ആലപ്പുഴയുടെ ആതിഥ്യത്തിൽ മനംനിറഞ്ഞ എസ്.പി.ബിയും കുടുംബവും
text_fieldsആലപ്പുഴ: അന്തരിച്ച എസ്.പി ബാലസുബ്രഹ്മണ്യത്തെ ഏറെ ആകർഷിച്ച ഭൂപ്രദേശമായിരുന്നു പ്രകൃതി സുന്ദരമായ ആലപ്പുഴ. താൻ നിർമ്മിച്ച തെലുങ്ക് ചിത്രമായ 'ശുഭസങ്കൽപ്പ'ത്തിൻെറ ചിത്രീകരണവുമായി ബന്ധപ്പെട്ട് 1994 ഡിസംബറിൽ സകുടുംബമായിട്ടായിരുന്നു അദ്ദേഹം ആലപ്പുഴയിൽ എത്തിയത്. വട്ടക്കായലിൽ ചിത്രത്തിൻെറ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നത് കാണാൻ ബാലസുബ്രഹ്മണ്യം എത്തിയിരുന്നു.
ശങ്കരാഭരണം സംവിധാനം ചെയ്ത എസ്.പി.ബിയുടെ ബന്ധുകൂടിയായ കെ. വിശ്വനാഥായിരുന്നു കമലഹാസൻ നായകനും ആമിനി, പ്രിയരാമൻ എന്നിവർ നായികമാരുമായ ചിത്രവും സംവിധാനം ചെയ്തത്. ഭാര്യ സാവിത്രി, മകൾ പല്ലവിയും അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നഗരത്തിലെ പ്രിൻസ് ഹോട്ടലിൽ താമസിച്ച അദ്ദേഹവും കുടുംബവും ഷൂട്ടിങ് ലൊക്കേഷനായ ചേർത്തലയിലെ അന്ത്രപ്പേർ ഗാർഡൻസിൽ ഉടമ തങ്കമ്മ അന്ത്രപ്പേറിൻെറ വീട്ടിലെ ആതിഥ്യവും സ്വീകരിക്കുകയുണ്ടായി.
എസ്.പി.ബിയുടെ സഹോദരി എസ്.പി ശൈലജയുടെ ഭർത്താവും തമിഴ്, തെലുങ്ക് സിനിമാ സീരിയൽ താരവുമായ ശുഭലേഖാ സുധാകറും ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിരുന്നു. 15 ദിവസം ആലപ്പുഴയിലും നാലുദിവസം ചാലക്കുടി അതിരപ്പിള്ളിയിലുമായിരുന്നു ചിത്രീകരണം. തൻെറ സ്വത്ത് കാത്തുസൂക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ജീവിതം നഷ്ടമാകുന്ന മത്സ്യത്തൊഴിലാളിയുടെ മകനെ ദത്തെടുക്കുന്ന മുതലാളിയുടെ കഥപറയുന്ന 1995 ൽ റിലീസ് ചെയ്ത ചിത്രം പിന്നീട് 'പാശവലൈ' എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റിയിരുന്നു.
ചിത്രീകരണവേളയിൽ തന്നോട് എസ്.പി സാർ കാണിച്ച സ്നേഹാദരങ്ങൾ പ്രൊഡക്ഷൻ മാനേജരായ കബീർ മറന്നിട്ടില്ല. അദ്ദേഹത്തിൻെറ ലാളിത്യം നിറഞ്ഞ പെരുമാറ്റം അനുഭവിച്ച് അറിയേണ്ടത് തന്നെയാണ്. നമ്മൾ ഈ മഹാപ്രതിഭക്ക് മുന്നിൽ ചുരുങ്ങിയില്ലാതെയാകും. കേരളത്തിൽ ചിത്രീകരിച്ച മിക്കവാറും തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലെല്ലാം ഗാനം ആലപിച്ചിരിക്കുന്നത് എസ്.പി ബി തന്നെയാണ്. ശുഭസങ്കൽപ്പത്തിലെ അദ്ദേഹം ആലപിച്ച ഗാനങ്ങളുമായി കമലഹാസനും നായികമാരയ പ്രിയരാമനും ആമിനിയും കുട്ടനാട്ടിലെ ഇടത്തോടുകളിലൂടെ ചെറിയ വള്ളം തുഴഞ്ഞ് വരുന്ന മനോഹരഗാനങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നുവെന്ന കാര്യം കബീർ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.