ജഹാന വീണ്ടും പാടുന്നു
text_fieldsകൊല്ലം കടയ്ക്കലിലെ സാംസ്കാരിക വേദികളിലും കുടുംബസദസ്സുകളിലും യൂട്യൂബിലും വാട്സ് ആപ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയ വേദികളിലും പാടി നിറയുകയാണ് ജഹാന എന്ന ഗായിക
ചരിത്രംകുറിച്ച അരങ്ങേറ്റം. കച്ചേരികളിലും ചലച്ചിത്രപിന്നണിയിലും ആൽബങ്ങളിലും പാടി നല്ല തുടക്കം. സംഗീതലോകം ശ്രദ്ധിച്ച ശബ്ദം. എന്നിട്ടും കാലക്രമേണ അരങ്ങുകളിൽ നിന്നൊഴിഞ്ഞുപോയ ഗായിക നീണ്ടകാലത്തെ ഇടവേളക്കുശേഷം പാട്ടുവേദികളിലേക്ക് പുതുകാലവഴികളിലൂടെ തിരിച്ചെത്തുന്നു. നാട്ടിലെ സാംസ്കാരിക വേദികളിലും കുടുംബസദസ്സുകളിലും യൂട്യൂബിലും വാട്സ് ആപ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയ വേദികളിലും ഇന്ന് ജഹാന എന്ന ഗായിക പാടി നിറയുകയാണ്. കൊല്ലം ജില്ലയിൽ കടയ്ക്കലിന് സമീപം പേഴുമൂട് സ്വദേശിയായ ജഹാന ഇത്തവണത്തെ കടയ്ക്കൽ തിരുവാതിര ആഘോഷവേദിയിൽ പാടി. അത് താനിവിടെത്തന്നെയുണ്ടെന്നും സംഗീതയാത്ര തുടരുകയാണെന്നും ആസ്വാദകലോകത്തെ അറിയിക്കാൻ കൂടിയായിരുന്നു.
17 വർഷം മുമ്പ് വേറിട്ട അരങ്ങേറ്റത്തിലൂടെ പുതുചരിത്രമെഴുതി മാധ്യമവാർത്തകളിൽ നിറഞ്ഞായിരുന്നു അരങ്ങേറ്റം. സംസ്കൃത കീർത്തനങ്ങൾക്കു പകരം മലയാളത്തിലും അറബിയിലും രചിക്കപ്പെട്ട കീർത്തനങ്ങളാലപിച്ചായിരുന്നു അത്. 2005 സെപ്റ്റംബര്‍ എട്ടിെൻറ ത്രിസന്ധ്യയിൽ തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ശാസ്ത്രീയ സംഗീതത്തിെൻറ പതിവ് രാഗതാളങ്ങളിൽ വ്യത്യസ്ത ശാരീരം പാടി ആ പതിനേഴുകാരി കുറിച്ച ചരിത്രപരമായ അരങ്ങേറ്റത്തിന് അന്ന് താളമിട്ട് ആസ്വദിച്ച് സാക്ഷ്യം വഹിക്കാൻ കേരള രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ തന്നെ എത്തിയിരുന്നു.
വേറിട്ട കച്ചേരി
ആദിതാളത്തിൽ ഹംസധ്വനി രാഗത്തിൽ 'വാതാപി ഗണപതി'ക്കുപകരം 'നാഥാ നീയെന്‍ റബ്ബേ, ഖല്‍ബാല്‍ ഞാന്‍ നിന്നെ കാണുന്നു...' എന്ന് മലയാളത്തിൽ പാടിയായിരുന്നു അവൾ അരങ്ങേറ്റം കുറിച്ചത്. കർണാടക ശാസ്ത്രീയസംഗീതത്തിന് അപരിചിതമായിരുന്ന ഒരു സംഗീത സാഹിത്യശാഖയുടെ അരങ്ങേറ്റം കുറിക്കലിനും കൂടിയാണ് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലം വേദിയായത്.
പക്കമേളക്കാരായ ആര്‍. ത്യാഗരാജന്റെ വയലിനും സുശീല്‍കുമാറിന്‍റെ മൃദംഗവും വെങ്കിടാചലത്തിെൻറ ഘടവും തച്ചൂര്‍ ശശികാന്തിെൻറ ഗഞ്ചിറയും അരവിന്ദാക്ഷന്റെ മുഖര്‍ശംഖും മഞ്ജുവിെൻറ തംബുരുവും ഒരുക്കിയ മേളത്തിെൻറ അകമ്പടിയോടെയാണ് ആ രണ്ടരമണിക്കൂര്‍ അരങ്ങേറ്റ കച്ചേരി പൂര്‍ത്തിയായത്. അരേങ്ങറ്റചടങ്ങിെൻറ ഭാഗമായി ഗുരുവായ ഗാനപ്രവീണ്‍ കടയ്ക്കല്‍ ബാബുനരേന്ദ്രന് ഗുരുദക്ഷിണ നൽകി ഗുരുവിെൻറ അനുഗ്രഹമായി അദ്ദേഹത്തിെൻറ കൈയില്‍നിന്ന് വീണ ഏറ്റുവാങ്ങിയാണ് ജഹാന കർണാടക സംഗീതത്തിെൻറ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച്, ഇസ്‍ലാമിക കീർത്തനങ്ങളടക്കം പാടി കച്ചേരി നടത്തിയത്.
'വജ്ഹത്തുവജ്ഹിയലില്ലദീ...' എന്ന അറബി ഭക്തിഗാനവും കെ.ജി. രാഘവന്‍ നായരുടെ 'അമൃതവാണി' എന്ന ഗ്രന്ഥത്തിൽനിന്നുള്ള രണ്ടുകവിതകളും ഉൾപ്പെട്ട തില്ലാനകളോടെയാണ് ജഹാന കച്ചേരി അവസാനിപ്പിച്ചത്. ജഹാന ആലപിച്ച മുഴുവന്‍ കീര്‍ത്തനങ്ങളുടെയും സംഗീതസംവിധാനം നിർവഹിച്ചത് ഗുരുവായ ഗാനപ്രവീണ്‍ കടയ്ക്കല്‍ ബാബുനരേന്ദ്രനാണ്. അരങ്ങേറ്റ സംഗീതക്കച്ചേരിക്ക് വേണ്ടി കീര്‍ത്തനങ്ങള്‍ രചിച്ചത് ബാലസാഹിത്യകാരനും കവിയുമായ കിളിമാനൂര്‍ സ്വദേശി ഹംസ പാട്ടറയാണ്.
അരങ്ങകന്ന ഇടവേള
ഒരു തമിഴ്സിനിമയിൽ പാടുകയും നിരവധി സംഗീതവേദികളിൽ അരങ്ങേറുകയും ചെയ്തെങ്കിലും കാലക്രമേണ വേദികളിൽനിന്നകലുകയും ജീവിതത്തിെൻറ സ്വാഭാവിക ഒഴുക്കിൽപ്പെട്ട് വീട്ടകത്തിലൊതുങ്ങുകയുമായിരുന്നു. ഒരു ബിഗ്ബജറ്റ് തമിഴ് സിനിമ സംരംഭത്തിലൂടെ ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് പിച്ചവെച്ചു. രണ്ട് പാട്ടുകൾ അതിൽ പാടി. ഗാനങ്ങൾ റെക്കോഡ് ചെയ്തെങ്കിലും സിനിമയും പാട്ടും പുറത്തുവന്നില്ല.
ശേഷം രണ്ട് മൂന്ന് ആൽബങ്ങളിലും പാടി. ആദ്യ സിനിമ പുറത്തുവരാതിരുന്നത് ചലച്ചിത്രരംഗത്തോടുള്ള താൽപര്യം കുറച്ചു. വിവാഹം കഴിഞ്ഞതോടെ കുടുംബജീവിതത്തിന് പ്രാധാന്യം നൽകി ജീവിതപങ്കാളിയോടൊപ്പം ഗൾഫിലേക്ക്. പിന്നീട് നാട്ടിലെത്തി അധ്യാപികയായി. മൂന്നുവർഷത്തിന് ശേഷം ആ ജോലി ഉപേക്ഷിച്ച് വീട്ടമ്മയായി ഒതുങ്ങാനൊരുങ്ങവേയാണ്, ഇഷ്ടവഴിയിൽ മുന്നോട്ട് പോകൂ എന്ന് സ്വയം പ്രചോദിപ്പിച്ചുകൊണ്ട് സംഗീതം വീണ്ടും മനസ്സിലുണർന്നത്.
'ഗ്രാമീണ'ത്തിലൂടെ വീണ്ടും
കടയ്ക്കൽ മേഖലയിലെ കലാസാഹിത്യപ്രതിഭകളുടെയും ആസ്വാദകരുടെയും കൂട്ടായ്മയാണ് 'ഗ്രാമീണം' വാട്സ് ആപ് ഗ്രൂപ്. അതിൽ ആറുമാസംമുമ്പ് അംഗമായതാണ് അരങ്ങിലേക്കുള്ള തിരിച്ചുവരവിന് പ്രചോദനവും അവസരവുമായത്. കടയ്ക്കൽ തിരുവാതിരയോട് അനുബന്ധിച്ച് ഗ്രാമീണം കൂട്ടായ്മ ഒരുക്കിയ 'ഗ്രാമത്രയ' എന്ന സാംസ്കാരിക പരിപാടിയിൽ വീണ്ടും പാടാൻ അവസരം ഒരുങ്ങി. ഒന്നര പതിറ്റാണ്ടിനു ശേഷമായിരുന്നു അത്രയും വലിയൊരു വേദി. 2007ൽ കോഴിക്കോട് നടന്ന ഒരു സംഗീതക്കച്ചേരിയിലായിരുന്നു ഏറ്റവും ഒടുവിൽ പാടിയിരുന്നത്. ''ഇനി ഒരു തിരിച്ചുപ്പോക്കില്ല, സംഗീത വഴിയിൽ മുന്നോട്ട് തന്നെ'' ജഹാന പറയുന്നു.
അബ്ദുൽ കരീം - ജാസ്മിൻ ദമ്പതികളുടെ മൂത്ത മകളായ ജഹാനയുടെ ജീവിത പങ്കാളി മുഹമ്മദ് ഷാഫി ഷാർജയിലാണ്. മക്കൾ: സാബിത്, മിൻഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.