പ്രേമത്തിൻ പൂമരച്ചോട്ടിൽ
text_fieldsപ്രേമത്തിൻ ദിവ്യമാം സംഗീതം മൂളി കാമുകനായി ചുറ്റുന്ന ഒരു ഇളംകാറ്റ് ആ ഗാനങ്ങളിൽ ഉണ്ടായിരുന്നു. പ്രേമത്തിൻ പൂമരച്ചോട്ടിലിരിക്കുകയാണ് ഭാസ്കരൻ മാഷിന്റെ പാട്ടിലെ പാട്ടുകാരൻ. പ്രേമവും പ്രണയവും അനുരാഗവുമെല്ലാം അദൃശ്യ പ്രവാഹങ്ങളായി മാറുകയാണ് ആ പാട്ടുകളിൽ. പാട്ടിൽ പ്രേമത്തിന്റെ വലിയൊരു ഭാവലോകം കൽപിക്കുന്ന രചനയാണ് അദ്ദേഹത്തിന്റേത്
ഭാസ്കരൻ മാഷിന്റെ പാട്ടുകളിലെ പല നിർമാണ സാമഗ്രികളിലൊന്നായിരുന്നു പ്രേമം. പാട്ടിൽ അർത്ഥോത്പാദനത്തിന്റെ വ്യത്യസ്ത അടരുകളിൽ പ്രേമം എങ്ങനെ നിലകൊണ്ടു എന്നത് കൗതുകകരമാണ്. പ്രേമത്തിന്റെ പ്രകാശഗോപുരങ്ങൾ പി. ഭാസ്കരന്റെ പാട്ടുകളിൽ നിറഞ്ഞുനിന്നു. കാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു ജീവിത വ്യവസ്ഥ എന്ന നിലയിൽ പ്രേമം ആ ഗാനങ്ങളിൽ സജീവതയാർന്നു. അത് പല അനുപാതങ്ങളിൽ പാട്ടുകളിൽ പങ്കുചേർന്നു. പ്രേമം അതിന്റെ പല പ്രകാരങ്ങളിലും പ്രഭാവങ്ങളിലും കലർന്നുനിൽക്കുന്ന സംയോഗസ്ഥാനം എന്ന നിലയിൽ ഭാസ്കരൻ മാഷിന്റെ പാട്ടുകൾ ഉയർന്നുനിൽക്കുന്നു. സുരഭിലമായ പ്രേമത്തിന്റെ അത്യുദാരതകൾ ആ ഗാനങ്ങളിലുണ്ടായിരുന്നു. പ്രേമോത്സവത്തിന്റെ പ്രസാദനം അവയിൽ തുളുമ്പിനിന്നു. കടുത്ത പ്രേമികൾ ആയിരുന്നു മാഷിന്റെ പാട്ടുകളിലെ നായികാ നായകന്മാർ. പ്രേമത്തിൻ ദിവ്യമാം സംഗീതം മൂളി കാമുകനായി ചുറ്റുന്ന ഒരു ഇളംകാറ്റ് ആ ഗാനങ്ങളിൽ ഉണ്ടായിരുന്നു. പ്രേമത്തിൻ പൂമരച്ചോട്ടിലിരിക്കുകയാണ് ഭാസ്കരൻ മാഷിന്റെ പാട്ടിലെ പാട്ടുകാരൻ.
ഭൂമിയെയും വാനത്തെയും ഉണർത്തി മലർമഴ പെയ്യിക്കുന്ന പ്രേമകൗമുദികൾ ആ ഗാനങ്ങളിൽ തെളിഞ്ഞുനിന്നു. പ്രേമത്തിൻ മുരളീഗായകനായി മാറുകയായിരുന്നു കവി. അത്രത്തോളം പ്രേമസംഗമങ്ങൾ അരങ്ങേറുന്നുണ്ട് ഭാസ്കരൻ മാഷിന്റെ പാട്ടുകളിൽ. അദ്ദേഹം ഒരു പാട്ടിലെഴുതിയ പോലെ പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം. ഓർമ്മ വെക്കേണം ഈ പ്രേമരംഗം ഓമൽ പ്രകൃതിതൻ ഈ രാഗരംഗം എന്ന് പാട്ടിൽ അദ്ദേഹം നമ്മെ ഓർമിപ്പിച്ചു. പ്രേമമധുമാസവനവും പ്രേമമലർവാടിയും പ്രേമപവനനും പ്രേമമാലിനി തീരനികുഞ്ജവും പ്രേമനന്ദനവും പ്രേമനൗകയും പ്രേമത്തിൻ പേരാറും പ്രേമാരാമവും പ്രേമത്തിൻ പൂപ്പന്തലും പ്രേമഗംഗയും പ്രേമനർമദയും പ്രേമസാഗരവും പ്രേമത്തിൻ പ്രമദവനവും പ്രേമവാഹിനിയും... അങ്ങനെ ഭാസ്കരൻ മാഷിന്റെ പാട്ടുകളിലെ പ്രേമഭൂമികകൾ നീളുന്നു. പ്രേമമയി, പ്രേമചകോരി, പ്രേമരമണി, പ്രേമരാധ, പ്രേമാർദ്ര, പ്രേമചാരു മരാളിക എന്നൊക്കെയാണ് മാഷിന്റെ നായകൻ, നായികയെ സംബോധന ചെയ്യുന്നത്. ഭാസ്കരൻ മാഷിന്റെ പാട്ടിലെ പ്രധാന നിക്ഷേപങ്ങളിലൊന്നായ് മാറുകയാണ് പ്രേമം. പ്രേമവസന്തങ്ങളുടെ ഒരു ഋതു ആ ഗാനങ്ങളിൽ പൂത്തുനിന്നു. ചേണുറ്റ കൺമുനയെഴുതും ചെറുകഥയുടെ പേരാണ് പ്രേമമെന്ന് ഭാസ്കരൻ മാഷ് ഒരു പാട്ടിലെഴുതിവെച്ചു. പ്രേമത്തിന്റെ വിശിഷ്ട മാതൃകകൾ എന്ന പോലെയായി ആ ഗാനങ്ങൾ. പ്രേമലാവണ്യത്തിന്റെ അനന്യമായ ഒരു ലോകം തുറന്നിട്ടു ഭാസ്കരൻ തന്റെ ഗാനങ്ങളിൽ. ദിവ്യപ്രേമസംഗീതം ആ ഗാനങ്ങളുടെ ആത്മാവിലൂടെ സദാ ഒഴുകിയിരുന്നു.
കൽപനയുടെ ആരാമത്തിലൂടെ പ്രേമവാഹിനി ഒഴുകുമ്പോൾ കൽപ്പടവിൽ പൊൻകുടമായ് നിന്ന പ്രണയിനിയെ പാട്ടിൽ പ്രതിഷ്ഠിച്ചു അദ്ദേഹം. വിരഹത്തിൻ വേദിയിൽ പ്രേമം മീട്ടുന്ന വീണക്കമ്പിക്ക് കാമുകിയുടെ സ്വരമാണെന്ന് കവി പാടുന്നു. പ്രേമചിന്തകളുടെ ദേവനന്ദനമായിരുന്നു കവി മനസ്സ്. പ്രേമഗായകനായ ഒരു ഗന്ധർവനെപ്പോലെയാകുന്നു ഭാസ്കരൻ മാഷിലെ പാട്ടെഴുത്തുകാരൻ. എല്ലാ അർത്ഥത്തിലും പ്രേമസംഗീതമായിരുന്നു ഭാസ്കരൻ മാഷിന്റെ പാട്ടുകൾ. പ്രേമസല്ലാപത്തിന്റെ സാന്ദ്രനിമിഷങ്ങൾ ഈ ഗാനങ്ങളിൽ വേണ്ടതിലധികമുണ്ടെന്ന് കാണാം. അദ്ദേഹത്തിന്റെ പാട്ടൊരു പ്രേമപൂജാ മണ്ഡപമായിത്തീരുന്നു. പ്രേമനാടകമാണ് ജീവിതമെന്ന് മാഷ് പാട്ടിലെഴുതി. പ്രേമത്തിൻ കൊട്ടാരത്തിൽ പാട്ടിന്റെ പട്ടാഭിഷേകമായിരുന്നു അത്. പ്രേമസംഗീത വേളയായിരുന്നു ഭാസ്കരൻ മാഷിന്റെ പാട്ട്.
അതേസമയം, സങ്കൽപലീലയും. തൂമഞ്ഞിൽ തുള്ളിയിൽ പ്രേമത്തിൻ ഭാഷയിൽ കാണാത്തൊരു കാമുകനെഴുതിയ രാഗ ലേഖനമായിരുന്നു ഭാസ്കരൻ മാഷിന്റെ പാട്ട്. പ്രേമസാഗരത്തിൻ അഴിമുഖമാകും പ്രണയിനിയുടെ മനോഹര മലർമിഴികളിൽ കനക സ്വപ്നംകൊണ്ട് കളിത്തോണിയിറക്കിയ മറ്റൊരാളില്ല മലയാളത്തിൽ. പ്രേമമെന്ന നിത്യ സൗന്ദര്യത്തിന്റെ സാന്ദ്രലോകമായിരുന്നു മാഷിന്റെ പാട്ട്. പ്രേമപുഷ്പവാടിയിലെ പൂവുകളോടായിരുന്നു ഭാസ്കരൻമാഷ് തന്റെ പാട്ടിലെ കാമുകി കാമുകന്മാരെ തുലനംചെയ്തത്. പ്രേമപൂജയുടെ പുഷ്പങ്ങൾ വാങ്ങുവാൻ എന്നിട്ടും വന്നില്ലല്ലോ തന്റെ കൂട്ടുകാരൻ എന്നൊരാൾ ഒരു പാട്ടിൽ സങ്കടപ്പെടുന്നുണ്ട്. പ്രേമത്തിൻ നാട്ടുകാരിയാണ് ഞാൻ എന്ന് അവൾ പാട്ടിലൂടെ പറയുന്നു. പ്രേമത്തിൻ നീരിനായി ദാഹിച്ചുവന്നവളായിരുന്നു അവൾ. പ്രേമഗോപുരരാധയായ് ഞാനെന്റെ നൂപരമണിഞ്ഞു എന്നവൾ. പ്രേമനൗകയിൽ പ്രണയി വന്നിറങ്ങിയ സങ്കൽപതീരമായിരുന്നു അവൾ. ലൗകികപ്രേമ തലങ്ങളെ കാൽപനികതയുടെ ചാരുതയിൽ അലൗകികമാക്കുവാനുള്ള അക്കാലത്തെ കവികളെപ്പോലെ സഹജമായ ബോധ്യങ്ങൾ ഭാസ്കരൻമാഷിനുണ്ടായിരുന്നു. അതിനുതകുന്ന പദാവലികളും ഇമേജുകളുമാണ് അദ്ദേഹം പാട്ടിൽ പ്രയുക്തമാക്കിയത്. ‘‘തോണിയിറക്കുന്നു പ്രേമ നർമദയിൽ തോയജനേത്രയും ഞാനും’’ എന്ന വരിയിലെ തോയജനേത്രയെ തോണിക്കൊപ്പം ചേർത്തുവെക്കമ്പോൾ അത് അത്ഭുതകരമായ പൂർണതയിലേക്ക് സഞ്ചരിക്കുന്നു.
കെട്ടുപോകാത്തൊരു പ്രേമത്തിന്റെ വെളിച്ചം ഭാസ്കരൻമാഷിന്റെ ഗാനങ്ങളിൽ എക്കാലത്തുമുണ്ടായിരുന്നു. മനുഷ്യ ജീവിതത്തിന്റെ പ്രയാണ പഥങ്ങളിൽ പ്രേമം ഹൃദ്യമായ ഒരനുഭവമായി തുടരുന്നതെങ്ങനെ എന്നറിയാൻ ഭാസ്കരൻമാഷിന്റെ പാട്ടുകൾ കേട്ടാൽ മതി. പ്രണയം എന്ന വാക്കിനേക്കാൾ പ്രേമത്തോടായിരുന്നു അദ്ദേഹത്തിന് പ്രതിപത്തി. ഭാവ സംഘർഷങ്ങളുടെ മഹാ സന്ദർഭങ്ങളെ പാട്ടിൽ ആവിഷ്കരിക്കാൻ പ്രേമം എന്ന രൂപകം അദ്ദേഹത്തെ സഹായിച്ചു. പ്രേമ സൗന്ദര്യത്തിന്റെ ലോകങ്ങളെ കവി തന്റെ പാട്ടുകളിൽ കൊണ്ടുവന്നു. കാമുക മനസ്സിന്റെ വിതാനങ്ങളെ പാട്ടിലെ വികാര വിനിമയത്തിനുള്ള പ്രേമഭാഷയായിമാറ്റി അദ്ദേഹം. പ്രേമാഭിലാഷങ്ങളുടെ ഉള്ളൊഴുക്കുകളായിരുന്നു ഭാസ്കരൻമാഷിന്റെ ഗാനങ്ങൾ. പാട്ടിൽ പ്രേമ പ്രവാഹം സ്നേഹമായും അനുരാഗമായുമൊക്കെ പ്രത്യക്ഷമാവുന്നു. പ്രേമം എന്ന വാക്കിന്റെ അസാമാന്യമായ പദയോജനകൾ പാട്ടിൽ സംഭവിക്കുന്നു. പ്രേമവും പ്രണയവും അനുരാഗവുമെല്ലാം തുല്യതീവ്രതയുള്ള അദൃശ്യ പ്രവാഹങ്ങളായി മാറുകയാണ് ആ പാട്ടുകളിൽ. പാട്ടിൽ പ്രേമത്തിന്റെ വലിയൊരു ഭാവലോകം കൽപിക്കുന്ന രചനാ സൗഷ്ഠവമാണ് ഭാസ്കരൻമാഷിന്റെ പാട്ടുകളിലെ അനന്യത.
പ്രേമമായിരുന്നു ഭാസ്കരൻമാഷിന്റെ പാട്ടുകളുടെ പാർപ്പിടം. പ്രേമ സാഗരദേവതയായ മണിക്കിനാവിനോട് അതിന്റെ താമരക്കൈവിരലിനാൽ തഴുകിയാട്ടെ എന്ന് കവി നിരന്തരം ആശ്വസിക്കുന്നു. പ്രേമ യമുനയിൽ അലതല്ലുന്ന ഓളങ്ങളായി മാറുന്നു ഓർമകൾ. പ്രേമത്തിന്റെ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരിയാണ് പ്രണയിനി. പ്രേമത്തിൻ ഗോപുരത്തിലെ ഏകാന്ത ദന്തഗോപുരത്തിൽ നീരജമലർമെത്ത വിരിച്ച് പ്രണയിനിയെ മാടിവിളിക്കുന്ന കാമുകനുണ്ടായിരുന്നു ഭാസ്കരൻമാഷിന്റെ പാട്ടിൽ. മുഗ്ധ പ്രതീക്ഷയുടെ മുത്തുമാല പ്രേമോപഹാരമായി ചാർത്താൻ അയാൾ ആഗ്രഹിക്കുന്നു. പാട്ടിലെ പ്രേമലോകങ്ങളിൽ ശ്യാമചന്ദ്രികാ പൂരമുണ്ടായിരുന്നു. പ്രേമത്തിന്റെ സ്വരരാഗം മുഴക്കുന്ന പാട്ടുകളായിരുന്നു മാഷിന്റേത്. ഭാസ്കരൻ മാഷിന്റെ പാട്ടുകളുടെ സങ്കൽപ പുഷ്പവനവീഥിയിൽ, പ്രേമമംഗള മണിദീപജ്യോതിയിൽ തങ്കക്കിനാവിന്റെ തംബുരു മീട്ടി മീട്ടിയിരുന്നു പാടുന്ന ഒരാൾ ഉണ്ടായിരുന്നു. അങ്ങനെ ഒരാളാവാനാണ് എല്ലാ മലയാളിയും ആഗ്രഹിച്ചിട്ടുണ്ടാവുക. അത് തന്നെ അദ്ദേഹത്തിന്റെ പാട്ടുകൾ നൽകുന്ന സാക്ഷാത്കാര ധന്യതയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.