ആത്മാന്വേഷണങ്ങളുടെ പാട്ടുകാരൻ
text_fieldsസൂഫീ ശ്രേണിയിലുള്ള പാട്ടുകൾ തേടിപ്പിടിച്ചാണ് തവക്കൽ മുസ്തഫയുടെ പാട്ടുയാത്ര. അയ്യായിരത്തോളം പാട്ടുകൾ മനഃപാഠമാക്കി, ഈണം നൽകി പാടിക്കൊണ്ടേയിരിക്കുന്നു അയാൾ. നാലു ദശകത്തോളമെത്തിയ തവക്കൽ മുസ്തഫയുടെ പാട്ടുജീവിതത്തിലൂടെ...
''പലരും നമ്മളെ മക്കാറാക്കണ്
തുടരും ഞാനീ പോക്ക്
പലരും ഞമ്മളെ പിരാന്തനാക്കണ്
പറയും ഞാനീ ഹഖ്''
ഈ വരികൾ ശബ്ദവാദ്യങ്ങളുടെ അകമ്പടിയോടെ മലയാളി വ്യാപകമായി കേട്ടുതുടങ്ങിയത് അടുത്തിടെയാകും. ഒരുപക്ഷേ, സമൂഹ മാധ്യങ്ങളുടെ വികാസത്തിനു ശേഷം. അതിനുമെത്രയോ മുമ്പ് ഇത്തരം പാട്ടുകൾ പലരുടെയും നാവിൻതുമ്പിലുണ്ട്. മനസ്സുകളിൽനിന്ന് മനസ്സുകളിലേക്ക് ഒഴുകിയ പാട്ട്. കാലത്തിനും മുേമ്പ വരികളിൽ വെളിച്ചമായ എഴുത്തുകൾ, പാട്ടുകാർ. പാട്ടിനെ വെറും പാട്ടായി കാണാതെ കാലത്തോട് ചിലത് ഓർമിപ്പിച്ചവർ, അവദൂതന്മാർ. മുകളിലെ വരികളിൽ പറഞ്ഞപോലെ കളിയാക്കലിനും പിരാന്തനാക്കപ്പെടുന്നതിനുമിടയിൽ അതൊട്ടും ഗൗനിക്കാതെ ജീവിതപ്പൊരുൾ പാടിയും പറഞ്ഞും പല വഴിയെ അവർ നടന്നുനീങ്ങി, മലയാളത്തിലെ ഗാനശാഖയിൽ ആ പേരുകൾ വേണ്ടവിധം രേഖപ്പെടുത്തപ്പെടുകയോ അറിയപ്പെടുകയോ ഉണ്ടായില്ലെങ്കിലും!
ഇച്ചമസ്താൻ, കെ.വി. അബൂബക്കർ മാസ്റ്റർ, എസ്.കെ. അബ്ദുറസാഖ് ഹാജി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, കടായിക്കൽ നല്ലാപറമ്പൻ പുലവർ മൊയ്തീൻകുട്ടി ഹാജി തുടങ്ങിയവർ അവരിൽ ചിലരാണ്. സൂഫി-മിസ്റ്റിക് ശൈലിയിലുള്ള വരികളിലൂടെ ഇവർ ഭൗതികതയെ ആത്മീയ ധാരകളുമായി സമന്വയിപ്പിച്ചു. ചെന്നെത്തുന്ന ഇടങ്ങളിൽ, ചെറുകൂട്ടങ്ങളിൽ പാട്ടുമായി ചുറ്റിക്കറങ്ങി. വരികളിലെ ആന്തരിക പ്രഭാവത്തെ ഉൾക്കൊള്ളാനോ പിടികിട്ടാത്തതിനാലോ ആകാം മലയാളിപൊതുസമൂഹത്തിെൻറ ആസ്വാദന ചുറ്റുവട്ടത്ത് ഇവ വ്യാപകമല്ലാതിരുന്നത്. സ്വന്തം സൃഷ്ടികൾ വേണ്ടവിധം രേഖപ്പെടുത്താൻ ചിലർ തുനിഞ്ഞതുമില്ല.
നടന്നുനീങ്ങിയ വഴിയിലെ പാറകളിലും ചുവരുകളിലും വരഞ്ഞിട്ട ഇച്ചമസ്താെൻറ വിരുത്തങ്ങൾ പോെല (ദീർഘകാലം അവ അങ്ങനെ കിടന്നു) അവ ചെറുവൃത്തങ്ങളിൽ ഒതുങ്ങി. ഇത്തരത്തിൽ വേറിട്ട വഴിയിൽ പാട്ടിനെ/എഴുത്തിനെ സമീപിച്ച എത്രയോ പേരുണ്ട്. ഇത്തരം പാട്ടുകൾ തേടിപ്പിടിച്ച് ആ വരികളിലൂടെയാണ് തവക്കൽ മുസ്തഫയുടെ പാട്ടുയാത്ര. വേറിട്ട ഗാനങ്ങളുടെ പാട്ടുകാരൻ. ഒരു ലക്ഷത്തോളം പാട്ടുകളുടെ സൂക്ഷിപ്പുകാൻ. അയ്യായിരത്തോളം പാട്ടുകൾ മനഃപാഠമാക്കിയയാൾ. അവക്ക് ഈണം നൽകി പാടിക്കൊണ്ടേയിരിക്കുന്നയാൾ. നാലു ദശകത്തോളമെത്തിയ പാട്ടുജീവിതത്തിലൂടെ മലയാളം സൂഫി-ഖവാലി ഗാനധാരയെ മുസ്തഫ മറ്റൊരു തലത്തിലേക്കാണ് നയിച്ചത്. മലയാളത്തിൽ സൂഫി-ഖവാലി ഗാനസദസ്സുകൾ വെള്ളിവെളിച്ചത്തിലേക്ക് പ്രവേശിക്കുന്നതിനും എത്രയോ മുമ്പ് കരയും കടലും കഥപറയുന്ന കടലുണ്ടിയിൽനിന്ന് തുടങ്ങിയ യാത്ര.
സൂഫിയാക്കളുടെ കൂടെ സഞ്ചരിച്ച പിതാവ് കെ.പി. മൊയ്തീനിൽനിന്നാണ് മുസ്തഫയിലെ പാട്ടുകാരൻ ഉടലെടുക്കുന്നത്. കെ.വി. അബൂബക്കർ മാസ്റ്റർ, കടായിക്കൽ പുലവർ മൊയ്തീൻകുട്ടി ഹാജി, എസ്.കെ. അബ്ദുറസാഖ് ഹാജി തുടങ്ങിയവരുടെ സതീർഥ്യനായിരുന്നു കെ.പി. മൊയ്തീൻ. ഒരുവടിയിൽ ഇരുഭാഗത്തും രണ്ട് കുട്ടകൾ. ഒരു കുട്ടയിൽ മരുന്നുകൾ മറ്റൊന്നിൽ ഹാർമോണിയം. ഇൗ രൂപത്തിൽ കടലുണ്ടിയിലെത്തിയിരുന്ന എസ്.കെ. അബ്ദുൽ റസാഖിെൻറ കഥയും പാട്ടും പിതാവിലൂടെ മുസ്തഫ കേട്ടു. ആത്മയാനങ്ങളുടെ ഇടത്താവളമായിരുന്നു അബ്ദുൽ റാസാഖ് മസ്താന് കടലുണ്ടി. അന്ന് കഴിയാനുള്ളത് കിട്ടുംവരെ മരുന്ന് വിൽക്കും. പിന്നെ മുഴുവൻ പാട്ടായിരുന്നു. കടൽ കടന്ന് ലക്ഷദ്വീപിലെ ദോലിപാട്ടുകളിൽ വരെയെത്തിയ വരികൾ. കടലുണ്ടിയിൽ കെ.പി. മൊയ്തീനായിരുന്നു അതിനു കൂട്ട്. പിതാവ് പറഞ്ഞുപറഞ്ഞ് മുസ്തഫക്കും അബ്ദുറസാഖ് പ്രിയപ്പെട്ടവനായി. അബ്ദുറസാഖ് ഹാജിയുടെ പാട്ടുകൾ തേടിപ്പിടിച്ച് പാടി മുസ്തഫയും അലഞ്ഞു.
'ഹഖ് അറിവായോർക്കേറ്റം ആനന്ദമേ
ഹാ ഹൂ എന്ന ഹാറതിൽ നീരാടുമേ
ഹഖ് കാട്ടിതരും മുറബ്ബിയെ തേടുമേ
ഹാല് തന്നിൽ അറിഞ്ഞിടും
ആ നേരമേ'
എന്ന അബ്ദുറസാഖ് ഹാജിയുടെ വരികൾ മുസ്തഫ പാടുേമ്പാൾ സത്യം അറിയുന്നതിെൻറയും അതിലൂടെ സ്വയമറിയുന്നതിെൻറയും ആനന്ദം നമുക്കുള്ളിലും വിടരും. പാട്ടിനൊപ്പം നമ്മളും ആത്മാന്വേഷകരാകും.
കേരളത്തിലെ ഉമർ ഖയ്യാം എന്നറിയപ്പെടുന്ന സൂഫിവര്യനും ആധ്യാത്മിക കവിയും ദാർശനികനുമായിരുന്ന ഇച്ച അബ്ദുൽ ഖാദർ മസ്താനെ മലയാളി കേട്ടുതുടങ്ങിയത് മുസ്തഫയിലൂടെയാണ്. 37 വർഷം മുമ്പ് ഇച്ചയുടെ 'ബിസ്മില്ലാഹി റഹ്മാനി റഹീം ആമിന' എന്ന വരികൾ ഇൗണം നൽകി പാടി. അതു പിന്നെ പലരും ഏറ്റുപാടി. എങ്കിലും ഭാഷയിലും പദപ്രയോഗങ്ങളിലും അർഥതലങ്ങളിലും വേറിട്ടുനിൽക്കുന്ന ഇച്ചയുടെ വരികൾ തനിമയോടെ മുസ്തഫയിൽനിന്നുതന്നെ കേൾക്കണം. ഇൗ ഒരൊറ്റ പാട്ടുമതി അതിന് തെളിവ്.
ഒരക്ഷരത്തിെൻറ പുള്ളിയും വള്ളിയും വർണിച്ച് കാഴ്ചയെ മധീനയിലെ ഹരിതാഭനിറഞ്ഞ ഒരു ഖബറിടത്തിലേക്ക് നയിക്കുന്ന ഇച്ചയുടെ വരികൾ.
'ബിസ്മില്ലാഹി റഹ്മാനി
റഹീം അമീന
ബാക്ക് വള്ളിയും പുള്ളിയും
കീഴ്മദീന'
കല്യാണവീടുകളിൽ വട്ടപ്പാട്ടുകളായി വിരുത്തങ്ങളിലൂടെ ജ്ഞാനവിരുന്നൂട്ടിയ ഇച്ചയുടെ ചിന്തകൾ മുസ്തഫയിലൂടെ പാട്ടുകളായി ഇങ്ങനെ പലയിടങ്ങളിലേക്ക് പറക്കുന്നു. വിവിധ വാല്യങ്ങളായി ഇച്ചയുടെ രചനകൾ ഇപ്പോൾ ലഭ്യമാണെങ്കിലും ഇവയിലൊന്നും ഉൾപ്പെടാത്ത വരികൾ മുസ്തഫയുടെ ശേഖരത്തിലുണ്ട്, നാവിലും.
കടലുണ്ടിയിൽ രണ്ട് ദശകത്തോളം താമസിച്ചിരുന്ന കെ.വി. അബൂബക്കർ മാസ്റ്ററെ അഞ്ചാം വയസ്സുവരെയേ മുസ്തഫ കണ്ടുള്ളൂ. പാട്ടുകളുടെ വിശാലമായ അർഥധ്വനികൾ വിരിയുന്ന അബൂബക്കർ മാസ്റ്ററുടെ വരികളും പിതാവിൽനിന്നാണ് മുസ്തഫക്കൊപ്പം കൂടിയത്. കെ.പി. മൊയ്തീെൻറ ഗുരുവായിരുന്നു അബൂബക്കർ മാസ്റ്ററും. ഇന്ന് ഏറ്റവും കൂടുതൽ മുസ്തഫ പാടുന്നത് കെ.വി. അബൂബക്കർ മാസ്റ്ററുടെ വരികളാകാം.
'പട്ടാപ്പകൽ ചൂട്ടും മിന്നിച്ച്
മനുഷ്യനെ തേടി നടന്നു
ഈ ദുനിയാവാകെ നടന്നു
മനുഷ്യനെ കണ്ടില്ല പക്ഷേ,
മനുഷ്യനെ കണ്ടില്ല'
കെ.വിയുടെ ഈ വരികൾ ആധുനികത മനുഷ്യനിൽ വരുത്തിയ മാറ്റങ്ങൾ സൂചിപ്പിക്കുന്നതിനൊപ്പം പച്ചയായ മനുഷ്യനെ തേടലും കൂടിയാണല്ലോ! ഈ തേടലുകൾതന്നെയാണ് കടായിക്കൽ നല്ലാപറമ്പൻ പുലവർ മൊയ്തീൻകുട്ടി ഹാജിയിലും മുസ്തഫ കണ്ടെത്തുന്നത്. പതിനായിരക്കണക്കിന് പാട്ടുകൾ എഴുതിയ കടായിക്കൽ നല്ലാപറമ്പൻ പുലവർ മൊയ്തീൻകുട്ടി ഹാജിയുടെ അപൂർമായ മിക്ക പാട്ടുകളും മുസ്തഫയുടെ ശേഖരത്തിലുണ്ട്. ഗുണംഗുടി മസ്താൻ, മസ്ത് ബാവ, ഹംസ ലബ്ബ, ഇബ്രാഹിം കുട്ടി ഷാ തുടങ്ങിവരുെട വേറിട്ട വരികളും മുസ്തഫയിൽനിന്ന് കേൾക്കാം. പിതാവിൽനിന്നുകിട്ടിയ പാട്ടുകൾ തേച്ചുമിനുക്കി ഈണം നൽകി ആലപിക്കാൻ മുസ്തഫക്ക് സഹായകമായത് താനൂർ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ ശിഷ്യത്വമാണ്. പാട്ട് എഴുതിക്കൊടുത്തും പാടിക്കേൾപ്പിച്ചും മുസ്തഫയെ അദ്ദേഹം വേറിട്ട പാട്ടുകാരനാക്കി.
'മനുഷ്യാ ഈ മായം കണ്ട്
മയങ്ങിടേണ്ടാ
മരിക്കുന്നത് ഒരിക്കലും
മറന്നിടേണ്ടാ നീ മറന്നിടേണ്ടാ'
എന്ന സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ വരികൾ ഉൾക്കൊണ്ടപോലെയാണ് മുസ്തഫയുടെ ജീവിതവും. ഒരു ഹാർമോണിയം പെട്ടിയുമായി വെള്ളിവെളിച്ചങ്ങൾ ഒട്ടുമില്ലാതെ തനി സാധാരണക്കാരനായി ഈ ഗായകൻ പാടി കടന്നുപോകുന്നു. കൂട്ടും അത്തരക്കാർതന്നെ. വർഷങ്ങളായി സൈനുദ്ദീൻ പരപ്പനങ്ങാടി മുസ്തഫക്ക് കൂടെ പാടുന്നു. പാട്ടുകൾ കണ്ടെത്തുന്നതിനും ഗവേഷണത്തിനും സുഹൃത്തുക്കളായി സലാഹുദ്ദീൻ അയ്യൂബിയും ജഹ്ഫർ സഖാഫ് തങ്ങൾ, ഫസൽ തങ്ങൾ, ഷാജഹാൻ ഒരുമനയൂർ എന്നിവർ കൂട്ടുണ്ട്.
പതിറ്റാണ്ടുകളായി ഇത്തരം പാട്ടിനായി അലയുന്ന മുസ്തഫ അവയുടെ കെണ്ടടുപ്പിലും സൂക്ഷിപ്പിലുംകൂടി ശ്രദ്ധ നൽകുന്നു. പാട്ടുശേഖരണത്തിന് പിന്നിൽ മുസ്തഫയുടെ കഠിന പ്രയത്നവുമുണ്ട്. തനിക്കിണങ്ങിയ, താൻ പിന്തുടരുന്നവരുടെ പാട്ടുകൾ എവിടെ ഉണ്ടെന്നറിഞ്ഞാലും വൈകാതെ ഇദ്ദേഹം അവിടെയെത്തും. ഗായകനാണെന്നറിയുന്നതോടെ പലരും എത്തിച്ചു നൽകിയ പാട്ടുകളുമുണ്ട്. ചിലർ പാട്ടു തരാൻ താൽപര്യക്കുറവ് കാണിക്കുമെങ്കിലും മുസ്തഫ രണ്ടുവരി പാടുന്നതോടെ അവർ കീഴടങ്ങും. ഇന്ന് അപൂർമായ പാട്ടുകൾ തേടി ഗവേഷകരും പാട്ടുകാരും വിദ്യാർഥികളും മുസ്തഫയുടെ കടലുണ്ടിയിലെ വീട്ടിലെത്തുന്നു.
അങ്ങനെ കണ്ടെടുത്ത് സൂക്ഷിച്ച പാട്ടുകളിലൂടെയാണ് മുസ്തഫയുടെ ജീവിതം. ഇതിനകം എത്രയോ വേദികൾ പിന്നിട്ടു. ദിവസം മുഴുവനും രാവും പകലും ഇരുന്നുപാടി. ദൂരെ അജ്മീർ വരെ മുസ്തഫയിലൂടെ മലയാളത്തിെൻറ മധുരമെത്തി. പാട്ടുമായുള്ള ഈ യാത്രയിൽ എന്തു തിരിച്ചുകിട്ടുന്നു എന്ന ചോദ്യത്തിന് പാട്ടിലെ ഒരു വരികൊണ്ട് മുസ്തഫ ഉത്തരം നൽകും- 'തുടരും ഞാനീ പോക്ക്'. ആത്മസമർപ്പണങ്ങളുടെ യാത്രയിൽ ചിലതൊന്നിനും ഉത്തരമില്ലല്ലോ!
പാട്ടിലെ ആത്മജ്ഞാനങ്ങൾ തേടിേപ്പാകൽ മാത്രമല്ല, മലയാളത്തിന് അപൂർവമായ വരികൾ അവതരിപ്പിക്കുകയും ചരിത്രത്തിൽനിന്ന് മായാതെ അവ നിലനിർത്തുകയുംകൂടിയാണ് മുസ്തഫയിലെ പാട്ടുകാരൻ. അപ്പോഴതൊരു ചരിത്രദൗത്യമായി മാറുന്നു. പാട്ടെന്നത് അതിെൻറ അതിരുകൾ ഭേദിച്ച് പറക്കുന്നു, പരക്കുന്നു.
-അസ്സലാം പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.