എസ്.പി.ബിക്ക് ‘എങ്കേയും എപ്പോതും സന്തോഷം, സംഗീതം’
text_fieldsചെന്നൈ: ‘എങ്കേയും എപ്പോതും സന്തോഷം സംഗീതം’- ഗായകരിലെ സകലകലാ വല്ലഭൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ ജീവിതം ‘നിനൈത്താലേ ഇനിക്കും’ എന്ന സിനിമയിൽ അദ്ദേഹം പാടിയ ഈ കണ്ണദാസൻ-എം.എസ്. വിശ്വനാഥ് പാട്ടിെൻറ തുടക്കത്തിൽ തന്നെയുണ്ട്. എവിടെയാണെങ്കിലും എപ്പോഴും സംഗീതത്തിൽ ആണ് എസ്.പി.ബിയുടെ ജീവിതം. അതുകൊണ്ട് തന്നെ എപ്പോഴും സന്തോഷവും. ശാസ്ത്രീയ സംഗീതത്തിെൻറ കൊടുമുടിയിലും ലളിത സംഗീതത്തിെൻറ താഴ്വരയിലും ഒരേസമയം എത്തിച്ചേരുന്ന അനായാസ ഗായകൻ ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഇന്ന് 74ാം പിറന്നാൾ മധുരം.
ആലാപനം, സംഗീത സംവിധാനം, ഡബ്ബിങ്, അഭിയനയം... സിനിമയിൽ കൈവെച്ച മേഖലകളിലെല്ലാം ഒന്നാമത് തന്നെയാണ് എന്നും എസ്.പി.ബി എന്ന മൂന്നക്ഷരത്തിെൻറ സ്ഥാനം. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ പാടി ദേശീയ അവാർഡ് വാങ്ങി വിസ്മയിപ്പിച്ചതാണ് എസ്.പി.ബി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, തുളു, ഒറിയ, ആസാമി, പഞ്ചാബി തുടങ്ങി 16 ഇന്ത്യൻ ഭാഷകളിലെ 40,000 പാട്ടുകളുമായാണ് ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്തതിെൻറ ഗിന്നസ് റിക്കോർഡ് സ്വന്തമാക്കിയത്. ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്തും എസ്.പി.ബി അത്ഭുതമായി. 1981 ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത്. ഒരു ദിവസം 19 തമിഴ് പാട്ടുകളും മറ്റൊരു ദിവസം 16 ഹിന്ദി പാട്ടുകളും പാടി എസ്.പി.ബി തന്നോടുതന്നെ ‘മത്സരിക്കുകയും’ ചെയ്തു.
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനും മറ്റൊരാളല്ല. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമകളിലാണ് എസ്.പി.ബി വേഷമിട്ടത്. ഈ ഭാഷകളിലെല്ലാം ഡബ്ബും ചെയ്തിട്ടുണ്ട്. നാല് ഭാഷകളിലായി 46 സിനിമകൾക്കു സംഗീതവും പകർന്നു. മിനിസ്ക്രീനിലും അദ്ദേഹത്തിന് തിരക്കൊഴിഞ്ഞിരുന്നില്ല. തമിഴ്, തെലുങ്ക് സീരിയലുകളിലെ നടനായും ഒട്ടേറെ ടെലിവിഷൻ പരിപാടികളുടെ അവതാരകനായും റിയാലിറ്റി ഷോകളിൽ ജഡ്ജായുമൊക്കെ അദ്ദേഹം ടെലിവിഷനിലും നിറഞ്ഞുനിൽക്കുന്നു.
1946 ജൂൺ നാലിന് ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന ഗ്രാമത്തിലായിരുന്നു ജനനം. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ്.പി. സമ്പാമൂർത്തിയാണ് സംഗീതത്തിെൻറ ബലപാഠങ്ങൾ പകർന്നത്. ഹർമോണിയത്തിലും ഓടക്കുഴലിലുമായിരുന്നു തുടക്കം. 1966ൽ കോദണ്ഡപാണി സംഗീതം പകർന്ന തെലുങ്ക് ചിത്രം ‘ശ്രീ ശ്രീ മരയത രാമണ്ണ‘ യിൽ പാടിക്കൊണ്ടാണ് അദ്ദേഹം പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ, ഈ പാട്ടുകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മദ്രാസിലെ എൻജിനീയറിങ് പഠനകാലത്ത് എം.എസ്. വിശ്വനാഥനുമായി പരിചയത്തിലായതാണ് ആ ജീവിതത്തിൽ വഴിത്തിരിവായത്. ‘ഹോട്ടൽ രംഭ’ എന്ന ചിത്രത്തിൽ പാടിയെങ്കിലും അത് പുറത്തിറങ്ങിയില്ല.
‘ശാന്തിനിലയം’ എന്ന സിനിമയിൽ പി. സുശീലയൊടൊപ്പം പാടിയ ‘ഇയർകൈ എന്നും ഇളയകനി‘ എന്ന ഗാനം എം.ജി.ആറിെൻറ ശ്രദ്ധയിൽപ്പെട്ടതോടെയാണ് എസ്.പി.ബിയുടെ ഭാഗ്യം തെളിയുന്നത്. ‘അടിമപ്പെൺ’ എന്ന സിനിമയിൽ കെ.വി. മഹാദേവെൻറ സംഗീതത്തിൽ എം.ജി.ആറിന് വേണ്ടി പാടിയ ‘ആയിരം നലവേ വാ’ ഹിറ്റായതോടെ തമിഴകം എസ്.പി.ബിയെ നെഞ്ചിലേറ്റി. പിന്നെ ഇറക്കി വെച്ചതുമില്ല.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലെ ഗാനങ്ങളിലൂടെ ആറ് ദേശീയ പുരസ്കാരങ്ങൾ എസ്.പി.ബിയെ തേടിയെത്തി. കർണാടക സർക്കാറിെൻറ മികച്ച ഗായകനുള്ള പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാറിേൻറത് നാല് തവണയും നേടിയ എസ്.പി.ബിക്ക് മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാറിെൻറ നന്ദി അവാർഡ് സ്വന്തമാക്കിയത് 24 തവണയാണ്. 2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി രാജ്യവും അദ്ദേഹത്തെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.