുടെ അടുത്തെത്തി. 'ഇവൻ നന്നായി പാടും. ബുദ്ധിമുട്ടില്ലെങ്കിൽ മൈക്ക് ശരിയാകും വരെ ഇവന് പാടാൻ അവസരം കൊടുക്കണം. പാട്ടുകേട്ടാൽ ആളുകൾ ശാന്തരാകും'- ഇതായിരുന്നു അഭ്യർഥന.
'ഇൗ കുഞ്ഞുചെക്കൻ പാടിയാൽ ആളുകൾ കേൾക്കുമോ, അതും മൈക്കില്ലാെത. ഏയ് അതൊന്നും വേണ്ട' എന്നായി സംഘാടകർ. പക്ഷേ, ഇതിനകം ആളുകൾ ബഹളം തുടങ്ങിയിരുന്നു. സൈഗാൾ സദസ്സിലേക്കെത്താൻ സമയവുമായി. ഒടുവിൽ ഗത്യന്തരമില്ലാതെ ആ പതിനഞ്ചുകാരന് പാടാൻ സംഘാടകർ അനുമതി നൽകി. മൈക്കില്ലാതെ പാടി തുടങ്ങിയതോടെ തന്നെ സദസ്സ് നിശ്ശബ്ദമായി. ഹൃദയത്തിലേക്ക് ഒഴുകിപ്പടരുന്ന പാട്ടിൽ താളം പിടിച്ചും കയ്യടിച്ചും സദസ്സും ഒപ്പം കൂടി. ഇതിനിെട സൈഗാളും സദസ്സിലെത്തി. അതിമനോഹരമായി പാടുന്ന കുഞ്ഞുഗായകനെ അദ്ദേഹത്തിനും നന്നായി ബോധിച്ചു. പാടിത്തീരും വരെ അദ്ദേഹം ആസ്വദിച്ചിരുന്നു. ഇതിനിടെ മൈക്ക് ശരിയായി. സൈഗാൾ പാടിത്തുടങ്ങും മുമ്പ് മൈക്കിനടുത്തെത്തി ആ 15 കാരന്‍റെ ശിരസ്സിൽ കൈവെച്ച് കൊണ്ട് അനുഗ്രഹിച്ചു- 'ഒരിക്കൽ നിെൻറ ശബ്ദം വിദൂരങ്ങളിൽ വ്യാപിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല'.
ആ പതിനഞ്ചുകാരനാണ് പിന്നീട് ഇന്ത്യൻ സിനിമസംഗീതത്തിൽ അനശ്വര സാന്നിധ്യമായി പടർന്ന് പന്തലിച്ച സാക്ഷാൽ മുഹമ്മദ് റഫി. സൈഗാളിെൻറ വാക്കുകളെക്കാൾ അർഥവ്യാപ്തിയിലായിരുന്നു പിന്നീട് ആ സ്വരമാധുരിയുടെ പടർച്ച. കിലോമീറ്റർ താണ്ടി, ഇങ്ങ് കൊച്ചുകേരളത്തിൽ റഫി ഗാനങ്ങളുടെ ടേപ്പുകൾ നിധിപോലെ കാത്ത് സൂക്ഷിക്കുന്നവരുണ്ട്. സംഗീതഭാവങ്ങൾക്ക് ഏറെ കാലപ്പകർച്ചകളുണ്ടായെങ്കിലും ഇന്നും റഫി ഗാനങ്ങൾ കേട്ടുണരുന്ന, കേട്ടുറങ്ങുന്ന ആയിരങ്ങളുണ്ട്. കാലചക്രവാളങ്ങളെ അതിജീവിച്ച ഒഴുകിപരക്കുകയാണ് ആ പാട്ടുകൾ. ഒാരോ കേൾവിയിലും പുതിയ അനുഭവങ്ങൾ, പുതിയ വികാരങ്ങൾ ഹൃദയത്തിലേക്ക് കോരിയിടുന്നു. ജീവിത്തിന് കറുപ്പണിയിക്കുന്ന പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ ആത്മവിശ്വാസം പകരുന്നു...
സൈഗാൾ പ്രവചിച്ച 'വിദൂരങ്ങൾ' എന്ന വാക്കിന് ഭൂമിശാസ്ത്രപരമായി മാത്രമല്ല, കാലഗണനപരമായും ജൈവികമായും അർഥവ്യാപ്തിയുണ്ടെന്നത് ഇന്നും ചെവികളിലേക്ക് പതിവായെത്തുന്ന ആ മനോഹര ഗാനങ്ങൾ ആവർത്തിച്ച് അടിവരയിടുന്നു. സൈഗാളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ലാഹോർ റേഡിയോയിൽ പാടാൻ റഫിക്ക് അവസരം ലഭിച്ചു. പ്രശസ്ത സംഗീതജ്ഞൻ ശ്യാംസുന്ദറും അഭിനേതാവും നിർമ്മാതാവുമായ നാസിർഖാനുമായുള്ള കണ്ടുമുട്ടലാണ് അദ്ദേഹത്തിെൻറ സിനിമാസംഗീത യാത്രകളിൽ വഴിത്തിരിവായത്. നാസിർഖാൻ റഫിയെ ബോംബെയിലേക്ക് (ഇന്ന് മുംബൈ) ക്ഷണിച്ചെങ്കിലും പിതാവ് സമ്മതിച്ചില്ല. പലവട്ടം അനുവാദത്തിനായി ശ്രമിച്ചെങ്കിലും പിതാവ് ഹാജി അലി മുഹമ്മദ് വഴങ്ങിയില്ല. ഒടുവിൽ സഹോദരൻ ഇടപെട്ടാണ് അനുവാദം തരപ്പെടുത്തിയത്. ലാഹോറിൽ സൈഗാളിെൻറ പാട്ട് കേൾക്കാൻ പോയ പോലെ തന്നെ സഹോദരനൊപ്പമാണ് ബോംബെയിലേക്കും വണ്ടികയറിയത്. 1944 ആണ് കാലം. റഫിക്ക് 20 വയസ് പ്രായം. കയ്യിലാകട്ടെ പണമൊന്നുമില്ല. രണ്ട് തലയണയുറകളിലായി കടല നിറച്ചുകൊണ്ട് വന്നത് മാത്രമാണ് കുരുതലായുള്ളത്. ദിവസങ്ങളോളം കടലയും പച്ചവെള്ളവും തിന്നാണ് കഴിഞ്ഞത്. ഒടുവിൽ ശ്യാം സുന്ദറിനെ കാണാൻ അവസരം കിട്ടി. അദ്ദേഹം തന്‍റെ പഞ്ചാബി സിനിമയായ 'ഗുൽബുലോചി'ൽ സീനത്തിനൊപ്പം പാടാൻ അവസരം നൽകി. അങ്ങനെ 'ഗൊരിയേനി, ഹിരിയേ നീ തേരി' എന്ന ഗാനത്തോടെ പിന്നണിഗാന മേഖലയിലേക്ക് ചുവടുവെച്ചു.
ഒരു വർഷത്തിന് ശേഷം ശ്യാം സുന്ദറിെൻറ തന്നെ 'ഗാവ് കി ഗോരി'യിൽ പാടാനും അവസരം ലഭിച്ചു. ഇതായിരുന്നു റഫിയുടെ ആദ്യ ഹിന്ദി സിനിമാഗാനം. പിന്നീടാണ് നൗഷാദുമായി പരിചയപ്പെടുന്നതും 'ഷാജഹാൻ' എന്ന സിനിമയി പാടാൻ അവസരം ലഭിക്കുന്നതും. രണ്ട് വരികൾ മാത്രമാണ് പാടാൻ കിട്ടിയത്...'മേരേ സപ്നോംകീ റാണി...രൂഹി, രൂഹി, രൂഹി...' പിന്നീട് റഫിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഹിന്ദി ഗാനശാഖ റഫിയുടെ പേരിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട നാളുകൾ. ഏറ്റവും കൂടുതൽ യുഗ്മ ഗാനങ്ങൾ ലത മങ്കേഷ്ക്കറോടൊപ്പം പാടിയ റെക്കോർഡും റഫിയുടെ പേരിലാണ്. അതേ സമയം നാല് വർഷത്തോളം യുഗ്മഗാനങ്ങൾ പാടാതെ ഇരുവരും തെറ്റിപ്പിരിഞ്ഞതും ചരിത്രം. റോയൽറ്റിയുടെ പേരിലായിരുന്നു അഭിപ്രായ ഭിന്നത. പാട്ടുപാടി റെക്കോർഡ് ചെയ്ത് പ്രതിഫലം വാങ്ങിക്കഴിഞ്ഞാൽ ആ പാട്ടിനുമേലുള്ള ഗായകന്‍റെ അവകാശം തീർന്നുവെന്നായിരുന്നു റഫിയുടെ നിലപാട്. എന്നാൽ ഗാനത്തിെൻറ റോയൽറ്റിയുടെ ഒരു പങ്ക് ഗായകർക്ക് കൂടി കിട്ടണമെന്നായിരുന്നു ലത മേങ്കഷ്കരുടെ വാദം. ഇരുവരും പിണങ്ങുക മാത്രമല്ല, യുഗ്മഗാനങ്ങൾ ഇല്ലാതാവുക കൂടി ചെയ്തതോടെ സംഗീതാസ്വദകർക്കും കറുത്ത നാളുകളായിരുന്നു.
ലത്ക്ക് പകരം സുമൻ കല്യാൺ, ശാരദ എന്നിവർക്കൊപ്പം റഫി യുഗ്മഗാനങ്ങൾ പാടി. ഒ.പി നയ്യാർ റഫി^ആശ ഭോസ്ലേ യുഗ്മഗാനങ്ങളുടെ വലിയ നിരതന്നെ ഇക്കാലയളവിൽ സൃഷ്ടിച്ചു. നാല് വർഷങ്ങൾക്ക് ശേഷം നടന്ന എസ്.ഡി. ബർമ്മൻ മ്യൂസിക് നൈറ്റിലാണ് പിന്നീട് മഞ്ഞുരുക്കമുണ്ടായത്. നർഗീസ് ആയിരുന്നു പരിപാടിയുടെ അവതാരക. റഫിയും ലതയും േവദിയിലുണ്ട്. ഇരുവരും ഒാരോ സോേളാ വീതം പാടി ഇരിപ്പിടങ്ങളിലാണ്. ഇതിനിടെ അപ്രതീക്ഷിതമായി 'ഇനി റഫി സാബും ലാതാജിയും ചേർന്ന് യുഗ്മഗാനം ആലപിക്കും' എന്ന നർഗീസിന്‍റെ പ്രഖ്യാപനമുണ്ടായത്. 'നാല് വർഷമായി ഇവർ യുഗ്മഗാനങ്ങൾ പാടുന്നില്ലെന്നറിയാം. പക്ഷേ ഇന്നവർ ഒരുമിച്ച് പാടാൻ പോവുകയാണ്' എന്ന് കൂടി നർഗീസ് പറത്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മനസ്സില്ലാ മനസ്സോടെ ഇരുവരും മൈക്കിനടുത്തേക്ക്. 'ജുവൽ തീഫി'ലെ 'ദിൽ പുകാരേ' എന്ന ഗാനം രണ്ടുപേരും ചേർന്ന് പാടുേമ്പാൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിയോടെയാണ് എതിരേറ്റത്.
1970കളോടെ റഫിയുടെ സംഗീത തേജസ്സിന് നേരിയ തോതിൽ തിളക്കം കുറഞ്ഞു. ഇൗ കാലയളവിലാണ് റോഷൻ, ജയ്കിഷൻ, മദൻ മോഹൻ, സചിൻ ദേവ് ബർമ്മൻ എന്നീ സംഗീതകാരന്മാരുടെ നിര്യാണമുണ്ടാകുന്നത്. നൗഷാദ്, ഒ.പി. നയ്യാർ എന്നിവരുടെ സർഗാത്മക ഇടപെടലുകളും കുറഞ്ഞു. സിനിമ സംഗീതമാകട്ടെ, വ്യവസായാധിഷ്ഠിത സ്വഭാവത്തിലേക്ക് മാറാൻ തുടങ്ങി. പുതിയ താരോദയങ്ങളുണ്ടായി. സംഗീതത്തോടുള്ള തലമുറകളുടെ അഭിരുചിയിൽ മാറ്റം വന്നു. ഇതിന് പുറമേ വ്യക്തിപരവും മതപരവുമായ കാരണങ്ങളാൽ നാല് വർഷത്തോളം റഫി സ്വയം സിനിമാ സംഗീതത്തിൽ നിന്ന് വിട്ട് നിന്നു. ഇക്കാലയളവിലാണ് റഫി ഹജ്ജ് യാത്ര നടത്തിയതും. പിന്നീട് റഫി മകനൊപ്പം ലണ്ടനിലേക്കും പോയി. ഏറെ നിർബന്ധത്തിനും സമ്മർദ്ദത്തിനുമൊടുവിൽ നാല് വർഷങ്ങൾക്ക് ശേഷം അദ്ദേഹം മടങ്ങിവന്നെങ്കിലും സിനിമ സംഗീതലോകം ഏറെ മാറിയിരുന്നു. 'ആരാധന' എന്ന ചിത്രത്തിലുടെ കിഷോർ കുമാർ തേന്റതായ ഇടം കണ്ടെത്തിയ കാലം കൂടിയായിരുന്നു ഇത്. 'ആരാധന'യിലെ കിഷോർ പാടിയ 'മേരി സപ്നോം കീ റാണി', 'രൂപ് തേരാ മസ്താന' എന്നീ ഗാനങ്ങൾ വലിയ ഹിറ്റുകളാവുകയും ചെയ്തു.
വാസ്തവത്തിൽ 'ആരാധന'യിലെ ഗാനങ്ങൾ റഫിയെ കൊണ്ട് പാടിക്കാനായിരുന്നു സംഗീത സംവിധായകൻ എസ്.ഡി ബർമ്മൻ ആലോചിച്ചിരുന്നത്. ആദ്യ രണ്ട് ഗാനങ്ങൾ (ബാഗോം മേ ബഹാർ', 'ഗുൻഗുന രഹേഹേ') പാടിപ്പിക്കുകയും ചെയ്തു. ഇതിനിടെ എസ്.ഡി രോഗബാധിതനായി. ശേഷിക്കുന്ന ഗാനങ്ങൾ മകൻ ആർ.ഡി. ബർമ്മനെ ചുമതലപ്പെടുത്തി. 'സപ്നോം കീ റാണി', 'രൂപ് തേരാ മസ്താന' എന്നിവയടക്കം ശേഷിക്കുന്ന മൂന്ന് ഗാനങ്ങൾ ആർ.ഡി. ബർമ്മൻ കിഷോറിന് നൽകുകയായിരുന്നു. ഇതിനിടെ 'ക്യാ ഹുവാ തേര വാദാ' എന്ന ഗാനത്തിലൂടെ റഫി അധിപത്യം വീണ്ടെടുത്ത് മടങ്ങിയെത്തിയെങ്കിലും 1980 ജൂലൈ 31ന് അനശ്വര നാദവിസ്മയത്തെ മരണം കവർന്നെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.