ചാരുത ചേർന്ന പാട്ടുകൾ
text_fieldsഅതിരെഴാ മുകിലേ
നിന്‍ സജലമാം മറുകരയില്‍
അടരുവാന്‍ വിതുമ്പി നിന്നോ
പരിചിതമൊരു മൗനം
ചാരു ലത
ഹൃദയം തുളക്കുന്ന വരികളും ഉന്മാദത്തോളമെത്തിക്കുന്ന സംഗീതവും രാഷ്ട്രീയം പുരട്ടിയ ദൃശ്യങ്ങളും കൂടിക്കലരുന്ന സ്വതന്ത്ര സംഗീത വിഡിയോകളിലൂടെ പുതിയ ഇടം കണ്ടെത്തുകയാണ് ശ്രുതി നമ്പൂതിരി. വരികളിലും ചിത്രീകരണത്തിലുമെല്ലാം നടപ്പുരീതികളിൽനിന്നുള്ള മാറിനടപ്പും മാന്ത്രികതയുടെ ൈകയൊപ്പുമുണ്ട്.
സംഗീതജ്ഞനും ഗായകനുമായ സുദീപ് പാലനാടിനൊപ്പം ചെയ്ത സംഗീത ഫീച്ചറുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ചാരുലത' യൂടൂബിൽ 26 ലക്ഷത്തിലധികം പേരും വൈവിധ്യമായ നൃത്തങ്ങൾ ചേർത്തൊരുക്കിയ 'ബാലെ' 18 ലക്ഷത്തിലേറെപ്പേരും ഇതിനകം കണ്ടുകഴിഞ്ഞു. അഞ്ജലി മേനോെൻറ 'കൂടെ'യിൽ ഒരു ഗാനമെഴുതി. ''പാട്ടിനും രാഷ്ട്രീയമുണ്ട്. വർത്തമാനകാലത്ത് പ്രത്യേകിച്ചും'' എന്നാണ് ശ്രുതിയുടെ ഭാഷ്യം. തെൻറ സംഗീതവഴികളും നിലപാടുകളും പങ്കുവെക്കുകയാണ് അവർ.
അപരവത്കരണ കാലത്തെ 'തെഹ്കീഖ്'
ആകാശത്തേക്ക് മിനാരങ്ങളുയർത്തിനിൽക്കുന്ന പള്ളികളും സൂഫി ഗന്ധവുമുള്ള പൊന്നാനിയുടെ പൗരാണിക തെരുവുകൾ ഏറെ പ്രിയപ്പെട്ടതാണ്. ഹിന്ദു-മുസ്ലിം സങ്കലനത്തിെൻറയും കൂട്ടായ്മയുടേയും പ്രതീകങ്ങൾ ഇപ്പോഴും അവിടത്തെ തെരുവുകളിലുണ്ട്.
മുസ്ലിം അപരവത്കരണത്തിെൻറ പുതിയ കാലത്ത് പുറത്തിറങ്ങുന്ന തെഹ്കീഖ് പകർത്താൻ പൊന്നാനിയേക്കാൾ മികച്ച ഇടമില്ല എന്ന ബോധ്യമുണ്ടായിരുന്നു. '96' ഫെയിം ഗോവിന്ദ് വസന്ത സംഗീതം നിർവഹിച്ച തെഹ്കീഖിെൻറ രചന ധന്യ സുരേഷാണ്. ശ്രീരജ്ഞിനി കോടമ്പള്ളിയാണ് ഇതിൽ പാടി അഭിനയിച്ചിരിക്കുന്നത്. താനുമായി ബന്ധമുെണ്ടന്ന ഒരൊറ്റ കാരണത്താൽ തീവ്രവാദിയാക്കപ്പെടുന്ന ഭർത്താവിനെ തേടിയിറങ്ങുന്ന മുസ്ലിം പെൺകുട്ടിയുടെ അന്വേഷണമാണ് ഇതിൽ പകർത്തിയിരിക്കുന്നത്. കർണാടിക് സംഗീതവും സൂഫി സംഗീതവും ഇഴചേർത്തിണക്കി സംഗീതം ഒരുക്കിയതിലും ഞങ്ങൾ കൂടിച്ചേരലിെൻറയും ബഹുസ്വരതയുടെയും അർഥം പറഞ്ഞുവെക്കുന്നുണ്ട്. നീരജ് മാധവും ആൻ ശീതളുമാണ് വിഡിയോയിൽ മുഖ്യ വേഷത്തിലെത്തിയിരിക്കുന്നത്.
ചാരുലതയുടെ പിറവി
യൂടൂബിലും ഫേസ്ബുക്കിലും വാട്സ്ആപ് സ്റ്റാസുകളിലുമെല്ലാമായി ചാരുലത ഇപ്പോഴും ആഘോഷിക്കപ്പെടുന്നു എന്നതിൽ സന്തോഷമുണ്ട്. ചാരുലത പിറവിയെടുക്കുന്നത് തികച്ചും ആകസ്മികമായാണ്. സത്യത്തിൽ ഒരു സിനിമക്കുേവണ്ടി ഞാനും സുദീപും കൂടി ചെയ്ത ഗാനമാണ് ഇന്നത്തെ ചാരുലതയിലേക്ക് വഴിമാറിയത്. മ്യൂസിക്കലി ട്രീറ്റ് ചെയ്ത ഒരു കവിതവേണം എന്ന സിനിമക്കാരുടെ ആവശ്യാർഥം ഞാൻ വരികളെഴുതുകയും സുദീപ് സംഗീതം ചെയ്യുകയുമായിരുന്നു. പക്ഷേ, എല്ലാം കഴിഞ്ഞപ്പോൾ സിനിമക്കാർ ഞങ്ങളെ നൈസായിട്ടങ്ങ് പറ്റിച്ചു. ഇൗ ഗാനം സിനിമാക്കാർക്ക് വീണ്ടും കൊടുക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു. ചാരുലതയുടെ ചിത്രീകരണം ഒരുക്കാൻ ഞങ്ങൾ തന്നെ തീരുമാനിക്കുന്നത് അങ്ങനെയാണ്.
സത്യജിത് റായുടെ 25ാം ചരമവാർഷികം 2017ൽ ആചരിക്കുന്ന വാർത്ത ശ്രദ്ധിച്ചപ്പോഴാണ് റായുടെ ചാരുലതയെന്ന ആശയം മനസ്സിലേക്കെത്തിയത്. ഇരുപതാം നൂറ്റാണ്ടിെൻറ തുടക്കത്തിലുള്ള ചാരുലതയെ ഒരു മ്യൂസിക് വിഡിയോക്കകത്ത് പുനഃസൃഷ്ടിക്കുക എന്നത് ഭാരിച്ചതും ചെലവേറിയതുമായ ഉത്തരവാദിത്തമാണ്. 'റ'യെപ്പോലൊരു വിഖ്യാത സംവിധായകെൻറ കഥാപാത്രത്തിൽ തൊടുന്നതിെൻറ ആശങ്ക വേറെയും. അതുകൊണ്ടുതന്നെ, അനായാസ ചിത്രീകരണത്തിനായി ആ കഥയെ വ്യത്യസ്തങ്ങളായ കാലങ്ങളിലേക്ക് പറിച്ചുനടുകയായിരുന്നു. ചിത്രീകരിക്കുന്നത് 'ചാരുലത'യാണെന്നറിഞ്ഞതോടെ പിന്നണിയിലേക്ക് ലോകപ്രശസ്ത സംഗീതജ്ഞരെത്തന്നെ സുദീപ് എത്തിച്ചു. പ്രാഷേക് ബോര്‍ക്കാര്‍ സരോദുമായും മാനസ് കുമാര്‍ വയലിനുമായും എത്തി, സിതാര്‍ ചെയ്തത് പോള്‍സണും സാരംഗി ചെയ്തത് ഷാരൂഖ് ഖാനുമായിരുന്നു.
കഥാപാത്രങ്ങളായി ആരൊക്കെ വേഷമിടുമെന്നായിരുന്നു അടുത്ത പ്രതിസന്ധി. ഏറെ കൂടിയാലോചനകൾക്കുശേഷം ചാരുലതയായി നർത്തകി പാർവതി മേനോനും അമലായി ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും ഭൂപതിയായി സംഗീത സംവിധായകൻ ബിജിപാലും എത്തി. സുദീപിെൻറ സംഗീതത്തിനൊപ്പം അഭിനേതാക്കളുടെ സമർപ്പണവും സഹകരണവും കൂടിച്ചേർന്നപ്പോൾ ചാരുലത അനുഭവമായി മാറി. വെറും അഞ്ചുപേർ മാത്രമുണ്ടായിരുന്ന കൊൽക്കത്തയിലെ ഷൂട്ട് ശരിക്കും വെല്ലുവിളിയായിരുന്നു. പരിമിതികൾക്കുള്ളിലും കൊൽക്കത്തയിലെ കാഴ്ചകൾ പകർത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. കേരളത്തിലെ ഒരു റിസോർട്ട് കൊൽക്കത്തയിലെ വീടാക്കി മാറ്റിയാണ് ഷൂട്ടിങ് പ്രതിസന്ധി മറികടന്നത്. മാജിക്കൽ റിയലിസം പോലെ ചിത്രീകരിച്ചതിനാൽ പലർക്കും ചാരുലതയെക്കുറിച്ചുള്ള സംശയങ്ങൾ ഇനിയും മാറിയിട്ടില്ല. 2018ലെ ചാരുലത സ്വപ്നം കാണുന്ന സ്വീകൻസായിട്ടാണ് 1975 ലെ ചാരുലത വരുന്നത്. അടിയന്തരാവസ്ഥയും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ഇതിനിടയിൽ മിന്നിമായുന്നുണ്ട്.
ബാലെ; സ്ത്രൈണതയുടെ ആഘോഷം
രാഷ്ട്രീയം പറയാനായി സംഗീതമൊരുക്കുന്നു എന്നതിനേക്കാൾ സംഗീതവിഡിയോകളിൽ കാലികമായ രാഷ്ട്രീയം കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുന്നു എന്നതാകും ശരി. ഒരു സ്പാനിഷ് ഗിറ്റാറിെൻറ താളത്തിന് സംഗീത സംവിധായകൻ സുദീപിെൻറ ഈണം ചേർന്നപ്പോൾ നളിനകാന്തി രാഗത്തിലേക്ക് ആ ഇൗണം ചുവട് മാറി. ഇതിനായി വരികളെഴുതുേമ്പാൾ വിശാല കാൻവാസിലുള്ള ചിത്രീകരണമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ആദ്യത്തെ സ്വതന്ത്ര സംഗീത സംരംഭമായ ബാലെ പിറവിയെടുക്കുന്നത് അങ്ങനെയാണ്. ഒഡീസിയും കൂടിയാട്ടവും കഥകളിയും മോഹിനിയാട്ടവുമെല്ലാം ചേർന്നുള്ള പെണ്മയുടെ ആഘോഷമായി ബാലെ ഒരുക്കി. മീനാക്ഷി ശ്രീനിവാസൻ, നന്ദിത പ്രഭു, കപിലവേണു, ആരുഷി മുദ്ഗൽ, റിമ കല്ലിങ്കൽ, ഹരിപ്രിയ നമ്പൂതിരി അടക്കമുള്ള വൈവിധ്യ നൃത്തരൂപങ്ങളിൽനിന്നുള്ള ഇന്ത്യയിലെ പ്രശസ്ത നർത്തകിമാരാണ് ബാലെയിൽ പകർന്നാടിയിരിക്കുന്നത്. സ്വത്വംകൊണ്ട് പലകുറി തിരസ്കരിക്കപ്പെട്ട ഭരതനാട്യ നർത്തകൻ അബ്ദുൽ മനാഫിനെവെച്ച് മനു മലയാളം, കുട്ടികളെ അണിനിരത്തി മകൾ എന്നീ സംഗീത വിഡിയോകളും ഒരുക്കിയിട്ടുണ്ട്.
സിനിമ ഉപേക്ഷിച്ചിട്ടില്ല
എഴുതിപ്പൂർത്തീകരിച്ച സിനിമയുടെ തിരക്കഥ ബാഗിൽ കൊണ്ടുനടക്കുന്നയാളാണ് ഞാൻ. സ്വപ്നം പോലെ ഒരു സിനിമ മനസ്സിൽ ഏറെകാലമായുണ്ട്. കലയും ഫാൻറസിയുമെല്ലാം ഇടകലരുന്ന ഒരു സിനിമയായിരിക്കും അത്. ഷെയ്ൻ നിഗമിനെ നായകനാക്കി ജോബി ജോർജ്ജ് നിർമാതാവായുള്ള സിനിമയുടെ പ്രാരംഭനടപടികൾ പുരോഗമിക്കവെയാണ് അവർ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിൽ സിനിമ പ്രതിസന്ധിയിലായത്. അറിയാതെയാണെങ്കിലും ആ പ്രശ്നത്തിലേക്ക് ഞാനും വലിച്ചിഴക്കപ്പെട്ടു. ഏതായാലും സിനിമ മോഹത്തെ വഴിയിലുപേക്ഷിക്കാൻ ഞാൻ തയാറല്ല. സിനിമ തുടരാനുള്ള കഠിന പരിശ്രമത്തിലാണ്. അത് സാക്ഷാത്കരിക്കുകതന്നെ ചെയ്യും.
വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ഫൗണ്ടേഷൻ
സംഗീതവുമായി ബന്ധപ്പെട്ട സന്നദ്ധസംഘടന എന്ന ചിന്തയിൽനിന്നാണ് വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ഫൗണ്ടേഷൻ പിറവിയെടുക്കുന്നത്. സുദീപ് പാലനാട്, കർണാടക സംഗീതജ്ഞൻ വിഷ്ണുദേവ് നമ്പൂതിരി, േപ്രംജിയുടെ പൗത്രൻ കൂടിയായ നവീൻ മുല്ലമംഗലം എന്നിവർ കൂടിച്ചേർന്നാണ് ഇതു രൂപവത്കരിച്ചത്. മ്യൂസിക് പ്രൊഡക്ഷനുകൾ തന്നെയാണ് പ്രധാനലക്ഷ്യം. ഇപ്പോൾ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സംഘടനകൾ ഇതുമായി സഹകരിക്കുന്നുണ്ട്. സി.എ.എ, എൻ.ആർ.സി എന്നിവക്കെതിരെ തൃശൂരിൽ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തിയ 'പാട്ടും സമരവും' ഒരുക്കിയത് ഇൗ സംഘടനയുടെ ബാനറിലായിരുന്നു.
ന്യൂസല്ല, വ്യൂസാണ് പ്രധാനം
മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദത്തിനുശേഷം ഡൽഹിയിലേക്ക് പറന്നത് ടെലിവിഷൻ ജേണലിസത്തിൽ ഒന്നു പയറ്റിനോക്കാനായിരുന്നു. ഇ.എസ്.പി.എൻ, ഹെഡ്ലൈൻസ് ടുഡേ എന്നിവയിൽ കുറച്ചുകാലം ജോലിനോക്കി. പിന്നീട് വഴി ഇതല്ലെന്നറിഞ്ഞപ്പോൾ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുറെക്കാലം സിനിമയിൽ വഴിനോക്കി. സിനിമയിൽ നിലനിൽക്കണമെങ്കിൽ അത്യാവശ്യം ഡിേപ്ലാമസി അറിയണം. ഗോഡ്ഫാദർമാരില്ലാതെ വരുന്നവർക്ക് സിനിമ കൈയെത്തിപ്പിടിക്കുന്നത് ശ്രമകരമായ കാര്യമാണ്. ആത്മസമർപ്പണത്തോടെ ചെയ്യുന്ന വർക്കുകൾക്ക് ഫലം ലഭിക്കുന്നതിെൻറ സന്തോഷമുണ്ടിപ്പോൾ.
തൃശൂർ ജില്ലയിലെ ആറ്റൂർ ആണ് സ്വദേശം. ഭർത്താവ് സുഭാഷ് ബ്രിട്ടനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.