അത്യുന്നതിയിലും അത്രമേൽ വിനയത്തോടെ...
text_fieldsസംഗീത ലോകത്ത് നേട്ടങ്ങളുടെയും ബഹുമതികളുടെയും ലോകത്ത് വിരാജിക്കുേമ്പാഴും വിനയത്തിെൻറ മുഖമുദ്രയായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം. ജൂനിയർ ആർടിസ്റ്റുകളോടു പോലും അത്രമേൽ സ്നേഹത്തോടെയാണ് അദ്ദേഹം ഇടപഴകിയത്. എത്ര വലിയ ഉയർച്ചയിലും ഒരിക്കലും തലക്കനം കാട്ടരുതെന്നായിരുന്നു എസ്.പി.ബിയുടെ നയം. സഹ ഗായകരോടും സംഗീത സംവിധായകരോടും ആർട്ടിസ്റ്റുകളോടുമെല്ലാം അവരിലൊരാളായി സ്നേഹത്തോടെ പെരുമാറി. വേദികളിൽ തന്നോടൊപ്പം പാടുന്ന പുതിയ ഗായകരെയടക്കം ചേർത്തുപിടിച്ചു.
ഗാനമേളക്കിടെ, തന്നോടൊപ്പം പാടിയ ആഹ്ലാദത്തിൽ ഒരു ഗായികയുടെ കണ്ണുനിറഞ്ഞപ്പോൾ കണ്ണു തുടച്ചു കൊടുത്തായിരുന്നു എസ്.പി.ബി വിനയത്തിെൻറ കാര്യത്തിൽ വിസ്മയമായത്. പാട്ടുകൾക്കിടയിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന സംഗീതവാദകരെ പേരെടുത്ത് വിളിച്ച് അഭിനന്ദിക്കാൻ അദ്ദേഹം മടി കാണിച്ചില്ല. ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ മത്സരാർഥികളെ ഏറെ പ്രോത്സാഹിപ്പിക്കുന്നയാളായിരുന്നു എസ്.പി.ബി. സംഗീത പരിപാടികളിൽ കൂടെ പാടുന്നയാൾ ആരായിരുന്നാലും നിറഞ്ഞ മനസ്സോടെയാണ് അവർക്കൊപ്പം വേദി പങ്കിട്ടിരുന്നത്. അറിയപ്പെടാത്ത ഗായകരായാലും മികവുറ്റ രീതിയിൽ പാടിയാൽ അവരെ അഭിനന്ദിക്കാനും അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല.
ചെന്നൈ നഗരത്തിൽ സ്വന്തമായി തുടങ്ങിയ സ്റ്റുഡിയോക്ക് 'കോദണ്ഡപാണി സ്റ്റുഡിയോ' എന്ന് പേരു നൽകിയത് ആദ്യമായി തനിക്ക് സിനിമയിൽ പാടാൻ അവസരം നൽകിയ സംഗീത സംവിധായകനോടുള്ള ആദരവു കൊണ്ടായിരുന്നു. 'അടിമൈപ്പെൺ' എന്ന ചിത്രത്തിലെ 'ആയിരം നിലവേ വാ...' എന്ന ഗാനം തന്നെക്കൊണ്ടു തന്നെ പാടിക്കണമെന്ന എം.ജി.ആറിെൻറ ആഗ്രഹമാണ് തന്നെ ഗായകനാക്കി മാറ്റിയതെന്നത് പിൽക്കാലത്തെല്ലാം എസ്.പി.ബി അനുസ്മരിച്ചു. പാടാൻ നിശ്ചയിച്ച സമയത്ത് അസുഖ ബാധിതനായിരുന്നിട്ടും എസ്.പി.ബിയുടെ അസുഖം മാറുന്നതുവരെ കാത്തിരുന്നാണ് എം.ജി.ആർ ആ പാട്ട് അദ്ദേഹത്തെക്കൊണ്ടു തന്നെ പാടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.