വിഷുപ്പക്ഷി പോലെ
text_fields‘കാതോടു കാതോരം തേൻ ചോരുമാ മന്ത്രം...’ മലയാളിയുടെ കാതിൽനിന്ന് ഒരിക്കലും അകന്നുപോകാതെ മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം ഇപ്പോഴും സ്വരരാഗമായി പെയ്തുകൊണ്ടിരിക്കുകയാണ് ഇൗ വരികൾ. മലയാളി നെഞ്ചേറ്റിയ ഹൃദയസ്പർശിയായ ഇൗ വരികൾക്കു പിന്നിലെ സ്വരമാധുര്യം ആരുടേതാണെന്ന് പാട്ട് മൂളുന്നവർക്കുപോലും അറിയണമെന്നില്ല. പാട്ടുപാടി ഓടിനടന്ന ഒരു പാവാടക്കാരിയുടെ ചിത്രം മുതിർന്നവരുടെ മനസ്സിൽ മങ്ങിയ ചിത്രംപോലെ തെളിയുമെങ്കിലും പാട്ടുകാരി ലതിക ടീച്ചർ കൊല്ലം സ്വദേശിയാണെന്ന കാര്യം പലർക്കുമറിയില്ല. പുതിയ ഗാനങ്ങൾ പാടാൻ ഇപ്പോഴും സിനിമയിൽ നിന്ന് ക്ഷണം വരുന്നു, വിദേശത്തും മറ്റ് ഇന്ത്യൻ നഗരങ്ങളിലും അരങ്ങേറുന്ന മ്യൂസിക് ഷോകളിൽ ഇപ്പോഴും ഓടിനടന്നു പെങ്കടുക്കുകയാണ് ഇൗ ഗായിക. മലയാളിയുടെ മനസ്സിൽ ആസ്വാദനത്തിന്റെ ഹൃദയരാഗത്തംബുരു മീട്ടിയ ഗായിക മധുരതരമായ ആ പഴയ കാലത്തെക്കുറിച്ച് സംസാരിക്കുന്നു...
കുട്ടിയായിരിക്കുേമ്പാൾതന്നെ ഗാനമേളയിലൂടെയും നാടകത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട ഗായികയായിരുന്നല്ലോ. കുടുംബത്തിലെ മറ്റംഗങ്ങളും പാട്ടുകാർ. എങ്ങനെ ഒാർക്കുന്നു ആ കാലം?
ഏഴു വയസ്സുള്ളപ്പോൾ കൊട്ടിയം പോളിടെക്നിക്കിൽ ബ്രഹ്മാനന്ദനോടൊപ്പമാണ് ഒരു പൊതുേവദിയിൽ ആദ്യമായി പാടുന്നത്. അച്ഛൻ സദാശിവൻ ഭാഗവതർ പാട്ടുകാരനായിരുന്നു, നടനായിരുന്നു, ഹാർമോണിസ്റ്റായിരുന്നു, കഥാപ്രസംഗം അവതരിപ്പിക്കുമായിരുന്നു. കഥാപ്രസംഗത്തിനും നാടകത്തിനും ഹാർമോണിയം വായിക്കാൻ പോകും. അതായിരുന്നു ആകെയുള്ള വരുമാനം. കൊല്ലം കടപ്പാക്കടയിൽ വാടകവീട്ടിലായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. അമ്മ നളിനിയും പാട്ടുകാരിയും നടിയുമായിരുന്നു. അങ്ങനെയൊരു പാരമ്പര്യമുണ്ട്. അമ്മയും അച്ഛനോടൊപ്പം കൂടും. അമ്മയും കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ കഷ്ടപ്പെട്ടുള്ള ജീവിതമായിരുന്നു. രണ്ടു സഹോദരിമാരും രണ്ടു സഹോദരന്മാരുമാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ ജയചന്ദ്രബാബു അടുത്തകാലത്ത് മരിച്ചു. അദ്ദേഹം തബലിസ്റ്റ് ആയിരുന്നു. ഞാൻ ജനിച്ചു കഴിഞ്ഞാണ് അച്ഛന് കൊല്ലം പാർവതി മില്ലിൽ ജോലി കിട്ടുന്നത്. അതിനുശേഷം ജീവിതം കരപിടിച്ചു. ഞാൻ കുട്ടിയായിരിക്കുേമ്പാൾ തന്നെ വീട്ടിൽ എല്ലാവരും ചേർന്ന് സംഗീതരംഗത്തേക്കിറങ്ങി. പ്രവീണ മ്യൂസിക് ക്ലബ് എന്നൊരു ട്രൂപ്പും ഉണ്ടാക്കി. തബലിസ്റ്റായ ചേട്ടൻ, ഗായകനായ ചേട്ടൻ രാജേന്ദ്രബാബു, എെൻറ ചേച്ചിയും ഞാനും മറ്റ് ഒാർക്കസ്ട്രക്കാരും. അന്ന് കസേരയിലിരുന്ന് ഗാനമേള പാടുന്ന കാലം. അത് ഏതാണ്ട് പത്തു വർഷത്തോളം നന്നായി പോയി. അതിൽ അന്ന് വയലിൻ വായിച്ചത് ഇന്നത്തെ സംഗീതസംവിധായകൻ മോഹൻ സിതാര ആയിരുന്നു.
ഗാനമേളകളിൽ നിന്നാണല്ലോ നാടകഗാനങ്ങളിലേക്കും സിനിമയിലേക്കും എത്തിയത്?
നാടകങ്ങളിൽ അധികം പാടിയില്ല. നാടക സംവിധായകൻ സതീഷ് സംഗമിത്ര അന്ന് മദ്രാസിലായിരുന്നു. അദ്ദേഹം കേരളത്തിൽ ഒരു നാടകം തുടങ്ങി. ഗാനങ്ങൾ കണ്ണൂർ രാജൻ. നാടകം എഴുതിയത് ബിച്ചു തിരുമല. ചേട്ടൻ രാജേന്ദ്രബാബു കണ്ണൂർ രാജെൻറ അസിസ്റ്റൻറായിരുന്നു, അന്ന് മദ്രാസിൽ. അങ്ങനെയാണ് അദ്ദേഹത്തിെൻറ നാടകഗാനങ്ങൾ പാടാൻ അവസരം ലഭിച്ചത്. അദ്ദേഹം ഇൗ നാടകത്തിനുവേണ്ടി ചെയ്ത പാട്ടായിരുന്നു പിന്നീട് സിനിമയിലെത്തി ജാനകിയമ്മ സംസ്ഥാന അവാർഡ് നേടിയ ‘തുഷാരബിന്ദുക്കളേ...’ ഇത് നാടകത്തിനുവേണ്ടി പാടിയത് ഞാനായിരുന്നു. സിനിമയിൽ ഇൗ ഗാനത്തിന് സംഗീതസംവിധായകെൻറ ക്രെഡിറ്റ് ലഭിച്ചത് എ.ടി. ഉമ്മറിനാണ്. അത് മറ്റൊരു ചരിത്രം. അദ്ദേഹത്തിന് സംഗീതസംവിധായകനുള്ള സംസ്ഥാന അവാർഡും ലഭിച്ചു.
അതെ, ഇതേ നാടകത്തിലെ ഗാനമായിരുന്നു. പക്ഷേ, വരികൾ വേറെ ആയിരുന്നു; ‘സാന്ദ്രമായ ചന്ദ്രികയിൽ...’ എന്നായിരുന്നു തുടക്കം. ഇത് ചാത്തന്നൂർ മോഹനും ഞാനും ചേർന്നായിരുന്നു പാടിയിരുന്നത്. ഇൗ ഗാനം െഎ.വി. ശശി സാർ ഇഷ്ടപ്പെട്ടിട്ട് അദ്ദേഹത്തിെൻറ ‘ആലിംഗനം’ എന്ന സിനിമയിൽ എടുക്കുകയായിരുന്നു. അങ്ങനെയാണ് ആ ഗാനം സിനിമയിൽ എന്നെക്കൊണ്ട് പാടിക്കാൻ കണ്ണൂർ രാജൻ തീരുമാനിച്ചത്. നേരത്തേ ‘തുഷാരബിന്ദുക്കളേ’ നഷ്ടപ്പെട്ടുപോയതുകൊണ്ടു കൂടിയാണ് ഇൗ ഗാനം നിർബന്ധമായും അദ്ദേഹം എനിക്ക് തന്നത്.
ആദ്യമായി സിനിമയിൽ ലഭിക്കുന്ന ഗാനം, യേശുദാസിനോടൊപ്പം പാടുേമ്പാഴുണ്ടായിരുന്ന അനുഭവം എങ്ങനെയായിരുന്നു?
ശരിക്കും വിറച്ചുകൊണ്ടാണ് പാടിയത്. എന്നാൽ, അദ്ദേഹം ക്ഷമയോടെ എനിക്ക് ധൈര്യം പകർന്നു. പിന്നീട് പലപ്പോഴും പല പാട്ടുകൾ അദ്ദേഹത്തോടൊപ്പം പാടുേമ്പാഴും ധൈര്യം പകർന്നിട്ടുണ്ട്. എന്നോട് അഡയാർ സംഗീത കോളജിൽ പാട്ടുപഠിക്കാൻ നിർബന്ധിച്ചതും അദ്ദേഹമായിരുന്നു. അഡ്മിഷൻ കിട്ടാനും സഹായിച്ചു. പിന്നീട് കോഴ്സ് കഴിഞ്ഞ് ഒന്നാം റാങ്ക് കിട്ടിയപ്പോൾ എന്നെ വളരെയധികം അഭിനന്ദിച്ചു.
ചിത്രക്കും മുേമ്പ രംഗത്തുവന്നു, ഇൻഡസ്ട്രിയിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞു. എന്നിട്ടും ഗാനങ്ങളുടെ എണ്ണം വർധിച്ചില്ല?
ഞാൻ മദ്രാസിൽ നിരവധി ഗാനമേളകളിൽ പാടിയിരുന്നു. മലേഷ്യ വാസുദേവെൻറ ട്രൂപ്പിലെ മുഖ്യ ഗായികയായിരുന്നു. ഇടക്കിടെ സിനിമയിൽ ഗാനങ്ങൾ കിട്ടി. എന്നാൽ, പലതിനും ക്രെഡിറ്റ് കിട്ടിയില്ല. വലിയ ആളുകൾക്ക് മാത്രം ക്രെഡിറ്റ് കൊടുക്കുന്നതാണ് അന്നത്തെ രീതി. ഇതിനൊക്കെ ഇടനിലക്കാരുണ്ട്. അവർക്ക് ഇടപെടാനും പ്രചാരണത്തിനും അവസരമുണ്ടായിരുന്നു. അവർക്ക് കൈക്കൂലി കൊടുത്തും വണങ്ങിയും നിൽക്കുന്നവരുണ്ടായിരുന്നു. എനിക്ക് കിട്ടുന്ന പണംകൊണ്ട് അവിടെ ജീവിക്കണമായിരുന്നു. അമ്മയും ചേട്ടനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അന്യനാടായതിനാൽ ഞങ്ങൾക്ക് വലിയ ഭയപ്പാടും ആശങ്കയുമുണ്ടായിരുന്നു.
ഒരിക്കലും അങ്ങനെ ചാൻസ് തേടി പോയിട്ടില്ല. ഇടിച്ചുകയറി സംസാരിക്കുന്ന രീതി ഇല്ല. ആദ്യകാലത്ത് അവിടെയുള്ള ആചാര്യന്മാരായവരെ, നമസ്കരിക്കേണ്ടവരായ ദേവരാജൻമാഷ്, ദക്ഷിണാമൂർത്തി, രാഘവൻ മാഷ് തുടങ്ങിയവരെ പോയി കണ്ടിരുന്നു. ഇളയരാജയെ പോയി കാണണമെന്ന് മലേഷ്യ വാസുദേവൻ സാർ നിർബന്ധിച്ചു. അദ്ദേഹത്തിനുവേണ്ടി എസ്.പി.ബിക്കൊപ്പം ട്രാക്ക് പാടിയിരുന്നു. അങ്ങനെ ഒരിക്കൽ പോയപ്പോൾ അദ്ദേഹത്തിെൻറ സ്റ്റുഡിയോയിൽ വലിയ തിരക്ക്. അദ്ദേഹത്തെ കാണാൻതന്നെ കഴിയാത്ത അവസ്ഥ. കുറെ മണിക്കൂർ കാത്തിരുന്നെങ്കിലും അന്ന് വൈകീട്ട് ഗാനമേള പ്രോഗ്രാം ഉണ്ടായിരുന്നതിനാൽ തിരിച്ചുപോരേണ്ടി വന്നു. ഞാൻ പോന്നുകഴിഞ്ഞ് അദ്ദേഹം അന്വേഷിച്ചതായി അറിഞ്ഞു.
രവീന്ദ്രൻമാഷിെൻറ ആദ്യഗാനം പാടാൻ അവസരമുണ്ടായല്ലോ?
ഞങ്ങൾ താമസിച്ചിരുന്ന കോടമ്പാക്കം വണ്ണിയാർ സ്ട്രീറ്റിന് അടുത്തുതന്നെയായിരുന്നു രവീന്ദ്രൻ മാഷിെന്റെ താമസം. ചേട്ടെൻറ സുഹൃത്തും ആയിരുന്നു. അദ്ദേഹം അന്ന് സംഗീത സംവിധായകനായിരുന്നില്ല. ഡബ്ബിങ് ആർട്ടിസ്റ്റായും പാട്ടുകാരനായും കഴിയുകയായിരുന്നു. അദ്ദേഹത്തിെൻറ ആദ്യത്തെ ചിത്രമായ ചൂളയിലെ ആദ്യം റെക്കോഡ് ചെയ്ത ഗാനം പാടാൻ എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. തമിഴിൽ ധാരാളം ഗാനങ്ങൾ പാടിയിട്ടുള്ള മലയാളി ഗായിക ജൻസിയും ഞാനും ചേർന്നാണ് ‘ഉപ്പിനു പോകണ വഴിയേത്...’ എന്ന ആ ഗാനം പാടിയത്. പിന്നീട് അദ്ദേഹത്തിെൻറ ശ്രദ്ധേയമായ പല ഡ്യുയറ്റ്സും പാടാൻ കഴിഞ്ഞിട്ടുണ്ട്. ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’ എന്ന സിനമയിലെ ‘പൊൻപുലരൊളി പൂവിതറിയ...’ എന്ന ഗാനം വന്നപ്പോൾ അദ്ദേഹമാണ് ഭരതേട്ടനോട് റെക്കമൻറ് ചെയ്തത്. എന്നാൽ, പാട്ടുകേട്ട് കഴിഞ്ഞതോടെ ഭരതേട്ടന് വളരെ ഇഷ്ടമായി. പിന്നീട് അദ്ദേഹത്തിെൻറ ഒട്ടുമിക്ക ചിത്രങ്ങളിലും അദ്ദേഹം പാട്ട് നൽകി.
ഒൗസേപ്പച്ചൻ, രാജാമണി, എസ്.പി. വെങ്കിടേഷ് എന്നിവരുടെ ആദ്യഗാനങ്ങൾക്ക് ശബ്ദം പകരാൻ കഴിഞ്ഞു...
കാതോടു കാതോരത്തിലെ ഗാനങ്ങളിൽ ഭരതേട്ടെൻറ കൂടി പങ്കാളിത്തം ഉണ്ടായിരുന്നു. വളരെ മനോഹരമായ ആ ഗാനം സ്റ്റുഡിയോയിൽ പാടിയത് മറക്കാനാവാത്ത അനുഭവമാണ്. ആദ്യ ടേക്കിൽതന്നെ ഗാനം ഒാകെ ആയി. എല്ലാവർക്കും വലിയ സംതൃപ്തിയായി. ഒന്നുകൂടി പാടിനോക്കാം എന്ന് പറഞ്ഞെങ്കിലും ഒൗസേപ്പച്ചൻ സാർ വേണ്ടെന്ന് പറഞ്ഞു. ആ ചിത്രത്തിലെ മറ്റ് രണ്ടു ഗാനങ്ങളിലും ദാസേട്ടനൊപ്പം ഞാൻ പാടുന്നുണ്ട്. അതുപോലെ ഒരു മിന്നാമിനുങ്ങിെൻറ നുറുങ്ങുവെട്ടത്തിലെ ജോൺസൺ മാഷിെൻറ ഗാനം വളരെ ടച്ചിങ് ആയിരുന്നു. സിനിമയിലെ മനോഹരമായ ചിത്രീകരണം പാട്ടിനെയും കവർന്നെടുക്കുന്നതായിരുന്നു. പലരുടെയും കണ്ണുനനയിക്കുന്നതായിരുന്നു ‘കൺമണിയേ ആരിരാരോ പൊൻകണിയേ ആരിരാരോ..’ എന്ന ഗാനം. ‘പൂവേണം പൂപ്പടവേണം’ അതുപോലെ ഞാനാണെന്ന് അധികം തിരച്ചറിയപ്പെടാതെപോയ ഗാനമാണ്. ഗന്ധർവയാമം എന്ന രവീന്ദ്രൻമാഷിെൻറ ഗാനത്തിെൻറ പതോസ് വേർഷനും ശ്രദ്ധേയമായ ഗാനമായിരുന്നു.
ജാനകിയുമായും ചിത്രയുമായും ഇപ്പോഴും ബന്ധം തുടരുന്നുണ്ടോ?
എല്ലാവരുമായും ഇന്നും സ്നേഹബന്ധം തുടരുന്നു. ജാനകിയമ്മ ഞങ്ങൾക്ക് അമ്മയെപ്പോലെയാണ്. ഞാൻ ജാനകിയമ്മയെ ആദ്യം കാണുന്നത് അവർക്കുവേണ്ടി ട്രാക്ക് പാടിയ സ്റ്റുഡിയോയിൽെവച്ച് ഒളിച്ചാണ്. അടുത്തുപോയി പരിചയപ്പെടാൻ ധൈര്യം ഉണ്ടായില്ല. ഒരു തമിഴ് പാട്ടായിരുന്നു. ഞാൻ പാടിയ ട്രാക്ക് കേട്ടിട്ട് ജാനകിയമ്മ വളരെ സന്തുഷ്ടയായിട്ട് സംഗീത സംവിധായകനോട് പറഞ്ഞു: ‘റൊമ്പ നന്നായി പാടിയിറ്ക്ക്, ഇനി ഞാൻ ഇതിന് മുകളിൽ പാടില്ല’ എന്നു പറഞ്ഞ് അവർ തിരികെപ്പോയി. ഇതു കേട്ടുകൊണ്ട് സ്റ്റുഡിയോയിൽ മാറി ഇരിക്കുകയായിരുന്നു ഞാൻ. എന്നാൽ, അന്ന് എന്നെ പരിചയപ്പെടുത്താൻപോലും അവിടത്തെ ഒരാളും തയാറായില്ല. തന്നെയുമല്ല, ജാനകിയമ്മ പാടാതെപോയ ഗാനം അവർ പിന്നീട് എസ്.പി. ശൈലജയെ വിളിച്ച് പാടിക്കുകയായിരുന്നു. അതായിരുന്നു അന്നത്തെ സിനിമാലോകം. ജാനകിയമ്മയെ കാണാൻ ഞാനും ചിത്രയും ഒന്നിച്ചാണ് അടുത്തകാലത്ത് പോയത്. ജാനകിയമ്മ മദ്രാസിൽ ഉണ്ടെന്നറിഞ്ഞ് ചിത്രയാണ് വിളിച്ചത്. ഞാനും അവിടെ ഉണ്ടായിരുന്നു. മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു. മൂന്നു മണിക്കൂറോളം അപ്പുറവും ഇപ്പുറവും ഇരുന്ന് ജാനകിയമ്മയുടെ കൂടെ ഞങ്ങൾ പാടി. ഞങ്ങൾ കേട്ടുവളർന്ന പാട്ടുകൾ. അതായിരുന്നു അവരുടെയൊക്കെ സമ്പാദ്യം.
തമിഴിലും പാടിയിരുന്നല്ലോ?
മലേഷ്യ വാസുദേവൻ ആദ്യമായി സംഗീതം ചെയ്ത ചിത്രത്തിലെ തമിഴ് ഗാനം ഞാനാണ് പാടിയത്. ഗുണസിങ്ങിന്റെയും ശ്യാംസാറിെൻറയും പല തമിഴ് പാട്ടുകളും പാടി. ശ്യാമിെൻറ ക്രിസ്ത്യൻ ഡിവോഷനൽ ഗാനങ്ങളും പാടിയിരുന്നു.
റിട്ടയർമെൻറിനു ശേഷം ടീച്ചറുടെ പാട്ടുകൾ..?
മൂന്ന് സിനിമകളിൽ പാടി. ‘ഗപ്പി’ എന്ന ചിത്രത്തിൽ സംഗീത കോളജിൽ പഠിച്ച എെൻറ ശിഷ്യൻമാരാണ് പാടാൻ വിളിച്ചത്. അവർ ആദ്യമായി ചെയ്ത സംഗീതമായിരുന്നു. മറ്റ് രണ്ട് ചിത്രങ്ങൾ പുറത്തിറങ്ങിയില്ല ഇതുവരെ. ഇടക്ക് ചില ആൽബങ്ങളിലും പാടിയിരുന്നു. സംഗീതസംബന്ധമായി ഒരു പുസ്തകം പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.