പാട്ടിലെ നിർമലരാഗ തുഷാരങ്ങൾ
text_fieldsരാഗമെന്നത് ശ്രീകുമാരൻതമ്പിയുടെ പാട്ടുകളെ ആഴത്തിൽ നിർണയിച്ച അനുഭൂതിയുടെ ലോകമായിരുന്നു. അത് പാട്ടുകളിലെ ഉള്ളടരുകളിലൊന്നായിരുന്നു. രാഗം എന്ന പദം അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് മായികമായ ഭംഗി പകർന്നുനൽകി. രാഗനിർഭരമായ ഒരു പ്രസാദാത്മകത ആ ഗാനങ്ങളിൽ നിലീനമായിരുന്നു
അനുരാഗത്തിന്റെ അനന്യതയിലാണ് ശ്രീകുമാരൻതമ്പി തന്റെ പാട്ടുകളെ പടുത്തുയർത്തിയത്. അനുരാഗത്തിലൂടെ സ്വയം പുതുക്കപ്പെടുന്ന ഒരു ജീവിതാവസ്ഥ ആ ഗാനങ്ങളിൽ കാണാം. അനുരാഗത്തിന്റെ ആയിരക്കണക്കിന് അനുഭൂതികൾ അദ്ദേഹം പാട്ടിൽ നിർമിച്ചെടുക്കുകയുണ്ടായി, അനുരാഗമാണ് ജീവിതമെന്ന് പറയുന്നതുപോലെ. മലയാളിയുടെ സഞ്ചിതസ്മൃതികളിൽ ഈ അനുരാഗസ്പന്ദനങ്ങൾ മായാതെ കിടപ്പുണ്ട്. അനുരാഗമൊരോർമയായി അരങ്ങ് വാഴുന്നു. രാഗത്താൽ നിത്യത കൈവരുന്ന പാട്ടുകളുടെ ശേഖരം തന്നെയുണ്ട് തമ്പിയുടേതായി.
അനുരാഗത്തിന്റെ അന്തഭേദങ്ങളെ അത്രയും ആരാധിച്ചുകൊണ്ടുള്ള പാട്ടുകളായിരുന്നു അവയെല്ലാം. മനുഷ്യമനസ്സിന്റെ തൃഷ്ണാഭരിതമായ ഒരു അനുരാഗപ്രപഞ്ചം പാട്ടിൽ തീർക്കുകയായിരുന്നു കവി. പാട്ടിൽ ശ്രീകുമാരൻ തമ്പി ചേർത്തുവെച്ച അനുരാഗ ഭൂപടങ്ങൾ വൈവിധ്യമാർന്നവയായിരുന്നു. പല പല അനുപാതങ്ങളിൽ അവ പാട്ടുകളിൽ വന്നുനിറഞ്ഞു. രാഗം പ്രണയിനിയിൽ തപസ്സിരിക്കുമ്പോൾ അനുരാഗം കവിയുടെ മനതാരിൽ തുടിച്ചുയർന്നു. പ്രണയത്തിന്റെ രാഗാലാപനമായ സുഗമസംഗീതം രചിക്കുകയായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ. കരയുമ്പോഴും പ്രിയയുടെ ചുണ്ടിൽ അടരാൻ തുടിക്കുന്ന രാഗം, സാക്ഷാൽ പത്മരാഗമാണെന്ന് കവി തിരിച്ചറിയുന്നു. രാഗവേദന വിങ്ങുന്ന, പ്രാണതന്തുപിടയുന്ന, പ്രണയനേരങ്ങൾ ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിൽ നിരന്തരം വന്നും പോയുമിരുന്നു. രാഗത്തിന്റെ പ്രത്യക്ഷാർഥങ്ങളെ മുഴുവൻ പാട്ടിൽ മറ്റൊരർഥത്തിൽ ഇതൾ വിടർത്തുകയായിരുന്നു അദ്ദേഹം.
രാഗമെന്നത് ശ്രീകുമാരൻതമ്പിയുടെ പാട്ടുകളെ ആഴത്തിൽ നിർണയിച്ച അനുഭൂതിയുടെ ലോകമായിരുന്നു. അത് പാട്ടുകളിലെ ഉള്ളടരുകളിലൊന്നായിരുന്നു. രാഗം എന്ന പദം അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് മായികമായ ഭംഗി പകർന്നുനൽകി. രാഗനിർഭരമായ ഒരു പ്രസാദാത്മകത ആ ഗാനങ്ങളിൽ നിലീനമായിരുന്നു. അനുരാഗത്തിന്റെ അതുല്യലോകങ്ങൾ അവയിൽ കാണാം. രാഗമെന്ന പദത്തിന്റെ സൂക്ഷ്മധ്വനികൾ നാം ആ ഗാനങ്ങളിൽ കേട്ടു. രാഗത്തിൽനിന്ന് രാഗത്തിലേക്കുള്ള അനുഭൂതിപരമായ കൂടുമാറ്റങ്ങൾ. നാമൊരുമിച്ചുകേട്ട പാട്ട് പാട്ടിനേക്കാൾ കൂടുതൽ ആയിരുന്നു എന്ന് കേൾക്കുന്നതുപോലെ അനുരാഗത്തിന്റെ അനന്തമായ വിനിമയങ്ങൾ അവിടെയുണ്ടായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിലെ പ്രണയമുദ്രയായിരുന്നു രാഗം. അനുരാഗം തന്നെയാണ് ഏറ്റവും വലിയ യാനമെന്ന് ശ്രീകുമാരൻ തമ്പിയുടെ പാട്ടുകാലം കേളികൊട്ടുന്നു.
‘നിൻ ചിരിയിലലിയുന്നു ജീവരാഗം’ എന്ന വരികേൾക്കുമ്പോൾ നമ്മളിലുണ്ടാകുന്ന അഭിരാമാനുഭൂതികൾ വലുതാണ്. നീയെന്ന രാഗവും ഞാനെന്ന താളവും ചേർന്നാൽ നിത്യാനുരാഗമാം സംഗീതമാകുമെന്ന് ശ്രീകുമാരൻ തമ്പി അദ്ദേഹത്തിന്റെ പാട്ടിൽ പറഞ്ഞുകൊണ്ടിരുന്നു. പാട്ടിലെ രാഗതരംഗിണികൾ രാധാമാധവ സ്മൃതികളുണർത്തുന്നു, അപ്പോൾ പ്രാണനാളികയൊരു വേണുവായ് മാറുകയാണ്. സ്നേഹഗായികയുടെ രാഗവും താളവും പല്ലവിയും കേട്ട് മനസ്സാകുന്ന പൊന്നമ്പലമുണരുന്നു. അണയാത്ത രാഗം, അമലേ നിൻ രാഗം, അതിനായെന്നുള്ളിൽ നിലക്കാത്ത ദാഹമെന്ന വരികേൾക്കുമ്പോൾ അത് അനുരാഗമല്ലാതെ മറ്റെന്താണ്?
ജീവിതവും അനുരാഗവും കൈകോർക്കുന്ന അതുല്യമായ ഒരു ഭാവപ്രപഞ്ചം ശ്രീകുമാരൻതമ്പിയുടെ പാട്ടുകളിൽ ചിറകടിച്ചു. പാട്ടിൽ അനുരാഗതീർഥമങ്ങനെ അലതല്ലി. രാഗമാലികത്തെന്നലായൊഴുകാൻ പ്രണയിനിയോട് അപേക്ഷിക്കുന്ന അനുരാഗാർദ്രനായ ഒരാൾ ശ്രീകുമാരൻതമ്പിയുടെ പാട്ടിലുണ്ടായിരുന്നു. രാഗമെന്ന പദത്തെ പാട്ടിൽ പല പാടിണക്കി അദ്ദേഹം പല മട്ടുകൾ തീർത്തു. രാഗസ്വപ്നം, രാഗസ്വർഗം, രാഗതുഷാരം, രാഗമരന്ദം, രാഗനക്ഷത്രം, രാഗപരാഗം, രാഗതീർഥം, രാഗഹേമന്തം, രാഗമഞ്ജുഷ, രാഗമേഘം, രാഗരാജി, രാഗകവിത, രാഗാലാപനം, രാഗതരംഗം, രാഗ സോമരസാമൃതം, രാഗചന്ദ്രിക, രാഗദേവത അങ്ങനെയങ്ങനെ എത്രയോ രാഗമുദ്രകൾ ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിൽ വിടർന്നിരുന്നു.
‘ഈ രാഗവേളയിൽ ഈയനുഭൂതിയിൽ എല്ലാമെല്ലാം മറന്നു ഞാൻ’ എന്നെഴുതിയത് കവിയിലെ കാമുകൻ തന്നെയല്ലേ. ‘രാഗകവിതതൻ പല്ലവി പാടാനണയൂ’ എന്ന് പ്രണയിനിയെ അയാൾ അഭിസംബോധന ചെയ്തു. ‘കാമിനി പാടുന്ന രാഗമെല്ലാം കാമന്റെ വില്ലില ഞാണൊലികൾ’എന്ന് കവി പാട്ടിൽ ഉറപ്പിച്ചുപറയുന്നു. പ്രണയിനിയുടെ മുഖം ആദ്യമായ് കണ്ട നാൾ രാഗം പൂക്കും രാഗം പാടിയും ഒന്നാം രാഗംപാടിയുമൊക്കെ ശ്രീകുമാരൻതമ്പിയുടെ കാമുകന്മാർ പ്രേമം പങ്കിട്ടു. കവിയുടെ മനസ്സിലെന്നും രാഗവേദനാമഞ്ജരിയുണ്ടായിരുന്നു. ആ രാഗമധുരാഞ്ജലികൾ അദ്ദേഹം പാട്ടുകളുടെ ജീവരാഗമാക്കി മാറ്റി. രാഗപൗർണമി മേഘപാളിയിൽ ഗാനമെഴുതിയ രാവിൽ ആയിരുന്നു കവിയിലെ കാമുകൻ ജീവിതേശ്വരിക്ക് തന്റെ പ്രേമലേഖനമെഴുതുന്നത്. രാഗവീചിയുടെ പൊന്നനുഭൂതികൾ അലരിട്ടുനിൽക്കുകയായിരുന്നു കവിയിലെപ്പോഴും. ഓരോ കിനാവിലും അനുരാഗ ഗീതങ്ങൾ പാടിമറയുന്ന പ്രവാഹിനിയെപ്പോലെ കവിയുടെ പാട്ടുകൾ നാമറിഞ്ഞു. പ്രണയിനിയുടെ അനുരാഗം നുകരാൻ ഒരു വരം നൽകണേ എന്നാണ് പാട്ടിൽ കവിയുടെ പ്രാർഥന.
‘പ്രാണനുരുകും രാഗാനിലനിൽ ഗാനലോലേ നിന്നെയുറക്കാം’എന്ന് കവിയിലെ കാമുകൻ അനശ്വര പ്രണയത്തിന്റെ അനന്ത വിചാരങ്ങൾ തീർക്കുന്നു. ‘രാഗം ഇത് രാഗം, പണ്ട് രാധയിൽ കണ്ട രോഗം’, എന്ന് ഒരു പാട്ടിൽ അദ്ദേഹം സമാശ്വസിക്കുന്നു. ഗാനമെന്നാൽ ദുഃഖരാഗമാണെന്നുകൂടി കവി തന്റെ പാട്ടിൽ പറഞ്ഞുവെച്ചു. രാഗവും മോഹവും ഇണചേർന്നൊഴുകും ഹൃദയവീണതൻ തന്ത്രികളിൽ നിന്നുണരുന്നതാണ് പ്രണയമെന്ന് ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ നമ്മെ പഠിപ്പിച്ചു. ഉണർത്തുന്ന ഗാനത്തിന്റെ രാഗം രചിക്കാൻ ഉറങ്ങാതിരിക്കുന്ന മണിവീണയായി മാറിയെന്ന് ഗായിക ഉണർന്നുപാടുന്നു. രാഗമെന്ന പദത്തിന്റെ സൂക്ഷ്മഭംഗികൾ നിർമിക്കുന്ന ശിൽപ വിദ്യയായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ.
‘അവിടുന്നു ചുംബിക്കാനരികിലില്ലെങ്കിൽ അധരത്തിനെന്തിനീ രാഗം’ എന്ന് അറിഞ്ഞുകൊണ്ട് ചോദിക്കുകയാണ് കവിയുടെ പാട്ടിലെ കാമുകി. തെന്നലിൻ നാദം മാഞ്ഞാലും സഖിയുടെ ചുണ്ടിലെ രാഗമങ്ങനെനിറഞ്ഞുകൊണ്ടേയിരിക്കും എന്നാഗ്രഹിക്കുന്ന കാമുകനുമുണ്ടായിരുന്നു. ഒരു രാഗസ്വപ്നത്തിൻ ഗോപുരമഞ്ചലിൽ താരാട്ടിയുറക്കുവാൻ ആണ് കവിക്കെന്നും മോഹം. ചിന്തകളിൽ രാഗചന്ദ്രിക ചാലിച്ച മന്ദസ്മിതം തൂകിവന്ന ഒരുവൾ ഉണ്ടായിരുന്നു കവിയുടെ ഉള്ളിൽ. അവൾ കവിയുടെ ജീവരാഗവും രാഗ വിമോഹിനിയുമായിരുന്നു. അവളുടെ നീലോൽപല നയനങ്ങളിലൂറിവരുന്ന നിർമല രാഗതുഷാരത്തിന്റെ കാൽപനിക വിശുദ്ധി ഒന്നു വേറെത്തന്നെയായിരുന്നു.
ശ്രീകുമാരൻ തമ്പിയുടെ മിക്കവാറും എല്ലാ പാട്ടുകളിലും രാഗമെന്ന പദം നൽകുന്ന നിർവൃതികളുണ്ട്. അത് പാട്ട് സംവിധാനം ചെയ്യുന്ന ശാസ്ത്രീയരാഗങ്ങളുടെ മാത്രം ചേർച്ചയിൽനിന്നുളവാകുന്നതല്ല, പകരം, അനുരാഗസംഗീതത്തിന്റെ ആഹ്ലാദഭരിതവും പ്രകാശപൂർണവുമായ അതിജീവന മുദ്രകൾ ആയിരുന്നു. പ്രണയരാഗസുരഭിലമായ ജീവിതത്തിലെ വർണശബളമായ അനുഭൂതികളാണ്. പ്രണയവുമായി ഒരാൾ പുലർത്തുന്ന അനന്തമായ വിനിമയത്തിന്റെ വഴികളാണ്.
രാഗമെന്ന പദം ആ ഗാനങ്ങളിൽ പല പ്രകാരങ്ങളിൽ കുടനിവർത്തിനിന്നു. രാജമല്ലികൾ താലമേന്തിയ രാഗഹേമന്തസന്ധ്യകൾ നിറയെയുണ്ടായിരുന്നു ആ ഗാനങ്ങളിൽ. പ്രണയവിരഹങ്ങളുടെ അപൂർവശോഭയിലേക്ക് പാട്ടിനെ കൈപിടിച്ചുനടത്തുവാൻ, രൂപഭംഗി നൽകുവാൻ, രാഗമെന്ന രണ്ടക്ഷരങ്ങൾക്ക് കഴിഞ്ഞു. ഇന്നും ആ മധുരിത ഗാനങ്ങളുടെ അടിയൊഴുക്കായി തുടരുകയാണ് നിത്യസൗന്ദര്യത്തിന്റെ ആ രാഗനദികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.